Current Date

Search
Close this search box.
Search
Close this search box.

അഫ്രസുല്‍ ഖാന്റെ കൊല; കണ്ണീരണിഞ്ഞ് ഒരു ഗ്രാമം

afrazul.jpg

രണ്ടായിരത്തിനടുത്ത് ആളുകളാണ് കഴിഞ്ഞ ദിവസം കൊല്ലപ്പെട്ട മുഹമ്മദ് അഫ്രസുല്‍ ഖാന്റെ അന്ത്യകര്‍മങ്ങളില്‍ പങ്കെടുക്കാനെത്തിയത്. രണ്ടായിരത്തോളം തന്നെ പൊലിസുകാരുടെ കനത്ത സുരക്ഷയിലാണ് ഖബറടക്ക ചടങ്ങുകള്‍ നടന്നത്.

കഴിഞ്ഞ ബുധനാഴ്ചയാണ് ലൗ ജിഹാദ് ആരോപിച്ച് രാജസ്ഥാനിലെ രാജ്‌സമന്ദില്‍ വച്ച് അന്‍പതുകാരനായ അഫ്രസുലിനെ കൊലപ്പെടുത്തിയത്.
ജോലി നല്‍കാമെന്ന് വാഗ്ദാനം ചെയ്ത് ശംഭുലാല്‍ എന്നയാള്‍ അഫ്രസുലിനെ വിളിച്ചുകൊണ്ടു പോകുകയായിരുന്നു. തന്റെ പിന്നാലെ വരാന്‍ പറഞ്ഞ അദ്ദേഹത്തെ പിന്തുടര്‍ന്ന അഫ്രസുലിനെ പെട്ടെന്ന് മഴുവെടുത്ത് വെട്ടുകയായിരുന്നു. തുടര്‍ന്ന് വീണുകിടന്ന അദ്ദേഹത്തിന്റെ ദേഹത്ത് പെട്രോളൊഴിച്ച് കത്തിച്ചു കൊലപ്പെടുത്തുകയായിരുന്നു. മൃതദേഹം കത്തിക്കരിഞ്ഞ് ജീര്‍ണിച്ച നിലയിലായിരുന്നു. ദൃശ്യങ്ങള്‍ മൊബൈലില്‍ പകര്‍ത്തിയ അക്രമി ഇത് സോഷ്യല്‍ മീഡിയ വഴി പ്രചരിപ്പിക്കുകയും ചെയ്തു.

അഫ്രസുല്‍ ഹിന്ദു യുവതിയെ പ്രണയിച്ചെന്നും ലവ് ജിഹാദ് നടത്തുന്നവര്‍ക്കുള്ള ശിക്ഷ ഇങ്ങനെയായിരിക്കുമെന്നും വീഡിയോവില്‍ ആക്രമി മുന്നറിയിപ്പ് നല്‍കുന്നുണ്ട്. അതേസമയം, യുവതി ഇക്കാര്യം നിഷേധിച്ചു. തനിക്ക് അഫ്രസുലിനെ അറിയില്ലെന്നും താന്‍ മറ്റൊരാളെയാണ് വിവാഹം ചെയ്തതെന്നുമാണ് യുവതി പറഞ്ഞത്.

ബംഗാളിലെ മാല്‍ഡ ജില്ലയിലെ സെയ്ദ്പൂര്‍ സ്വദേശിയായ ഖാന്‍ കഴിഞ്ഞ 15 വര്‍ഷമായി രാജസ്ഥാനിലാണ് താമസം. രാജസ്ഥാനിലെ രാജസമന്ദറില്‍ കൂലിപ്പണി ചെയ്തു ജീവിക്കുകയായിരുന്നു അദ്ദേഹം. കൊല്‍ക്കത്തയില്‍ നിന്ന് 310 കിലോമീറ്റര്‍ അകലെ സൈദാപൂരിലാണ് ഇദ്ദേഹത്തിന്റെ വീട്.

ഖാന്റെ നടുക്കുന്ന കൊലപാതക വാര്‍ത്ത വിശ്വസിക്കാനാവാതെ ഞെട്ടലിലാണ് ഇപ്പോഴും ഈ ഗ്രാമം. കുടുംബത്തിന്റെ ഏക അത്താണി നഷ്ടപ്പെട്ടതില്‍ മനംനൊന്ത് അലമറയിടുകയാണ് ഖാന്റെ മാതാപിതാക്കളും ഭാര്യയും കുട്ടികളും.

‘കൊല്ലപ്പെട്ട ദിവസം രാവിലെ ഞാന്‍ എന്റെ മകനുമായി സംസാരിച്ചിരുന്നു. കൊലപാതകത്തിന്റെ കാരണമെന്താണെന്ന് എനിക്കറിയില്ല. കൊലപ്പെടുത്തുന്നതിന്റെ വീഡിയോ ഞങ്ങളും കണ്ടു. കുറ്റക്കാരെ ശിക്ഷിക്കുക തന്നെ വേണം’ നിറകണ്ണുകളോടെ അഫ്രസുലിന്റെ മാതാവ്  പറഞ്ഞു.

‘ബുധനാഴ്ചയാണ് അദ്ദേഹം കൊല്ലപ്പെട്ടതായ വിവരം ഞങ്ങളറിയുന്നത്. അദ്ദേഹത്തിന് മറ്റാരുമായും പ്രണയ ബന്ധമില്ലെന്ന് എനിക്ക് നല്ല ഉറപ്പാണ്. കൊലപാതകരെ പൊതുജന മധ്യത്തില്‍ തൂക്കിക്കൊല്ലണം. അടുത്ത രണ്ട് മാസംകഴിഞ്ഞാല്‍ ഞങ്ങളുടെ മകളുടെ വിവാഹമാണ്. അതിന് ഇനി എവിടെ നിന്നും പണം കണ്ടെത്തുമെന്ന് എനിക്കറിയില്ല.’ ദു:ഖം അടക്കിപിടിച്ച് അഫ്രസുലിന്റെ ഭാര്യ പറഞ്ഞു.

‘നല്ല മനുഷ്യസ്‌നേഹിയെയാണ് നമ്മുടെ ഗ്രാമത്തിന് നഷ്ടമായത്. ഈ കുടുംബത്തിന് ഏക ആശ്രയമായിരുന്നു അദ്ദേഹം. ആണ്‍തരിയായി ആരും ഈ കുടുംബത്തിലില്ല. അവന്റെ ഇളയ മകളുടെ വിവാഹം ഇനി എങ്ങനെ നടത്തുമെന്നതിനെക്കുറിച്ച് ഞങ്ങള്‍ക്ക് യാതൊരു നിശ്ചയവുമില്ല’. വില്‍ക്കാനായി യാതൊന്നും തന്നെ ഈ കുടുംബത്തിനില്ലെന്നും അയല്‍വാസിയായ അതാഉറഹ്മാന്‍ പറഞ്ഞു.

നീചമായ ഈ കൊലപാതകത്തെക്കുറിച്ച് കേന്ദ്ര സര്‍ക്കാരിന്റെ മൗനത്തെയും നാട്ടുകാര്‍ ചോദ്യം ചെയ്യുന്നുണ്ട്. രാജ്യം മുഴുവന്‍ ഈ കൊലപാതകത്തെക്കുറിച്ച് ചര്‍ച്ച ചെയ്യുമ്പോള്‍ സംഭവത്തെക്കുറിച്ച് പ്രതികരിക്കാന്‍ പ്രധാനമന്ത്രിയോ ആഭ്യന്തര മന്ത്രിയോ തയാറായില്ല. രാജസ്ഥാന്‍ സര്‍ക്കാരും കേന്ദ്ര സര്‍ക്കാരും ഖാന്റെ കുടുംബത്തിന് അടിയന്തിരമായി നഷ്ടപരിഹാരം നല്‍കാന്‍ തയാറാകണമെന്ന് നാട്ടുകാരനായ ഫര്‍ഹാദ് ആലം ചൗധരി പറഞ്ഞു. ദേശീയ മാധ്യമങ്ങളില്‍ വലിയ ചര്‍ച്ചയായിരുന്നു ഈ കൊലപാതക വാര്‍ത്ത.

മുസ്‌ലിം ഭൂരിപക്ഷ പ്രദേശമായ ഈ ഗ്രാമത്തില്‍ ഉപജീവന മാര്‍ഗത്തിനായുള്ള യാതൊരു സൗകര്യങ്ങളുമില്ല. സ്‌കൂളില്‍ വ്യാപകമായ കൊഴിഞ്ഞുപോക്കാണ് നടക്കുന്നത്. ഇതിന്റെ പ്രധാന കാരണം ദാരിദ്ര്യം തന്നെയാണ്. നാലായിരത്തോളം പേരാണ് ഈ ഗ്രാമത്തിലുള്ളത്. ഇവിടെയുള്ള പുരുഷന്മാര്‍ ഭൂരിഭാഗവും കൊല്‍ക്കത്ത,ഡല്‍ഹി,സൂറത്ത്,ചെന്നൈ,ലക്‌നൗ,കേരള എന്നിവിടങ്ങളിലേക്ക് ജോലി തേടി പോയവരാണ്. ഇവിടങ്ങളില്‍ പലവിധ കൂലിപ്പണികള്‍ ചെയ്താണ് ഇവര്‍ കുടുംബം പുലര്‍ത്തുന്നത്. കഴിഞ്ഞ 15 വര്‍ഷമായി രാജ്‌സമന്ദില്‍ റോഡ് നിര്‍മാണ മേഖലയിലെ കരാര്‍ തൊഴിലാളിയായിരുന്നു കൊല്ലപ്പെട്ട അഫ്രസുല്‍ ഖാന്‍.

 

Related Articles