Onlive Talk

സാലിഹിന്റെ കൊലപാതകവും; യമനിലെ പുതിയ സംഭവവികാസങ്ങളും

യമനിലെ യുദ്ധം ജയിക്കാനുള്ള ഏറ്റവും ഹ്രസ്വമായ മാര്‍ഗം മുന്‍ യമന്‍ പ്രസിഡന്റ് അലി അബ്ദുല്ല സാലിഹിനെ കൂടെ നിര്‍ത്തലും ഹൂഥികളുമായുള്ള അദ്ദേഹത്തിന്റെ സഖ്യം ഇല്ലാതാക്കലുമാണെന്നത് സൗദിയെ ബോധ്യപ്പെടുത്താന്‍ അവരുടെ സഖ്യകക്ഷിയായ യു.എ.ഇ കഴിഞ്ഞ മൂന്ന് വര്‍ഷമായി ശ്രമിക്കുന്നുണ്ടായിരുന്നു. എന്നാല്‍ എന്തൊക്കെ ശ്രങ്ങളുണ്ടായിട്ടും സൗദി ധിക്കാരത്തോടെ ഈ ആവശ്യം നിരാകരിക്കുകയായിരുന്നു. സാലിഹിനോട് പൊറുക്കാനും മറക്കാനും തയ്യാറല്ലെന്നതായിരുന്നു കാരണം. എന്നാല്‍ സൈനിക നീക്കത്തിലെ പ്രതീക്ഷ നഷ്ടപ്പെട്ടപ്പോള്‍ സാലിഹുമായി സന്ധിയിലാവാന്‍ സൗദി തയ്യാറാവുകയായിരുന്നു. അദ്ദേഹം ഹൂഥികളുമായുള്ള സഖ്യം ഉപേക്ഷിച്ച സാഹചര്യത്തിലായിരുന്നു അത്. അതിന്റെ സന്തോഷം 24 മണിക്കൂറിലധികം നീണ്ടു നിന്നില്ല, സാലിഹ് കൊല്ലപ്പെട്ടതോടെ ആ പദ്ധതികളെല്ലാം തകര്‍ന്നടിഞ്ഞിരിക്കുന്നു.

യുദ്ധത്തിന്റെ തുടക്കത്തില്‍ അലി അബ്ദുല്ല സാലിഹിന്റെ മകന്‍ അഹ്മദ് അലി അബ്ദുല്ലയെ പ്രത്യേക വിമാനത്തില്‍ യു.എ.ഇ മുഹമ്മദ് ബിന്‍ സല്‍മാനുമായി കൂടിക്കാഴ്ച്ച നടത്തുന്നതിന് അയച്ചിരുന്നു. മുഹമ്മദ് ബിന്‍ സല്‍മാന്‍ അന്ന് സൗദി കിരീടാവകാശിയുടെ കിരീടാവകാശിയായിരുന്നു. ഇരുവര്‍ക്കുമിടയില്‍ അടുപ്പമുണ്ടാകുമെന്ന പ്രതീക്ഷയോടെയായിരുന്നു ആ നീക്കം. ‘അല്‍മുഅ്തമ്മര്‍’ പാര്‍ട്ടിയെയും പ്രസിഡന്റ് സാലിഹിനെയും ഹൂഥികളില്‍ നിന്ന് അകറ്റുകയെന്ന ലക്ഷ്യവും അതിന് പിന്നിലുണ്ടായിരുന്നു. എന്നാല്‍ മുഹമ്മദ് ബിന്‍ സല്‍മാന്‍ വളരെ പരുഷമായാണ് തന്റെ അതിഥിയോട് പെരുമാറിയത്. മുഹമ്മദ് രാജകുമാര്‍ അദ്ദേഹത്തെ പരിശോധിക്കണമെന്ന് ശാഠ്യം പിടിച്ചതായി പറയപ്പെടുന്നു. അദ്ദേഹവും പിതാവും പലതരത്തിലും അവഹേളിച്ചതിനെ തുടര്‍ന്ന് കടുത്ത രോഷത്തോടെ അഹ്മദ് അലി സാലിഹ് അബൂദബിയിലേക്ക് മടങ്ങുകയായിരുന്നു. സൗദിയുടെ പിന്തുണയോടെ ആറ് തവണ ഹൂഥികളുമായി സാലിഹ് യുദ്ധത്തിലേര്‍പ്പെട്ടിട്ടുണ്ട്. അതിലൊന്ന് പോലും വിജയിച്ചിട്ടില്ലെന്നത് മറ്റൊരു വസ്തുതയാണ്. സൗദിയുടെ ഭാഗത്തു നിന്നുള്ള ഈ പെരുമാറ്റം ഹൂഥികളുമായി അടുക്കാന്‍ സാലിഹിന് പ്രചോദനമായി.

പ്രസിഡന്റ് സാലിഹിനും അറബ് സഖ്യത്തിനും ഇടയില്‍ ഈയടുത്ത നാളുകളിലുണ്ടായ അടുപ്പം എങ്ങനെ സാധിച്ചു എന്നത് നമുക്കറിയില്ല. അടച്ചിട്ട മുറിയിലെ രഹസ്യ കൂടിക്കാഴ്ച്ചകളില്‍ എന്തൊക്കെ ഉപാധികളാണ് വെച്ചിട്ടുള്ളതെന്നും വ്യക്തമല്ല. എന്നാല്‍ സാലിഹ് പ്രസ്തുത ഇടപാട് അംഗീകരിച്ചത് അര നൂറ്റാണ്ടോളം നീണ്ടുനിന്ന് അദ്ദേഹത്തിന്റെ രാഷ്ട്രീയ ജീവിതത്തിലെ ഏറ്റവും വലിയ ചൂതാട്ടമായിരുന്നുവെന്ന് നമുക്കറിയാം. ഒരൊറ്റ രാത്രി കൊണ്ട് പ്രതിയോഗികളും ശത്രുക്കളുമായി മാറിയവരുടെ കരങ്ങളാല്‍ അദ്ദേഹം കൊല്ലപ്പെട്ടതിന്റെ പ്രധാന കാരണങ്ങളില്‍ ഒന്ന് അതായിരുന്നു.

സാലിഹ് സൗദി സഖ്യത്തിന്റെ ഭാഗമായത് യമന്‍ യുദ്ധത്തിലെ ശാക്തിക സന്തുലനത്തില്‍ വലിയ മാറ്റങ്ങള്‍ വരുത്തുമായിരുന്നു. ഒരുപക്ഷേ സൗദി പക്ഷത്തിന് വലിയ മുന്‍തൂക്കം അതിലൂടെ ലഭിക്കുമായിരുന്നു. കാരണം വലിയ തന്ത്രശാലിയായിരുന്നു അദ്ദേഹം. അതുല്യമായ നേതൃപാടവത്തിന്റെ ഉടമയായിരുന്നു. യമനില്‍, ഒരുപക്ഷേ അറേബ്യന്‍ ഉപഭൂഖണ്ഡത്തില്‍ തന്നെ അതുല്യമായ വ്യക്തിപ്രഭാവത്തിന്റെ ഉടമയായ നേതാവായിരുന്നു അദ്ദേഹം. കഴിഞ്ഞ വര്‍ഷങ്ങളില്‍ തോക്ക് ഒരു തോളില്‍ നിന്ന് മറുതോളിലേക്ക് മാറ്റാനുള്ള തന്റെ താല്‍പര്യവും അദ്ദേഹം മറച്ചുവെച്ചില്ല. താനുമായി ചര്‍ച്ചകള്‍ നടത്താന്‍ സൗദികളോട് നിരവധി തവണ അദ്ദേഹം ആഹ്വാനം ചെയ്തു. എന്നാല്‍ അവയെല്ലാം അവഗണിക്കപ്പെടുകയായിരുന്നു. സൗദി തങ്ങളുടെ നിലപാട് മാറ്റിയപ്പോഴേക്കും ഏറെ വൈകിയിരുന്നു.

യമനിലെ ഭാവി സംഭവവികാസങ്ങള്‍ പ്രവചിക്കുക ഏറെ പ്രയാസകരമാണ്. നിരീക്ഷകരെ സംബന്ധിച്ചടത്തോളം മനസ്സിലാക്കാനും പ്രവചിക്കാനും ഏറെ പ്രയാസമുള്ള ഒരു അറബ് ഭൂമികയാണത്. യമനിലെ യുദ്ധം മൂന്ന് വര്‍ഷത്തോളം നീളുമെന്ന് ആരെങ്കിലും പ്രതീക്ഷിച്ചിരുന്നോ? സൗദി തങ്ങളുടെ നിലപാട് മാറ്റി കൊടിയ ശത്രുവായ സാലിഹുമായി സഖ്യത്തിലാവുമെന്ന് ആരാണ് കരുതിയിരുന്നത്? തങ്ങളുമായുള്ള സഖ്യം ഉപേക്ഷിച്ച് 24 മണിക്കൂറിനകം ഇത്രയെളുപ്പത്തില്‍ ഹൂഥികള്‍ അദ്ദേഹത്തെ വധിക്കുമെന്ന് ആരെങ്കിലും സങ്കല്‍പിച്ചിരുന്നോ? അദ്ദേഹത്തിന് ആവശ്യമായ സുരക്ഷയൊരുക്കുമെന്ന് കരാര്‍ വ്യവസ്ത ചെയ്തിരുന്നുവെന്നാണ് അതുമായി ബന്ധപ്പെട്ട വൃത്തങ്ങള്‍ അറിയിക്കുന്നത്. എന്നാല്‍ അദ്ദേഹത്തെ സുരക്ഷിതമായി തന്റെ നാടായ സന്‍ഹാനിലേക്ക് മാറ്റുന്നതില്‍ ‘നിര്‍ണായക കൊടുങ്കാറ്റ്’ ഓപറേഷനിലെ വിമാനങ്ങള്‍ പരാജയപ്പെടുമെന്ന് ആരെങ്കിലും വിചാരിച്ചിരുന്നോ?

പ്രസിഡന്റും സ്ഥാപകനുമായ അദ്ദേഹം കൊല്ലപ്പെട്ടതിന് ശേഷമുള്ള ‘അല്‍മുഅ്തമര്‍’ പാര്‍ട്ടിയുടെ ഭാവിയെ സംബന്ധിച്ചാണ് മറ്റൊരു ചോദ്യമുയരുന്നത്. ആരായിരിക്കും അതിന്റെ പുതിയ നേതൃത്വം? അദ്ദേഹത്തിന്റെ സഹോദര പുത്രന്‍ ജനറല്‍ താരിഖ് അബ്ദുല്ല സാലിഹായിരിക്കുമോ അത്? അതല്ല, നിലവില്‍ അബൂദബിയില്‍ കഴിയുന്ന അദ്ദേഹത്തിന്റെ മകന്‍ അഹ്മദ് അലി അബ്ദുല്ലയായിരിക്കുമോ? പാര്‍ട്ടിയുടെ അഖണ്ഡത കാത്തുസൂക്ഷിക്കാനും വേര്‍പെട്ട് അബ്ദുറബ്ബ് മന്‍സൂര്‍ ഹാദിക്കൊപ്പം ചേര്‍ന്നവരെ ചേര്‍ത്ത് പാര്‍ട്ടിയെ ശക്തിപ്പെടുത്താനും അദ്ദേഹത്തിന് സാധിക്കുമോ? അതല്ല, പുതിയ പിളര്‍പ്പുകള്‍ക്കാണോ അത് വഴിവെക്കുക?

ഇതിനൊന്നും കൃത്യമായ ഉത്തരം നമ്മുടെ പക്കലില്ല. കാരണം പാര്‍ട്ടിക്കും അതിലെ പ്രവര്‍ത്തകര്‍ക്കും നേതാക്കള്‍ക്കും കനത്ത ആഘാതമാണ് നേതാവിന്റെ മരണം ഏല്‍പിച്ചിരിക്കുന്നത്. ആ ഞെട്ടലില്‍ നിന്ന് അത്രയെളുപ്പത്തില്‍ മോചനം നേടി അടുത്ത കാല്‍വെപ്പ് നടത്താന്‍ അവര്‍ക്ക് സാധിക്കുകയില്ല.

സാലിഹിനെ കൊലപ്പെടുത്തിയതിലെ പ്രധാന വിജയി ഹൂഥികളുടെ ‘അന്‍സാറുല്ല’യാണെന്നതാണ് പ്രത്യക്ഷത്തിലുള്ള വിശ്വാസം. കാരണം അവരിലെ ബഹുഭൂരിപക്ഷം നേതാക്കളും തങ്ങളുടെ മുഖ്യ എതിരാളിയില്‍ നിന്ന് രക്ഷപ്പെട്ടിരിക്കുന്നുവെന്നും കളത്തില്‍ തങ്ങള്‍ മാത്രമായിരിക്കുന്നു  എന്നുമാണ് വിശ്വസിക്കുന്നത്. എന്നാല്‍ ഈ വീക്ഷണത്തെ അംഗീകരിക്കാന്‍ വരട്ടെ. കാരണം അകത്തും പുറത്തുമുള്ള അവരുടെ പ്രതിയോഗികള്‍ ശക്തരായി തന്നെ നിലകൊള്ളുകയാണ്. പ്രസിഡന്റ് സ്വാലിഹിന്റെ കൊല അവരുടെ ശത്രുത വര്‍ധിപ്പിക്കുകയല്ലാതെ കുറക്കുകയില്ല. അല്‍മുഅ്തമര്‍ പാര്‍ട്ടിയെ ചുറ്റിപ്പറ്റി പുതിയ ആഭ്യന്തര സഖ്യങ്ങള്‍ ഉണ്ടാവാനുള്ള സാധ്യതയും തള്ളിക്കളയാനാവില്ല. സൗദിയുടെയും യു.എ.ഇയുടെയും പിന്തുണയോടെ ഹൂതികളുടെ ‘അന്‍സാറുല്ല’ ഗ്രൂപ്പിനെതിരെ പുതിയൊരു സഖ്യം ഉണ്ടായേക്കാം. സാലിഹിന്റെ കൊലപാതകത്തിന്റെ ഏറ്റവും വലിയ ഗുണഭോക്താവ് ഇറാനാണെന്നതില്‍ നേരിയ സംശയം പോലുമില്ല.

പ്രസിഡന്റ് സാലിഹിനോട് ദൈവം കരുണ കാണിക്കട്ടെ. 2000 മേയ് മാസത്തില്‍ എന്നെ അരികിലിരുത്തി കാറോടിച്ചു പോകുമ്പോള്‍ അദ്ദേഹം പറഞ്ഞ ഒരു കാര്യമുണ്ട്. താന്‍ ബലപ്രയോഗത്തിലൂടെയാണ് അധികാരം കൈവശപ്പെടുത്തിയത്, അതുകൊണ്ടല്ലാതെ അതുപേക്ഷിക്കുകയുമില്ലെന്ന് തന്റെ തൊണ്ടക്ക് നേരെ ചൂണ്ടിക്കൊണ്ട് എന്നതാണത്. പലതരത്തിലുള്ള പ്രേരണകളുണ്ടായിട്ടും യമന്‍ വിട്ടുപോകാന്‍ അദ്ദേഹം തയ്യാറായില്ല. അതിന്റെ മണ്ണില്‍ ജീവിക്കുകയും ജനിക്കുകയും ചെയ്തു. തന്റെ ജീവിതത്തിന്റെ അവസാന നിമിഷം വരെ അദ്ദേഹം പോരാടി. ജീവിതത്തില്‍ പലരും അദ്ദേഹത്തോട് വിയോജിച്ചിട്ടുണ്ട്, പലരും അനുകൂലിക്കുകയും ചെയ്തിട്ടുണ്ട്.

വിവ: അബൂഅയാശ്

 

Facebook Comments
Related Articles
Show More

ഡോ. അബ്ദുല്‍ബാരി അത്വ്‌വാന്‍

1950-ല്‍ ഗസ്സയില്‍ ജനനം. പ്രാഥമിക വിദ്യാഭ്യാസത്തിന് ശേഷം ജോര്‍ദാനിലേക്കും അവിടെ നിന്ന് കൈറോവിലേക്കും പോയി. കൈറോ യൂനിവേഴ്‌സിറ്റിയില്‍ നിന്നും ജേര്‍ണലിസത്തില്‍ ബിരുദാനന്തര ബിരുദം നേടി. അവിടത്തെ അമേരിക്കന്‍ യൂനിവേഴ്‌സിറ്റിയില്‍ നിന്നും വിവര്‍ത്തനത്തില്‍ ഡിപ്ലോമ കരസ്ഥമാക്കി. ശേഷം ലിബിയയിലെ ബലാഗ് പത്രത്തിലും, സൗദിയിലെ മദീന പത്രത്തിലും പ്രവര്‍ത്തിച്ചു. 1978 മുതല്‍ ലണ്ടനില്‍ സ്ഥിരതാമസമാക്കി. ശര്‍ഖുല്‍ ഔസത്തില്‍ ജോലിചെയ്തു. 1989 മുതല്‍ ഖുദ്‌സുല്‍ അറബിയുടെ എഡിറ്ററും സ്ഥിരം എഴുത്തുകാരനുമായിരുന്നു. അമേരിക്കന്‍ വിരുദ്ധ നിലപാട് കാരണത്താല്‍ പ്രസിദ്ധമാണ് പ്രസ്തുത പത്രം. ബാഹ്യ സമ്മര്‍ദങ്ങളെ തുടര്‍ന്ന് 2013 ജൂലൈ 9-ന് എഡിറ്റോറിയല്‍ ലേഖനത്തിലൂടെ വായനക്കാരോട് അല്‍-ഖുദ്‌സ് പത്രത്തില്‍ നിന്നുള്ള തന്റെ രാജി തീരുമാനം അറിയിച്ചു. തുടര്‍ന്ന് 'റഅ്‌യുല്‍യൗം' പത്രത്തിന്റെ ചീഫ് എഡിറ്റര്‍ സ്ഥാനം ഏറ്റെടുത്തു.1996-ല്‍ ഉസാമ ബിന്‍ ലാദിനുമായി അദ്ദേഹത്തിന്റെ ഒളിത്താവളത്തില്‍ വെച്ച് അഭിമുഖം നടത്തുകയുണ്ടായി അദ്ദേഹം. അഫ്ഗാനിയുടെ വേഷത്തില്‍ പര്‍വത നിരകള്‍ താണ്ടിയാണ് അദ്ദേഹം അഭിമുഖം നേടിയെടുത്തത്. ഇദ്ദേഹത്തന്റെ ലേഖനങ്ങളും, അഭിമുഖങ്ങളും ലോകരാഷ്ട്രീയ വൃത്തങ്ങളില്‍ വളരെയധികം വിവാദങ്ങളും ചര്‍ച്ചകളും സൃഷ്ടിച്ചിട്ടുണ്ട്. അറബ് വിദേശ ചാനലുകളില്‍ സ്ഥിരസാന്നിധ്യമാണ് അദ്ദേഹം. അവസാനമായി ബിന്‍ ലാദിനെ കണ്ട പത്രപ്രവര്‍ത്തകനാണദ്ദേഹം. പ്രസ്തുത അഭിമുഖം 'താരീഖുസ്സിര്‍റി' എന്ന പേരില്‍ ഗ്രന്ഥ രൂപത്തില്‍ പ്രസിദ്ധീകരിക്കപ്പെട്ടിട്ടുണ്ട്.
Close
Close