Current Date

Search
Close this search box.
Search
Close this search box.

അടിയന്തരാവസ്ഥയുടെ രക്തം പുരണ്ട ശഹീദ്ചൗക്ക്

shaheed-chawk.jpg

രാജ്യം അടിയന്തരാവസ്ഥയുടെ കരാള ദിനരാത്രങ്ങളുടെ നാല്‍പതാം വാര്‍ഷികമാഘോഷിക്കുമ്പോഴും തങ്ങള്‍ക്കേറ്റ ദുരന്തത്തിന് അധികൃതരുടെ ‘അംഗീകാര’ത്തിന് കാത്തിരിക്കുകയാണ് മുസഫര്‍നഗറിലെ ഇരുപത്തിയഞ്ച് കുടുംബങ്ങള്‍. 1976 ഒക്ടോബര്‍ പതിനെട്ടിന് ഉച്ചതിരിഞ്ഞായിരുന്നു സഞ്ജയ്ഗാന്ധിയുടെ നിര്‍ബന്ധിത വന്ധ്യംകരണത്തിനെതിരെ പ്രതിഷേധിച്ച ഇരുപത്തിയഞ്ച് ആളുകളെ ഉത്തര്‍പ്രദേശ് പ്രൊവിന്‍ഷ്യല്‍ ആംഡ് കോന്‍സ്റ്റാബുലറി വെടിവെച്ച് കൊന്നത്. കൊല്ലപ്പെട്ടവരില്‍ ഭൂരിഭാഗവും മുസ്‌ലിംകളായിരുന്നു.

ആ ദിനത്തിലെ ഓരോ നിമിഷവും ഹസീന ബീഗത്തിന്റെ മനസ്സില്‍ മായാതെ കിടപ്പുണ്ട്. മുപ്പത്തിരണ്ടുകാരനായ ഭര്‍ത്താവ് മുഹമ്മദ് സിദ്ദീഖുമുണ്ടായിരുന്നു അന്ന് കൊലചെയ്യപ്പെട്ടവരില്‍. അന്ന് ഉച്ചക്ക് പന്ത്രണ്ടരയോടെ വീട് വിട്ട തന്റെ ഭര്‍ത്താവിനെ പിന്നീട് ഹസീന കാണുന്നത് വെടിയേറ്റ് രക്തത്തില്‍ കുതിര്‍ന്ന് കിടക്കുന്ന മൃതുദേഹങ്ങള്‍ക്കിടയിലാണ്. ‘പോകരുതെന്ന് ഞാന്‍ കേണപേക്ഷിച്ചതാണ്. പക്ഷെ നിര്‍ബന്ധിത വന്ധ്യംകരണ ഉത്തരവിനെതിരെ ശക്തമായ വികാരമായിരുന്നു പ്രത്യേകിച്ച് മുസ്‌ലിംകളില്‍ ഉണ്ടായിരുന്നത്. സഞ്ജയ്ഗാന്ധിയുടെ അജണ്ട നടപ്പിലാക്കാന്‍ ടൗണിലെത്തിയ പ്രൊവിന്‍ഷ്യല്‍ ആംഡ് കോന്‍സ്റ്റാബുലറിക്കെതിരെ പ്രതിഷേധിക്കാന്‍ ജനങ്ങള്‍ തെരുവിലിറങ്ങി’ അറുപതുകാരിയായ ഹസീന പറയുന്നു.

വന്ധ്യംകരണ അജണ്ട നടപ്പിലാക്കാന്‍ ഏറെ ഉത്സാഹം കാണിച്ച അന്നത്തെ ജില്ലാ മജിസ്‌ട്രേറ്റായിരുന്ന വിജേന്ദ്രയാദവ് ആയിരത്തോളം വരുന്ന പ്രതിഷേധക്കാര്‍ക്കെതിരെ വെടിയുതിര്‍ക്കാന്‍ ഉത്തരവ് നല്‍കി. ഇരുപത്തിയഞ്ച് പേരാണ് ഖലാപരില്‍ അന്ന് മരിച്ച് വീണത്. കൈരാന ഗ്രാമത്തില്‍ സമാനമായി പ്രതിഷേധിച്ച ജനങ്ങള്‍ക്ക്  നേരെയും സേന വെടിയുതിര്‍ത്തു. നാലുപേരാണ് അന്നവിടെ വധിക്കപ്പെട്ടത്.

അന്വേഷണ കമ്മീഷന്‍ നിയോഗിക്കപ്പെട്ടങ്കിലും നാല്‍പത് വര്‍ഷങ്ങള്‍ക്ക് ശേഷവും ഇരകളുടെ കുടുംബങ്ങളിന്ന് നീതിയും നഷ്ടപരിഹാരവും നിഷേധിക്കപ്പെട്ട് കഴിയുകയാണ്.

1977ല്‍ അധികാരത്തിലേറിയ ജനതാപാര്‍ട്ടി സര്‍ക്കാര്‍ അന്വേഷണ കമ്മീഷനെ നിയമിക്കുകയുണ്ടായി. വിരമിച്ച അലഹബാദ് ഹൈക്കോടതി ജഡ്ജി രാം ആശ്രെ മിഷ്രയുടെ നേതൃത്വത്തില്‍ തയ്യാറാക്കിയ ഏകാംഗ കമ്മീഷന്‍ റിപ്പോര്‍ട്ട് പക്ഷേ സഭയിലെത്തിയില്ല.

‘ജില്ലാ കലക്ട്രേറ്റിലെ ആര്‍ക്കൈവ്‌സില്‍ ഇന്നും ആ ഫയലുകള്‍ പൊടിപിടിച്ച് കിടപ്പുണ്ട്’ സംഭവത്തിന് സാക്ഷിയായ മുന്‍ അസിസ്റ്റന്റ് കമ്മീഷണര്‍ മുഹമ്മദ് അലി ആല്‍വി പറയുന്നു. പ്രസ്തുത ഫയലുകളെ കുറിച്ച് ജില്ലാ കലക്ട്രേറ്റില്‍ അന്വേഷിച്ചപ്പോള്‍ അവ സൂക്ഷിച്ചിരിക്കുന്ന പെട്ടികളുടെ താക്കോല്‍ നഷ്ടപ്പെട്ടു എന്നാണ് ഉദ്യോഗസ്ഥര്‍ പറയുന്നത്.

‘നിര്‍ബന്ധിത വന്ധ്യംകരണം അതിന്റെ സകല ഹാവഭാവങ്ങളോടെയും അരങ്ങേറി. അതില്‍ നിന്ന് രക്ഷവേണ്ടവരില്‍ നിന്ന് ഉദ്യോഗസ്ഥര്‍ കൈക്കുലിയും ഈടാക്കിയിരുന്നു.’ പ്രാദേശിക ദിനപത്രമായ റോയല്‍ ബുള്ളറ്റിനിന്റെ പത്രാധിപര്‍ റാഹി സംഭവം ഓര്‍ത്തെടുക്കുന്നു. ‘അധികൃതര്‍ മുസ്‌ലിം ചെറുപ്പക്കാരില്‍ നിര്‍ബന്ധിത വന്ധ്യംകരണം നടപ്പിലാക്കാന്‍ തുടങ്ങിയതോടെയാണ് പ്രശ്‌നം ആരംഭിക്കുന്നത്. ധാരാളം ചെറുപ്പക്കാരെ അന്ന് പിടിച്ച് കൊണ്ടുപോയി. ഖാജാ അബ്ദുല്‍ മാജിദിന്റെ പത്തൊമ്പതുകാരനായ മകന്‍ മുഹമ്മദ് സലീം വീട് വിട്ടോടിപ്പോയത് നേരെ പോലീസിന്റെ വെടിയുണ്ടയിലേക്കായിരുന്നു’ അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ടൈലറായി പുതുതായി ജോലി തുടങ്ങിയ തന്റെ ഇളയ മകന്റെ ശവശരീരം കണ്ട് അബ്ദുല്‍ മാജിദിന്റെ സമനില നഷ്ടപ്പെട്ടു.

‘ഒക്ടോബര്‍ 18ന് പ്രൊവിന്‍ഷ്യല്‍ ആംഡ് കോന്‍സ്റ്റാബുലറി ഖലാപരിനെ വളഞ്ഞു. സ്വമേധയാ വന്ന് വന്ധ്യംകണത്തിന് വിധേയമാകാനാവശ്യപ്പെട്ട് അറിയിപ്പുകളുണ്ടായി. തൊട്ടുടനെ ഒരിക്കലും പോലീസിന് പിടികൊടുക്കരുതെന്ന് പറഞ്ഞ് പള്ളിയില്‍ നിന്നും അറിയിപ്പുണ്ടായി’ റാഹി പറയുന്നു. വലിയ ജനക്കൂട്ടം തന്നെ അവിടെ തടിച്ചുകൂടിയിരുന്നു. പെട്ടെന്ന് ആരോ ഒരു വീടിന് മുകളില്‍ നിന്ന് എന്തോ മജിസ്‌ട്രേറ്റിന് നേരെ എറിഞ്ഞു. അതൊരു ബോംബാണെന്നാണ് അദ്ദേഹം വിചാരിച്ചത്. അടുത്ത നിമിഷം നിരായുധരായ ജനക്കൂട്ടത്തിനെതിരെ വെടിവെക്കാന്‍ അയാള്‍ സേനക്ക് ഉത്തരവ് നല്‍കി.

‘ജനസംഖ്യ ക്ഷയിപ്പിക്കാനാണ് നിര്‍ബന്ധിത വന്ധ്യംകരണം നടപ്പാക്കിയതെങ്കില്‍ ജനങ്ങളെ കൊന്ന് കൊണ്ട് മറ്റൊരു രീതിയിലത് നടപ്പിലാക്കുകയായിരുന്നു വിജേന്ദ്രയാദവ്’ ഹസീനയുടെ മകന്‍ അബദുല്ല പറയുന്നു.

സ്വാതന്ത്രാനന്തര ഇന്ത്യാ ചരിത്രത്തില്‍ അടിയന്തരാവസ്ഥ ഏറെ ചര്‍ച്ച ചെയ്യപ്പെട്ടുവെങ്കിലും മുസഫര്‍നഗറിലെ നിരായുധരായ പൗരന്മാര്‍ ദാരുണമായി കൊലചെയ്യപ്പെട്ട ചരിത്രം അധികമാരും അറിഞ്ഞു കാണില്ല, റാഹി പറയുന്നു. ഇരുപത്തിയഞ്ചോളും പ്രതിഷേധക്കാരുടെ അറും കൊലക്ക് സാക്ഷിയായ കവലയിന്ന് ‘ശഹീദ് ചൗക്’ (രക്തസാക്ഷി കവല) എന്നാണ് ഇന്ന് അറിയപ്പെടുന്നത്. ഇരുപത്തിയഞ്ചാളുകളുടെയും പേരുകള്‍ ഇന്നവിടെ ചുമരുകളില്‍ പെയിന്റ് ചെയ്തതായി കാണാം.

കടപ്പാട്: ദ ഹിന്ദു
മൊഴിമാറ്റം: ഹാബീല്‍ വെളിയങ്കോട്‌

Related Articles