Current Date

Search
Close this search box.
Search
Close this search box.

അനധികൃത മത്സ്യബന്ധനവും കടല്‍കൊള്ളക്കാരുടെ തിരിച്ചു വരവും

somalia-fishing.jpg

10.5 ദശലക്ഷമാണ് സോമാലിയയിലെ ജനസംഖ്യ. ജനസംഖ്യയുടെ ഭൂരിഭാഗവും മുസ്‌ലിംകളായ ഈ രാജ്യം കാലങ്ങളായി ദാരിദ്യത്തിന്റെയും പട്ടിണിയുടെയും പര്യായമാണ്. ഈയിടെ സോമാലിയ അന്താരാഷ്ട്ര പത്രതലക്കെട്ടുകളില്‍ സ്ഥാനം പിടിച്ചത് കടല്‍ക്കൊള്ളയുടെ പേരിലായിരുന്നു. സോമാലിയക്കാര്‍ കടല്‍ക്കൊള്ളയിലേക്കിറങ്ങുതെന്തുകൊണ്ട്?

അതിന്റെ വളരെ ചെറിയൊരു ഭാഗത്തെ കുറിച്ചാണ് അല്‍ജസീറയുടെ റിപ്പോര്‍ട്ട്:
ദുര്‍ദുരി, സോമാലിയ: സോമാലിയയുടെ കടലോരപ്രദേശത്തുള്ളവര്‍ക്കെല്ലാം ജീവിതമേകിയ തിരക്കേറിയ തുറമുഖമായിരുന്നു നൂറുവര്‍ഷം മുമ്പ് വരെ ഈ നഗരം.

ഇപ്പോള്‍ ദുര്‍ദുരിയിലുള്ളത് കാറ്റും മണ്ണും മൂടിയ കരിങ്കല്‍ നിര്‍മിതികളാണ്. ഇപ്പോള്‍ തുറമുഖവുമില്ല, ജെട്ടിയുമില്ല. വലിയ വലിയ ഗോഡൗണുകളെല്ലാം ഇന്ന് ഇഷ്ടിക കൂട്ടം മാത്രമായി അവശേഷിച്ചിരിക്കുന്നു.

സാമ്രാജ്യങ്ങളുടെ ഉത്ഥാനപതനങ്ങള്‍ക്കൊത്ത് ഉയരുകയും വീഴുകയും ചെയ്ത ഒരുപാട് തീരദേശ വ്യാപാര നഗരങ്ങളിലൊന്നാണിത്. വ്യാപാരത്തിന്റെ തിരക്കുകളെല്ലാം ഒഴിഞ്ഞപ്പോള്‍ മത്സ്യബന്ധനമായിരുന്നു ഇവിടത്തുകാരുടെ ഏകജീവിതമാര്‍ഗം. എന്നാല്‍ മത്സ്യസമ്പത്തും ഇപ്പോള്‍ ഇല്ലാതാവുകയാണെന്ന് തദ്ദേശവാസികള്‍ പറയുന്നു. അന്താരാഷ്ട്ര നിയമതന്ത്രജ്ഞരുടെ ശ്രദ്ധയാകര്‍ഷിക്കുന്ന കടല്‍കൊള്ളക്കാരെയല്ല ഇവര്‍ കുറ്റപ്പെടുത്തുന്നത്. എന്നാല്‍ സമുദ്രസമ്പത്തെല്ലാം തന്നെ കൊള്ളയടിച്ച വിദേശ മത്സ്യബന്ധന ബോട്ടുകളെയാണ്. കാര്യങ്ങള്‍ മാറിയില്ലെങ്കില്‍, കടല്‍ക്കൊള്ള തന്നെ ജീവിതമാര്‍ഗമാക്കേണ്ടിവരുമെന്നാണ് ഇവര്‍ പറയുന്നത്.

അവരെല്ലാം കവരുന്നു
തനിക്ക് അറിയാവുന്ന ഏക തൊഴില്‍ നിര്‍ത്തിയതിന്റെ കാരണം പറയുകയാണ് അഹ്മദ് മുഹമ്മദ് അലി. ഒരിക്കല്‍ ഒരു വിദേശകപ്പല്‍ തന്നെയും കൂടെ ജോലിചെയ്തിരുന്നവരെയും ആക്രമിക്കുകയും ഭീഷണിപ്പെടുത്തുകയും ചെയ്തതോടെയാണ് മത്സ്യബന്ധനം നിര്‍ത്തിയത്.

‘അത് വലിയൊരു കപ്പലായിരുന്നു. ഞങ്ങള്‍ പിന്‍വാങ്ങിയില്ലായിരുന്നെങ്കില്‍ അവര്‍ ഞങ്ങളെ തീര്‍ത്തുകളയുമായിരുന്നു.’ 27 കാരനായ അലി പറയുന്നു.

വലിയ വിദേശകപ്പലുകള്‍ രാത്രിയില്‍ സഞ്ചരിച്ച് എല്ലാം കൊണ്ടുപോകുന്നു. പുതിയ സംവിധാനങ്ങള്‍ ഉപയോഗിച്ച് അവര്‍ എല്ലാം ഊറ്റിയെടുക്കുന്നു.

ഇറാന്‍, യമന്‍, സ്‌പെയിന്‍ തുടങ്ങിയ വിദേശരാജ്യങ്ങളിലെ വമ്പന്‍ കപ്പലുകളാണ് കിഴക്കന്‍ ആഫ്രിക്കയുടെ മുഴുവന്‍ മത്സ്യസമ്പത്തും ഊറ്റുന്നതെന്ന് സ്വതന്ത്ര ഏജന്‍സികള്‍ നടത്തിയ പഠനം പറയുന്നു.

കടല്‍ക്കൊള്ളയുടെ പൈതൃകം
ആഭ്യന്തരയുദ്ധത്തിന്റെയും, അസ്ഥിര ഭരണത്തിന്റെയും കെടുതികളില്‍ ഉഴലുന്ന ഈ രാജ്യത്തെ 10.5 ദശലക്ഷം ജനങ്ങള്‍ തങ്ങളുടെ ജീവിതം കരുപിടിപ്പിക്കാന്‍ സാമ്പത്തിക അവസരങ്ങളില്ലാതെ പൊരുതിമുട്ടുകയാണ്. അനധികൃത മത്സ്യബന്ധന സംഘമാണ് തങ്ങളെ കടല്‍ക്കൊള്ളയിലേക്ക് തള്ളിവിട്ടതെന്ന് സോമാലിയക്കാര്‍ പറയുന്നു. എല്ലാം മടുത്ത ഞങ്ങള്‍ തോക്കുകളുമായി കടലിലേക്കിറങ്ങി, മുഹമ്മദ് അദന്‍ അഹ്മദ് പറയുന്നു.

കടല്‍ക്കൊള്ള തുടങ്ങിയതോടെ മത്സ്യബന്ധനം നിന്നുവെങ്കിലും അത് താല്‍ക്കാലികമായിരുന്നു. കടല്‍ക്കൊള്ളക്കാര്‍ക്കെതിരെയുള്ള അന്താരാഷ്ട്ര ദൗത്യസംഘങ്ങള്‍ കടലിലിറങ്ങിയതോടെ അനധികൃത മത്സ്യബന്ധന കപ്പലുകള്‍ തിരിച്ചുവന്നിരിക്കുന്നു.

തീരത്തോടടുത്തായി 2014ല്‍ വിദേശ മത്സ്യബന്ധന കപ്പലുകള്‍ കാണാറുള്ളതായി 86 ശതമാനം സോമാലിയന്‍ മത്സ്യതൊഴിലാളികള്‍ പറയുന്നതായി 6 മാസങ്ങളെടുത്ത് തീരപ്രദേശത്തുടനീളം വിശദപഠനം നടത്തിയ അന്താരാഷ്ട്ര സന്നദ്ധസംഘമായ അദിസൊയുടെ റിപ്പോര്‍ട്ട് പറയുന്നു.

കഴിഞ്ഞ അഞ്ചുവര്‍ഷമായി ഇത്തരം അനധികൃത മത്സ്യബന്ധന കപ്പലുകള്‍ ഇരട്ടിയായിട്ടുണ്ടെന്നാണ് കണക്കുകള്‍ പറയുന്നത്.

തൊണ്ണൂറുകളുടെ മധ്യത്തിലാണ് പ്രശ്‌നം ഉടലെടുത്തതെന്ന് ഹലിമൊ ഇസ്മാന്‍ എന്ന മത്സ്യബന്ധന തൊഴിലാളിയായ സ്ത്രീ പറയുന്നു. അന്ന് അവര്‍ മാത്രമായിരുന്നു തൊഴിലാളികള്‍ക്കിടയില്‍ സ്ത്രീയായിണ്ടായിരുന്നതത്രെ.

പഴയ തുറമുഖത്തോടനുബന്ധിച്ച് ഇപ്പോഴുള്ള ഒരു ഗ്രാമത്തിലാണ് ഹലിമൊ ജീവിക്കുന്നത്. കൂറ്റന്‍ കപ്പലുകളോടൊപ്പം മത്സ്യബന്ധനത്തിനിറങ്ങിയാല്‍ തങ്ങള്‍ക്ക് ഒന്നും ലഭിക്കില്ലെന്നാണ് അവര്‍ പറയുന്നത്.

ഹലിമൊയുടെ മുന്‍തലമുറക്കാര്‍ ആട്ടിടയന്മാരായിരുന്നു. പക്ഷെ, വരള്‍ച്ചയെതുടര്‍ന്ന് കാലികളെല്ലാം ചത്തൊടുങ്ങിയതോടെയാണ്, സോമാലിയയിലെ മറ്റുള്ളവരെ പോലെ, ഹലീമൊയുടെ കുടുംബവും, പുതിയൊരു ജീവിതമാര്‍ഗമെന്ന നിലയില്‍ മത്സ്യബന്ധനത്തിനിറങ്ങിയത്. 87ല്‍ ഒരു മത്സ്യതൊഴിലാളിയെ വിവാഹം ചെയ്തപ്പോള്‍ അദ്ദേഹമാണ് ഹലീമൊയെ മീന്‍ പിടിക്കാനും, വല നന്നാക്കാനും, മത്സ്യം ഉണക്കുന്നതിന്റെ രീതിയുമെല്ലാം പഠിപ്പിച്ചത്.

സ്രാവുള്‍പ്പെടെ എല്ലാ മത്സ്യങ്ങളും അന്നു ലഭിക്കുമായിരുന്നു. എന്നാല്‍ ക്രമേണ അതെല്ലാം കുറഞ്ഞു. 1996 ആയതോടെ ജോലിയുപേക്ഷിക്കാന്‍ നിര്‍ബന്ധിതരായി. എല്ലാം തിരോഭവിച്ച മണ്ണില്‍ ഇപ്പോള്‍ ഏതാനും പച്ചക്കറികള്‍ നട്ടും, കാലികളെ വളര്‍ത്തിയുമൊക്കെയാണ് അവര്‍ ജീവിതം നയിക്കുന്നത്.

നല്ലൊരു ജീവിതം തേടി
40,000 മെട്രിക് ടണ്ണാണ് തദ്ദേശവാസികള്‍ ഒരു വര്‍ഷം പിടിക്കുന്ന മത്സ്യത്തിന്റെ കണക്കെങ്കില്‍ വിദേശകപ്പലുകള്‍ പിടിക്കുന്നത് 1,32,000 മെട്രിക് ടണ്ണാണെന്ന് സെപ്തംബറില്‍ പുറത്തിറങ്ങിയ പഠനം പറയുന്നു.

കൂടതല്‍ ഡിമാന്റുള്ള ട്യൂണ പോലുള്ള മത്സ്യങ്ങള്‍ ഒന്നൊഴിയാതെ അനധികൃത വിദേശകപ്പലുകള്‍ കൊണ്ടുപോവുന്നെന്ന് 12 മാസം നീണ്ട പഠനം നടത്തിയ സെക്യുവര്‍ ഫിഷറീസ് പറയുന്നു.

ജീവിക്കാന്‍ വേറെ വഴികളൊന്നും കാണാത്തതിനാല്‍ കടല്‍ക്കൊള്ള തിരിച്ചുവന്നേക്കാമെന്നാണ് സഈദ് ജമാ യൂസുഫ് പറയുന്നത്. ‘ഞങ്ങള്‍ ഒരുങ്ങികൊണ്ടിരിക്കുകയാണ്, എല്ലാം സ്വരൂപിക്കുകയാണ് അതിനുള്ള ഫണ്ടുണ്ടാക്കാന്‍’കൂടെയുള്ള മത്സ്യബന്ധന തൊഴിലാളികള്‍ ശുഷ്‌കമായ കടലിനെ നോക്കി രോഷം കൊള്ളുന്നു.

സഹായിക്കാനാരുണ്ട്?
സൊമാലിയയുടെ കടല്‍തീരങ്ങള്‍ നേരിടുന്ന വെല്ലുവിളികളേറെയാണ്. 8,30,390 ചതുരശ്ര കി.മീ വരുന്ന സ്വതന്ത്ര മത്സ്യബന്ധനമേഖല ഈ രാജ്യത്തേക്കാള്‍ വലുതാണ്.

അനധികൃത മത്സ്യബന്ധനത്തിനെതിരെ അന്താരാഷ്ട്രസമൂഹം ഒന്നും ചെയ്തിട്ടില്ലെന്നാണ് സെക്യുവര്‍ ഫിഷറീസ് ഏജന്‍സിയുടെ ഡയറക്ടറായ റോബര്‍ട്ട് മസുറേക് പറയുന്നത്.

പുതിയ അന്താരാഷ്ട്ര മത്സ്യബന്ധന നിയമങ്ങള്‍, പുതിയ വിവരവിനിമയ സംവിധാനം, തദ്ദേശ മത്സ്യവ്യവസായത്തില്‍ കൂടുതല്‍ നിക്ഷേപം, ഇതെല്ലാമുണ്ടായെങ്കിലെ സോമാലിയന്‍ കടല്‍ തീരങ്ങളിലെ വറുതി അവസാനിക്കൂവെന്ന് അഡെസൊ പ്രോഗ്രാം ഡയറക്ടര്‍ അബ്ദി മുഹമ്മദ് ദാഹിര്‍ പറയുന്നു.

ഉത്തരവാദിത്വമുള്ള, നിശ്ചയദാര്‍ഢ്യമുള്ള ഒരു സര്‍ക്കാരുണ്ടായാല്‍ മാത്രമേ എല്ലാ പ്രശ്‌നങ്ങളും പരിഹൃതമാവുള്ളൂവെന്നാണ് അലിയെ പോലുള്ള തദ്ദേശവാസികള്‍ പറയുന്നുത്.

വിവ: മുഹമ്മദ് അനീസ്

Related Articles