Onlive Talk

വിവാദങ്ങള്‍ക്ക് വഴിയൊരുക്കിയ തുറാബി ചിന്തകള്‍

ഈ ലോകത്തോട് വിടപറഞ്ഞ ഡോ. ഹസന്‍ അബ്ദുല്ല അത്തുറാബിയുടെ പ്രവര്‍ത്തനങ്ങള്‍ ഇസ്‌ലാമിക രാഷ്ട്രീയ പ്രസ്ഥാനങ്ങളുടെ ചരിത്രത്തിലെ ഒരു ഏടായി മാറിയിരിക്കുകയാണ്. എന്നാല്‍ അദ്ദേഹത്തിന്റെ മതപരമായ കാഴ്ച്ചപാടുകളും ചിന്തകളും ഇനിയും ദീര്‍ഘകാലം ചര്‍ച്ചാവിഷയമായി നിലനില്‍ക്കുക തന്നെ ചെയ്യും.

പലവിഷയങ്ങളിലുമുള്ള തന്റെ ഇജ്തിഹാദിപരമായ കര്‍മശാസ്ത്ര നിലപാടുകള്‍ ഉറക്കെ പറയാന്‍ തുറാബി മടികാണിച്ചില്ല. നമസ്‌കാരത്തില്‍ സ്ത്രീയുടെ ഇമാമത്ത്, വേദക്കാരനുമായുള്ള മുസ്‌ലിം സ്ത്രീയുടെ വിവാഹം, ഹിജാബ്, അനന്തരാവകാശം തുടങ്ങിയവയിലുള്ള അദ്ദേഹത്തിന്റെ അഭിപ്രായ പ്രകടനങ്ങള്‍ കടുത്ത വിമര്‍ശനങ്ങള്‍ക്ക് കാരണമായിട്ടുണ്ട്. അതിന്റെ പേരില്‍ വധഭീഷണി വരെ ഉണ്ടായി.

ബുദ്ധിക്കും ബാഹ്യാര്‍ഥത്തിനും പ്രാധാന്യം കല്‍പിച്ചു കൊണ്ടുള്ള അദ്ദേഹത്തിന്റെ താരതമ്യ രീതി ഇസ്‌ലാമിക പാരമ്പര്യത്തില്‍ സര്‍വാംഗീകൃകമായ പല കാര്യങ്ങള്‍ക്കും വിരുദ്ധമാവുകയും ചെയ്തു. അന്ത്യദിനത്തിന്റെ അടയാളങ്ങള്‍, ഖബ്‌റിലെ ശിക്ഷ, ഈസാ നബിയുടെ ഉയിര്‍ത്തെഴുന്നേല്‍പ്പ്, മതവും കലയുമായുള്ള ബന്ധം തുടങ്ങിയവ അതില്‍ ശ്രദ്ധേയമാണ്.

ഇസ്‌ലാമിക കര്‍മശാസ്ത്രത്തിലെ നവോത്ഥാന നായകനായി തുറാബിയെ കണക്കാക്കുന്നുണ്ട്. അദ്ദേഹം കൈവരിച്ച സമ്പൂര്‍ണ കര്‍മശാസ്ത്രത്തിന്റെയും നിയമത്തിലെ പ്രാവീണ്യത്തിന്റെയും അടിസ്ഥാനത്തിലുള്ളതായിരുന്നു അദ്ദേഹത്തിന്റെ അഭിപ്രായങ്ങള്‍. കര്‍മശാസ്ത്ര നിദാന ശാസ്ത്രത്തില്‍ അദ്ദേഹത്തിന് പരിപൂര്‍ണമായ ഒരു കാഴ്ച്ചപാടുണ്ടായിരുന്നു എന്നാണ് അദ്ദേഹവുമായി അടുത്ത ബന്ധമുള്ള ഗവേഷകന്‍ മഹ്ബൂബ് അബ്ദുസ്സലാം രേഖപ്പെടുത്തുന്നത്. അതിലുള്ള അദ്ദേഹത്തിന്റെ കാഴ്ച്ചപാടുകളും ചിന്തകളും ലോകത്തിന് സമര്‍പിക്കുകയും ചെയ്തു. ഖദായാ അല്‍വഹ്ദത്തു വല്‍ഹുര്‍റിയ (1980), തജ്ദീദു ഉസൂലുല്‍ ഫിഖ്ഹ് (1981), തജ്ദീദുല്‍ ഫിക്‌റുല്‍ ഇസ്‌ലാമി (1982), അല്‍അശ്കാലുല്‍ നാളിമതു ലിദൗലത്തിന്‍ ഇസ്‌ലാമിയത്തിന്‍ മുആസ്വറഃ (1982), തജദീദുദ്ദീന്‍ (1984), മന്‍ഹജുത്തശ്‌രീഅ് (1987) തുടങ്ങിയവ അതില്‍ പെട്ടതാണ്.

വിവാദ ഫത്‌വകള്‍
തുറാബ് ഏറ്റവുമധികം വിമര്‍ശിക്കപ്പെട്ടത് അദ്ദേഹത്തിന്റെ സ്ത്രീയുടെ ഇമാമത്ത് സംബന്ധിച്ച കര്‍മശാസ്ത്ര അഭിപ്രായത്തിന്റെ പേരിലായിരിക്കാം. പുരുഷന്‍മാര്‍ പങ്കെടുക്കുന്ന നമസ്‌കാരത്തിന് സ്ത്രീക്ക് നേതൃത്വം നല്‍കാവുന്നതാണ് എന്ന അദ്ദേഹത്തിന്റെ അഭിപ്രായത്തിനെതിരെ അതിരൂക്ഷമായ വിമര്‍ശനം ഉണ്ടായി, പ്രത്യേകിച്ചും സലഫി ചിന്താധാരകളില്‍ നിന്നും. അതിന് തെളിവായി അദ്ദേഹം നിരത്തുന്നത് ഉമ്മു വറഖയുടെ ഹദീഥാണ്. ഉമ്മുവറഖയെ സന്ദര്‍ശിച്ച നബി(സ) വീട്ടുകാരെ കൂട്ടി നമസ്‌കാരത്തിന് നേതൃത്വം നല്‍കാന്‍ അവരോട് കല്‍പിച്ചു എന്നതാണ് ഹദീഥ്. ഈ ഹദീസില്‍ ഉപയോഗിച്ച ‘ദാറ്’ വീട് എന്നര്‍ഥമുള്ള ‘മസ്‌കന്‍’ അല്ലെന്നാണ് തുറാബി പറയുന്നത്. മറിച്ച് ബാങ്ക് വിളി കേള്‍ക്കുന്ന പ്രദേശമാണ് അതുകൊണ്ടുദ്ദേശ്യം എന്നദ്ദേഹം പറയുന്നു.

വലിയ വിവാദങ്ങള്‍ക്ക് കാരണമായ അദ്ദേഹത്തിന്റെ മറ്റൊരു ഫത്‌വയാണ് മുസ്‌ലിം സ്ത്രീക്ക് വേദക്കാരനെ വിവാഹം ചെയ്യാമെന്നുള്ളത്. ‘നിങ്ങള്‍ ബഹുദൈവവിശ്വാസിനികളെ ഒരിക്കലും വിവാഹം ചെയ്യരുത്, അവര്‍ വിശ്വസിക്കുന്നത് വരെ.’ (അല്‍ബഖറ: 221) എന്നതു പോലെ ‘വേദക്കാരെ’ കുറിച്ച് പറഞ്ഞിട്ടില്ലെന്നാണ് അദ്ദേഹത്തിന്റെ വാദം. മുസ്‌ലിം ലോകത്തെ ഇമാമുമാരുടെയും പണ്ഡിതന്‍മാരുടെയും അംഗീകൃത നിലപാടിന് തീര്‍ത്തും വിരുദ്ധമായ അഭിപ്രായമാണത്.

എന്നാല്‍ വേദക്കാരുമായുള്ള മുസ്‌ലിം സ്ത്രീയുടെ വിവാഹത്തിലുള്ള അദ്ദേഹത്തിന്റെ ഫത്‌വ പുതുതായി ഇസ്‌ലാമിലേക്ക് കടന്നു വന്ന ഒരു അമേരിക്കന്‍ വനിതയുടെ ചോദ്യത്തിനുള്ള മറുപടിയായി നല്‍കിയതാണെന്നാണ് മഹ്ബൂബ് അബ്ദുസ്സലാം പറയുന്നത്. ഭര്‍ത്താവിനെ കൂടാതെ ഇസ്‌ലാമിലേക്ക് കടന്നു വന്നതായിരുന്ന ആ സ്ത്രീ. 1980ല്‍ മിഷിഗണിലെ ലാന്‍സന്‍ നഗരത്തില്‍ കുടുംബത്തെ കുറിച്ച് നടന്ന സമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. അതില്‍ തുറാബി ഖണ്ഡിതമായ അഭിപ്രായ പ്രകടനം നടത്തിയിട്ടില്ല. മറിച്ച് വിവിധ കര്‍മശാസ്ത്ര വശങ്ങള്‍ സമര്‍പിക്കുകയാണ് ചെയ്തത്. പുതിയ സമൂഹവുമായി ബന്ധപ്പെട്ട വിഷയങ്ങളില്‍ സ്വതന്ത്രമായി ചിന്തിക്കാനും ആ വനിതയോട് അദ്ദേഹം ആവശ്യപ്പെട്ടു. അതിന് പിതാക്കന്‍മാരിലൂടെ പരമ്പരാഗതമായി ഇസ്‌ലാമിനെ സ്വീകരിച്ചിട്ടുള്ള സമൂഹങ്ങളെയല്ല, ഇസ്‌ലാമിലേക്ക് കടന്നു വന്നിട്ടുള്ള ഒന്നാമത്തെ ഇസ്‌ലാമിക സമൂഹത്തെയാണ് അവലംബമാക്കേണ്ടതെന്നും അദ്ദേഹം പറഞ്ഞു.

യൂറോപ്യന്‍ ഇസ്‌ലാമിക കൗണ്‍സില്‍ 2003ല്‍ തുറാബിയുടെ ഇജ്തിഹാദിനെ അംഗീകരിക്കുകയും രണ്ട് പതിറ്റാണ്ട് മുമ്പ് അക്കാര്യം പറഞ്ഞ തുറാബിക്ക് ആദരവും അംഗീകാരവും നല്‍കുന്നതിന് അതിന് അനുബന്ധം കുറിക്കാന്‍ ശൈഖ് യൂസുഫുല്‍ ഖറദാവിയോട് ആവശ്യപ്പെടുകയും ചെയ്തു. പിന്നീട് ഇബ്‌നുല്‍ ഖയ്യിം ജൗസിയുടെ ‘ഇഅ്‌ലാമുല്‍ മുവഖിഈനില്‍’ അത് കാണപ്പെട്ടിട്ടുണ്ടെന്നുമാണ് അബ്ദുസ്സലാം വിവരിക്കുന്നത്.

സ്ത്രീയുടെ സാക്ഷ്യം പുരുഷന്റേതിന് തുല്യമാണെന്ന അഭിപ്രായമാണ് തുറാബിയുടെ വിവാദമായ മറ്റൊരു ഫത്‌വ. പ്രവാചകന്‍(സ)യുടെ കാലത്തെ സവിശേഷ സാഹചര്യത്തെ പരിഗണിച്ചു കൊണ്ടുള്ളതാണ് അതില്‍ അവതരിപ്പിക്കപ്പെട്ടിട്ടുള്ള ഖുര്‍ആന്‍ സൂക്തം എന്നാണദ്ദേഹം പറയുന്നത്. അക്കാലത്ത് സ്ത്രീക്ക് കച്ചവടത്തിലും സാമ്പത്തിക ഇടപാടുകളിലും പരിചയമുണ്ടായിരുന്നില്ല എന്നാണ് അദ്ദേഹത്തിന്റെ വാദം.

വിവ: നസീഫ്

Facebook Comments
Related Articles
Show More
Close
Close