Onlive Talk

പാഠപുസ്തകത്തില്‍ നിന്ന് ചരിത്രം നീക്കം ചെയ്യുമ്പോള്‍

”ലോകത്തെങ്ങുമുള്ള മനുഷ്യരെ കുറിച്ചും അവരുടെ പ്രശ്‌നങ്ങളെ കുറിച്ചും പ്രതിപാദിക്കുന്ന ചരിത്രത്തെ നിന്റെ പ്രായത്തില്‍ ഞാനിഷ്ടപ്പെടുന്നത് പോലെ ഇപ്പോള്‍ നീയും ഇഷ്ടപ്പെടുമെന്ന് ഞാന്‍ കരുതുന്നു.”ഫാസിസ്റ്റ് തടവറയില്‍ കിടന്ന് സ്വന്തം മകന്‍ ഡാലിയോവിന് ഗ്രാംഷി അയച്ച അവസാനത്തെ കത്തില്‍ അദ്ദേഹം എഴുതിയാണിത്. ഒരു സമൂഹത്തെ അറിയാനും നോക്കി കാണാനുമുള്ള കാഴ്ചപ്പാട് സൃഷ്ടിക്കാനാണ് സത്യത്തില്‍ ചരിത്രവും സാമൂഹ്യ ശാസ്ത്രവും നമ്മുടെ വിദ്യാഭ്യാസ സംവിധാനങ്ങളിലൂടെ നല്‍കുന്നത്. പക്ഷെ ഇപ്പോള്‍ ഭരണകൂടം നിരന്തരം ചരിത്ര നിഷേധം നടത്തി മുന്നേറുന്ന കാഴ്ചയാണ് നാം കണ്ടുകൊണ്ടിരിക്കുന്നത്. എന്‍.സി.ഇ.ആര്‍.ടി. പ്രസിദ്ധീകരിച്ച ഒന്‍പതാം ക്ലാസ്സിലെ സാമൂഹ്യ ശാസ്ത്രത്തില്‍ ചാന്നാര്‍ ലഹളയെ കുറിച്ചുള്ള പാഠഭാഗം ഇനി മുതല്‍ പഠിപ്പിക്കേണ്ടതില്ല എന്ന സര്‍ക്കുലര്‍ സി.ബി.എസ്.ഇ ബോര്‍ഡ് മുഴുവന്‍ സ്‌കൂളുകള്‍ക്കും അയച്ചിരിക്കുകയാണ്. അഥവാ മാറ് മറക്കാന്‍ ചാന്നാറിലെ സ്ത്രീകള്‍ നടത്തിയ ഐതിഹാസിക ചെറുത്ത് നില്‍പിന്റെ സമര ചരിത്രം ഇനി മുതല്‍ വിദ്യാര്‍ഥികള്‍ പഠിക്കേണ്ടതില്ല എന്നര്‍ഥം. സവര്‍ണ മേലാള വര്‍ഗം കീഴാള ദലിത് വിഭാഗങ്ങളോട് എത്ര ക്രൂരമായാണ് ചരിത്രത്തില്‍ പെരുമാറിയത് എന്നതിന്റെ നേര്‍രേഖയാണ് ചാന്നാര്‍ ലഹള എന്ന ചരിത്ര സംഭവം. എല്ലാ അര്‍ഥത്തിലും മനുഷ്യനെ നഗ്‌നമായ വിഭജനത്തിന് വിധേയമാക്കുന്ന ഒരു തത്വസംഹിതയാണ് ജാതി വ്യവസ്ഥ. അതിന്റെ ദുരന്തപൂര്‍ണമായ ഒരു ചരിത്ര യാഥാര്‍ത്യത്തെ തുറന്ന് കാണിക്കുന്ന ഇത്തരം പാഠഭാഗങ്ങള്‍ പുതിയ തലമുറക്ക് ലഭിക്കേണ്ടതില്ല എന്ന് തീരുമാനിച്ചതിന് പിന്നിലെ ഗൂഢശക്തികളെ കുറിച്ച് ആര്‍ക്കും സംശയമുണ്ടാവില്ല. പക്ഷെ നിരന്തരം ചരിത്ര നിഷേധം നടത്തിയും ചരിത്രത്തില്‍ അസംബന്ധങ്ങള്‍ കുത്തിനിറച്ചും വിദ്യാഭ്യാസ സംവിധാനത്തില്‍ സംഘപരിവാര്‍ ഇടപെടുന്നത് ഇത് ആദ്യമായല്ല. അഥവാ കഴിഞ്ഞ അമ്പത് വര്‍ഷമായി തുടങ്ങിയതും ഇരുപത് വര്‍ഷമായി വളരെ സജീവമായി നടത്തികൊണ്ടിരിക്കുന്നതുമായ കടന്നുകയറ്റത്തിന്റെ അവസാനത്തെ ഉദാഹരണമായിരിക്കില്ല ഈ പാഠഭാഗം നീക്കം ചെയ്യല്‍.

ഒരുതരം സമാന്തര വിദ്യാഭ്യാസ സംവിധാനം രൂപീകരിച്ചും നിലവിലുള്ള സ്ഥാപനങ്ങളെ നിയന്ത്രിച്ചും അല്ലെങ്കില്‍ സിലബസ് മാറ്റിയും ആശയപരമായ അടിത്തറ സ്ഥാപിക്കുന്നതില്‍ സംഘപരിവാര്‍ തീവ്രശ്രമം തുടങ്ങിയിട്ട് പതിറ്റാണ്ടുകളായി. ഭരണകൂടം നിലവിലുള്ള എല്ലാ പഠന മേഖലകളെയും പ്രത്യയശാസ്ത്രങ്ങളെയും ഉപയോഗിക്കും എന്നത് ഒരു യാഥാര്‍ത്യമാണ്. അത് കൊണ്ട് തന്നെ സംഘ്പരിവാര്‍ ഭരണകാലത്ത് കീഴാളരുടെ ചെറുത്ത് നില്‍പിന്റെ ചരിത്രം മറച്ച് പിടിച്ച് ഭരണ വര്‍ഗത്തിന്റെ അധികാരം ന്യായീകരിക്കാന്‍ ചരിത്രത്തെ ഉപയോഗപ്പെടുത്തും. മാത്രമല്ല മുമ്പ് വാജ്‌പേയി ഗവണ്‍മെന്റിന്റെ കാലത്ത് നടത്താന്‍ പറ്റാത്ത പലതും ഇന്ന് മോദിയുടെ ഭരണകൂടം വളരെ നഗ്‌നമായി നടത്തികൊണ്ടിരിക്കുകയാണ്. ഗവേഷണത്തില്‍ നിന്ന് ഉരുതിരിഞ്ഞ് വന്ന ചരിത്ര ജ്ഞാനം വര്‍ഷങ്ങളെടുത്ത് പാഠപുസ്തകമാവുമ്പോള്‍ അതിലടങ്ങിയ ചരിത്ര യാഥാര്‍ഥ്യങ്ങളെ നിരോധിച്ച് പുതിയ മിത്തുകളെ പകരം വെക്കാനുള്ള നീക്കമായി ഇതിനെ മനസ്സിലാക്കാവുന്നതാണ്.

കൊളോണിയല്‍ കാലത്ത് ഇന്ത്യയിലുണ്ടായ സാംസ്‌കാരികവും ബൗദ്ധികവുമായ ഉയിര്‍ത്തെഴുന്നേല്‍പുകളെ അടയാളപ്പെടുത്തുന്ന ഒരു പരികല്‍പനയാണ് നവോത്ഥാനം. ആധുനികതയുടെയും പ്രബുദ്ധതയുടെയും ആദ്യ പ്രകാശനമായി നാം കാണുന്ന നവോത്ഥാനത്തിന് മുമ്പേ തന്നെ കലാപത്തിലൂടെയും പ്രാദേശിക ചെറുത്ത് നില്‍പ് സമരങ്ങളിലൂടെയും കീഴാളര്‍ വിമോചന സമരത്തിന് തുടക്കം തുടക്കം കുറിച്ചിട്ടുണ്ട്. അഥവാ കീഴാളരുടെയും ദലിതരുടെയും കാര്യത്തില്‍ സംഘര്‍ഷഭരിതമായ ഇളകി മറിയുന്ന വലിയൊരു ജീവിതം നമുക്ക് കാണുവാന്‍ സാധിക്കും. ഇത്തരത്തിലുള്ള പൊള്ളുന്ന ചരിത്ര യാഥാര്‍ഥ്യങ്ങളെ സവര്‍ണ മേലാള വര്‍ഗം ഭയക്കുന്നു എന്നതിന്റെ ഏറ്റവും ഒടുവിലത്തെ ഉദാഹരണമാണ് ഈ ചരിത്ര നിഷേധം. സ്വന്തം നഗ്‌നത മറക്കാന്‍ ഒരു സമൂഹത്തിന് അവകാശമില്ലാത്ത ഒരു കെട്ട ഭൂതകാലം ഇവിടുത്തെ കീഴാളര്‍ക്ക് സവര്‍ണ ജാതി കോമരങ്ങള്‍ സമ്മാനിച്ചിരുന്നു എന്നുള്ളത് പുതിയ തലമുറ പഠിക്കാന്‍ പാടില്ല എന്ന ഉത്തരവ് ഇറക്കിയിരിക്കുന്ന സഘ്പരിവാര്‍ കീഴാള സംസ്‌കാരത്തെയും ചരിത്രത്തെയും കൊന്ന് കൊലവിളിച്ച് രഥ ചക്രം ഉരുട്ടിയ പാരമ്പര്യമുള്ളവരാണ്. അന്തം കെട്ടതും അസംബന്ധങ്ങള്‍ നിറഞ്ഞതുമായ സവര്‍ണതയുടെ ഈ കാടത്തരങ്ങള്‍ വിദ്യാര്‍ഥികള്‍ പഠിച്ചാല്‍ സംഘ് പരിവാറിന്റെ ആശയത്തിന് നേരെ കാര്‍ക്കിച്ച് തുപ്പുമെന്ന ഭയമായിരിക്കാം ഇത്തരം നീക്കങ്ങള്‍ക്ക് പിന്നിലെന്ന് ന്യായമായും സംശയിക്കാം.

വിദ്യാഭ്യാസം മനസംസ്‌കരണമാണ് (Enlightment ). അതിനാല്‍ ചരിത്രങ്ങള്‍ പഠിച്ചും അപഗ്രഥിച്ചും വിമര്‍ശനങ്ങള്‍ ഉന്നയിച്ചും അത് വികസിക്കണം. അല്ലാതെ ചരിത്രം തന്നെ നിഷേധിക്കുന്നത് വിദ്യാര്‍ഥികളുടെ യാഥാര്‍ഥ്യങ്ങള്‍ അറിയാനുള്ള അവകാശത്തിന് മേലുള്ള കയ്യേറ്റമാണ്. ഇവിടെ ചരിത്ര നിഷേധം നടത്തി ഇനി മുതല്‍ ഈ ചരിത്രം പഠിക്കേണ്ടതില്ല എന്നും ഞങ്ങള്‍ ഉണ്ടാക്കിയ പുതിയ ചരിത്രം പഠിച്ചാല്‍ മതിയെന്നും ഭരണകൂടം തീരുമാനിക്കുമ്പോള്‍ പതിറ്റാണ്ടുകളോളം ഗവേഷണം നടത്തി ചരിത്രകാരന്മാര്‍ സൃഷ്ടിച്ച ചരിത്രത്തെ തമസ്‌കരിച്ച് പകരം അന്ധവിശ്വാസത്തിന്റെയും മിത്തിന്റെയും ബലത്തില്‍ പുതിയ ചരിത്രം പുനസൃഷ്ടിക്കുകയാണ്. വ്യാവസായിക വിപ്ലവാനന്തരം തുണിത്തരങ്ങള്‍ക്ക് വില കുറഞ്ഞിട്ട് പോലും ചാന്നാറിലെ സ്തീകള്‍ക്ക് മാറ് മറക്കാന്‍ സമരം നടത്തേണ്ടി വന്നിരുന്നു എന്നും അങ്ങിനെ അവര്‍ റവുക്ക ധരിച്ചപ്പോള്‍ അത് നായര്‍ യുവാക്കള്‍ ബലമായി വലിച്ച് കീറി മുലഞെട്ടില്‍ ചിരട്ട ഘടിപ്പിച്ചിരുന്നു. ഇത്തരത്തിലുള്ള കാടത്തരങ്ങളും വൈകൃതങ്ങളും സവര്‍ണതയുടെ കൂടെ പിറപ്പാണ്. ഇതിനെ മറച്ച് പിടിക്കാന്‍ അഥവാ പുതിയ തലമുറ അറിയാതിരിക്കാന്‍ ഇത്തരത്തിലുള്ള ചരിത്ര സത്യങ്ങള്‍ വിദ്യാര്‍ഥികള്‍ക്ക് നിഷേധിക്കുകയാണ്. ഭാരതീയ ശിക്ഷക് മണ്ഡലും ശിക്ഷാ സംസ്‌കൃതി ഉത്ഥാന്‍ ന്യാസും തയാറാക്കി വിദ്യാഭാരതി വിദ്യാലയങ്ങയില്‍ നടപ്പിലാക്കുന്ന ഹിന്ദുരാഷ്ട്ര സ്ഥാപനത്തിന് സഹായിക്കുന്ന വിദ്യാഭ്യാസ പദ്ധതി നടപ്പില്‍ വന്ന് കഴിഞ്ഞു. അതിനാല്‍ സവര്‍ണതയെ പ്രഹരിക്കുന്ന അതിന്റെ ചീഞ്ഞ് നാറുന്ന ഇന്നലെകളെ ചരിത്രത്തില്‍ നിന്ന് മായ്ച്ചു കളയേണ്ടത് നാഗ്പൂര്‍ ബുദ്ധികേന്ദ്രത്തിന് അനിവാര്യമാണ്. സാമൂഹ്യ ദുരാചാരത്തെ തൂത്തെറിഞ്ഞ കീഴാളരുടെ വിമോചന സമരത്തെ നാളെ തലകീഴായി അവതരിപ്പിച്ചാലും അത്ഭുതപ്പെടാനാവില്ല. അഥവാ ചാന്നാര്‍ ലഹള സവര്‍ണര്‍ നടത്തിയ വിപ്ലവ പ്രവര്‍ത്തനമായി അവതരിപ്പിക്കപ്പെട്ടേക്കാം അധസ്ഥിത കീഴാള വിഭാഗങ്ങളുടെ മാന്യതക്ക് വേണ്ടിയുള്ള ഇത്തരം സമരങ്ങളെ പാഠ പുസ്തകത്തില്‍ നിന്ന് നീക്കം ചെയ്ത് മുന്‍ വിധികളും അസംബന്ധങ്ങളും കൊണ്ട് നിറഞ്ഞ ചരിത്രാവബോധത്തെ പകരം വെച്ച് സംഘ പരിവാര്‍ രഥചക്രം ഉരുട്ടുമ്പോള്‍ ഒരു ചോദ്യം ഉന്നയിക്കാന്‍ പോലും കഴിയാതെ നിസ്സഹായതയിലും നിസ്സംഗതയിലും ഒരു ജനത ദേശസ്‌നേഹ സര്‍ട്ടിഫിക്കറ്റിന് വേണ്ടി വരിനില്‍ക്കുകയാണ്.
(ഹൊറൈസണ്‍ ഇംഗ്ലീഷ് സ്‌കൂള്‍ ഇരിക്കൂര്‍ സി.ഇ.ഒ യാണ് ലേഖകന്‍)

Facebook Comments

Related Articles

Back to top button

Adblock Detected

Please consider supporting us by disabling your ad blocker