Onlive Talk

സ്ത്രീ അജണ്ടയാകാത്ത സമുദായ സംഘടനകള്‍

സ്ത്രീ സമൂഹത്തിന്റെ പാതിയാണ്. പക്ഷെ, വിദ്യാര്‍ഥി സംഘടനയുടെ അത്രയെങ്കിലും അവര്‍ നമ്മുടെ സംഘടനകളുടെ അജണ്ടയാകുന്നുണ്ടോ? മദ്രസ പൊതുപരീക്ഷയുടെ ആദ്യറാങ്കുകളില്‍ ഭൂരിഭാഗവും  കരസ്ഥമാക്കുന്നത് പെണ്‍കുട്ടികളാണ്. വ്യത്യസ്ത മത സംഘടനകള്‍ നടത്തുന്ന ഖുര്‍ആന്‍ പരീക്ഷകളുടെ അവസ്ഥയും വിഭിന്നമല്ല..തങ്ങളുടെ സ്വത്വം സംരക്ഷിച്ചുകൊണ്ട് ഉന്നതവിദ്യാഭ്യാസ രംഗത്തും മികച്ചുനില്‍ക്കുന്ന നിരവധി പെണ്‍കുട്ടികളുണ്ട്.  എന്തുകൊണ്ട് അവരുടെ ഈ വളര്‍ച്ചയെ സമൂഹത്തിന്റെ ക്രിയാത്മകമായ നിര്‍മാണത്തില്‍ ഫലപ്രദമായി നാം ഉപയോഗപ്പെടുത്താത്തത്. സ്വന്തമായി കാര്യങ്ങള്‍ ആലോചിക്കാനും ആസൂത്രണം ചെയ്യാനും നടപ്പിലാക്കാനുമുള്ള അവരുടെ കഴിവിനെ ഇനിയും അംഗീകരിക്കപ്പെടാതിരിക്കാനെന്തുണ്ട് ന്യായം!

മിക്കയിടങ്ങളിലും ഖുര്‍ആന്‍ ക്ലാസുകള്‍ നിലനില്‍ക്കുന്നത് സ്ത്രീകളെ കൊണ്ടാണ്. മതപ്രഭാഷണങ്ങളുടെയും വഅളുകളുടെയും കാര്യവും വിഭിന്നമല്ല. കാലഘട്ടത്തില്‍ അവര്‍ നേടിയെടുത്ത വളര്‍ച്ചയെ ഒരളവോളം ഇന്ന് എല്ലാവര്‍ക്കും അംഗീകരിക്കേണ്ടിവന്നിട്ടുണ്ട്. ‘സത്രീകള്‍ക്ക് ഇന്നത്തെ പോലെ വിദ്യാഭ്യാസം നല്‍കേണ്ട ആവശ്യം പണ്ടുണ്ടായിരുന്നില്ല; അതുകൊണ്ട് അതു കൊടുത്തിട്ടുമില്ല. ഇപ്പോള്‍ അത് നല്‍കേണ്ടത് കാലഘട്ടത്തിന്റെ ആവശ്യമാണ്, അതുകൊണ്ട് അതു കൊടുക്കുന്നുമുണ്ട്’ എന്ന് കേരളത്തിലെ അറിയപ്പെട്ട ഒരു മതപുരോഹിതന് വരെ ആനുകാലികങ്ങളില്‍ അഭിപ്രായപ്പെടേണ്ടി വന്ന കാലമാണിത്. മാത്രമല്ല, സ്ത്രീകളെ ചൂഷണത്തില്‍ നിന്ന് രക്ഷിക്കാന്‍ മഹല്ല് തലങ്ങളില്‍ വനിതാ സംഗമങ്ങള്‍ സംഘടിപ്പിക്കുക എന്നതും അവരുടെ യുവജന സംഘടനയുടെ അജണ്ടയില്‍ ഇടം പിടിച്ചിരിക്കുന്നു. എന്നാലും സ്ത്രീ പുരുഷന്മാരുടെ അജണ്ടകള്‍ നടപ്പാക്കിയും മതപ്രഭാഷണങ്ങളിലെ ഉദ്‌ബോധനങ്ങളും പഴികളും കേട്ടിരുന്നാല്‍ മതി, അധികം മുന്നോട്ട് സഞ്ചരിക്കേണ്ടതില്ല എന്ന പുരുഷാധിപത്യത്തിന്റെതായ ഒരു വാള്‍ ഇന്നും അവള്‍ക്കുമീതെ തൂങ്ങിക്കിടക്കുന്നുണ്ട്.

സ്ത്രീധനമെന്നത് ഒരു അശ്ലീല പദമായി ഡിക്ഷ്‌നറിയില്‍ ഇടംപിടിച്ച കാലത്തും ‘ഒരു പെണ്‍കുട്ടിയുടെ പിതാവ് സസന്തോഷം എന്തെങ്കിലും സഹായം ചെയ്യുകയാണെങ്കില്‍ അതു പറ്റില്ലെന്നു പറയാനും കഴിയില്ല’- എന്നാല്‍ സ്ത്രീധനദുരന്തങ്ങള്‍ ഒഴിവാക്കപ്പെടേണ്ടതാണ്, എന്റെ ക്ലാസില്‍ പങ്കെടുക്കുന്നവരെ ഞാനതില്‍ നിന്ന് പിന്തിരിപ്പിക്കാറുണ്ട് തുടങ്ങിയ അഴകൊഴമ്പന്‍ നിലപാടുമായി ഈ ഉദ്ബുദ്ധ സമൂഹത്തില്‍ എത്രനാള്‍ മുന്നോട്ടുപോകാന്‍ കഴിയും എന്നത് ഗൗരവതരത്തില്‍ ചിന്തിക്കേണ്ടതാണ്.

പണ്ടുകാലത്ത് സ്ത്രീകള്‍ക്ക് വിദ്യാഭ്യാസം നേടേണ്ട ആവശ്യമില്ലെങ്കില്‍ പിന്നീട് എങ്ങനെയായിരുന്നു വിശുദ്ധ ഖുര്‍ആന് വ്യാഖ്യാനമെഴുതുകയും നിരവധി ഹദീസുകള്‍ റിപ്പോര്‍ട്ട് ചെയ്യുകയും കര്‍മശാസ്ത്രവിഷയങ്ങളടക്കമുള്ള അഭിപ്രായ ഭിന്നതകളുള്ള വിഷയങ്ങളിലെ ആധികാരിക ശബ്ദമാകാന്‍ പ്രവാചക പത്‌നി ആഇശക്ക് കഴിഞ്ഞത്. പണ്ടുകാലത്ത് സ്ത്രീകള്‍ക്ക് വിദ്യാഭ്യാസം ആവശ്യമുണ്ടായിരുന്നില്ല എന്ന വാദത്തിന്റെ വേരുകള്‍ സ്ത്രീയെ ജീവനോടെ കുഴിച്ചുമൂടിയ ജാഹിലിയ്യ കാലഘട്ടത്തിലാണ് തിരയേണ്ടത്.
ഇസ്‌ലാമിലെ ആദ്യത്തെ രക്തസാക്ഷിയായിരുന്നു സുമയ്യ(റ). ആദ്യത്തെയും രണ്ടാമത്തെയും അഖബ ഉടമ്പടികളില്‍ സ്ത്രീകള്‍ പങ്കെടുത്തിരുന്നു. ആളുകള്‍ക്ക് വെള്ളം കൊടുത്തും, അവരെ സേവിച്ചും, മരിച്ചവരെയും മുറിയേറ്റവരെയും മദീനയിലേക്ക് തിരിച്ചു കൊണ്ടുവന്നും തങ്ങള്‍ യുദ്ധത്തില്‍ പങ്കെടുത്തിരുന്നതായി റാബിഅ ബിന്‍ത് മുഅവ്വിദ് നിവേദനം ചെയ്യുന്നു. (ബുഖാരി) മാത്രമല്ല, നഗരത്തില്‍ ബിസിനസ്സ് നടത്തുന്നതിന്നായി, സഹാബി വനിതകള്‍ നാനാ ദിക്കിലും പോയിരുന്നതായി ഇസ്‌ലാമിക ചരിത്രത്തില്‍ നാം വായിക്കുന്നു.

ശിഫാ ബിന്‍ത് അബ്ദില്ല എന്ന വനിതയെ, മദീനാ മാര്‍ക്കറ്റിന്‍ മേല്‍നോട്ടം വഹിക്കുന്നതിന്ന് ഉമര്‍ ബ്‌നുല്‍ ഖത്താബ് നിയമിച്ചിരുന്നതായി അവരുടെ ജീവചരിത്രത്തില്‍ കാണാം. മാത്രമല്ല, പൊതു താല്‍പര്യ പ്രശ്‌നങ്ങളിലെ നിയമനിര്‍മാണ വേളകളില്‍, ഖലീഫമാരോടു പോലും മുസ്‌ലിം സ്ത്രീകള്‍ തങ്ങളുടെ അഭിപ്രായങ്ങള്‍ പ്രകടിപ്പിക്കുകയും ന്യായമായവ സ്വീകരിക്കപ്പെടുകയും ചെയ്തിരുന്നു. ഉമറി(റ)ന്റെ കാലത്ത് നടന്ന ഒരു സംഭവം ഉദാഹരണമാണ്. കരാര്‍, വ്യവസായം, സമ്പാദ്യം, ഉടമസ്തത എന്നീ കാര്യങ്ങളില്‍, സ്വതന്ത്രമായ തുല്യാവകാശം, ഇസ്‌ലാം സ്ത്രീക്ക് അനുവദിച്ചിട്ടുണ്ട്.

‘സ്വവസതികളിലൊതുങ്ങിക്കഴിയുക’ എന്ന വാക്യത്തിന്ന്, ആദ്യ കാല നൂറ്റാണ്ടിന്റെ വ്യാഖ്യാനം ഇങ്ങനെയായിരുന്നു. എങ്കില്‍ 1400 വര്‍ഷങ്ങള്‍ക്ക് ശേഷമുള്ള സ്ഥിതിയെന്തായിരിക്കും? ഇവിടെയാണ് സ്ത്രീ നമ്മുടെ സംഘടനകളുടെ അജണ്ടയാകാത്തതെന്ത്! അത് എത്ര അളവില്‍ വേണം! എന്തെല്ലാമായിരിക്കണം അവരുടെ അജണ്ടകള്‍ തുടങ്ങിയവയെ കുറിച്ചുള്ള ചര്‍ച്ച പ്രസക്തമാകുന്നത്.

 

Facebook Comments
Related Articles
Show More
Close
Close