Current Date

Search
Close this search box.
Search
Close this search box.

അനീതിക്കെതിരില്‍ ദലിതുകളും മുസ്‌ലിംകളും ഒരുമിക്കുക

dalit-family1.jpg

മുസ്‌ലിംകള്‍ ഇരകള്‍ക്കും കുറ്റക്കാര്‍ക്കും നിരപേക്ഷമായി അനീതിക്കെതിരായി നിലകൊള്ളണമെന്ന ആഹ്വാനം ചെയ്തുകൊണ്ട് ഞാന്‍ ന്യൂഡല്‍ഹിയില്‍ ഒരു പ്രഭാഷണം നടത്തിയ ദിനം തന്നെ ഹരിയാനയില്‍ നിന്നുള്ള 100 ദലിത് കുടുംബങ്ങള്‍ ജന്തര്‍മന്ദറില്‍ വെച്ച് പരസ്യമായി ഇസ്‌ലാമിലേക്ക് മതപരിവര്‍ത്തനം നടത്തിയത് യാദൃശ്ചികതയാവാം. ഇസ്‌ലാമിന്റെ മൂല്യങ്ങളിലെ പ്രത്യേകതകളൊന്നുമല്ല അവരെ ഇസ്‌ലാമിലേക്ക് ആനയിച്ചതെന്നും സവര്‍ണഹിന്ദുക്കളുടെ ആക്രമണമാണ് അതിന് അവരെ പ്രേരിപ്പിച്ചതെന്ന തരത്തിലുള്ള പ്രതീതിയുണ്ടാക്കാന്‍ മീഡിയ ശ്രമിക്കുന്നുണ്ട്. ഉയര്‍ന്നജാതിക്കാരായ തങ്ങളുടെ ആളുകളില്‍ നിന്നുള്ള മര്‍ദ്ദനമായിരിക്കാം ഇത്തരമൊരു തീരുമാനത്തിന് ഇവരെ പ്രേരിപ്പിച്ചതിന്റെ ആദ്യപടിയെങ്കിലും, ഇസ്‌ലാമിനെ കുറിച്ചും അതിന്റെ സമത്വത്തെയും സാഹോദര്യത്തെയും സംബന്ധിച്ച അനാദൃശമായ സങ്കല്‍പങ്ങളെ കുറിച്ചും അറിയാതെയും പഠിക്കാതെയുമാവില്ല അവര്‍ ഇസ്‌ലാമിലേക്ക് പ്രവേശിച്ചത്.

ഇസ്‌ലാം സമത്വത്തിനു വേണ്ടി നിലകൊള്ളുന്ന മതമാണെന്നും അതില്‍ ഏതെങ്കിലും തരത്തിലുള്ള ഉയര്‍ച്ചതാഴ്ചകളുണ്ടെങ്കില്‍ അതിന് അടിസ്ഥാനം സ്വഭാവഗുണമാണെന്നും ഇസ്‌ലാമിന്‍രെ വിമര്‍ശകര്‍ പോലും സമ്മതിക്കുന്നതാണ്. എന്നാല്‍ അത്തരം ഉയര്‍താഴ്ചകള്‍ അല്ലാഹുവിന്റെ ദൃഷ്ടിയില്‍ മാത്രമാണുള്ളതെന്നും സാമൂഹികമായ യാതൊരു ഉന്നതസ്ഥാനവും അതുകൊണ്ട് ലബ്ധമാവില്ലെന്നും നമുക്കറിയാം.

ഇസ്‌ലാമിന്റെ സാമൂഹികവ്യവസ്ഥയില്‍ അന്തര്‍ലീനമായതാണ് സമത്വസങ്കല്‍പം. ആദം ഹവ്വ ദമ്പതികളുടെ മക്കളാണ് എല്ലാ ആണും പെണ്ണുമെന്ന ഖുര്‍ആനിക പാഠത്തിലൂടെയാണ് ഖുര്‍ആന്‍ ആ അധ്യാപനം നടത്തുന്നത്. കര്‍മങ്ങളിലെ ശ്രേഷ്ഠതയല്ലാതെ യാതൊരു തരത്തിലും മനുഷ്യന് മേല്‍കോയ്മ അവകാശപ്പെടാനാവില്ലെന്ന് ഖുര്‍ആന്‍ പഠിപ്പിക്കുന്നു. ജാതിയും വംശവും ഇസ്‌ലാമിന് അന്യമാണ്. അത് മതത്തിന്റെയും സാമൂഹികബാധ്യതകളുടെയും, ഇസ്‌ലാമിക നിയമത്തിന്റെ കാര്യത്തിലും അങ്ങനെയാണ്.

ഖുര്‍ആന്‍ പറയുന്നു:  അല്ലയോ മനുഷ്യരേ, ഒരാണില്‍നിന്നും പെണ്ണില്‍നിന്നുമത്രെ നാം നിങ്ങളെ സൃഷ്ടിച്ചിട്ടുള്ളത്. പിന്നെ നിങ്ങളെ സമുദായങ്ങളും ഗോത്രങ്ങളുമാക്കി; പരസ്പരം തിരിച്ചറിയേണ്ടതിന്ന്. നിങ്ങളില്‍ ഏറ്റം ദൈവഭക്തിയുള്ളവരാകുന്നു, അല്ലാഹുവിങ്കല്‍ ഏറ്റം ഔന്നത്യമുള്ളവര്‍. (49:13)

‘പുരോഗതിയുടെ പാത എന്തെന്ന് നിനക്കെന്തറിയാം? അത് അടിമയുടെ മോചനമാണ്. അല്ലെങ്കില്‍ കൊടും വറുതി നാളിലെ അന്നദാനം. അടുത്ത ബന്ധുവായ അനാഥക്ക്, അല്ലെങ്കില്‍ പട്ടിണിക്കാരനായ മണ്ണ് പുരണ്ട അഗതിക്ക്’ (90:12-16)

മുഹമ്മദ് തന്റെ പ്രവാചകപദവി ഉദ്‌ഘോഷിക്കുമ്പോള്‍ ലോകത്ത് അടിമവ്യവസ്ഥ അതിന്റെ നീചമായ രീതിയില്‍ നടന്നുപോന്നിരുന്നു. മൃഗങ്ങളേക്കാള്‍ മോശമായാണ് അടിമകള്‍ പരിപാലിക്കപ്പെട്ടിരുന്നത്. കാലികളെ വില്‍ക്കന്നത് പോലെ അടിമകളെ വിറ്റിരുന്നു. വ്യവസ്ഥാപിതമായ രീതിയില്‍ അടിമത്വ വ്യവസ്ഥ ഇല്ലാതാക്കുകയാണ് ഇസ്‌ലാം ചെയ്തത്. പല നടപടികളും സ്വീകരിച്ചു. ആദ്യം അടിമകളോട് കാരുണ്യത്തില്‍ വര്‍ത്തിക്കാന്‍ ആവശ്യപ്പെട്ടു. നിങ്ങള്‍ കഴിക്കുന്നതു തന്നെ അടിമകള്‍ക്കും നല്‍കണമെന്ന് ആവശ്യപ്പെട്ടു. നിങ്ങള്‍ ധരിക്കുന്നതു തന്നെ അവര്‍ക്കും നല്‍കണമെന്ന് കല്‍പിച്ചു. തുടര്‍ന്ന് അവിശ്വാസികളേക്കാള്‍ നല്ലത് വിശ്വാസികളായ അടിമകളാണ് നിങ്ങള്‍ക്ക് വിവാഹം ചെയ്യാന്‍ നല്ലതെന്ന് ഖുര്‍ആന്റെ വചനമിറങ്ങി. അടിമസ്ത്രീകളെ വ്യഭിചാരത്തിലേക്ക് തള്ളിവിടരുതെന്നും ഖുര്‍ആന്‍ കല്‍പിച്ചു. അടിമസ്ത്രീകളെ ഭാര്യയാക്കാമെന്നും മാംസക്കച്ചവടത്തിന് ഉപയോഗിക്കരുതെന്നും പറയുകയായിരുന്നു ഇതിലൂടെ. ഉടമസ്ഥരില്‍ നിന്ന് ഗര്‍ഭം സ്വീകരിക്കുന്ന ഏതൊരു അടിമസ്ത്രീയും സ്വതന്ത്ര സ്ത്രീകളായിരിക്കുമെന്ന് പ്രവാചകന്‍ വിധിച്ചു. ഒരു മാതാവിന് അടിമയായിരിക്കാന്‍ കഴിയില്ലെന്നായിരുന്ന പ്രവാചകന്‍ വിധിച്ചത്. ഗര്‍ഭിണികള്‍ ആകുമെന്ന് ഭയന്ന് അടിമസ്ത്രീകളോട് ബന്ധപ്പെടുമ്പോള്‍ അസ്ല്‍ ചെയ്തിരുന്ന തന്റെ ചില അനുചരന്മാരുടെ നടപടിയില്‍ പ്രവാചകന്‍ അനിഷ്ടം പ്രകടിപ്പിച്ചു. അടിമകളെ മോചിപ്പിക്കുന്നത് അത്യുത്തമമായ പ്രതിഫലാര്‍ഹമായ പ്രവൃത്തിയാണെന്ന ഖുര്‍ആന്റെ പ്രഖ്യാപനമാണ് ഇക്കാര്യത്തില്‍ ഏറ്റവും വലിയ നടപടിയായത്. ചില തെറ്റുകള്‍ക്കും കുറ്റങ്ങള്‍ക്കും അടിമകളെ മോചിപ്പിക്കുന്നത് തക്കതായ പശ്ചാത്താപമായി പരിഗണിക്കപ്പെട്ടു. അസാന്മാര്‍ഗികമായ പ്രവൃത്തിയില്‍ അടിമകള്‍ ഏര്‍പ്പെട്ടാല്‍ അതേ കുറ്റത്തിന് സ്വതന്ത്രനുള്ള ശിക്ഷയുടെ പകുതിയേ അര്‍ഹിക്കുന്നുള്ളൂ എന്ന ഖുര്‍ആന്റെ പ്രഖ്യാപനം അടിമകളോടുള്ള അതിന്റെ നിലപാടാണ് വ്യക്തമാക്കുന്നത്.

ഇസ്‌ലാമിന് മുമ്പ് അറേബ്യയിലുണ്ടായിരുന്ന അടിമസമ്പ്രദായത്തിന് ഒട്ടും വ്യത്യസ്തമല്ലാത്ത രീതിയായിരുന്നു ഇന്ത്യയില്‍, വിശേഷിച്ചും മധ്യകാലത്തില്‍, ദലിതുകള്‍ക്കുണ്ടായിരുന്നത്. മുഹമ്മദ് നയിച്ച വിപ്ലവമാണ് ലോകത്തെ ഏറ്റവും വലിയ വിപ്ലവമെന്ന ഖ്യാതി കൈവരാന്‍ കാരണം അശരണരായ ജനവിഭാഗങ്ങളെ അത് ആകര്‍ഷിച്ചു എന്നതുകൊണ്ടാണ്. ദൈവത്തിന്റെ ഏകത്വം എന്ന സങ്കല്‍പവും കൂടിയായപ്പോള്‍ ജനങ്ങള്‍ ഇസ്‌ലാമിലേക്ക് കൂട്ടംകൂട്ടമായി പ്രവഹിക്കാന്‍ തുടങ്ങി. ദൈവം ഏകനാണ് എന്ന സങ്കല്‍പമാണ് മുസ്‌ലിംകള്‍ക്കിടയിലുള്ള ഐക്യത്തിന്റെ അടിസ്ഥാനമെന്ന് അവര്‍ തിരിച്ചറിഞ്ഞു. ദൈവം ഒന്നു മാത്രമാണെന്നു വരുന്നതോടെ ഒരാളും മറ്റൊരാളേക്കാള്‍ വലിയവനല്ലെന്ന നില വരുന്നു.

ഇപ്പോള്‍ ദലിതുകള്‍ ഇസ്‌ലാമിലേക്ക് ആകര്‍ഷിക്കപ്പെടുന്നുണ്ടെങ്കില്‍ അതു സ്വാഭാവികമാണ്. ഇത്തരം ഒഴുക്കുകള്‍ തടയാന്‍ ഹിന്ദുത്വ ചിന്തകര്‍ ആസൂത്രിതമായ നടപടികള്‍ എടുത്തില്ലായിരുന്നുവെങ്കില്‍ ഇതിനേക്കാള്‍ വലിയ പ്രവാഹങ്ങള്‍ സംഭവിച്ചേനെ. ദലിതുകളോടുള്ള സ്‌നേഹപുറത്തല്ല, എണ്ണം കൊണ്ട് മുസ്‌ലിംകള്‍ തങ്ങളെ മറികടക്കുമെന്ന് ഭയപ്പെട്ട്, സവര്‍ണഹിന്ദുക്കള്‍ ദലിതുകള്‍ക്കനുകൂലമായ ഭരണഘടനാ വ്യവസ്ഥകള്‍ ചേര്‍ക്കാന്‍ സമ്മതിച്ചു. സാമൂഹികവും രാഷ്ട്രീയപരവുമായ എല്ലാ സ്ഥാപനങ്ങളിലും സംവരണം നല്‍കിയതുവഴി ഹിന്ദുവ്യവസ്ഥിതിയില്‍ നിലനില്‍ക്കാന്‍ അവര്‍ക്ക് ഒരു കാരണമായി. യഥാര്‍ത്ഥ സാമൂഹികജീവിതത്തിലും കൂടി ദലിതുകളോട് സവര്‍ണഹിന്ദുക്കള്‍ സ്‌നേഹം കാണിച്ചിരുന്നെങ്കില്‍ തങ്ങള്‍ തിരസ്‌കൃതരാണെന്ന ബോധം അവരെ പിടികൂടില്ലായിരുന്നു.

ദലിതുകള്‍ മതപരിവര്‍ത്തനം നടത്തുന്നുവെന്നതുകൊണ്ട് മുസ്‌ലിംകള്‍ക്ക് ലക്ഷ്യം പിഴക്കേണ്ട. അവര്‍ നീതിയോട് പ്രതിജ്ഞാബദ്ധരായിരിക്കുക. അനീതിയുടെ ഇരകള്‍ക്കൊപ്പം നില്‍ക്കുക. അത് കാശ്മീരി ബ്രാഹ്മിണരായാലും ദലിതുകളായാലും. എന്നാല്‍ ദലിതുകളാണ് എണ്ണത്തില്‍ കൂടുതലെന്നത് കൊണ്ട് അവര്‍ തന്നെയാണ് അനീതിയുടെ ഏറ്റവും വലിയ ഇരകള്‍. ഇതൊരു രാഷ്ട്രീയപ്രശ്‌നമാക്കാതെ, എവിടെയൊക്കെ അവര്‍ ഇരകളാക്കപ്പെടുന്നുവോ അവിടെയൊക്കെ അവര്‍ക്കൊപ്പം അനീതിക്കെതിരില്‍ നില്‍ക്കാന്‍ നമുക്കാവണം. അക്രമങ്ങളുടെയും, അവഗണനയുടെയും പീഢനങ്ങളുടെയും എന്നത്തേയും ഇരകളാണ് മുസ്‌ലിംകളെന്നതിനാല്‍ ദലിതരോടൊപ്പം നിന്ന് ഇരവത്കരണത്തിനെതിരില്‍ പോരാടുവാന്‍ മുസ്‌ലിംകള്‍ക്ക് കാരണങ്ങളേറെയുണ്ട്. മഹത്തായ ഈ മാര്‍ഗത്തില്‍ മതജാതിഭേദമന്യെ ഏവരെയും ഒപ്പം കൂട്ടാന്‍ നാം മറന്നുകൂടാ.

അതേസമയം, മതപരിവര്‍ത്തനം നടത്തിയവരെ തിരിച്ച് പുനപരിവര്‍ത്തനം നടത്താന്‍ ഒരു ശക്തിയും ശ്രമിക്കുന്നില്ലെന്ന് ഉറപ്പ് വരുത്താന്‍ സര്‍ക്കാര്‍ നടപടികള്‍ സ്വീകരിക്കണം. മുസ്‌ലിമാവാനും ഹിന്ദുവാകാനുമുള്ള സ്വാതന്ത്യം അവര്‍ക്ക് തന്നെ വിട്ടേക്കുക.

മൊഴിമാറ്റം: മുഹമ്മദ് അനീസ്‌

Related Articles