Current Date

Search
Close this search box.
Search
Close this search box.

അലിയുടെ രാഷ്ട്രീയ നിലപാടുകളും പോരാളിയുടേതായിരുന്നു

ali-clay.jpg

കലാകായിക രംഗത്ത് നിരവധി പ്രതിഭകള്‍ ഉദയം കൊള്ളാറുണ്ടെങ്കിലും അസാമാന്യ പ്രതിഭാശേഷി കൊണ്ട് ഒരു മേഖലയില്‍ സമ്പൂര്‍ണ മേധാവിത്വം നേടിയെടുക്കുന്നവര്‍ വിരളമാണ്. മറഡോണയും പെലെയും ഇസിന്‍ബയേവയും മൈക്കല്‍ ഷൂമാക്കറും സച്ചിന്‍ ടെന്‍ഡുല്‍ക്കറുമെല്ലാം ഇങ്ങനെ തങ്ങളിലെ പ്രതിഭാശേഷിയുടെ പൂര്‍ണവും മൂര്‍ത്തവുമായ അവസ്ഥകളിലേക്ക് ഉദിച്ചുയര്‍ന്നവരാണ്. അതുകൊണ്ടാണ് അവരെ പ്രതിഭകള്‍ എന്നതിനേക്കാള്‍ ഇതിഹാസം (Legend) എന്ന് പേരിട്ടുവിളിക്കുന്നത്. എന്നാല്‍ കലാരംഗത്തായാലും കായികരംഗത്തായാലും ശക്തമായ രാഷ്ട്രീയ നിലപാടുകള്‍ പ്രകടിപ്പിക്കുന്ന ഇതിഹാസങ്ങള്‍ വിരളമാണ്. ഇവിടെയാണ് അന്തരിച്ച ബോക്‌സിംഗ് ഇതിഹാസം കാഷ്യസ് ക്ലേ എന്ന മുഹമ്മദലി വ്യത്യസ്തനാവുന്നത്. ഇടിക്കൂട്ടില്‍ എതിരാളിയുടെ ടൈമിംഗിനെ എല്ലാ അര്‍ഥത്തിലും നിഷ്പ്രഭമാക്കാറുള്ള അലിയുടെ അതിവേഗ പഞ്ചുകള്‍ പോലെ തന്നെ രാഷ്ട്രീയ രംഗത്ത് വലിയ വിവാദങ്ങള്‍ക്ക് തിരികൊളുത്തിയ നിലപാടുകളിലൂടെയും അലി ഇതിഹാസമായി.

വര്‍ണവിവേചനത്തിന്റെ മുറിവുകള്‍ അലിയുടെ ഉള്ളില്‍ എന്നും ഒരു തീപ്പൊരിയായി കൊണ്ടു നടന്നിരുന്നു. അമേരിക്കയിലെ കറുത്തവര്‍ഗക്കാരുടെ വിമോചന നായകനായിരുന്ന മാല്‍കം എക്‌സില്‍ നിന്ന് പ്രചോദനം ഉള്‍ക്കൊണ്ട് ഇടിക്കൂട്ടിലെ പോലെ രാഷ്ട്രീയ രംഗത്തും അലിയുടെ സിംഹഗര്‍ജനമുണ്ടായി. വിയറ്റ്‌നാം യുദ്ധത്തിന് അമേരിക്കന്‍ സൈന്യത്തോടൊപ്പം ചേരാതിരുന്ന മുഹമ്മദലി ആരെയും കൂസാതെ തന്റെ നിലപാട് ഇങ്ങനെ പ്രഖ്യാപിച്ചു:
”എന്റെ ശത്രു ചൈനക്കാരനോ ജപ്പാകന്‍കാരനോ വിയറ്റ്‌നാംകാരനോ അല്ല; വെള്ളക്കാരായ നിങ്ങളാണ്. എന്റെ സ്വാതന്ത്ര്യം, ഞാന്‍ കൊതിക്കുന്ന നീതി, ഞാന്‍ ആഗ്രഹിക്കുന്ന സമത്വം ഇതിനെയെല്ലാം എതിര്‍ക്കുന്നത് വെള്ളക്കാരായ നിങ്ങളാണ്. ഈ അമേരിക്കയില്‍ എന്റെ മതപരമായ സ്വാതന്ത്ര്യത്തിന് വേണ്ടി എഴുന്നേറ്റ് നില്‍ക്കാത്ത നിങ്ങളാണ് എന്നോട് മറ്റൊരു നാട്ടില്‍ പോയി രാജ്യത്തിന് വേണ്ടി പോരാടാന്‍ ആവശ്യപ്പെടുന്നത്. പാവപ്പെട്ട നിര്‍ധനരും അശരണരുമായ ഒരു വിഭാഗത്തിനു നേരെ അതിശക്തനായ അമേരിക്കക്ക് വേണ്ടി ഞാനെന്തിന് നിറയൊഴിക്കണം? അവര്‍ ഒരിക്കലും എന്നെ നീഗ്രോ എന്ന് വിളിച്ചിട്ടില്ല. എന്നെ കറുത്തവനായതിന്റെ പേരില്‍ മര്‍ദിച്ചിട്ടില്ല. പരിശീലനം കിട്ടിയ നായ്ക്കളെ എനിക്ക് നേരെ കടിച്ചുകീറാന്‍ അയച്ചിട്ടില്ല.”

അമേരിക്കയില്‍ ഒരു കാലത്ത് വെള്ളക്കാര്‍ക്കും കറുത്തവര്‍ഗക്കാര്‍ക്കും സഞ്ചരിക്കാന്‍ രണ്ട് വഴികള്‍ തന്നെയുണ്ടായിരുന്നു. ബ്ലാക്ക് സ്ട്രീറ്റ്, വൈറ്റ് സ്ട്രീറ്റ് എന്നിങ്ങനെ അവ അറിയപ്പെട്ടു. കറുത്തവര്‍ഗക്കാര്‍ വെള്ളക്കാര്‍ക്കു മാത്രമായി നിജപ്പെടുത്തിയ വഴികളിലോ റെസ്‌റ്റോറന്റുകളിലോ കടന്നു ചെന്നാല്‍ നിഷ്ഠൂരമായി മര്‍ദിക്കപ്പെടുക പതിവായിരുന്നു. രാജ്യത്തിന് വേണ്ടി ഒളിമ്പിക്‌സില്‍ പൊരുതി നേടിയ സ്വര്‍ണമെഡലുമായി മുഹമ്മദലി തന്റെ കൂട്ടുകാരുമൊത്ത് ഒരു റെസ്റ്റോറന്റില്‍ കയറി. ‘കറുത്തവര്‍ഗക്കാര്‍ക്ക് പ്രവേശനമില്ല’ എന്ന് ബോര്‍ഡുണ്ടായിരുന്നു അവിടെ. എന്നാല്‍ തന്റെ രാജ്യത്തിന്റെ അഭിമാനമുയര്‍ത്തിയ കായികതാരമെന്ന നിലയില്‍ തനിക്ക് പരിഗണന ലഭിക്കുമെന്ന് മുഹമ്മദലി പ്രതീക്ഷിച്ചു. പക്ഷെ, വെയിറ്റര്‍മാര്‍ യാതൊരു പരിഗണനയും നല്‍കാതെ അവരെ ഇറക്കിവിട്ടു. ഇതില്‍ പ്രതിഷേധിച്ച് തന്റെ ഒളിമ്പിക്‌സ് മെഡല്‍ ഓഹിയോ നദിയിലേക്ക് വലിച്ചെറിഞ്ഞ് മറ്റൊരു ചരിത്രം സൃഷ്ടിക്കുകയായിരുന്നു അലി.

സാധാരണ അതിപ്രശസ്തരായ കായികതാരങ്ങളുടെ വാര്‍ത്താ സമ്മേളനങ്ങള്‍ മാനേജര്‍മാരാല്‍ നിയന്ത്രിക്കപ്പെടും. എന്നാല്‍ മുഹമ്മദലിയുടെ വാര്‍ത്താസമ്മേളനങ്ങള്‍ പലതും രാഷ്ട്രീയ നിലപാടുകളുടെ തുറന്നു പറച്ചിലുകളായിരുന്നു. അതിനെ തുര്‍ന്നുണ്ടാകുന്ന വിവാദങ്ങളെയോ നഷ്ടങ്ങളെയോ അദ്ദേഹം മുഖവിലക്കെടുത്തിരുന്നില്ല. പല സുപ്രധാന മത്സരങ്ങളുടെയും മുന്നോടിയായി നടന്ന വാര്‍ത്താ സമ്മേളനങ്ഹള്‍ പണത്തിനും പ്രശസ്തിക്കും ഉപരിയായി അലി ഉയര്‍ത്തിയ രാഷ്ട്രീയ നിലപാടുകളാല്‍ ശ്രദ്ധേയമായി. പണത്തില്‍ മാത്രം കണ്ണുവെച്ച സ്‌പോണ്‍സര്‍മാര്‍ക്ക് ഇത് വലിയ തലവേദന സൃഷ്ടിക്കുകയും ചെയ്തു. പക്ഷെ, പ്രലോഭനങ്ങള്‍ക്ക് മുന്നില്‍ നിലപാടുകളില്‍ അലി വെള്ളം ചേര്‍ത്തില്ല.

ഇസ്‌ലാമിലേക്കുള്ള അദ്ദേഹത്തിന്റെ കടന്നുവരവും ലോകശ്രദ്ധയാര്‍ഷിച്ചു. വിമോചനത്തിന്റെ ദര്‍ശനമായാണ് അദ്ദേഹം ഇസ്‌ലാമിനെ കണ്ടത്. ‘പ്രലോഭനങ്ങളിലേക്കും പാപങ്ങളിലേക്കും വലിച്ചിഴക്കപ്പെടുമ്പോള്‍ ഞാന്‍ എന്റെ പോക്കറ്റിലെ ലൈറ്റര്‍ കത്തിച്ച് അതിന് മുകളില്‍ വിരല്‍ വെക്കും. വേദന കൊണ്ട് പുളയുമ്പോള്‍ ഞാന്‍ എന്നോട് പറയും, ഇതിനേക്കാള്‍ തീക്ഷണമാണ് നരഗാഗ്നി. അതിനാല്‍ തെറ്റുകളില്‍ നിന്ന് ഞാന്‍ വിട്ടുനില്‍ക്കും.” ഇത് മുഹമ്മദലിയുടെ നിലപാടുകളെ കുറിക്കുന്ന അനേകം വാക്കുകളിലൊന്ന് മാത്രം.

Related Articles