Onlive Talk

റിപ്പബ്ലിക്ക് ദിനത്തിന് ആദരാഞ്ജലികള്‍

ഇത്തവണ ഞാന്‍ റിപ്പബ്ലിക്ക് ദിനം ആഘോഷിച്ചില്ല. ഒരു തരി സന്തോഷം പോലും ആ ദിവസം എനിക്ക് തോന്നിയില്ല. എനിക്ക് പ്രത്യേകിച്ചൊന്നും തന്നെ അനുഭവപ്പെട്ടില്ല. ഈ ദിനത്തെ അടയാളപ്പെടുത്തി കൊണ്ട് വിവിധ് ഭാരതിയില്‍ ബോളിവുഡിലെ ദേശഭക്തിഗാനങ്ങള്‍ മുഴങ്ങി കേട്ടെങ്കിലും അവയ്ക്ക് എന്നെ ഒന്ന് ഉണര്‍ത്താന്‍ പോലും കഴിഞ്ഞില്ല. ആ പാട്ടുകളൊക്കെ തന്നെ ഒരു വരി പോലും വിടാതെ ഞാന്‍ പാടിയിരുന്ന ഒരു കാലമുണ്ടായിരുന്നു. ഞാനവയെ അത്രമേല്‍ ഇഷ്ടപ്പെട്ടിരുന്നു. ഈ സമയമാവുമ്പോള്‍ ഇന്ത്യയിലെത്താറുള്ള അമേരിക്കയില്‍ സ്ഥിര താമസമാക്കിയ ഒരു സുഹൃത്തിനെ ഞാന്‍ ഓര്‍ക്കുന്നു. രാജ്പഥിലെ റിപ്പബ്ലിക്ക് ദിന പരേഡ് കാണുക അവളുടെ വലിയ സ്വപ്‌നമായിരുന്നു. ഇന്ത്യയിലുണ്ടാകുമ്പോള്‍ നേരിട്ടും, അമേരിക്കയിലാവുമ്പോള്‍ ടെലിവിഷനില്‍ ലൈവായും കാണുക അവളെ സംബന്ധിച്ചിടത്തോളം വലിയ കാര്യമായിരുന്നു. ഒരിക്കല്‍ ഒരു മാധ്യമസുഹൃത്തിന്റെ സഹായത്താല്‍ അവള്‍ക്കും എനിക്കുമുള്ള പരേഡ് കാണാനുള്ള രണ്ട് പാസുകള്‍ ഞാന്‍ ഒപ്പിച്ചെടുത്തു. നമ്മുടെ യുവ സൈനികര്‍ ചടുലമായ താളത്തോടെ ഞങ്ങളെ കടന്ന് പോയ്‌ക്കൊണ്ടിരുന്നു. അവരുടെ നിശ്ചയദാര്‍ഢ്യവും, ലക്ഷ്യബോധവും വിളിച്ചോതുന്നതായിരുന്നു അവരുടെ കണ്ണുകള്‍. ഈ സമയം ഞാന്‍ വെറുതെ എന്റെ സുഹൃത്തിനെയൊന്ന് നോക്കി. ഞാന്‍ അക്ഷരാര്‍ത്ഥത്തില്‍ ഞെട്ടിപ്പോവുക തന്നെ ചെയ്തു. സന്തോഷാതിരേകത്താല്‍ അവളുടെ കണ്ണുകള്‍ നിറഞ്ഞൊഴുകുന്നുണ്ടായിരുന്നു. ഇതിന് മുമ്പ് അവള്‍ കരയുന്നത് ഞാന്‍ കണ്ടിട്ടില്ല. കാരണം വളരെയധികം മനകരുത്തുള്ള ഒരു സ്ത്രീയാണ് അവള്‍. ഞാനും അവളുടെ സന്തോഷത്തില്‍ പങ്കുചേര്‍ന്നു. അപ്പോഴേക്കും എന്റെ കണ്ണുകളും ഈറനണിഞ്ഞിരുന്നു. അന്ന് അത്തരമൊരു അവിസ്മരണീയ മുഹൂര്‍ത്തം ഒരുക്കി കൊടുത്തതിന്റെ സന്തോഷം ഇന്നും അവള്‍ പങ്കുവെക്കാറുണ്ട്.

രാജ്യത്തെ ഓര്‍ത്ത് വികാരം കൊണ്ടിരുന്ന ആ ദിനങ്ങളെ കുറിച്ച് ഇന്നോര്‍ക്കുമ്പോള്‍ ഒരു തരം വേദനയാണ് അനുഭവപ്പെടുന്നത്. ഇന്ത്യയുടെ മഹത്വം വാഴ്ത്തി കൊണ്ടുള്ള കവിതകള്‍ കേള്‍ക്കുമ്പോഴേക്ക് വികാരാവേശത്താല്‍ തുടിച്ചിരുന്ന എന്റെ ഹൃദയം ഇന്ന് വേദനകൊണ്ട് നിറഞ്ഞരിക്കുകയാണ്. സ്വപ്‌നങ്ങളും, പ്രതീക്ഷകളും, രാജ്യത്തിലുള്ള വിശ്വാസവും നഷ്ടപ്പെട്ടവന്റെ വേദനയാണത്.

എന്താണ് ഇന്നത്തെ ജനാധിപത്യം? റിപ്പബ്ലിക്ക് ദിനം കൊണ്ട് എന്താണ് ഉദ്ദേശിക്കുന്നത്? ഇന്ത്യ എന്ന് കേള്‍ക്കുമ്പോള്‍ തന്നെ എന്തെങ്കിലും പ്രത്യേകിച്ച് തോന്നുന്നുണ്ടോ? ഇത്ര മേല്‍ വെറുപ്പും, അസഹിഷ്ണുതയും നടമാടി കൊണ്ടിരിക്കുന്ന രാജ്യത്ത് എങ്ങനെയാണ് ഒരാള്‍ക്ക് റിപ്പബ്ലിക്ക് ദിനം ആഘോഷിക്കാന്‍ തോന്നുക? റോഹിത് വെമുല നമ്മെ വിട്ട് പോയിരിക്കുന്നു. ഓരോ യുവാവും മനസ്സില്‍ താലോലിച്ച് നടക്കുന്ന കുറച്ച് സ്വപ്‌നങ്ങളുണ്ട്, ആ സ്വപ്‌നങ്ങള്‍ യാഥാര്‍ത്ഥ്യമാക്കാന്‍ അവന് കഴിഞ്ഞില്ല. ദശാബ്ദങ്ങളായി ജനങ്ങളെ അടക്കി ഭരിച്ചു കൊണ്ടിരിക്കുന്ന ഒരു ഭീകര വ്യവസ്ഥയാണ് അവന്റെ ആഗ്രഹാഭിലാഷങ്ങളെ തച്ചുടച്ച് കളഞ്ഞത്. ഒരു ശിഖിരത്തില്‍ നിന്നും നാമ്പെടുത്ത അനേകായിരങ്ങളില്‍ ഒന്ന് മാത്രമാണ് രോഹിത്ത്, ആ നാമ്പുകള്‍ എല്ലായിടത്തും മുളയിലേ നുള്ളപ്പെടുകയാണെന്ന് മാത്രം. അവര്‍ പൂവായി വിടരാനും, സുഗന്ധമായ് പരക്കാനും ആ കാപാലികര്‍ സമ്മതിക്കുന്നില്ല. എന്ന് ഈ നാഗരികത നിലവില്‍ വന്നുവോ അന്ന് മുതല്‍ക്ക് ഇന്ന് വരെ ഒരു രോഹിത്തിനെയും അവര്‍ പൂവായി വിടരാന്‍ സമ്മതിച്ചിട്ടില്ല.

ബ്രാഹ്മണിസത്തിന്റെ ദുര്‍ഗന്ധം രോഹിത്ത് എന്ന സുഗന്ധത്തെ ഇല്ലാതാക്കിയിരിക്കുന്നു. ആ ദുര്‍ഗന്ധം ഇന്ന് ഈ രാജ്യമൊട്ടാകെയും, വിദ്യാഭ്യാസ സ്ഥാപനങ്ങളെയും, ജനാധിപത്യ വ്യവസ്ഥയെയും വലയം ചെയ്തിരിക്കുകയാണ്. ജനാധിപത്യ വ്യവസ്ഥയിലെ ഓരോ സ്ഥാപനത്തിലും ഇന്ന് ബ്രാഹ്മണിസത്തിന്റെയും ജാതിവെറിയുടെയും ദുര്‍ഗന്ധം മണക്കുന്നുണ്ട്. അതിനാലാണ് രോഹിത്തിന് മരിക്കേണ്ടി വന്നത്. അതിനാലാണ് ആയിരക്കണക്കിന് രോഹിത്തുമാര്‍ വിടരുന്നതിന് മുമ്പ് തന്നെ കൊളിഞ്ഞ് വീണത്.

68 വര്‍ഷങ്ങള്‍ക്ക് മുമ്പ് കോളോനിയല്‍ അധികാരികളെ ഈ രാജ്യത്തെ ജനത ആട്ടിപുറത്താക്കിയപ്പോള്‍, സമത്വവും സ്വാതന്ത്ര്യവും നിറഞ്ഞ ഒരു യുഗത്തെയാണ് അവര്‍ പുലര്‍ന്ന് കാണാന്‍ ആഗ്രഹിച്ചത്. സ്വാതന്ത്ര്യസമര രംഗത്ത് മേല്‍ക്കോയ്മ ജാതിവെറിയന്‍മാര്‍ക്കായിരുന്നതിനാല്‍ ജനതയുടെ ശുഭപ്രതീക്ഷ മുഖവിലക്കെടുക്കപ്പെട്ടില്ല. കോളോണിയല്‍ തമ്പുരാക്കാന്‍ രാജ്യവിട്ട് പോയതോടെ ജാതിവെറിയന്‍മാര്‍ പുതിയ തമ്പുരാക്കന്‍മാരായി രംഗത്ത് വന്നു. രാഷ്ട്രത്തിന്റെ ചെലവില്‍ സ്വന്തം വര്‍ഗത്തെയും ജാതിയെയും തീറ്റിപ്പോറ്റാനും, സ്ഥാനമാനങ്ങള്‍ അരക്കിട്ടുറപ്പിക്കാനും അവര്‍ മത്സരിച്ചു. അങ്ങനെ വെള്ളക്കാരന്‍ ഉപേക്ഷിച്ച് പോയ ഉടയാടകള്‍ എടുത്തടിഞ്ഞ് ജാതിക്കോമരങ്ങള്‍ ഭരണം തുടര്‍ന്നു. അങ്ങനെ മേല്‍ജാതിക്കാര്‍ താഴ്ന്ന ജാതിക്കാരെയും ദരിദ്രരെയും ചൂഷണം ചെയ്ത് അടക്കി ഭരിക്കാന്‍ വീണ്ടും തുടങ്ങി. ബ്രിട്ടീഷുകാര്‍ പോയതോടെ അവസാനിച്ചുവെന്ന് കരുതിയ കോളനിവാഴ്ച്ച മറ്റൊരു രൂപത്തില്‍ വീണ്ടും തുടരുന്ന കാഴ്ച്ചയാണ് ചരിത്രത്തില്‍ നമുക്ക് കാണാന്‍ കഴിയുക. വിദേശ തമ്പ്രാക്കന്‍മാര്‍ പോയി സ്വദേശ തമ്പ്രാക്കന്‍മാര്‍ വന്നുവെന്ന് മാത്രം. ആളുകള്‍ മാറിയെങ്കിലും അവസ്ഥകള്‍ മാത്രം മാറിയില്ല.

ഈ രാജ്യത്തിന്റെ മതവും, വ്യവസ്ഥയും, ഭരണകൂടവും ഇന്ന് ബ്രാഹ്മണിസമാണ്. ന്യൂനപക്ഷങ്ങള്‍ക്കും, താഴ്ന്ന ജാതിക്കാരെന്ന് മുദ്രകുത്തപ്പെട്ടവര്‍ക്കും ഇന്നും ഒരുവിധത്തിലുള്ള ആശ്വാസവും ലഭിച്ചിട്ടില്ല. കേന്ദ്രത്തില്‍ ഹിന്ദുത്വര്‍ അധികാരത്തിലേറിയതോടെ ബ്രാഹ്മണിസം അതിന്റെ അക്രമണോത്സുകമായ തനിനിറം കൂടുതല്‍ പുറത്ത്കാട്ടി തുടങ്ങിയിരിക്കുന്നു. യാതൊരു സങ്കോചവുമില്ലാതെയാണ് അവര്‍ മുസ്‌ലിംകളെയും, ക്രിസ്ത്യാനികളെയും, ദിലിതുകളെയും, മറ്റു പിന്നോക്ക വിഭാഗങ്ങളെയും ശാരീരികമായി ആക്രമിക്കുന്നത്. പലപലവേഷങ്ങളിലാണ് വിദ്യാഭ്യാസസ്ഥാപനങ്ങളില്‍ അവര്‍ ഹിംസാത്മക പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെടുന്നത്. ഒരു ജനവിഭാഗത്തിന്റെ സ്വാതന്ത്യാഭിലാഷങ്ങളെയും, സ്വപ്‌നങ്ങളെയുമാണ് അവര്‍ ശ്വാസംമുട്ടിച്ച് ഇല്ലാതാക്കുന്നത്. വെറുപ്പിലും, അസഹിഷ്ണുതയിലും അധിഷ്ഠിതമായ അവരുടെ പ്രത്യയശാസ്ത്രം ഇന്ത്യന്‍ ഭരണഘടനക്ക് വിരുദ്ധമാണെന്ന കാര്യത്തില്‍ രണ്ടാമതൊരു അഭിപ്രായത്തിന് യാതൊരു സാധ്യതയുമില്ല. ബ്രാഹ്മണിസത്തിന്റെ കാഴ്ച്ചപ്പാടില്‍ ഇന്ത്യന്‍ ഭരണഘടനയെന്നത് കേവലം ഒരു തുണ്ട് കടലാസ് മാത്രമാണ്. അതുകൊണ്ട് തന്നെ ഇന്ത്യന്‍ ഭരണഘടനയുടെ ദിനമായ ജനുവരി 26 ഇവര്‍ക്കൊപ്പം ആഘോഷിക്കുന്നതില്‍ യാതൊരു അര്‍ത്ഥവുമില്ലെന്ന് തന്നെ ഞാന്‍ പറയും. മറിച്ച് ആ ഭരണഘടനയുടെ മരണത്തില്‍ നമുക്ക് അനുശോചനം രേഖപ്പെടുത്താം. റിപ് (Rest in peace) റിപ്പബ്ലിക്ക് ഡേ..
(മുതിര്‍ന്ന മാധ്യമപ്രവര്‍ത്തകനാണ് ലേഖകന്‍.)

വിവ: ഇര്‍ഷാദ് കാളാച്ചാല്‍

Facebook Comments
Related Articles
Close
Close