Current Date

Search
Close this search box.
Search
Close this search box.

അസഹിഷ്ണുത വളര്‍ത്തും ഉച്ചഭാഷിണികള്‍

speaker.jpg

ഇന്നാദ്യമായാണ് ഞങ്ങളുടെ ഗ്രാമത്തിലെ പ്രമുഖ പള്ളിയില്‍ തറാവീഹ് നമസ്‌കാരത്തില്‍ പങ്കെടുത്തത്. (ഇത്രയും ദിവസവും അടുത്തുള്ള മറ്റൊരു ചെറിയ സാമ്പ്രി (നിസ്‌കാരപ്പള്ളി) യിലാണ് നമസ്‌ക്കരിച്ചിരുന്നത്). കഴിഞ്ഞ കുറേ വര്‍ഷങ്ങളായുള്ള പതിവു പോലെത്തന്നെ ഇത്തവണയും ഉത്തരേന്ത്യയില്‍ നിന്നുള്ള ഒരൊന്നാന്തരം ഖാരിഅാണ് പള്ളിയിലെ ഇമാം. നല്ല മുഴക്കമുള്ള ശബ്ദത്തില്‍ ഉച്ചാരണസ്ഫുടതയോടെ ഇമാം ഓതുന്നത് കേട്ടുകൊണ്ടിരിക്കുന്നത് തന്നെ കാതുകള്‍ക്കിമ്പമാണ്. പാരായണത്തിന്റെ ശ്രവണസുഖത്തിനപ്പുറം ആശയഗ്രാഹ്യവും വലിയൊരളവില്‍ സാധ്യമാകുന്നുണ്ട്. മുമ്പത്തെപോലെയല്ല, ആദ്യ റക്അതില്‍ ഇമാം സുദീര്‍ഘമായി ഓതി റുകൂഇലേക്കു പോകുന്നതിനു തൊട്ടുമുമ്പ് ഓടി ചെന്ന് കൈകെട്ടി നമസ്‌കാരത്തില്‍ പ്രവേശിക്കുന്ന കുട്ടികള്‍ ഇന്നില്ല. ആദ്യാന്തം പൂര്‍ണ്ണമായും തറാവീഹില്‍ പങ്കുകൊള്ളുന്നവരാണ് കുട്ടികളടക്കമുള്ള വിശ്വാസികള്‍. മുമ്പത്തേതിനേക്കാള്‍ ഏറെ ആളുകളുണ്ട് ഇന്ന് പള്ളിയില്‍. എന്തുകൊണ്ടും ഭക്തിസാന്ദ്രമായ അന്തരീക്ഷം. കാലത്തിന്റെ മാറ്റങ്ങള്‍ക്കനുസരിച്ച് പല പരിഷ്‌ക്കരണങ്ങളും പള്ളിയിലും കൈകാര്യകര്‍ത്താക്കളുടെ സമീപനങ്ങളിലും വന്നിട്ടുണ്ട്. അതില്‍ ഒന്നാണ് തറാവീഹ് നമസ്‌കാരവും സുബ് ഹ് നമസ്‌കാരവും ഉച്ചഭാഷിണിയിലൂടെ കേള്‍പ്പിക്കുക എന്നത്. മുമ്പ് തറാവീഹ് നമസ്‌കാരം ഉച്ചഭാഷിണിയിലൂടെ കേള്‍പ്പിക്കപ്പെട്ടിരുന്നില്ല. കഴിഞ്ഞ കുറേ വര്‍ഷങ്ങളായി ഇങ്ങനെ. ഇപ്പോഴും പട്ടണങ്ങളിലെ പള്ളികളില്‍ അത് അനുവദനീയമല്ല. പള്ളിയുടെ അകത്തളത്തില്‍ മാത്രം നേരാംവണ്ണം കേള്‍ക്കാന്‍ കഴിയുന്ന സ്പീക്കറുകളാണ് അവിടങ്ങളില്‍ ഉപയോഗിക്കുന്നത്.

ഗ്രാമത്തിലെ ഈ പള്ളിയില്‍ മാത്രമല്ല, സമീപ പ്രദേശത്തുള്ള മിക്കവാറും എല്ലാ പള്ളികളിലുമതെ, തറാവീഹ് നമസ്‌കാരം ഉച്ചഭാഷിണിയിലൂടെ കേള്‍പ്പിക്കുന്നു. അഞ്ചുനേരം വിശ്വാസികളെ പ്രാര്‍ത്ഥനാസമയം അറിയിക്കുകയും അതിലേക്കു ക്ഷണിക്കുകയും ചെയ്യുന്ന ബാങ്ക് പോലെ മതപരമായി ആഹ്വാനം ചെയ്യപ്പെട്ട ഒരു അനുഷ്ഠാനമല്ല ഈ ഉച്ചഭാഷിണി പ്രയോഗം. തറാവീഹ് നമസ്‌കാരം പള്ളിയില്‍ നമസ്‌ക്കരിക്കാന്‍ വരുന്നവര്‍ക്കുള്ളതാണ്. ആ നമസ്‌കരത്തിലെ ഖുര്‍ആന്‍ പാരായണം അവര്‍ കേട്ടാല്‍ മതിയാകുന്നതാണ്. നമസ്‌കാരത്തില്‍ പങ്കെടുക്കാത്തവരെയും വീട്ടിലിരിക്കുന്നവരെയും കേള്‍പ്പിക്കുന്നതിനു പിന്നിലെ യുക്തിയെന്താണ്? അങ്ങനെ ചെയ്യുക വഴി നമസകാരത്തിന് വരാത്ത മുസ്‌ലിംകളെ നമസ്‌കാരത്തിലേക്കു വരാന്‍ പ്രേരിപ്പിക്കലാണോ? ആണെങ്കില്‍ കേവലം ഐച്ഛികമായ ഈ പ്രാര്‍ത്ഥനക്ക് ഇങ്ങനെ ആളെ കൂട്ടേണ്ടതുണ്ടോ? വിശ്വാസികള്‍ നിര്‍ബന്ധമാണെന്ന് ധരിച്ചുപോകുമെന്ന് കരുതി സാക്ഷാല്‍ മുഹമ്മദ് നബി തന്നെ ഏതാനും ദിവസത്തെ ജമാഅത്ത് നമസ്‌കാരത്തിനു ശേഷം, അതില്‍ നിന്നു വിട്ടു നിന്നുവെന്നിരിക്കേ വിശേഷിച്ചും. നമസ്‌കാരത്തിനു പ്രേരണ നല്‍കലാണ് ഉദ്യേശ്യമെങ്കില്‍ നിര്‍ബന്ധ നമസ്‌കാരത്തിനല്ലേ കേള്‍പ്പിക്കപ്പെടാന്‍ കൂടുതല്‍ അര്‍ഹത? ഏറ്റവും പ്രധാന പ്രശ്‌നം അതല്ല, ഈ കേള്‍വിക്കാര്‍ മുസ്‌ലിംകള്‍ മാത്രമല്ലല്ലോ! വിശ്വാസികള്‍ അല്ലാത്ത ധാരാളം പേര്‍ തിങ്ങിത്താമസിക്കുന്ന ഒരു ബഹുസ്വര സമൂഹത്തില്‍ ഒരു മതത്തിന്റെ ആരാധന മറ്റുള്ളവരെ കൂടി നിര്‍ബന്ധിച്ചു കേള്‍പ്പിക്കുന്നതിന്റെ ഇസ്‌ലാമിക വിധിയെന്താണ്? ദീനില്‍ ബലാല്‍ക്കാരമില്ല (വി. ഖുര്‍ആന്‍ 2:256 )എന്ന ഖുര്‍ആനിക സൂക്തത്തിന്റെ പരിധിയില്‍ വരുന്നതല്ലേ മറ്റു മതസ്ഥരെ ഇവ്വിധം ഖുര്‍ആന്‍ പാരായണം കേള്‍പ്പിക്കുന്നത്? മറ്റു മതസ്ഥരും കേള്‍ക്കാന്‍ നിര്‍ബന്ധിക്കപ്പെടുന്നത് ഇസ്‌ലാം അനുവദിക്കുന്ന വിശ്വാസ സ്വാതന്ത്രത്തിനു എതിരാവുകയില്ലേ? മതത്തില്‍ ബലാല്‍ക്കാരമില്ല എന്നതിന്റെ വിവക്ഷ മതപരിവര്‍ത്തനം മാത്രമല്ലല്ലോ. ഏതെങ്കിലും ഒരു മതത്തിന്റെ അധ്യാപനങ്ങള്‍ നിര്‍ബന്ധപൂര്‍വം മറ്റുള്ളവരെ കേള്‍പ്പിക്കുന്നതും മതത്തിന്റെ പേരിലുള്ള ബലാല്‍ക്കാരം തന്നെയല്ലേ?

മുസ്‌ലിംകളില്‍ തന്നെ നമസ്‌കാരത്തിന് വരാന്‍ കഴിയാത്തവരോ, മറ്റു വല്ല അസൗകര്യങ്ങളുള്ളവരോ ശുദ്ധിയിലുള്ളതോ അല്ലാത്തവരോ ആയ സ്ത്രീകളെയോ കുട്ടികളെയോ ഇത് കേള്‍പ്പിക്കുന്നതിന്റെ ആവശ്യമെന്ത്? ഏതൊരു ഗ്രാമത്തിലുമുണ്ടാകുമല്ലോ പിഞ്ചു പൈതങ്ങള്‍. ചിലപ്പോള്‍ നവജാതശിശുക്കളുമുണ്ടാകും. രാത്രിയില്‍ ശാന്തമായി കിടന്നുറങ്ങുന്നതിനു ഈ ഉച്ചഭാഷിണികള്‍ അവര്‍ക്കു എന്തു മാത്രം തടസ്സം സൃഷ്ടിക്കുന്നുണ്ട്. നമസ്‌കാരത്തിനിടയില്‍ കുഞ്ഞിന്റെ കരച്ചില്‍ കേട്ട് നമസ്‌കാരത്തിന്റെ ദൈര്‍ഘ്യം കുറച്ച് ഒരു കുഞ്ഞിനെയും അതിന്റെ മതാവിനെയും പരിഗണിച്ച പ്രവാചകന്റെ അധ്യാപനങ്ങളോടു ചേരുന്നതാണോ നിരവധി കുഞ്ഞുങ്ങളുടെ ഉറക്കം നഷ്ടപ്പെടുത്താന്‍ പോന്ന ഈ ഉച്ചഭാഷിണികള്‍?

രാത്രിയിലെ തറാവീഹ് നമസ്‌കാരം പോലും നിര്‍ബന്ധമല്ലെന്നിരിക്കെ ആ നമസ്‌കാരം ഉച്ചഭാഷിണിയിലൂടെ മറ്റു മതസ്ഥര്‍ക്ക് ശല്യമാകുംവിധം കേള്‍പ്പിച്ച് അവരുടെ വെറുപ്പ് സമ്പാദിക്കുന്നതെന്തിനാണ്? അന്യമതസ്ഥരുടെ സഹിഷ്ണുതയെ ഇങ്ങനെ പരീക്ഷിക്കേണ്ടതുണ്ടോ? മുസ്‌ലിംകള്‍ ന്യൂനപക്ഷങ്ങളായ പ്രദേശങ്ങളില്‍ മറ്റു മതസ്ഥര്‍ മുസ്‌ലിംകളുടെ പള്ളിക്കുവേണ്ടി സ്ഥലം കൊടുക്കാതിരിക്കുന്നതും പള്ളിക്കെതിരെ കേസുകൊടുക്കുകയോ, നിര്‍മ്മാണത്തിലിക്കുന്ന പള്ളിക്കെതിരെ സ്‌റ്റേ വാങ്ങുന്നതുമൊക്കെ നാം നിത്യേനയെന്നോണം കാണുന്നു. തങ്ങളുടെ സൈ്വര്യജീവിതത്തിനു ഭംഗം വരുത്തുന്ന ആരാധനാകേന്ദ്രങ്ങള്‍ക്കെതിരെ കോടതികളെ സമീപിക്കുന്നതിന് ഇതര മതസ്ഥരോടുള്ള അസഹിഷ്ണുത കൊണ്ടുമാത്രമാണെന്നു പറയാനൊക്കുമോ? ഒരു മാസം തുടര്‍ച്ചയായി മണിക്കൂറുകള്‍ നീളുന്ന ഉച്ചഭാഷിണി ഒരമ്പലത്തില്‍ നിന്നും വരുന്നത് ഒരു അഹിന്ദുവിന് എത്രമാത്രം അരോചകമാണോ അത്രതന്നെ അരോചകമായിരിക്കും അമുസ്‌ലിംകള്‍ക്ക് ഈ ഉച്ചഭാഷിണിയിലൂടെ കേള്‍ക്കുന്ന ഖുര്‍ആന്‍ പാരായണവും? വിശ്വാസികള്‍ക്കത് ദൈവിക വചനങ്ങളാകാം. എന്നാല്‍ അവിശ്വാസികള്‍ക്കത് അങ്ങനെയല്ലല്ലോ? ന്യൂനാല്‍ന്യൂനപക്ഷത്തിന്റെ പോലും അവകാശങ്ങള്‍ സംരക്ഷിക്കുന്നിടത്താണ് ഇസ്‌ലാമിന്റെ നീതിബോധം നില നില്‍ക്കുന്നത്. പള്ളിയുടെ വികസനത്തിനു വേണ്ടി അന്യമതസ്ഥനില്‍ നിന്നു അനുവാദം കൂടാതെ ഭൂമി പിടിച്ചെടുത്ത തന്റെ ഉദ്യോഗസ്ഥരെ തിരുത്തി, ഭൂമി അതിന്റെ ഉടമക്കു തിരിച്ചു നല്‍കി, രാജ്യത്തെ ഏറ്റവും ദുര്‍ബലനായ ന്യൂനപക്ഷത്തിന്റെ പോലും അവകാശം സംരക്ഷിക്കുന്ന ഉമറുല്‍ ഫാറൂഖിന്റെ ഉന്നതമായ നീതിനിര്‍വഹണ മാതൃകയോടു ചേര്‍ന്നു നില്‍ക്കുന്നതല്ല മറ്റു മതസ്ഥരെ അല്‍പം പോലും പിരഗണിക്കാതെ അവര്‍ക്കു ശല്യമാകുംവിധമുള്ള ഉച്ചഭാഷിണി പ്രയോഗം.

Related Articles