Current Date

Search
Close this search box.
Search
Close this search box.

ആരാണ് ഫതഹുല്ല ഗുലന്‍?

Fethullah-Gulen.jpg

പരാജയപ്പെട്ട അട്ടിമറിശ്രമത്തില്‍ അമേരിക്കയില്‍ അഭയാര്‍ത്ഥിയായി കഴിയുന്ന ഇസ്‌ലാമിക പണ്ഡിതന്‍ ഫത്ഹുല്ല ഗുലനും, സര്‍ക്കാര്‍ ഉദ്യോഗങ്ങളിലുള്ള അദ്ദേഹത്തിന്റെ അനേകം വരുന്ന അനുകൂലികള്‍ക്കും എന്ത് പങ്കാണ് ഉള്ളതെന്ന ചര്‍ച്ച തുര്‍ക്കിയില്‍ പൊടിപൊടിച്ചു കൊണ്ടിരിക്കുകയാണ്. പക്ഷെ ഒരാള്‍ക്ക് ഗുലന്റെ പങ്കില്‍ യാതൊരു സംശയവുമില്ല – മറ്റാര്‍ക്കുമല്ല, ഗുലന്റെ മുന്‍ വലംകൈ തന്നെയാണ് കക്ഷി.

ഗുലനും, ലത്തീഫ് ഉര്‍ദുഗാനും (തുര്‍ക്കി പ്രസിഡന്റ് റജബ് ത്വയ്യിബ് ഉര്‍ദുഗാനുമായി ഇദ്ദേഹത്തിന് യാതൊരു ബന്ധവുമില്ല) ചേര്‍ന്നാണ് ഹിസ്മത്ത് (സേവനം) പ്രസ്ഥാനം കെട്ടിപടുത്തത്. സൈന്യത്തിലും, ജുഡീഷ്യറിയിലും, പ്രോസിക്യൂട്ടര്‍മാരുടെ ഓഫീസുകളിലും, സിവില്‍ സര്‍വീസിലും അത് നുഴഞ്ഞ് കയറി.

‘അട്ടിമറി പരാജയപ്പെട്ടപ്പോള്‍, ‘ഞാന്‍ അട്ടിമറിയെ എതിര്‍ക്കുന്നു’ എന്നാണ് ഗുലന്‍ മാധ്യമങ്ങളോട് പറഞ്ഞത്. പക്ഷെ അട്ടിമറി പദ്ധതിയുടെ ഓരോ ഘട്ടവും ചിട്ടപ്പെടുത്തിയതും, അംഗീകാരം നല്‍കിയതും അയാളാണെന്ന് എനിക്കറിയാം.’ ലത്തീഫ് ഉര്‍ദുഗാന്‍ ‘വത്വന്‍’ പത്രത്തോട് പറഞ്ഞു.

‘അട്ടിമറിയെങ്ങാനും വിജയിച്ചിരുന്നെങ്കില്‍ നൂറുകണക്കിന് മനുഷ്യര്‍ കൊല്ലപ്പെടുമായിരുന്നു. രാജ്യം ആഭ്യന്തരയുദ്ധത്തിലേക്ക് കൂപ്പുകുത്തും. അതിക്രൂരനായ മനുഷ്യനാണ് ഗുലന്‍. ദുരന്തത്തെ തുര്‍ക്കി ഒഴിവാക്കികഴിഞ്ഞു. ടാങ്കുകള്‍ക്കെതിരെ ജനകൂട്ടം തെരുവിലിറങ്ങുമെന്ന് അവര്‍ പ്രതീക്ഷിച്ചില്ല’.

പ്രസിഡന്റ് ഉര്‍ദുഗാനും ഇതേ അഭിപ്രായം തന്നെയാണുള്ളത്. ഗുലനിസ്റ്റുകളെ സിവില്‍ സര്‍വീസില്‍ നിന്നും, സൈന്യത്തില്‍ നിന്നും പുകച്ച് പുറത്ത് ചാടിക്കുന്നതിന് വേണ്ടിയുള്ള ശുദ്ധീകരണ പ്രക്രിയക്ക് അദ്ദേഹം തുടക്കമിട്ട് കഴിഞ്ഞു.

ഹിസ്മത്ത് പ്രസ്ഥാനം കെട്ടിപ്പടുക്കുന്നതിന് വേണ്ടി മൂന്ന് ദശാബ്ദക്കാലത്തോളം ലത്തീഫ് ഉര്‍ദുഗാന്‍ ഗുലനോടൊപ്പം പ്രവര്‍ത്തിച്ചിട്ടുണ്ട്. ഒരു വിദ്യാഭ്യാസ ശൃംഖലയായാണ് അതിന്റെ തുടക്കം. മുന്‍കാല വിദ്യാര്‍ത്ഥികളെ ജുഡീഷ്യറി, പ്രോസിക്യൂഷന്‍, സിവില്‍ സര്‍വീസ്, സൈന്യം എന്നീ മേഖലകളില്‍ പ്രവേശനം നേടുന്നതിന് വേണ്ടി എല്ലാവിധത്തിലും അത് പ്രോത്സാഹിപ്പിച്ചിരുന്നു. അഞ്ച് വര്‍ഷം മുമ്പ് വരേക്കും ഗുലന്റെ പിന്‍ഗാമിയായി കണക്കാക്കപ്പെട്ടിരുന്ന ആളാണ് ലത്തീഫ് ഉര്‍ദുഗാന്‍. ഗുലനെ സന്ദര്‍ശിക്കുവാന്‍ വേണ്ടി സ്ഥിരമായി ഇസ്തംബൂളില്‍ നിന്നും 1999മുതല്‍ ഗുലന്‍ താമസിച്ച് വരുന്ന പെന്‍സില്‍വാനിയയിലെ എസ്റ്റേറ്റിലേക്ക് ലത്തീഫ് യാത്ര പോകുമായിരുന്നു.

ജീവിത വിശുദ്ധിയുമായി ബന്ധപ്പെട്ട മൂല്യങ്ങള്‍ സമൂഹത്തിന് പകര്‍ന്ന് കൊടുക്കാന്‍ മാത്രമല്ല ഗുലന്‍ ശ്രമിക്കുന്നത്, മറിച്ച് തുര്‍ക്കിയുടെ ഭരണപക്ഷമായ ഇസ്‌ലാമിസ്റ്റുകളെയും, പ്രസിഡന്റ് ഉര്‍ദുഗാന്റെ എ.കെ പാര്‍ട്ടിയെയും നേരിട്ട് എതിര്‍ക്കുന്ന തലത്തിലേക്കാണ് ഗുലന്‍ നീങ്ങുന്നത് എന്ന് മനസ്സിലാക്കിയതോടെയാണ് ലത്തീഫ് ഗുലനുമായി വേര്‍പിരിഞ്ഞത്.

അമേരിക്കയില്‍ താമസമാക്കുകയും, നിയോ-കോണുകളുമായും, സി.ഐ.എ, ഇസ്രായേല്‍ ചാര സംഘടനയായ മൊസാദ് എന്നിവരുമായും ഗുലന്‍ ബന്ധങ്ങള്‍ സ്ഥാപിച്ചതോടെയാണ് മാറ്റങ്ങള്‍ വന്നതെന്ന് ലത്തീഫ് പറയുന്നു. റഷ്യ, ഇറാന്‍ എന്നീ രാജ്യങ്ങളെ ശക്തമായി വിമര്‍ശിക്കുന്ന ഗുലന്‍, ഇസ്രായേലിനോട് അനുകൂല സമീപനമാണ് വെച്ചുപുലര്‍ത്തുന്നത്. 2010-ല്‍ ഗസ്സയിലേക്ക് സഹായവുമായി പോയ ടര്‍ക്കിഷ് കപ്പല്‍ മാവി മര്‍മറയെ ഇസ്രായേല്‍ ആക്രമിച്ചതിന് ശേഷമാണ് ഗുലന്‍ ആദ്യമായി ഉര്‍ദുഗാന്റെ എ.കെ പാര്‍ട്ടിക്കെതിരെ പരസ്യമായി രംഗത്ത് വന്നത്.

കപ്പലിന് നേരെയുള്ള ഇസ്രായേല്‍ ആക്രമണത്തില്‍ ഒമ്പത് പേര്‍ കൊല്ലപ്പെട്ടിരുന്നു. ഇസ്രായേലുമായുള്ള എല്ലാ ബന്ധങ്ങളും തുര്‍ക്കി അവസാനിപ്പിക്കുകയുണ്ടായി, ഈ മാസത്തിന്റെ തുടക്കത്തില്‍ മാത്രമാണ് ഇസ്രായേലുമായുള്ള ബന്ധം പുനഃസ്ഥാപിക്കാന്‍ തുര്‍ക്കി തയ്യാറായത്. എന്നാല്‍ അന്ന്, സഹായ കപ്പലിന്റെ സംഘാടകരെ പ്രകോപനപരമായ സമീപനത്തിന്റെ പേരിലും, റജബ് തയ്യിബ് ഉര്‍ദുഗാനെ എടുത്ത് ചാട്ടത്തിന്റെ പേരിലും ഗുലന്‍ വിമര്‍ശിച്ചിരുന്നു.

കുര്‍ദിഷ് നാഷണിസ്റ്റ് പ്രസ്ഥാനമായ പി.കെ.കെ-യുമായി സമാധാന ചര്‍ച്ചകള്‍ക്ക് തുടക്കം കുറിച്ചതിന് എ.കെ പാര്‍ട്ടിയെ ഗുലന്‍ എതിര്‍ത്തിരുന്നു. തെക്കുകിഴക്കന്‍ തുര്‍ക്കിയില്‍ വെടിനിര്‍ത്തല്‍ പ്രാബല്യത്തില്‍ വരുന്നതിന് വഴിവെച്ച പി.കെ.കെ-യുമായുള്ള സന്ധിസംഭാഷണങ്ങളില്‍ തുര്‍ക്കി സൈന്യത്തിലെ ഒരുപാട് പേര്‍ അസ്വസ്ഥരായിരുന്നു. പി.കെ.കെ-യുമായുള്ള പോരാട്ടത്തില്‍ അയവു വരുത്തുന്നത് ദേശീയ താല്‍പര്യത്തിന് എതിരായാണ് അവര്‍ക്ക് അനുഭവപ്പെട്ടത്.

ഗുലനും, സൈന്യത്തിനും ഇടയിലുള്ള ചാര്‍ച്ച ഈ വിഷയത്തിലൂടെ വെളിപ്പെട്ടു. കഴിഞ്ഞ രണ്ട് ദശാബ്ദങ്ങളില്‍, രാഷ്ട്രീയത്തിലുള്ള സൈന്യത്തിന്റെ ഇടപെടല്‍ കുറക്കുന്നതിന് വേണ്ടിയുള്ള പ്രവര്‍ത്തനത്തിലും, ആധുനിക തുര്‍ക്കിയുടെ സ്ഥാപക പിതാവ് കമാല്‍ അത്താത്തുര്‍ക്കിന്റെ മതേതര പാരമ്പര്യത്തോട് കൂറ് പുലര്‍ത്തുന്ന സൈനിക ജനറല്‍മാരെ പുറത്താക്കുന്നതിലും എ.കെ പാര്‍ട്ടിയുമായി യോജിച്ച് മുഖ്യപങ്കുവഹിച്ചവരാണ് ഗുലന്‍ അനുയായികള്‍.

മുതിര്‍ന്ന സൈനിക ജനറല്‍മാര്‍ മതേതരന്‍മാരും, ഇസ്‌ലാമിസ്റ്റുകളെ സംശയദൃഷ്ടിയോടെ കാണുന്നവരുമായിരിക്കെ, സൈന്യത്തിലെ ഉന്നതരുമായുള്ള ഗുലന്‍ മൂവ്‌മെന്റിന്റെ ബന്ധം സംശയമുളവാക്കുന്നതാണെന്ന് ചില വിമര്‍ശകര്‍ ചൂണ്ടികാട്ടുന്നുണ്ട്. 1980-ലെ വിജയകരമായ സൈനിക അട്ടിമറിയെ ഗുലന്‍ പ്രകീര്‍ത്തിച്ചിരുന്നു. ഈ നിലപാട് ഗുലന് മേലുള്ള ജനറല്‍മാരുടെ ആശങ്ക കുറക്കാന്‍ ഇടയാക്കി. ഇത് അദ്ദേഹത്തിന്റെ അനുയായികള്‍ക്ക് പോലിസിലും, ജുഡീഷ്യറിയിലും, സൈന്യത്തിലും കയറിപറ്റുന്നതിന് അവസരം നല്‍കുകയും, അവയുടെ മതേതര പ്രത്യയശാസ്ത്രത്തെ ഇസ്‌ലാമികവല്‍ക്കരിക്കുന്നതിന് അവര്‍ക്ക് സഹായകരമാവുകയും ചെയ്തു. ഈ ഗുലന്‍ തലമുറ ഇപ്പോള്‍ ഉന്നതതലങ്ങളിലേക്കെത്തിയിട്ടുണ്ട്. കഴിഞ്ഞാഴ്ച്ചത്തെ പരാജയപ്പെട്ട അട്ടിമറി ശ്രമത്തില്‍ ഗുലനിസ്റ്റുകള്‍ക്കും പങ്കുണ്ടായിരിക്കാമെന്നതിനുള്ള കൃത്യമായ വിശദീകരണമാണിത്.

എ.കെ പാര്‍ട്ടിയുമായി ഒന്നിച്ചുള്ള ഗുലന്‍ മൂവ്‌മെന്റിന്റെ പ്രവര്‍ത്തനം രാഷ്ട്രീയ, സാമ്പത്തിക, പ്രായോഗിക താല്‍പ്പര്യങ്ങളില്‍ അധിഷ്ടിതമായിരുന്നെന്നാണ് ലത്തീഫ് ഉര്‍ദുഗാന്‍ വിശ്വസിക്കുന്നത്. ഹിസ്മത്ത് ‘സാമൂഹിക ഇസ്‌ലാ’മിനെയാണ് പ്രതിനിധീകരിച്ചത്, അതേ സമയം ‘രാഷ്ട്രീയ ഇസ്‌ലാം’ ആയിരുന്നു എ.കെ പാര്‍ട്ടിയുടേത്.

സുതാര്യമായ തെരഞ്ഞെടുപ്പു പ്രക്രിയയിലൂടെയല്ലാതെ, നുഴഞ്ഞ് കയറി, ജനാധിപത്യവിരുദ്ധമായ മാര്‍ഗങ്ങളിലൂടെ ഭരണം പിടിച്ചെടുക്കാനാണ് ഗുലനിസ്റ്റുകള്‍ ശ്രമിക്കുന്നതെന്ന തുര്‍ഷിക്ക് പ്രസിഡന്റിന്റെ ആരോപണത്തെ ലത്തീഫ് ഉര്‍ദുഗാന്‍ ഇപ്പോള്‍ ശരിവെക്കുന്നുണ്ട്.

‘അതൊരു സമാന്തര ഭരണകൂടമാണെന്ന് ഞാന്‍ സമ്മതിക്കുന്നു. തുടക്കത്തില്‍, ജനങ്ങള്‍ക്ക് മത, ധാര്‍മിക വിദ്യാഭ്യാസം പകര്‍ന്നുകൊടുക്കുക എന്നതായിരുന്നു ഞങ്ങളുടെ ലക്ഷ്യം, പക്ഷെ കൂടുതല്‍ വളര്‍ന്നതോടെ മൂവ്‌മെന്റ് രാഷ്ട്രീയത്തില്‍ പ്രവേശിച്ചു. തുര്‍ക്കി ഭരിക്കാന്‍ കഴിയുന്ന ഒരു നേതാവാകണമെന്ന് ഗുലന്‍ ആഗ്രഹിച്ചു. ഒരു ആത്മീയ സന്ദേശം ഉയര്‍ത്തിപിടിച്ചാണ് ഞങ്ങള്‍ ഒരുമിച്ച് യാത്ര പുറപ്പെട്ടത്. പക്ഷെ ഇപ്പോള്‍ അത് മതേതരം മാത്രമാണ്. അദ്ദേഹം തിരിച്ചു നടക്കേണ്ടതുണ്ട്,’ ഗുലനുമായി പിരിഞ്ഞതിന് ശേഷം ഒരു പാശ്ചാത്യ കറസ്‌പോണ്ടന്റിന് നല്‍കിയ ആദ്യത്തെ അഭിമുഖത്തില്‍, 2014-ല്‍ ഇസ്താംബൂളില്‍ വെച്ച് ലത്തീഫ് എന്നോട് പറഞ്ഞു.

ഇസ്മിറില്‍ ഒരുമിച്ച് വിദ്യാഭ്യാസ ജീവിതം ചെലവഴിച്ചവരാണ് ലത്തീഫ് ഉര്‍ദുഗാനും, ഗുലനും. കിഴക്കന്‍ തുര്‍ക്കിയില്‍ നിന്നുള്ള ഇസ്‌ലാമിക നവോത്ഥാന നായകനും, രിസാലെ നൂര്‍ എന്ന പേരില്‍ ഖുര്‍ആന്‍ വ്യാഖ്യാനം എഴുതിയ, നൂര്‍ പ്രസ്ഥാനത്തിന്റെ സ്ഥാപകനായ സയ്യിദ് നൂര്‍സിയുടെ അധ്യാപനങ്ങളെ ഇരുവരും ഒരുപോലെ ബഹുമാനിച്ചിരുന്നു. പിന്നീട് അത്താത്തുര്‍ക്കിനാല്‍ വിദൂരമായ ഒരു പ്രവിശ്യയിലേക്ക് നാടുകടത്തപ്പെട്ട നൂര്‍സി, നിരീശ്വരവാദവും, ഭൗതികവാദവും അഴിമതിയിലേക്ക് നയിക്കുമെന്ന് വാദിച്ചു. നൂര്‍സി മരണപ്പെട്ട് പതിനഞ്ച് വര്‍ഷത്തിന് ശേഷമാണ്, പൊതുജീവിത നിലവാരം ഉയര്‍ത്തുക എന്ന ലക്ഷ്യത്തോടെ സ്‌കൂളുകളും, കോളേജുകളും സ്ഥാപിക്കുന്നതിന് വേണ്ടി ലത്തീഫ് ഉര്‍ദുഗാനും, ഗുലനും ചേര്‍ന്ന് ഹിസ്മത്ത് മൂവ്‌മെന്റ് സ്ഥാപിച്ചത്.

‘സാമൂഹിക ഇസ്‌ലാം’, ‘രാഷ്ട്രീയ ഇസ്‌ലാം’ എന്നീ വ്യത്യാസങ്ങള്‍ക്കൊപ്പം തന്നെ മറ്റു പല വ്യത്യാസങ്ങളും ഗുലനും, എ.കെ പാര്‍ട്ടിക്കും ഇടയില്‍ ഉണ്ട്. കഴിഞ്ഞ വര്‍ഷം വരെ തുര്‍ക്കിയിലെ റിപ്പബ്ലിക്കന്‍ പാര്‍ട്ടിയുടെ എം.പിയായിരുന്ന, അമേരിക്ക ആസ്ഥാനമാക്കി പ്രവര്‍ത്തിക്കുന്ന ഫൗണ്ടേഷന്‍ ഫോര്‍ ഡിഫന്‍സ് ഓഫ് ഡെമോക്രസീസിന്റെ ഇപ്പോഴത്തെ മുതിര്‍ന്ന അംഗങ്ങളില്‍ ഒരാളുമായ അയ്കന്‍ എര്‍ദമിര്‍ പറയുന്നു, ‘ഗുലന്‍ ഒരു മുസ്‌ലിം ബ്രദര്‍ഹുഡ് അനുകൂല വക്താവേ അല്ല. ദൈവഭക്തരും, സാമ്പത്തികമായി ഉദാരരുമായ തുര്‍ക്കിഷ് അനത്തോലിയന്‍ സൂഫി ഇസ്‌ലാമിന്റെ പിന്‍ഗാമികള്‍ എന്ന് ഗുലനിസ്റ്റുകളെ വിളിക്കാനാണ് ഞാന്‍ ആഗ്രഹിക്കുന്നത്. ഗുലന്‍ സ്വയമൊരു യൂറോപ്യന്‍ യൂണിയന്‍ അനുകൂലിയും, പാശ്ചാത്യരാഷ്ട്രങ്ങളുമായി വളരെ അടുത്ത സൈനിക, രാഷ്ട്രീയ, സാമ്പത്തിക ബന്ധങ്ങള്‍ കാത്തുസൂക്ഷിക്കുന്നതിനെ പിന്തുണക്കുന്നവനും (അറ്റ്‌ലാന്റിസം), സ്വതന്ത്ര വിപണി വിശ്വാസിയും, ഇസ്രായേലുമായി പ്രായോഗിക ബന്ധം കാത്തുസൂക്ഷിക്കുന്നയാളുമാണെന്ന കാര്യത്തില്‍ സംശയമില്ല.’ 2014-ല്‍ അദ്ദേഹം ‘മിഡിലീസ്റ്റ് ഐ’-യോട് പറഞ്ഞു. ‘യഥാര്‍ത്ഥത്തില്‍ ജനപ്രിയനായ ഒരു പിന്തിരിപ്പനാശയക്കാരനും, ഭരണകൂട മുതലാളിത്തവാദിയും, മുതലാളിത്തത്തിന്റെ ഉറ്റസുഹൃത്തുമാണ് ഉര്‍ദുഗാന്‍. യൂറോപ്യന്‍ യൂണിയനെയും, അറ്റ്‌ലാന്റിസത്തെയും ഉര്‍ദുഗാന്‍ പിന്തുണക്കുന്നുണ്ടെങ്കിലും, അത് കേവലം പ്രായോഗിക നിലപാട് മാത്രമാണ്. യഥാര്‍ത്ഥത്തില്‍ അദ്ദേഹം അവയ്ക്ക് എതിരാണ്.’

ഭരണകൂടസ്ഥാപനങ്ങളിലും, മാധ്യമങ്ങള്‍ക്കുള്ളിലുമുള്ള ഗുലന്‍ അനുകൂലികളെന്ന് സംശയിക്കപ്പെടുന്നവരെയുള്ള ഉര്‍ദുഗാന്റെ അടിച്ചമര്‍ത്തല്‍ നടപടിയെ ശക്തമായി വിമര്‍ശിച്ചു കൊണ്ട് അമേരിക്കയും, യൂറോപ്യന്‍ യൂണിയനും രംഗത്ത് വന്നു കഴിഞ്ഞു. ഗുലനെ കൈമാറണമെന്ന അദ്ദേഹത്തിന്റെ ആവശ്യം അമേരിക്കക്കും തുര്‍ക്കിക്കും ഇടയില്‍ അസ്വാരസ്യങ്ങള്‍ക്ക് ഇടയാക്കിയിട്ടുണ്ട്.

അട്ടിമറിയെ പിന്തുണച്ചു കൊണ്ടുള്ള പ്രസ്താവനയായിരുന്നോ അമേരിക്ക തുടക്കത്തില്‍ പുറപ്പെടുവിച്ചത് എന്ന സംശയം ഉര്‍ദുഗാന്‍ ഉന്നയിച്ചിരുന്നു. അറ്റ്‌ലാന്റിസത്തോടുള്ള ഉര്‍ദുഗാന്റെ പിന്തുണ യഥാര്‍ത്ഥത്തില്‍ പ്രായോഗിക നടപടി മാത്രമാണെങ്കില്‍, ആ നിലപാടില്‍ നിന്നും അദ്ദേഹം പിന്‍വാങ്ങാനുള്ള സാധ്യത ഇപ്പോള്‍ നിലനില്‍ക്കുന്നുണ്ട്.

വിവ:  ഇര്‍ഷാദ് ശരീഅത്തി
അവലംബം: middleeasteye

Related Articles