Current Date

Search
Close this search box.
Search
Close this search box.

ആരാണ് നിങ്ങള്‍? ഹിന്ദുവോ ഇന്ത്യക്കാരനോ?

hinduthwa.jpg

ഇന്ത്യയിലെ ഹിന്ദുക്കള്‍, പ്രത്യേകിച്ച് ഹിന്ദുത്വവാദികള്‍ ഇവിടെയുള്ള മുസ്‌ലിംകളോട് ചോദിക്കാന്‍ വളരെയധികം താല്‍പര്യപ്പെടുന്ന ഒരു ചോദ്യമാണ്: നിങ്ങള്‍ ആദ്യമായി ഒരു മുസ്‌ലിമോ അതോ ഇന്ത്യക്കാരനോ? ഇന്ത്യയോടുള്ള മുസ്‌ലിംകളുടെ കൂറ് പരീക്ഷിക്കുന്നതിന് വേണ്ടിയുള്ള ചോദ്യമാണിത്. മുസ്‌ലിം എന്നതിനാണ് പ്രഥമ പരിഗണന നല്‍കുന്നതെന്ന് ഏതെങ്കിലും മുസ്‌ലിം പറഞ്ഞാല്‍ അവരെല്ലാം ഹിന്ദുത്വവാദികളുടെ കണ്ണില്‍ രാജ്യസ്‌നേഹമില്ലാത്തവരാണ്. എനിക്ക് ഹിന്ദുത്വവാദികളോട് ചോദിക്കാനുള്ളത് നിങ്ങള്‍ ആദ്യമായി ഇന്ത്യക്കാരനോ അതോ ഹിന്ദുവോ? ഞാന്‍ ചോദിക്കുന്നു:

* ഗാന്ധിയെ കൊലപ്പെടുത്തിയ ഗോഡ്‌സെ ഹിന്ദുവാണോ അതോ ഇന്ത്യക്കാരനാണോ? നിങ്ങള്‍ ഗോഡ്‌സയെ ‘ധീരന്‍’ എന്ന് പ്രഖ്യാപിക്കുകയും, അയാള്‍ക്ക് വേണ്ടി ക്ഷേത്രം നിര്‍മിക്കണമെന്ന് ആവശ്യപ്പെടുകയും ചെയ്തു. എന്താണ് നിങ്ങള്‍ തെളിയിക്കുന്നത്. നിങ്ങള്‍ ഹിന്ദുക്കളാണ് എന്നാണോ അതോ ഇന്ത്യക്കാരാണ് എന്നാണോ?

* വിഭജനത്തിന് ശേഷം, രാജ്യത്തെ അതിഭീകരമായ സാമൂഹിക – വൈകാരികവുമായ വിഭജനത്തിലേക്ക് നയിച്ചു കൊണ്ട് നിങ്ങള്‍ ബാബരി മസ്ജിദ് തകര്‍ത്തപ്പോള്‍, നിങ്ങള്‍ ഹിന്ദുക്കളായിരുന്നോ അതോ ഇന്ത്യക്കാരായിരുന്നോ?

* ഹിന്ദു എന്ന നിലയിലാണോ അതോ ഇന്ത്യക്കാരന്‍ എന്ന നിലക്കാണോ നിങ്ങള്‍ ഹിന്ദു ദലിതുകള്‍, ഹിന്ദു ഒ.ബി.സി എന്നിവര്‍ക്ക് പിന്നോക്കാവസ്ഥയുടെ പേരില്‍ സംവരണം നല്‍കുകയും, മുസ്‌ലിംകള്‍ക്ക് സംവരണം നല്‍കുന്നതിനെ ‘പ്രീണനമായി’ ചിത്രീകരിക്കുകയും ചെയ്യുന്നത് ?

* ഹിന്ദു എന്ന നിലക്കാണോ അതോ ഇന്ത്യക്കാരന്‍ എന്ന നിലക്കാണോ ഗീതയും മറ്റു ഹിന്ദു വേദങ്ങളും ഇന്ത്യയിലെ വിദ്യാഭ്യാസ പാഠ്യപദ്ധതിയുടെ ഭാഗമാക്കാന്‍ നിങ്ങള്‍ ആഹ്വാനം ചെയ്യുന്നത് ?

* ഹിന്ദുത്വത്തെ പ്രതിനിധീകരിച്ചാണോ അതോ ഇന്ത്യയെ പ്രതിനിധീകരിച്ചാണോ പ്രധാനമന്ത്രി മോദി ലോക നേതാക്കളെ ഒൗദ്യോഗികമായി സന്ദര്‍ശിക്കുമ്പോള്‍ അവര്‍ക്ക് ഗാന്ധിയെ കുറിച്ചും ഇന്ത്യന്‍ ചരിത്രത്തെ കുറിച്ചുമുള്ള പുസ്തകങ്ങള്‍ നല്‍കുന്നതിന് പകരം ഗീത സമ്മാനമായി നല്‍കുന്നത് ?

* ഭൂരിപക്ഷം വരുന്ന ഇന്ത്യക്കാരനെ മാനസികമായി വിഷമിപ്പിച്ചു കൊണ്ട്, കപടവാദങ്ങള്‍ നിരത്തി ‘ഇന്ത്യ’യെയും ‘ഹിന്ദു’വിനെയും സമീകരിക്കാന്‍ ശ്രമിച്ച ഹിന്ദുത്വ സംഘടനകള്‍ സ്വയം തെളിയിക്കാന്‍ ശ്രമിച്ചത് എന്താണ്? തങ്ങള്‍ ഹിന്ദുക്കളാണ് എന്നോ അതോ തങ്ങള്‍ ഇന്ത്യക്കാരാണ് എന്നോ?

* നിങ്ങള്‍ ഹിന്ദുവായത് കൊണ്ടോ അതോ ഇന്ത്യക്കാരനായത് കൊണ്ടോ, മുസ്‌ലിം നാമധാരികള്‍ നടത്തിയ ഭീകരാക്രമങ്ങള്‍ക്കെതിരെ ശബ്ദമുയര്‍ത്തുകയും, ഹിന്ദുത്വ ഭീകരര്‍ നടത്തിയ ആക്രമണങ്ങള്‍ക്കെതിരെയും, കലാപങ്ങള്‍ക്കെതിരെയും ഒന്നും മിണ്ടാതെ ഇരിക്കുകയും ചെയ്യുന്നത് ?

* വര്‍ഗീയ കലാപങ്ങള്‍ക്ക് നേതൃത്വം നല്‍കിയ ഹിന്ദു നേതാക്കളെ ശിക്ഷിക്കണമെന്ന് ആവശ്യപ്പെടുന്നതിന് പകരം നിങ്ങള്‍ അവരെ ആദരിക്കുന്നു, നിങ്ങള്‍ ഹിന്ദുക്കളായത് കൊണ്ടല്ലോ ഇങ്ങനെ ചെയ്യുന്നത് ?

* നിങ്ങള്‍ ഹിന്ദുക്കളായത് കൊണ്ടല്ലെ ജനസംഖ്യാടിസ്ഥാനത്തിലുള്ള ആധിപത്യം കാത്തു സൂക്ഷിക്കുന്നതിന് വേണ്ടി, ഹിന്ദുക്കള്‍ വളരെയധികം കുട്ടികളെ പ്രസവിക്കണമെന്ന പേരില്‍ നിങ്ങള്‍ കാമ്പയിന്‍ നടത്തിയത് ?

* ബി.ജെ.പി, ശിവസേന പോലെയുള്ള രാഷ്ട്രീയ പാര്‍ട്ടികള്‍ സാമുദായിക ധ്രുവീകരണം ഇളക്കി വിട്ട് ഹിന്ദു വോട്ടുകള്‍ ഉറപ്പിക്കാന്‍ ശ്രമിക്കുന്നു. ഹിന്ദു എന്ന നിലക്കാണോ അതോ ഇന്ത്യന്‍ എന്ന നിലക്കാണോ അവര്‍ ഇങ്ങനെ പെരുമാറുന്നത്?

* നിങ്ങള്‍ ഹിന്ദുക്കളായത് കൊണ്ടാണോ മുസ്‌ലിംകള്‍ക്കിടയില്‍ വ്യാപക പ്രചാരം സിദ്ധിച്ചത് കൊണ്ട് മാത്രം, ഉര്‍ദു എന്ന ഇന്ത്യന്‍ ഭാഷയെ എതിര്‍ക്കുന്നത് ?

* പതിനായിരക്കണക്കിന് ഹിന്ദുക്കള്‍ ഇന്ത്യ വിട്ട് അമേരിക്ക, ആസ്‌ത്രേലിയ, ബ്രിട്ടന്‍ തുടങ്ങിയ രാജ്യങ്ങളുടെ പൗരന്മാരായി മാറിയിട്ടുണ്ട്. അതേ അവസരത്തില്‍ അവര്‍ തങ്ങളുടെ മതസ്വത്വം കാത്തുസൂക്ഷിക്കുന്നുമുണ്ട്. ഹിന്ദുവായത് കൊണ്ടാണോ ഇന്ത്യനായത് കൊണ്ടാണോ അവര്‍ അവരുടെ മതസ്വത്വം കാത്തുസൂക്ഷിക്കുന്നത്?

ഹിന്ദുക്കള്‍ അവരുടെ മതത്തിന്റെ പേരില്‍ അഭിമാനം കൊള്ളരുതെന്നല്ല മേല്‍ പറഞ്ഞതിന്റെ അര്‍ത്ഥം. അവര്‍ അഭിമാനിക്കുക തന്നെ വേണം. ഏതൊരു മതത്തിന്റെ അനുയായിയും, അവന് അതില്‍ വിശ്വാസമുണ്ടെങ്കില്‍ അതിന്റെ പേരില്‍ അഭിമാനിക്കുക തന്നെ വേണം. ഒരു വ്യക്തിയോ അല്ലെങ്കില്‍ ഒരു സമുദായമോ തങ്ങള്‍ വിശ്വസിക്കുന്ന മൂല്യങ്ങള്‍ക്ക് വേണ്ടി അല്ലെങ്കില്‍ അവകാശങ്ങള്‍ക്ക് വേണ്ടി പോരാട്ടത്തിലേര്‍പ്പെടുന്നതില്‍ യാതൊരു തെറ്റുമില്ല. മറിച്ച്, അപരന്റെ വിശ്വാസം തന്റേതില്‍ നിന്നും വ്യത്യസ്തമാണ് എന്ന കാരണത്താല്‍ അവനെ വെറുപ്പോടെ കാണുന്നിടത്താണ് പ്രശ്‌നങ്ങള്‍ക്ക് തുടക്കം കുറിക്കുന്നത്.

‘ആദ്യമായി നിങ്ങള്‍ ഹിന്ദുവോ അതോ ഇന്ത്യനോ?’ അല്ലെങ്കില്‍ ‘ആദ്യമായി നിങ്ങള്‍ മുസ്‌ലിമോ അതോ ഇന്ത്യനോ?’ തുടങ്ങിയ ചോദ്യങ്ങള്‍ അബദ്ധജഡിലങ്ങളാണ്. നിങ്ങള്‍ മനുഷ്യനോ അതോ ഇന്ത്യനോ? നിങ്ങള്‍ സത്യസന്ധനോ അതോ ഇന്ത്യനോ? അല്ലെങ്കില്‍ നിങ്ങള്‍ ആദ്യമായി ഒരു ഡോക്ടറാണോ അതോ ഇന്ത്യക്കാരനാണോ? നിങ്ങള്‍ ഡല്‍ഹിക്കാരനാണോ അതോ ഇന്ത്യക്കാരനാണോ? തുടങ്ങിയ ചോദ്യങ്ങള്‍ നിങ്ങള്‍ക്ക് ആരോടെങ്കിലും ചോദിക്കാന്‍ തോന്നുമോ.

ഇന്ത്യക്കാരനാണോ അല്ലയോ എന്നത് ഒരാളുടെ ദേശവുമായി ബന്ധപ്പെട്ടതാണ്. ഒരാള്‍ക്ക് ഇന്ത്യക്കാരനോ, ചൈനക്കാരനോ, അമേരിക്കക്കാരനോ അല്ലെങ്കില്‍ റഷ്യക്കാരനോ അങ്ങനെ എന്തു വേണമെങ്കിലും ആവാമല്ലോ. മുസ്‌ലിം, ഹിന്ദു, ക്രിസ്ത്യന്‍, കമ്മ്യൂണിസ്റ്റ്, നിരീശ്വരവാദം തുടങ്ങിയവ ഒരാളുടെ പ്രത്യയശാസ്ത്രവുമായി ബന്ധപ്പെട്ട കാര്യങ്ങളാണ്. ഒരേ സമയം തന്നെ ഒരാള്‍ക്ക് നിരവധി സ്വത്വങ്ങള്‍ ഉണ്ടാവും. ദേശം കൊണ്ട് ഞാനൊരു ഇന്ത്യക്കാരനാണ്, വിശ്വാസം കൊണ്ട് ഞാനൊരു മുസ്‌ലിമാണ്, പ്രൊഫഷന്‍ കൊണ്ട് ഞാനൊരു ഡോക്ടറാണ്, ലിംഗപരമായി ഞാനൊരു പുരുഷനാണ്, പ്രാദേശികാടിസ്ഥാനത്തില്‍ ഞാനൊരു ഡല്‍ഹിക്കാരനാണ്. ഇനി ഒരാള്‍ ഏതെങ്കിലും രാഷ്ട്രീയ പാര്‍ട്ടിയിലും അംഗമായിരിക്കും. വ്യത്യസ്ത സമയങ്ങളില്‍ ഈ സ്വത്വങ്ങളെല്ലാം തന്നെ വളരെ പ്രധാന്യമര്‍ഹിക്കുന്നതായി തീരും. ഒരു ഡോക്ടറെന്ന നിലക്കാണെങ്കില്‍, വ്യത്യസ്ത രാജ്യക്കാരായ പത്ത് രോഗികളെ എനിക്ക് ശുശ്രൂഷിക്കേണ്ടതായി വരും. ഞാനൊരു ഇന്ത്യക്കാരനെയല്ല ആദ്യം ചികിത്സിക്കുക, മറിച്ച് ഒരു രോഗിയായിരിക്കും ഞാന്‍ ആദ്യം പരിഗണിക്കുക. അല്ലെങ്കില്‍ ആര്‍ക്കാണോ അടിയന്തിര ശ്രദ്ധ കിട്ടേണ്ടത് അല്ലെങ്കില്‍ ആരാണോ ആദ്യം റിപ്പോര്‍ട്ട് ചെയ്തത് അവരെയായിരിക്കും ഞാന്‍ ആദ്യം ശുശ്രൂഷിക്കുക. നിങ്ങള്‍ ഒരു ക്ഷേത്രത്തിലേക്ക് പോയാല്‍, വ്യത്യസ്ത രാജ്യക്കാരായ നിരവധി ആളുകളെ അവിടെയുണ്ടാകും. ദേശീയതയുടെ അടിസ്ഥാനത്തില്‍ അവരെ നിങ്ങള്‍ക്ക് തിരിച്ചറിയാന്‍ സാധിക്കില്ല.

ഒട്ടുമിക്ക ആളുകളുടെ കാര്യത്തിലും, ഒരാളുടെ ദേശീയത സാന്ദര്‍ഭികമായി സംഭവിക്കുന്നതാണ്. അല്ലാതെ അയാള്‍ തെരഞ്ഞെടുക്കുന്നതല്ല. ഒരാള്‍ ജനിക്കുമ്പോള്‍, അയാള്‍ കേവലം ഒരു മനുഷ്യജീവി മാത്രമാണ്. അവന്‍ വളരുമ്പോള്‍, താനൊരു ഇന്ത്യക്കാരനാണെന്നും, ഒരു മുസ്‌ലിം/ഹിന്ദു ആണെന്നും അവന്‍ മനസ്സിലാക്കുന്നു. പിന്നീട് അവന് അതേ സ്വത്വങ്ങളില്‍ തന്നെ തുടരാനും അല്ലെങ്കില്‍ അവയില്‍ മാറ്റം വരുത്താനും സാധിക്കും.

ചോദ്യം വിശ്വാസത്തെ സംബന്ധിച്ചാവുമ്പോള്‍ ആദ്യാവസാനം ഞാനൊരു മുസ്‌ലിം തന്നെയാണ്. ഇനി അത് ദേശീയതയെ കുറിച്ചാണെങ്കില്‍ ഞാനൊരു ഇന്ത്യക്കാരനാണ്. ഭാവിയില്‍ ഇന്ത്യയില്‍ നിരീശ്വരവാദികളുടെയോ, മുസ്‌ലിംകളുടെയോ, അല്ലെങ്കില്‍ ക്രിസ്ത്യാനികളുടെയോ ഒരു ഗവണ്‍മെന്റ് വരികയും, ആ ഗവണ്‍മെന്റ് ഈ രാജ്യത്തെ ഹിന്ദുവിനോട് അവന്റെ വിശ്വാസത്തിന് നിരക്കാത്ത കാര്യങ്ങള്‍ ചെയ്യാന്‍ ആജ്ഞാപിക്കുകയും ചെയ്താല്‍, തീര്‍ച്ചയായും അവന്‍ അത് അംഗീകരിക്കില്ല. ഇനി അന്ന് ഹിന്ദുക്കള്‍ ന്യൂനപക്ഷങ്ങളാണെങ്കിലും ശരി, അവര്‍ സംഘടിക്കുകയും, ഗവണ്‍മെന്റിനെതിരെ കാമ്പയിന്‍ നടത്തുകയും ചെയ്യും.

ഇന്ത്യന്‍ മുസ്‌ലിംകളില്‍ ഭൂരിഭാഗവും ഇന്ത്യയില്‍ തന്നെ ജനിച്ചു വളര്‍ന്നവരാണ്. വിദേശങ്ങളില്‍ നിന്ന് കുടിയേറിയവര്‍ പോലും ഇന്ത്യയെ അവരുടെ രാജ്യമായി അംഗീകരിച്ചു കഴിഞ്ഞവരാണ്. പക്ഷെ ഇന്ത്യക്കാരനാവുക എന്നത് കൊണ്ട്, ഭൂരിപക്ഷത്തിന്റെ നിര്‍ബന്ധത്തിന് വഴങ്ങി, ദേശീയതയുടെ പേരില്‍ ഇഷ്ടമില്ലാത്തത് ചെയ്യണം എന്ന അര്‍ത്ഥമില്ല. ദേശീയത അടക്കമുള്ള കാര്യങ്ങളേക്കാള്‍ പ്രാധാന്യമുള്ളതും, മുകളില്‍ നില്‍ക്കുന്നതുമാണ് നീതി, സത്യസന്ധത എന്നിവ. അമേരിക്കയുടെ ഇറാഖ് ആക്രമണത്തിനെതിരെ ഒരുപാട് അമേരിക്കക്കാര്‍ പ്രതിഷേധിച്ചത്, അവര്‍ അമേരിക്കയേക്കാള്‍ നീതിയെ സ്‌നേഹിക്കുന്നു എന്നതിന് തെളിവാണ്.

ഇന്ത്യന്‍ മുസ്‌ലിംകളുടെ ദേശസ്‌നേഹം സംശയത്തിന്റെ നിഴലില്‍ നിര്‍ത്തുന്ന പ്രശ്‌നങ്ങള്‍ സൃഷ്ടിക്കുന്നത് തുടരുക എന്ന ഹിന്ദുത്വ ശക്തികളുടെ കേവലം തന്ത്രം മാത്രമാണിത്. ഇന്ത്യന്‍ വംശജരായ ബ്രിട്ടീഷ്, ആസ്‌ത്രേലിയന്‍ ഹിന്ദുക്കള്‍ അവരുടെ രാജ്യത്തിനെതിരെ ഇന്ത്യന്‍ ക്രിക്കറ്റ് ടീമിനെ പിന്തുണക്കുന്നത് ഞാന്‍ നേരില്‍ കണ്ടിട്ടുണ്ട്. അതു കൊണ്ട് അവര്‍ രാജ്യദ്രോഹികളാണോ? ഒരു അമേരിക്കന്‍ അല്ലെങ്കില്‍ ആസ്‌ത്രേലിയന്‍ ഹിന്ദു അവിടെ കൊല്ലപ്പെട്ടാല്‍ ഇവിടെയുള്ള ഇന്ത്യന്‍ ഹിന്ദുവിന് വേദനിക്കും. അത് സ്വാഭാവികമാണ്. കാരണം അവരുടെ മതങ്ങള്‍ ഒന്നാണ്. ഏത് സ്വത്വത്തിന്റെ അടിസ്ഥാനത്തിലും, ഒരാള്‍ക്ക് മറ്റൊരാളോട് അടുപ്പം തോന്നാം. ഞാന്‍ ആസ്‌ത്രേലിയയില്‍ ആയിരുന്നപ്പോള്‍, സഊദി അറേബ്യന്‍ മുസ്‌ലിംകളേക്കാള്‍ കൂട്ടുകൂടാന്‍ ഞാന്‍ ഇഷ്ടപ്പെട്ടിരുന്നത് ഇന്ത്യന്‍ ഹിന്ദുക്കളുമായാണ്. ഞങ്ങളുടെ പൊതുവായ ഭാഷയും, സംസ്‌കാരവും തന്നെയാണ് അതിന് കാരണം. ഒരു കോണ്‍ഫറന്‍സില്‍ പങ്കെടുക്കാനായി ഞാന്‍ ഇറാനിലെത്തിയ നേരത്ത്, ഒരു ഇന്ത്യക്കാരനെയാണ് എന്റെ കണ്ണുകള്‍ തിരഞ്ഞു നടന്നത്. അല്ലാതെ ഇറാനിയന്‍ മുസ്‌ലിംകളെയല്ല.

ധാര്‍മികത, നന്മ, തിന്മ എന്നിവയെ കുറിച്ചാണ് മതം നിങ്ങളോട് സംസാരിക്കുന്നത്. ദേശീയത എന്നത് ഭരണസംബന്ധമായ പരസ്പരബന്ധവുമായി ബന്ധപ്പെട്ടിരിക്കുന്നു. അത് നിങ്ങളെ പ്രൊഫഷണലും മറ്റുമായ നിങ്ങളുടെ ലക്ഷ്യങ്ങള്‍ നേടാന്‍ സഹായിക്കുന്നു.

അത്തരം അബദ്ധജഡിലമായ ചോദ്യങ്ങല്‍ ഉയര്‍ത്തി മുസ്‌ലിംകളെ ഇനിയും ഭയപ്പെടുത്താന്‍ സാധിക്കില്ല. അവര്‍ ഈ രാജ്യക്കാരാണ്, ഈ രാജ്യം അവരുടേത് കൂടിയാണ്. ഓരോ മേഖലയിലുമുള്ള ഇന്ത്യന്‍ നയങ്ങളുടെ ദിശയെ സ്വാധീനിക്കാനും, അതിന്റെ നേട്ടങ്ങളില്‍ നിന്ന് പ്രയോജനം നേടാനും അവര്‍ക്ക് അവകാശമുണ്ട്. കാരണം അവരും രാഷ്ട്രനിര്‍മാണത്തില്‍ പങ്കാളികളാണ്.

സര്‍വ്വമതസൗഹാര്‍ദ്ദത്തിന് വാദിക്കുന്ന ഒരാളാണ് ഞാന്‍. കച്ചവട താല്‍പര്യങ്ങള്‍ക്ക് വേണ്ടി സമകാലികലോകം പ്രചരിപ്പിക്കുന്ന അധാര്‍മികതക്കെതിരെ ഇന്ത്യയിലെ ഹിന്ദുക്കളും മുസ്‌ലിംകളും ഒന്നിക്കണം. മതധാര്‍മകിതയെ നിഷേധിക്കുകയും, കച്ചവടയുക്തിയെ പ്രചരിപ്പിക്കുകയും ചെയ്യുന്ന പാശ്ചാത്യവല്‍ക്കരണം അല്ലെങ്കില്‍ നവലോകക്രമം എല്ലാ മതങ്ങള്‍ക്കും മനുഷ്യരാശിക്കും ഭീഷണിയാണ്. മതങ്ങള്‍ തമ്മിലല്ല ഇന്ന് യുദ്ധം നടക്കുന്നത്. മറിച്ച് മതവും മതരാഹിത്യവും തമ്മിലാണ് ഇന്നത്തെ യുദ്ധം. കുടുംബ മൂല്യങ്ങള്‍, ധാര്‍മിക മൂല്യങ്ങള്‍, സാമൂഹിക മൂല്യങ്ങള്‍ എന്നിങ്ങനെ ഒട്ടുമിക്ക വിഷയങ്ങളിലും ഹിന്ദുക്കളും മുസ്‌ലിംകളും ഒരുപോലെയാണ് ചിന്തിക്കുന്നത്. മദ്യം, ചൂതാട്ടം, വിവാഹബാഹ്യ ലൈംഗികത, സ്വവര്‍ഗരതി, നഗ്നത വെളിവാക്കല്‍ തുടങ്ങിയവയെ നമ്മളെല്ലാം വെറുക്കുന്നു. നമ്മുടെ വഴികള്‍ വ്യത്യസ്തമായിരിക്കാമെങ്കിലും, നമ്മളെല്ലാം ദൈവത്തില്‍ വിശ്വസിക്കുന്നവരാണ്. പ്രവാചകന്‍ മുഹമ്മദ്(സ) തുടങ്ങി വെച്ച ഒരു മതമല്ല ഇസ്‌ലാം എന്ന് ഞാന്‍ ഇവിടെയും ആവര്‍ത്തിക്കുന്നു. ദൈവത്തിനുള്ള പരിപൂര്‍ണ്ണ സമര്‍പ്പണത്തെ, കീഴൊതുങ്ങലിനെയാണ് ഇസ്‌ലാം എന്ന് പറയുന്നത്. ദൈവത്തിന് ‘അല്ലാഹു’ എന്ന് അറബിയിലും, പരമേശ്വര്‍ എന്ന് സംസ്‌കൃതത്തിലും ഹിന്ദിയിലും, യെഹോവ എന്ന് ഹിബ്രു ഭാഷയിലും പറയും. ഹിന്ദുയിസം അതിന്റെ ആദിമശുദ്ധരൂപത്തില്‍ ചിലപ്പോള്‍ ഇസ്‌ലാമിന്റെ പൗരാണിക പതിപ്പായിരുന്നിരിക്കാം. ക്രിസ്ത്യാനിറ്റി, ജൂതായിസം, ഹിന്ദുയിസം, അതുപോലെ ബുദ്ധിസം എന്നിവ ഉള്‍പ്പെടെയുള്ള ദൈവിക മതത്തിന്റെ ഏറ്റവും പുതിയ പതിപ്പാണ് ഇസ്‌ലാം. എല്ലാ മുന്‍കഴിഞ്ഞു പോയ വേദങ്ങളുടെയും പ്രവാചകന്‍മാരുടെയും സത്യതയില്‍ വിശ്വസിക്കാനാണ് ഖുര്‍ആന്‍ നമ്മോട് പറയുന്നത്.

ഏറ്റവും ആദ്യമായി ഒരാള്‍ മനുഷ്യനായിരിക്കണം എന്നാണ് ഞാന്‍ വിശ്വസിക്കുന്നത്. മറ്റു സ്വത്വങ്ങളെല്ലാം രണ്ടാമതായി മാത്രമേ വരുന്നുള്ളു. മതപരവും നിരീശ്വരവാദപരവുമായ പ്രത്യയശാസ്ത്രങ്ങളാണ് മനുഷ്യരാശിക്ക് വേണ്ട അധ്യാപനങ്ങള്‍ പകര്‍ന്നു നല്‍കിയത്. അല്ലാതെ ദേശീയതയല്ല. ഒരു ഇന്ത്യക്കാരന്‍, റഷ്യക്കാരന്‍, ചൈനക്കാരന്‍, അമേരിക്കക്കാരന്‍ അല്ലെങ്കില്‍ സൗദി അറേബ്യക്കാരന്‍ ആവുന്നതിന് മുമ്പ് ഏതൊരാളും ഹിന്ദുവും, മുസ്‌ലിമും, ക്രിസ്ത്യനും, ബുദ്ധിസ്റ്റും അല്ലെങ്കില്‍ കമ്മ്യൂണിസ്റ്റുമായിരിക്കല്‍ നിര്‍ബന്ധമാണ്. പക്ഷെ സാമുദായത്തിന് പകരം, പ്രത്യയശാസ്ത്രത്തെ അടിസ്ഥാനമാക്കിയായിരിക്കണം സ്വത്വം സ്വീകരിക്കേണ്ടത്. ഇനി സ്വത്വം സ്വീകരിക്കുന്നത് സാമുദായികവും വംശീയവുമായ പരിഗണനകള്‍ വെച്ചാണെങ്കില്‍, അത് വളരെ അപകടകരമാണ്, പ്രത്യേകിച്ച് അത് മറ്റുള്ളവര്‍ക്ക് എതിരെ തിരിയുമ്പോള്‍. നീതി, മനുഷ്യത്വം തുടങ്ങിയ തത്വങ്ങള്‍ക്കെതിരെ നിലകൊള്ളുന്നതാണെങ്കിലും, എല്ലാ വിഷയങ്ങളിലും രാജ്യത്തെ പിന്തുണക്കുന്നതിന് അനിവാര്യമായ ഒരു ഘടകമൊന്നുമല്ല ദേശീയ സ്വത്വം എന്നത്. മറ്റു രാഷ്ട്രങ്ങളെ ആക്രമിക്കുന്നതില്‍ നിന്നും സ്വന്തം രാജ്യത്തെ തടയാന്‍ അതാത് രാജ്യങ്ങളിലെ പൗരന്‍മാര്‍ ശ്രമിക്കേണ്ടതുണ്ട്.

വെറുപ്പിന്റെ കാമ്പയിന്‍ നടത്തുന്നതിന് പകരം, മതത്തിലെ പൊതുവായ ധാര്‍മികമൂല്യങ്ങള്‍ക്ക് വേണ്ടി നമുക്ക് കാമ്പയിന്‍ നടത്താം. പാശ്ചാത്യവല്‍ക്കരണം നടപ്പിലാക്കിയ ദുര്‍വൃത്തികള്‍ക്കെതിരെ നമുക്ക് സംഘടിക്കാം. ഈ സമീപനത്തില്‍ വിശ്വസിക്കുന്ന ഹിന്ദുക്കളും മുസ്‌ലിംകളും ആദ്യം ഒന്നിക്കുക. മറ്റുള്ളവര്‍ പിന്നാലെ വരിക തന്നെ ചെയ്യും.

മൊഴിമാറ്റം: ഇര്‍ഷാദ് കാളാച്ചാല്‍

Related Articles