Current Date

Search
Close this search box.
Search
Close this search box.

അത്ര സുഖകരമല്ല ഈ നീക്കുപ്പോക്കുകള്‍

Kckc3.jpg

ജനാധിപത്യ ഇന്ത്യയില്‍ കുറച്ചു കാലമായി അരങ്ങേറികൊണ്ടിരിക്കുന്ന സംഭവവികാസങ്ങള്‍ രാജ്യത്തെ മൊത്തം ജനവിഭാഗങ്ങളെയും ഒരുപോലെ ആശങ്കപ്പെടുത്തുന്നതാണ്. എന്തെന്നാല്‍, ആര്‍ക്കും ഊഹിക്കാന്‍ പറ്റാത്തവിധമുള്ള നീക്കുപ്പോക്കുകളാണ് അധികാരവര്‍ഗത്തിന്റെ ഭാഗത്ത് നിന്നുമുണ്ടായികൊണ്ടിരിക്കുന്നത്. അധികാരം എപ്പോയും ഭരിക്കപ്പെടുന്നവരുടെ മേല്‍ അടിച്ചേല്‍പ്പിക്കാനുള്ളതാണെന്ന ധാര്‍ഷ്ട്യത്തിന്റെ പുറത്ത് നിന്നുകൊണ്ടാണ് ഇത്തരം ചിന്തകളുമ വിചാരങ്ങളും ഉടലെടുക്കുന്നത്.

രാജ്യത്തെ ജനങ്ങള്‍ ഇപ്പോള്‍ ദുരിതം പേറി ജീവിച്ചുകൊണ്ടിരിക്കുന്നു. ഇത്തരം ദുരിതങ്ങള്‍ കലാപങ്ങള്‍ക്ക് വഴിവെക്കുമെന്ന സുപ്രീംകോടതിയുടെ പ്രസ്താവന ശരിവെക്കുന്ന തരത്തിലേക്ക് കാര്യങ്ങള്‍ നീങ്ങിക്കൊണ്ടിരിക്കുകയാണ്. അധികാര കേന്ദ്രങ്ങളില്‍ നിന്നുണ്ടാവുന്ന നെറികേടുകള്‍ക്കെതിരെ സ്വാഭാവിക പ്രതിഷേധങ്ങള്‍ ഉണ്ടാവാറുണ്ട്. അതൊന്നും അധികാരം കൈയ്യാറുള്ള ശക്തികള്‍ മുഖവിലക്കെടുക്കുന്നില്ലെന്ന് മാത്രമല്ല, അത് വിലപോവുന്നുമില്ല എന്നതാണ് സത്യം.

നജീബിന്റെ തിരോധാനം, ഭോപ്പാല്‍ കൂട്ടക്കൊല, കറന്‍സി പിന്‍വലിക്കല്‍ തുടങ്ങിയ പ്രശ്‌നങ്ങളില്‍ കത്തിനില്‍ക്കുന്ന രാജ്യത്തിന്റെ നിലവിലെ അവസ്ഥ സങ്കീര്‍ണതകള്‍ നിറഞ്ഞതാണ്. ഇതിന് പിന്നിലെല്ലാം വ്യക്തമായ അജണ്ടകളും ആസൂത്രങ്ങളുമൂണ്ടെന്ന് വേണം കരുതാന്‍. കറന്‍സികള്‍ പിന്‍വലിക്കലിന്റെയോ അപ്രഖ്യാപിത അടിയന്തിരാവസ്ഥയുടെയോ മാത്രം വിഷയമല്ലിത്. മറിച്ച് വരാനിരിക്കുന്ന കാലം എങ്ങനെയായിരിക്കുമെന്നതിന്റെ ദുസ്സൂചനകൂടിയാണ്. പൊറുതിക്കേടുകളും അസ്വസ്ഥതകളും വിതക്കുന്ന കെട്ടക്കാലത്തേക്കാണ് നാം പോയികൊണ്ടിരിക്കുന്നതെന്ന വിചാരം നമ്മളില്‍ ഇനിയും ഉടലെടുത്തിട്ടില്ലെങ്കില്‍ നാളെ നമ്മുടെ അസ്ഥിത്വവും സദാചോദ്യം ചെയ്യപ്പെട്ടുകൊണ്ടിരിക്കും. ഒരു സമൂഹത്തിന്റെ ആകമാനം സ്വത്വം തന്നെ ചോദ്യം ചെയ്യപ്പെട്ടുകൊണ്ടിരിക്കുന്ന കാലത്ത് വീണ്ടെടുപ്പിന്റെ ആവശ്യകതയാണ് കാലം തേടുന്നത്. അതിനനുസരിച്ച് നാം മുന്നേറിയില്ലെങ്കില്‍ പിന്നെ നിലവിളിച്ചിട്ട് യാതൊരു ഫലവുമുണ്ടാവില്ല. അരാജകത്വം വാഴുന്ന അധികാരത്തോടും അനീതിയും അരാഷ്ട്രീയതയും നിറഞ്ഞ വ്യവസ്ഥിതികളോടും കലഹിച്ച് സന്ധിയില്ലാ സമരം നയിച്ച ചരിത്രമാണ് നമുക്ക് മുമ്പിലുള്ളത്. ചരിത്രത്തില്‍ നിന്ന് ഒരുപാഠവും പഠിക്കാതെ, അതിനോട് പുറംതിരിഞ്ഞ് നടന്ന് പൗരോഹിത്യവും വിഭാഗീയതയും മാത്രം നടമാടുന്ന ഒരു വ്യവസ്ഥിതിയാണ് നിലനില്‍ക്കുന്നത്. ആസൂത്രണമില്ലായ്മയും പരസ്പരം കെട്ടുറപ്പില്ലായ്മയും ഒരുസമൂഹത്തിന്റെ സ്വത്വം വികലമാക്കാന്‍ കാരണമായെങ്കില്‍ അതില്‍നിന്ന് മോചനം നേടാനുള്ള ശ്രമങ്ങള്‍ നടത്താനാണ് നാം ബദ്ധശ്രദ്ധരാവേണ്ടത്.

Related Articles