Onlive Talk

വീല്‍ ചെയറിലിരുന്ന് ഗസ്സയെ നിര്‍മിക്കുന്നവര്‍

ഇരുപതഞ്ചുകാരനായ അഹ്മദ് അല്‍സവാഫിരി തന്റെ ചെറിയ അപ്പാര്‍ട്ട്‌മെന്റിനുള്ളിലൂടെ വേഗത്തിലാണെങ്കിലും സൂക്ഷ്മതയോടെ ചലിച്ചു കൊണ്ടിരുന്നു. ഒരു ദിവസത്തേക്കായുള്ള ഒരുക്കങ്ങള്‍ പൂര്‍ത്തിയാവുന്ന മുറക്ക് അദ്ദേഹം വീല്‍ചെയര്‍ തിരിക്കുന്ന കൈകൊണ്ട് തന്നെ ചായപാത്രം അടുപ്പത്ത് വെക്കും. നാലു വയസ്സുകാരി ജാനയോടും പത്തു മാസം പ്രായമുള്ള മുഅ്തസിമിനോടും യാത്രപറഞ്ഞിറങ്ങാന്‍ സമയമായിരിക്കുന്നു. കാരണം അദ്ദേഹത്തിന് സൈയ്ത്തൂല്‍ സ്ഥിതി ചെയ്യുന്ന സഫാദ് സ്‌കൂളിലേക്ക് പോകേണ്ടതുണ്ട്. കഴിഞ്ഞ വര്‍ഷം ഇസ്രായേല്‍ നടത്തിയ വ്യോമാക്രമണത്തില്‍ കല്‍ക്കൂമ്പാരമായി മാറിക്കഴിഞ്ഞ ശുജാഇയ്യക്കടുത്താണ് സെയ്ത്തൂന്‍. കഴിവിന്റെ പരമാവധി മാനുഷികമായ പരാശ്രയത്വത്തില്‍ നിന്നും സ്വതന്ത്രമാകണം എന്ന് തീരുമാനിച്ചുറച്ചും, തന്റെ അംഗവൈകല്ല്യമല്ല മറിച്ച് തന്റെ തന്നെ മനകരുത്തും ഉറച്ച തീരുമാനങ്ങളുമാണ് തന്റെ ഭാവിയെ നിര്‍ണയിക്കുക എന്ന നിശ്ചദാര്‍ഢ്യത്തോടെയുമാണ് സ്‌കൂള്‍ ലക്ഷ്യമാക്കി സവാഫിരി ഒറ്റകൈ കൊണ്ട് വീല്‍ചെയര്‍ ഉരുട്ടി സ്‌കൂള്‍ ലക്ഷ്യമാക്കി നീങ്ങിക്കൊണ്ടിരിക്കുന്നത്.

ഗ്രാമവീഥിയിലൂടെയുള്ള സഞ്ചാരത്തിനിടെ കഴിഞ്ഞ വര്‍ഷം നിമിഷാര്‍ധ നേരം കൊണ്ട് തന്റെ ജീവിതം മാറിമറിഞ്ഞതെങ്ങനെയെന്ന് അദ്ദേഹം ഓര്‍ത്തെടുത്തു. പരീക്ഷക്ക് പഠിക്കുന്നതിന് വേണ്ടി വീട്ടില്‍ നിന്നും പുറത്തിറങ്ങിയതായിരുന്നു. അടുത്ത നിമിഷം ഇസ്രായേലിന്റെ ഒരു മിസൈല്‍ വീടന് മേല്‍ വന്നു വീണു. ബോധം തിരിച്ചു കിട്ടിയപ്പോള്‍ രണ്ടു കാലുകളും ഒരു കൈയ്യും ശരീരത്തില്‍ നിന്നും വേര്‍പ്പെട്ടു കഴിഞ്ഞതായാണ് കാണാന്‍ കഴിഞ്ഞത്. അന്നു മുതല്‍ ജീവിതം വീല്‍ചെയറില്‍ കറങ്ങിത്തുടങ്ങി.

അവശേഷിച്ച വലതു കൈയ്യില്‍ ഇനി  ബാക്കിയുള്ളത് കുറച്ച് വിരലുകള്‍ മാത്രമാണ്. ക്ലാസ്‌റൂമില്‍ തന്റെ വിദ്യാര്‍ത്ഥികള്‍ക്ക കുറിപ്പുകള്‍ കുറിച്ചുകൊടുക്കാന്‍ ബോര്‍ഡില്‍ എഴുതേണ്ടി വരുമ്പോഴൊക്കെ ആ വിരലുകള്‍ കൊണ്ടാണ് അദ്ദേഹം ചോക്ക് പിടിക്കുക. ‘ഇസ്‌ലാമിക മൂല്യങ്ങള്‍, അയല്‍വാസികളുടെയും മറ്റെല്ലാവരുടെയും അവകാശങ്ങളെ ബഹുമാനിക്കുക എന്നീ കാര്യങ്ങളെകുറിച്ചാണ് ഇന്നത്തെ പഠനം,’ ക്ലാസിന് ആരംഭം കുറിച്ചു കൊണ്ട് കുട്ടികളോടദ്ദേഹം പറഞ്ഞു. മറ്റു അധ്യാപകരില്‍ നിന്നും വ്യത്യസ്തമായി അദ്ദേഹത്തിന്റെ വാക്കുകള്‍ക്ക് അസാമാന്യ കരുത്തുണ്ടായിരുന്നു. അവയുടെ മുഴക്കത്തില്‍ നിന്നും ഒരു തരം ഊര്‍ജ്ജം ആ മുറിയാകെ പരന്നു. കുട്ടികള്‍ ശ്രദ്ധയോടെ എല്ലാം കേട്ടിരുന്നു. പോരാട്ടവീഥിയുടെ അടിയുറച്ച് നില്‍ക്കുന്നതിനെയും അതിജീവനത്തിന്റെയും അനുഭവപാഠങ്ങള്‍ അദ്ദേഹം കൂട്ടികള്‍ പകര്‍ന്നു കൊടുത്തു.

‘ഇസ്രായേല്‍ അധിനിവേശ സേനക്ക് എന്റെ ശരീരത്തിലെ വലിയൊരു ഭാഗം തന്നെ നശിപ്പിക്കാന്‍ സാധിച്ചിട്ടുണ്ടായിരിക്കാം. പക്ഷെ ഉയിര്‍ത്തെഴുന്നേല്‍ക്കാനുള്ള എന്റെ നിശ്ചയദാര്‍ഢ്യത്തെയും മനകരുത്തിനെയും, ഇസ്‌ലാമിക പഠനങ്ങള്‍ തുടര്‍ന്ന് കൊണ്ടുപോകാനും, ബിരുദം നേടാനുമുള്ള എന്റെ തീരുമാനത്തെയും ഇല്ലാതാക്കാന്‍ അവര്‍ക്ക് കഴിയില്ല. ഇന്ന് ഞാന്‍ എന്റെ ജീവിതം പൂര്‍ണാര്‍ത്ഥത്തില്‍ തന്നെ ജീവിച്ചു കൊണ്ടിരിക്കുകയാണ്. ആര്‍ക്കും എന്നെ തടയാന്‍ കഴിയില്ല. തകര്‍ന്നടിഞ്ഞതിന്റെ അവശിഷ്ടങ്ങള്‍ക്കിടയില്‍ നിന്നു കൊണ്ടാണ് ഞാന്‍ കുട്ടികളെ പഠിപ്പിക്കുന്നത്. ഞങ്ങള്‍ ഉയിര്‍ത്തെഴെന്നേല്‍ക്കും. ചെറുത്ത് നില്‍ക്കുക തന്നെ ചെയ്യും.’ സവാഫിരി വ്യക്തമാക്കി.

ജൂണില്‍ കഴിയാനിരിക്കുന്ന സര്‍വകലാശാല അവസാന വര്‍ഷ പരീക്ഷക്ക് ശേഷം ഇസ്‌ലാമിക് സ്റ്റ്ഡീസില്‍ ബിരുദമെടുക്കാനുള്ള തയ്യാറെടുപ്പിലാണ് സവാഫിരി. ഒരു പുതിയ തലമുറക്ക് വിദ്യപകര്‍ന്നു നല്‍കി വിജയകരമായി അവരെ വാര്‍ത്തെടുക്കാന്‍ തന്നെയാണ് അദ്ദേഹത്തിന്റെ തീരുമാനം. അതിനായി വൈകല്ല്യങ്ങളെയെല്ലാം മറന്ന് തനിക്ക് ദൈവംതമ്പുരാന്‍ നല്‍കിയ കഴിവുകളില്‍ ശ്രദ്ധകേന്ദ്രീകരിച്ചിരിക്കുകയാണ് അദ്ദേഹം. അതു തന്നെയാണ് സവാഫിരിയുടെ വിജയവും പൈതൃകവും.

‘ഞാന്‍ ഒരിക്കല്‍ വിദ്യാര്‍ത്ഥിയായിരുന്ന് പഠിച്ച അതേ ക്ലാസ്മുറിയില്‍ തന്നെ വീണ്ടും എത്തിപ്പെടുക എന്നത് അസാധാരണമായ ഒരു അനുഭവം തന്നെയാണ്. മുമ്പ് എന്റെ അധ്യാപകരായിരുന്നവര്‍ ഇന്ന് എന്റെ സഹപ്രവര്‍ത്തകരാണ്.’ വിദ്യാര്‍ത്ഥികള്‍ ഇരിക്കുന്ന ബെഞ്ചിനടുത്തേക്ക് സവാഫിരി നീങ്ങി. പതിനേഴ് വര്‍ഷങ്ങള്‍ക്ക് ഇന്ന് കുട്ടികള്‍ ഇരിക്കുന്ന അതേ സ്ഥാനത്ത് ഒരു അധ്യാപകനായി തീരുന്നതും സ്വപ്‌നം താന്‍ എങ്ങനെയാണ് ഇരുന്നതെന്ന് അദ്ദേഹം വിശദീകരിച്ച് തന്നു. ‘വൈകല്യങ്ങള്‍ ഒരുപാടുള്ള ഈ ശരീരം വെച്ച് ഒരു അധ്യാപകനായി തീരുന്നമെന്ന് ഞാന്‍ ഒരിക്കലും കരുതിയില്ല. ഇപ്പോള്‍ എന്റെ സ്വപ്‌നം സാക്ഷാത്കരിക്കപ്പെട്ടിരിക്കുകയാണ്. ഒന്നിനും എന്നെ തടയാന്‍ കഴിഞ്ഞില്ല. ഒന്നും തന്നെ ഞങ്ങളെ തടയില്ല കാരണം അധിനിവേശം അവസാനിക്കുക തന്നെ ചെയ്യും,’ അദ്ദേഹം ഫുട്ബാള്‍ ഗ്രൗണ്ടിലേക്ക് നീങ്ങി. അവശേഷിക്കുന്ന ആ ഒരു കൈ ഉപയോഗിച്ച് കുട്ടികളോടൊപ്പം ഫുട്ബാള്‍ കളിക്കുകയാണ് അടുത്ത പരിപാടി.

മുഖത്ത് എപ്പോഴും കാത്തുസൂക്ഷിക്കുന്ന ആ തിളക്കമാര്‍ന്ന പുഞ്ചിരിയും, വൃത്തിയായി വെട്ടിയൊതുക്കിയ താടിയും അദ്ദേഹത്തിലേക്ക് എല്ലാ വിദ്യാര്‍ത്ഥികളുടെയും ശ്രദ്ധ തിരിച്ചു വിട്ടു. കുട്ടികള്‍ അദ്ദേഹത്തിനടുത്തേത്ത് വന്ന് സലാം പറഞ്ഞു പോകുന്നുണ്ട്. സ്‌കൂള്‍ കാലത്തെ കുറിച്ചുള്ള മധുരതരമാര്‍ന്ന ഓര്‍മകളാണ് സവാഫിരിയുടെ മനസ്സ് നിറയെ. പഠിച്ചിരുന്ന കാലത്ത് കൂട്ടുകാരോടൊത്ത് ഫുട്ബാള്‍ കളിച്ചിരുന്നത് അദ്ദേഹം ഓര്‍ത്തെടുത്തു. ഇപ്പോഴും അദ്ദേഹം തന്റെ കുട്ടികളോടൊപ്പം ഫുട്ബാള്‍ കളിച്ചു കൊണ്ടിരിക്കുന്നു.

‘മിസ്റ്റര്‍ അഹ്മദ്, താങ്കളെ പോലെ ഒരാളെ അധ്യാപകനായി ലഭിച്ചതില്‍ ഞാന്‍ അഭിമാനിക്കുന്നു. താങ്കളെ പോലെ ആയിത്തീരാനാണ് എന്റെ ആഗ്രഹം.’ എട്ടു വയസ്സുകാരന്‍ അംജദ് താഫിഷ് അഭിമാനത്തോടെ പറഞ്ഞു. തന്റെ ഗുരുനാഥന്‍ ഇത്രയൊക്കെ പ്രയാസങ്ങളും വേദനയും സഹിച്ചിട്ടും ഇപ്പോഴും കരുത്തന്‍ തന്നെയാണെന്ന് അവന്‍ കൂട്ടിച്ചേര്‍ത്തു. വീല്‍ചെയറില്‍ ബന്ധിക്കപ്പെട്ട സവാഫിരിക്ക് തന്റെ അധ്യാപവൃത്തി ഒരേ സമയം അഭിമാനകരവും സന്തോഷദായകവുമാണ്. വിദ്യ നേടുന്നതിനോട് ആദരവ് ഉണ്ടായിരുക്കുന്നതിനോടൊപ്പം തന്നെ സ്വന്തം ദേശത്തോട് ദിനംപ്രതിയെന്നോണം വര്‍ധിച്ചു കൊണ്ടിരിക്കുന്ന സ്‌നേഹം കാത്തുസൂക്ഷിക്കണമെന്നാണ് തന്റെ വിദ്യാര്‍ത്ഥികള്‍ക്ക് അദ്ദേഹത്തിന് നല്‍കാനുള്ള മുഖ്യ സന്ദേശം.

സ്‌കൂളിലെ അധ്യാപനവൃത്തി ജീവിക്കാന്‍ ആവശ്യമായ വരുമാനമൊന്നും നേടിതരില്ലെന്ന് സവാഫിരിക്ക് നല്ല ബോധ്യമുണ്ട് -ഗസ്സയിലെ ആയിരക്കണക്കിന് വരുന്ന അധ്യാപകര്‍ക്ക് സാമ്പത്തിക പരാധീനതകള്‍ കാരണം സര്‍ക്കാര്‍ വല്ലപ്പോഴും മാത്രമാണ് ശമ്പളം നല്‍കുന്നത്- പക്ഷെ സമരവീഥിയില്‍ അടിയുറച്ച് നിന്ന് പോരാടാന്‍ തന്നെയാണ് അദ്ദേഹത്തിന്റെ തീരുമാനം. കാരണം മൂല്യങ്ങളെയും ധാര്‍മികതത്വങ്ങളെയും കുറിച്ചുള്ള അനശ്വര സന്ദേശങ്ങള്‍ കുട്ടികള്‍ക്ക് പകര്‍ന്നു നല്‍കി ആര്‍ജ്ജവമുള്ള ഒരു തലമുറയെ വളര്‍ത്തിയെടുക്കുകയാണ് സവാഫിരിയെ സംബന്ധിച്ചേടത്തോളം ഏറ്റവും പ്രധാനം.

ഇസ്രായേലിന്റെ കിരാത നടപടികളുടെ അനന്തരഫലമായി അംഗവൈകല്യങ്ങള്‍ സംഭവിച്ച ആയിരക്കണക്കിന് വരുന്ന ഫലസ്തീനികളില്‍ ഒരാള്‍ മാത്രമാണ് സവാഫിരി. ഗസ്സക്ക് മേല്‍ ഇസ്രായേല്‍ എല്ലാവിധത്തിലുള്ള ഉപരോധങ്ങളും ഏര്‍പ്പെടുത്തിയതിനാല്‍ ആര്‍ക്കും തന്നെ മതിയായ ചികിത്സ ലഭിക്കുന്നില്ല. പക്ഷെ ഇതു കൊണ്ടൊന്നും എല്ലാം അവസാനിക്കാന്‍ പോകുന്നില്ലെന്നാണ് സവാഫിരിയുടെ പക്ഷം. ‘ജീവിതത്തെ മറന്ന് നിരാശക്ക് അടിമപ്പെടരുതെന്നാണ് അംഗവൈകല്യങ്ങള്‍ സംഭവിച്ച എല്ലാവര്‍ക്കുമുള്ള എന്റെ സന്ദേശം. നിരാശപ്പെടുന്നവര്‍ക്ക് ജീവിതമില്ല. ജീവിതത്തില്‍ ഒരിക്കലും നിരാശക്ക് ഇടം അനുവദിക്കരുത്.’

സവാഫിരി ഗ്രൗണ്ടിലൂടെ ഫുട്ബാളുമായി കുതിച്ചു കൊണ്ടിരുന്നു. കുട്ടികള്‍ അദ്ദേഹത്തിന്റെ പിറകെ തന്നെയുണ്ടായിരുന്നു. ഒന്നിനും തളര്‍ത്താന്‍ കഴിയാത്ത മനശക്തിയുമായി അദ്ദേഹം കളിക്കളത്തില്‍ തുടര്‍ന്നു. സവാഫിരിയുടെ ജീവിതം വീല്‍ചെയറില്‍ അവസാനിക്കുന്നില്ല. ഓരോ അന്ത്യത്തിലും ഒരു പുതിയ തുടക്കമുണ്ടെന്ന തത്വത്തില്‍ അടിയുറച്ച് നിന്നു കൊണ്ടാണ് സവാഫിരി ജീവിതം മുന്നോട്ട് കൊണ്ടു പോകുന്നത്. പ്രത്യാശയും കരുത്തും സ്ഫുരിക്കുന്ന വാക്കുകളിലൂടെ അടുത്ത തലമുറക്ക് അദ്ദേഹം കൈമാറുന്ന സന്ദേശങ്ങള്‍ ഒരിക്കലും വെറുതെയാവില്ലെന്ന് ആ വിദ്യാര്‍ത്ഥികളുടെ ഉറ്റുനോക്കുന്ന കണ്ണുകളിലെ തിളക്കത്തില്‍ നിന്നും നമുക്ക് വ്യക്തമാവും. സവാഫിരിമാരില്‍ നിന്നാണ് ഗസ്സക്കാര്‍ വെച്ചുപുലര്‍ത്തുന്ന പ്രതീക്ഷയും അഭിമാനവും ഉറവെടുക്കുന്നത്.

മൊഴിമാറ്റം: ഇര്‍ഷാദ് കാളാച്ചാല്‍

Facebook Comments
Related Articles
Show More

Check Also

Close
Close
Close