Current Date

Search
Close this search box.
Search
Close this search box.

അഖ്‌റബ് തടവറയില്‍ നിന്നും അസ്സാം അല്‍അരിയാന്‍ എഴുതുന്നു

assam-alariyan.jpg

ഈജിപ്തിലെ രക്തരൂക്ഷിത സൈനിക അട്ടിമറി നടന്നിട്ട് നാല് വര്‍ഷം പിന്നിടുന്നു. ഈജിപ്ഷ്യന്‍ പ്രസിഡന്റ് തെരഞ്ഞെടുപ്പില്‍ ചരിത്രത്തിലാധ്യമായി  വോട്ടു രേഖപ്പെടുത്തിയ രണ്ട് കോടിയിലധികം ഈജിപ്തുകാരുടെ മോഹങ്ങളാണ് അന്ന് വൃഥാവിലായത്. 52 ശതമാനം വോട്ട് നേടിയാണ് ഡോ. മുഹമ്മദ് മുര്‍സി വിജയിച്ചത്. സ്വതന്ത്രമായും സുതാര്യമായും ഈജിപ്തില്‍ തെരഞ്ഞെടുക്കപ്പെട്ട ആദ്യ സിവിലിയന്‍ പ്രസിഡന്റായിരുന്നു അദ്ദേഹം. സൈനിക അട്ടിമറി നടന്നു. ഈജിപ്തിന്റെ ചരിത്രത്തിലാദ്യമായി രണ്ട് ഘട്ടങ്ങളിലായി തിരഞ്ഞെടുക്കപ്പെട്ട ഭരണഘടനാസമിതി രൂപീകരിച്ച ഹിതപരിശോധനയില്‍ 65 ശതമാനം സഭാംഗങ്ങളുടെയും അംഗീകാരം ലഭിച്ച ഭരണഘടന റദ്ദാക്കപ്പെട്ടു.

2013 ജൂലൈ 3 മുതല്‍ക്ക് ഈജിപ്തിലെ ജനങ്ങള്‍ സുരക്ഷയുടെയും സുസ്ഥിരതയുടെയും രുചി ആസ്വദിച്ചിട്ടില്ല. നേരത്തെ നടന്ന പ്രസിഡന്റ് തെരഞ്ഞെടുപ്പിനെ അട്ടിമറിനടത്തിയ സൈനിക തലവന്റെ വാഗ്ദാനങ്ങളില്‍ പല രാഷ്ട്രീയ മേലാളന്‍മാരും വഞ്ചിതരാവുകയായിരുന്നു. ഇടതുപക്ഷ പ്രമാണിമാരും നാസറിസ്റ്റുകളും ചില ലിബറലിസ്റ്റുകളുമായിരുന്നു അവരിലധികവും. സീസി അവരെ കൊണ്ടെത്തിച്ചേക്കാവുന്ന അനിവാര്യമായ പരിണിതഫലത്തെക്കുറിച്ച് ഇഖ്‌വാനിനോടും അതിന്റെ സഖ്യകക്ഷികളോടുമുള്ള വിരോധം അവരെ അന്തരാക്കി. സീസി തന്നെ തയ്യാറാക്കിയ തെരഞ്ഞെടുപ്പില്‍ അയാള്‍ സ്വയം പ്രസിന്റായി സ്ഥാനമേറ്റു. ഏതാനും ആഴ്ചകള്‍ക്കുള്ളില്‍ സിവില്‍ പാര്‍ട്ടികളുടെ രൂപീകരണം, സമാധാനപരമായ പ്രകടനങ്ങള്‍, സ്വതന്ത്ര പത്രപ്രവര്‍ത്തനം, സമാധാനപരമായ പ്രതിഷേധം തുടങ്ങിയവക്കുള്ള ഈജിപ്തുകാരുടെ അവകാശങ്ങളെ ഭരണകൂടം ഇല്ലാതാക്കി. ഭൂരിഭാഗവും മുന്‍ സൈനികരും പോലീസും രഹസ്യാന്വേഷണ ഉദ്യോഗസ്ഥന്‍മാരും അംഗങ്ങളായ പാര്‍ലമെന്റ് അതിന്‍ അംഗീകാരവും നല്‍കി. സ്വാതന്ത്രത്തേയും സമാധാനത്തേയും ആദരിക്കുന്ന ഈജിപ്തിനെ നാശത്തിലെത്തിക്കുന്ന കാര്യമായാലും ശരി ആഗ്രഹിക്കുന്നതെന്തും ചെയ്യുന്നവരാണവര്‍.

സ്വാതന്ത്രവും സുരക്ഷിതത്വവും സുസ്ഥിരതയും ഇല്ലാതാക്കിയത് മാത്രമല്ല, ജീവിതത്തിന്റെ മുഴു മേഖലകളിലും ഈ കൊയ്ത്ത് തുടരുകയായിരുന്നു. രാജ്യം കടത്തില്‍ മുങ്ങി. വിദേശ കടം 75 ബില്ല്യന്‍ ഡോളറായി വര്‍ദ്ധിച്ചു. കഴിഞ്ഞ 40 വര്‍ഷങ്ങളായി(1973-2013) ഇത് 35 ബില്ല്യനായിരുന്നു. ആഭ്യന്തര കടം മൂന്ന് ട്രില്ല്യന്‍ പൗണ്ടിലധികമായി. ഈജിപ്ഷ്യന്‍ കറന്‍സി കൂപ്പുകുത്തി. കണ്ണടച്ചുതുറന്നപ്പോഴേക്കും ഈജിപ്തുകാരുടെ മൂന്നില്‍ രണ്ട് സമ്പാദ്യവും നഷ്ടപ്പെട്ടു. ഈജിപ്ഷ്യന്‍ പൗണ്ടിന്റെ വാങ്ങല്‍ ശേഷിയും ഇടിഞ്ഞു. കഴിഞ്ഞ നൂറു വര്‍ഷങ്ങളില്‍ കാണാത്ത രൂപത്തില്‍ പണപ്പെരുപ്പം 40 ശതമാനമായി ഉയര്‍ന്നു. സാമ്പത്തിക പുരോഗതിക്ക് വേണ്ടി പരിശ്രമിക്കുന്ന മധ്യവര്‍ഗ്ഗത്തിന്റെ ക്ഷയമായിരുന്നു ഇതിന്റെയെല്ലാം അനിവാര്യ ഫലം. വ്യാപാരികള്‍ തങ്ങളുടെ പണവുമായി വിദേശ രാജ്യങ്ങളിലേക്ക് പോയി. സമൂഹത്തിലെ താഴെതട്ടിലുള്ളവര്‍ വിശപ്പിന്റെയും അനാഥത്വത്തിന്റെയും ദാരിദ്ര്യത്തിന്റെയും അഗാധമായ പടുകുഴിയില്‍ വീണ് നശിക്കുകയാണ്. നേടിയതോ, സാമൂഹിക ഒത്തൊരുമയുടെ തകര്‍ച്ചയും ഇസ്‌ലാമും ക്രൈസ്തവതയും സ്ഥാപിച്ച മൂല്യവ്യവസ്ഥയുടെ നാശവും മാത്രം. ഗുരുതരമായ കുറ്റകൃത്യങ്ങള്‍ കണ്ടുതുടങ്ങി. ആത്മഹത്യാ നിരക്ക് വര്‍ദ്ധിച്ചു. ഈജിപ്തിന്റെ സാമൂഹിക ഘടനക്ക് ഭീഷണിയാവുന്ന തരത്തിലുള്ള സ്വാഭാവ വൈകല്യങ്ങള്‍ വ്യാപിച്ചു.

സുരക്ഷിതത്വവും സുസ്ഥിരതയും നഷ്ടപ്പെട്ടത് ഈജിപ്തിന് മാത്രമല്ല. അറേബ്യന്‍ മേഖലയെ മൊത്തം അത് ബാധിച്ചു. സ്വാതന്ത്ര്യ പോരാട്ടവും ഭരണഘടനാപരമായ ജീവിത വ്യവസ്ഥയും തങ്ങളുടെ രാജ്യങ്ങളിലേക്കും കടന്നുവരുമെന്ന ഭയത്താല്‍ ചില വിദേശ രാജ്യങ്ങള്‍ നല്‍കിയ സാമ്പത്തിക സഹായത്തിന്റെയും ബലത്തിലാണല്ലൊ അട്ടിമറി നടന്നത്. മുമ്പ് ഈ രാജ്യങ്ങളില്‍ നിന്നുണ്ടായിട്ടുള്ള പരാജയപ്പെട്ട സാമ്പത്തിക സഹായങ്ങള്‍ക്ക് ശേഷമാണ് ഈ സഹായം. 2012 ജനുവരിയില്‍ പ്രദേശത്തെ ആകമാനം പ്രകമ്പനം കൊള്ളിച്ച രാജ്യത്തെ ജനതക്ക് പുതിയ പുലരിയുടെ സന്തോഷവാര്‍ത്ത അറിയിച്ച പിന്നീട് അറബ് വസന്തത്തിലേക്കും അതിന്റെ ഇസ്‌ലാമിക സ്വത്വത്തിലേക്കും വഴിതെളിച്ച അറബ് വിപ്ലവത്തിന്റെ സമയത്ത് അട്ടിമറിയെ ചെറുക്കാന്‍ ഹുസ്‌നി മുബാറക്കിന് നല്‍കിയ സഹായം. ഇഖ്‌വാനുല്‍ മുസ്‌ലിമൂനും സഖ്യകക്ഷികളും വിപ്ലാവാനന്തരം നടത്തപ്പെട്ട സ്വതന്ത്ര തെരഞ്ഞെടുപ്പില്‍ വിജയിക്കുകയായിരുന്നു. എന്നാല്‍ സൈനിക അട്ടിമറി ലിബിയയിലും യമനിലും നടന്ന വിപ്ലവങ്ങളെ പ്രതികൂലമാക്കുന്നതിലേക്ക് വഴിവെച്ചു. മുഴുവന്‍ രാജ്യനിവാസികളുടെ എതിര്‍പ്പുണ്ടായിട്ടും സിറിയയില്‍ അസദിന്റെ നിലനില്‍പിന് അത് പിന്തുണയുമായി. ഈ പ്രദേശങ്ങളിലെല്ലാം അസ്ഥിരതയും ഭീതിയും വ്യാപിച്ചു.

കഴിഞ്ഞ നാലു വര്‍ഷങ്ങളായി മനുഷ്യത്വത്തിന് നിരക്കാത്ത കുറ്റകൃത്യങ്ങളില്‍നിന്ന് വിരമിച്ചിട്ടില്ലാത്ത കെയ്‌റോ സൈന്യത്തിന് ഈജ്പ്തുകാര്‍ അടിയറവു പറഞ്ഞിട്ടില്ല. ‘റിപബ്ലിക്കന്‍ ഗാര്‍ഡി’ന്റെ മുന്നില്‍ നടന്ന ക്രൂര നരഹത്യകള്‍, കുറച്ചു ദിവസങ്ങള്‍ക്ക് ശേഷം ഏതോ അജ്ഞാത സൈന്യത്തിന്റെ പ്ലാറ്റ്‌ഫോമില്‍ നടന്ന കൊലപാതകങ്ങള്‍, റാബിഅ അദവിയയിലും തഹ്‌രീര്‍ സക്വയറിലും നടന്ന നരഹത്യകള്‍, ഫതഹ് പള്ളിയിലും റംസീസിലുമുണ്ടായ കുട്ടക്കൊലകള്‍ എന്നിവയില്‍ ആയിരക്കണക്കിന് നിരപരാധികളാണ് വധിക്കപ്പെട്ടത്. ഭീകരവാദത്തിന്റെ പേരില്‍ ഡസന്‍ കണക്കിന് പ്രതിഷേധകരാണ് ശാരീരികമായി പീഡിപ്പിക്കപ്പെട്ടത്. ജയിലുകള്‍ 60000 ത്തിലധികം സ്ത്രീ പുരുഷന്‍മാരെക്കൊണ്ട് നിറഞ്ഞിരിക്കുകയാണ്.

എന്നാല്‍ ഈജിപ്തുകാരുടെ ചെറുത്തുനില്‍പ്പ് തുടരുകയാണ്. എല്ലാം ത്യജിച്ചിട്ടും ഇഖ്‌വാനുല്‍ മുസ്‌ലിമൂനും സംഘവും അട്ടിമറിയെ ദൃഢനിശ്ചയത്തോടുകൂടി എതിര്‍ക്കുകയാണ്. ഐതിഹാസികമായ ചെറുത്തുനില്‍പ്പുകള്‍ തുടര്‍ന്നുകൊണ്ടിരിക്കെ സൈനിക ഭരണകൂടം എന്ന ദുഃസ്വപ്‌നം തുടച്ച് നീക്കപ്പെടുക എന്നത് അത്ര വിദൂരമല്ലെന്നാണ് ചിലരുടെ വിലയിരുത്തലുകള്‍. മുന്‍ പരമോന്നത നേതാവ് മുഹമ്മദ് മഹ്ദി ആകിഫിന്റെ വ്യക്തിത്വം കാണിച്ചുതന്ന ചെറുത്തുനില്‍പ്പ് ഉദാഹരമാണ്. പ്രായാധിക്യവും ഗുരിതരമായ അസുഖങ്ങളുമുണ്ടായിട്ടും ആരോഗ്യ പരിചരണത്തിന് വേണ്ടി വിട്ടയക്കണമെന്ന അദ്ദേഹത്തന്റെ അപേക്ഷ നിരസിക്കുകയായിരുന്നു. മാസങ്ങളോളം അദ്ദേഹം തീവ്രപരിചരണ വിഭാഗത്തന്റെ ചികിത്സയിലായിരുന്നു.

ചെറുത്തുനില്‍പിന്റെ മറ്റൊരു ഉദാഹരണമാണ് ഇഖ്‌വാന്റെ നിലവിലെ പരമോന്നത നേതാവായ പ്രൊഫ. മുഹമ്മദ് ബദീഅ്. 40ലധികം കേസുകള്‍ക്ക് ശിക്ഷ വിധിക്കപ്പെട്ട വ്യക്തിയാണദ്ദേഹം. 65ലധികം സെഷനുകളില്‍ അദ്ദേഹത്തെ കോടതിക്ക് മുമ്പില്‍ ഹാജറാക്കി. നിരവധി കേസുകളില്‍ അദ്ദേഹത്തിന് ജയില്‍ശിക്ഷ വിധിച്ചിരിക്കുകയാണ്. അദ്ദേഹത്തിന്റെ മകന്‍ അമ്മാര്‍ 2013ല്‍ റംസീസ് തെരുവില്‍ രക്തസാക്ഷിത്വം വരിച്ചിരുന്നു.

നിയമാനുസൃതമായി തിരഞ്ഞെടുക്കപ്പെട്ട പ്രസിഡന്റ് ഡോ. മുഹമ്മദ് മുര്‍സിയാണ് മറ്റൊരു ഉദാഹരണം. നാല് വര്‍ഷമായി അദ്ദേഹം ഏകാന്ത ജയില്‍ വാസമനുഭവിച്ചുകൊണ്ടിരിക്കുകയാണ്. ഈ കാലയളവില്‍ അദ്ദേഹത്തിന്റെ ബന്ധുക്കള്‍ക്കോ അഭിഭാഷകനോ സന്ദര്‍ശനത്തിന് പോലും അനുവദിച്ചിട്ടില്ല. ഒരുപാട് തവണ പ്രമേഹം മൂര്‍ഛിച്ചിട്ടും ചികിത്സ നിഷേധിക്കുകയായിരുന്നു.

ഇരുട്ടറയിലുള്ള ഇഖ്‌വാന്റെ യുവാക്കള്‍, നേതാക്കള്‍, സഖ്യകക്ഷികളടക്കമുള്ള ആളുകളുടെ സ്ഥൈര്യമാണ് ചെറുത്തുനല്‍പിന്റെ മറ്റൊരു ഉപമ. അവരില്‍ ചികിത്സ ലഭിക്കാത്തതിന്റെ പേരില്‍ നിരവധി പേരാണ് രക്തസാക്ഷികളായത്. മോശപ്പെട്ട ജീവിതസാഹചര്യമാണ് അവര്‍ക്കവിടെയുള്ളത്. ഡോ. ഫരീദ് ഇസ്മാഈല്‍, മുഹമ്മദ് അല്‍ഫലാഹ്ജീ, അബ്ദുല്‍അളീം അശ്ശര്‍ഖാവി, ശൈഖ് അസ്സാം ദര്‍ബാല, ശൈഖ് നബീല്‍ അല്‍മഗ്‌രിബി, ശൈഖ് മര്‍ജാന്‍ സാലിം തുടങ്ങി രക്തസാക്ഷിത്വം വരിച്ചവരുടെ ലിസ്റ്റ് നീണ്ടുപോവുകായാണ്.

പോലീസ്, കോടതി, മീഡിയ എന്നിവയേക്കള്‍ സൈനിക സ്ഥാപനങ്ങളെയാണ് ഈജിപ്തുകാര്‍ ഇപ്പോഴും നിരീക്ഷിച്ചുകൊണ്ടിരിക്കുന്നത്. രാഷ്ട്രത്തെ ഭരിക്കുന്നതിലുള്ള അതിന്റെ പങ്ക് സുപ്രാധാനമായതുകൊണ്ടാണിത്. അട്ടിമറി തലവനും കൂടെയുള്ള അധികാര സംഘവും സൈനിക അച്ചടക്കത്തിന്റെ തത്വത്തെ ചൂഷണം ചെയ്തിട്ടുണ്ടെന്ന് അവര്‍ക്കറിയാം. രാഷ്ട്രത്തിന്റെ പതനത്തിന് ഗുരിതരവും ബുദ്ധിശൂന്യപരവുമായ പ്രോത്സാഹനങ്ങള്‍ നടത്തിയുട്ടുമുണ്ട്. അവര്‍ പേര് വിളിക്കുന്ന ഭീകരവാദത്തിനെതിരെ മുദ്രാവാക്യമുയര്‍ത്തി. അതിന്റെ പേരില്‍ കുറേക്കാലം ആളുകളെ ദ്രോഹിച്ചു. സൈന്യത്തിന്റെ ഓഫീസര്‍മാരും അംഗങ്ങളുമടക്കം മറ്റു ധാരാളമാളുകള്‍ തങ്ങളുടെ ജീവതത്തെ അടിച്ചമര്‍ത്തിയ ഈ ഭീകരമായ ദുരന്തത്തിന്റെയും പേടി സ്വപ്‌നത്തിന്റെയും യാഥാര്‍ത്ഥ്യം തിരിച്ചറിഞ്ഞു. അവരിലധികമാളുകളും ഇപ്പോള്‍ വാനലോകത്തുനിന്നുള്ള അത്ഭുതമോ തങ്ങളെ മോചനത്തിനായെത്തുന്ന ധീരനായ ഒരു രക്ഷകനെയോ പ്രതീക്ഷിക്കുകയാണ്. എന്നാല്‍ പരിഹാരം അവരുടെ കൈകളില്‍ തന്നെയുണ്ട്. മാര്‍ഗം വളരെ വ്യക്തമാണ്, ജനങ്ങള്‍ ആഗ്രഹിക്കുന്നതെന്താണോ അതിനെ ആദരിക്കുക. അവര്‍ക്കിടയില്‍ ജീവിക്കുക. യഥാര്‍ത്ഥ ഭരണഘടനയനുസരിച്ചുള്ള ജീവിതത്തിലേക്ക് രാജ്യത്തെ തിരിച്ചു കൊണ്ടുവരിക. ഒരു രാഷ്ട്രീയ വിഭാഗത്തെയും ഒഴിവാക്കാതെ സ്വതന്ത്ര തെരഞ്ഞെടുപ്പ് നടത്തുക. 2013ലെ സൈനിക അട്ടിമറിക്ക് ശേഷം മത-നീതിന്യായ വ്യക്തിത്വങ്ങളുടെ കൂടിച്ചേരലുകള്‍ കാരണമായി പിച്ചിച്ചീന്തപ്പെട്ട രാജ്യത്തിന്റെ ഘടനയെ കൂട്ടിച്ചേര്‍ക്കുക.

നീതിന്യായ വ്യവസ്ഥയുടെയും രാഷ്ട്രീയ നടപടികളില്‍ വഞ്ചന നടത്തുന്ന പ്രോസിക്യൂഷന്റെയും പിഴവുകള്‍ തിരുത്താനും ഒരു താല്‍കാലിക കോടതിയുടെ നിര്‍ണായക നടപടികള്‍ അനിവാര്യമാണ്. അവര്‍ ഒരൊറ്റ വരിയില്‍ തുടരുന്നതില്‍ തൃപ്തരായിരിക്കുന്നു. കര്‍മത്തിന്റെ തുലാസ് അവരുടെ കൈകളില്‍ അടിപ്പെട്ടിരിക്കുന്നു. മുന്‍ കാല ദുരന്ത സംഭവങ്ങളെയും കുറ്റക്രിത്യങ്ങളെയും ഫലപ്രദമായി രീതിയില്‍ കൈകാര്യം ചെയ്യുന്ന നടപടികള്‍ തന്നെ സ്വീകരിക്കണം.

ദരിദ്രരേയും അധസ്ഥിതരേയും സംരക്ഷിക്കുന്നതിനാവശ്യമായ തദ്ദേശിയ പ്രവര്‍ത്തനങ്ങള്‍ തിരിച്ചുകൊണ്ടുവരേണ്ടതും അനിവാര്യമാണ്. വിദേശങ്ങളിലേക്ക് ഒഴുകിയ മൂലധനവും കൂടതല്‍ വിദേശ നിക്ഷേപങ്ങളും രാജ്യത്തേക്ക് തിരികെ കൊണ്ടുവരാനുതകുന്ന രൂപത്തില്‍ ജനങ്ങളുടെ ഇഷ്ടങ്ങളെ പരിഗണിച്ചുകൊണ്ട് രാഷ്ട്രത്തിലുള്ള വിശ്വാസ്യത മടക്കികൊണ്ടുവരാനും ശ്രമിക്കണം. രാജ്യത്തെ ഏറ്റവും വലിയ രാഷ്ട്രീയ ശക്തിക്കെതിരായ രാഷ്ട്രീയ പക്ഷപാതിത്വത്തിന്റെ ഫലമായി പൗരന്‍മാര്‍ക്കിടയില്‍ പിച്ചിചീന്തപ്പെട്ട അഖണ്ഡത തിരിച്ചുപിടിക്കാന്‍ അകമഴിഞ്ഞ പരിശ്രമങ്ങളുമുണ്ടാവണം. സാമൂഹിക സമ്മര്‍ദ്ദങ്ങളുടെ പ്രതിസന്ധി പരിഹാരത്തിനും വലിയ തോതില്‍ ശ്രമങ്ങള്‍ നടത്തേണ്ടിയിരിക്കുന്നു. നിരന്തരമായ കൂട്ടക്കൊലകളിലും സമാധാനപരമായ പ്രകടനങ്ങളിലും തടവറകളിലെ പീഢനങ്ങളിലും പിടഞ്ഞുവീഴുന്ന സഹോദരങ്ങളെ കണ്ടുകൊണ്ടിരിക്കുന്നവരില്‍ ഉണ്ടാകുന്ന പ്രതികാര ദാഹത്തെ പരിഹരിക്കാനുള്ള മാര്‍ഗങ്ങള്‍ കണ്ടെത്തണം.   

അമേരിക്കയും യൂറോപ്പുമടക്കമുള്ള അന്താരാഷ്ട്ര സമൂഹം രക്തരൂക്ഷിതമായ അട്ടിമറിയോടും അറേബ്യന്‍ ജനതയുടെ മോഹങ്ങള്‍ക്ക് എതിര് നില്‍ക്കുന്ന പ്രതിവിപ്ലവങ്ങളോടും മൗനം ദീക്ഷിച്ചും പ്രോത്സാഹനം നല്‍കിയും അനുകൂലിച്ചുമുള്ള അവരുടെ നിലപാട് കാരണം പ്രദേശത്താകമാനം ബാധിക്കുന്ന മഹാ വിപത്തിനെ  തിരിച്ചറിയേണ്ടിയിരിക്കുന്നു. സ്വതന്ത്രവും സുരക്ഷിതവുമായ ജീവിതവും വികസിതവും സുസ്ഥിരവുമായ രാജ്യവും ആഗ്രഹിച്ചു എന്നതാണ് ആ ജനത ചെയ്ത തെറ്റ്! ഭരണഘടനയുടേയോ നിയമത്തിന്റെയോ പിന്തുണയില്ലാത്ത ഭരണ ന്യൂനപക്ഷത്തിന്റെ ഇഷ്ടങ്ങള്‍ക്കനുസരിച്ച് രാജ്യത്തിന്റെ സമ്പത്ത് കൊളളയടിക്കുന്നതിനെതിരെ പോരാടിയതാണ് അവര്‍ ചെയ്ത കുറ്റകൃത്യം!

ഞങ്ങള്‍ക്ക് പ്രതീക്ഷ നഷ്ടപ്പെട്ടിട്ടില്ല. അട്ടിമറിയുടെ അന്ത്യം ആസന്നമായിരിക്കുന്നു. പ്രയാസകരമായ നാലു വര്‍ഷങ്ങളിലുടനീളം ചെറുത്തുനില്‍പിന് ശക്തിയും പ്രാപ്തിയും തന്ന അല്ലാഹുവില്‍ ഞങ്ങള്‍ അടിയുറച്ച് വിശ്വസിക്കുന്നു. ദേശത്തെനും അതിന്റെ സുസ്ഥിരതക്കും കൂട്ടായിമക്കും ഭൂപ്രദേശങ്ങള്‍ക്കും നൈല്‍ നദിക്കുമെല്ലാം ഭീഷണിയാവുന്ന ദുരന്തത്തെ തിരിച്ചറിഞ്ഞ് സൈനിക ഭരണകൂടം ഉണരുമെന്നും ഞങ്ങള്‍ വിശ്വാസിക്കുന്നു.

ഈ ശുഭപ്രതീക്ഷ ഞാനെന്റെ ഭാര്യയുടെ കണ്ണുകളില്‍ കാണാറുണ്ട് എന്റെ പെണ്‍മക്കളുടെയും കൊച്ചുമക്കളുടെയും സഹപ്രവര്‍ത്തകരുടെയും കണ്ണുകളില്‍ കാണാറുണ്ട്. എന്നെ സന്ദര്‍ശിക്കാന്‍ ഇവര്‍ക്കാര്‍ക്കും അനുവാദമില്ലെങ്കിലും ചില്ലുകൂട്ടിലൂടെയും 4-11-2013ല്‍ തുടങ്ങി ഇന്നും അവസാനിക്കാത്ത കോടതി സെഷനുകളിലെ പ്രതിക്കൂട്ടിലൂടെയും പല സന്ദര്‍ഭങ്ങളിലായി ദൂരെ അവരെ ഞാന്‍ കാണാറുണ്ട്. സംതൃപ്തിയും സഹനവും അല്ലാഹു വാഗ്ദാനം ചെയ്ത വിജയത്തിലുള്ള ഉറച്ച വിശ്വാസവും അവരുടെ കണ്ണുകളില്‍ ഞാന്‍ കണ്ടു. ദുഃഖം ഉടനെ ഇല്ലാതാവും. ഈജിപ്തിന്റെ മുക്കുമൂലകളില്‍നിന്ന് ആ ദുഃസ്വപ്നം നീങ്ങിപ്പോവും, സൈനീക അട്ടിമറി എന്ന ദുഃസ്വപ്നം. അവരുടെ കണ്ണുകളില്‍ ഞാനത് വീക്ഷിച്ചു. പ്രകാശ പൂരിതമായ നാളെയെ പ്രതീക്ഷിക്കുന്ന, ഒരു ശ്രേഷ്ഠ രാജ്യത്തിലെ സ്വതന്ത്രവും മാന്യവുമായ ജീവിതം പ്രതീക്ഷിക്കുന്ന മുഴുവന്‍ ഈജിപ്തുകാരെയും അവര്‍ എന്റെ  മുന്നില്‍ പ്രതിനിധീകരിക്കുകയായിരുന്നു.

വിവ: ഉമര്‍ ഫാറൂഖ്‌

Related Articles