Onlive Talk

ഞങ്ങളെല്ലാം തുല്ല്യരായ ദിവസം

2015 ഡിസംബര്‍ ആദ്യവാരം ചെന്നൈയില്‍ ഉണ്ടായ വെള്ളപ്പൊക്കത്തില്‍ അകപ്പെട്ടുപോയ ഈയ്യുള്ളവന്റെ വ്യക്തിഗതാനുഭവങ്ങളും കൂട്ടുകാരുടെ അനുഭവങ്ങളും, ചില പുനര്‍വിചിന്തനങ്ങളുമാണ് ഇവിടെ പങ്കുവെക്കുന്നത്.

അതായിരുന്നു മഹാപ്രളയം. കനത്ത മഴയും വെള്ളപ്പൊക്കവും പ്രതീക്ഷിച്ചിരിക്കാന്‍ തുടങ്ങിയിട്ട് കാലംകുറേയായിരുന്നു. അതിനെ നേരിടാനുതകുന്ന രീതിയില്‍ ഞാന്‍ വീട് തയ്യാറാക്കുകയും ചെയ്തു. പക്ഷെ ആ പുലര്‍ക്കാലയാമങ്ങളില്‍ ഞങ്ങള്‍ക്ക് മേല്‍ വര്‍ഷിച്ച മഴയുടെ കാഠിന്യത്തെ തടയാന്‍ ഒന്നിനും കഴിഞ്ഞില്ല. മണിക്കൂറുകള്‍ക്കുള്ളില്‍ വെള്ളം ഞങ്ങളുടെ വീട്ടിലേക്ക് ഇരച്ച്കയറി. സുരക്ഷിതസ്ഥാനമെന്ന് കരുതി ബന്ധുവിന്റെ അപ്പാര്‍ട്ട്‌മെന്റിലേക്ക് വേഗത്തില്‍ എത്തിയപ്പോഴേക്കും അവിടമാകെ വെള്ളം വിഴുങ്ങി കഴിഞ്ഞിരുന്നു. നമ്മള്‍ കൈയ്യടക്കി വെച്ചിരുന്ന ഭൂമിയെല്ലാം ഒരിക്കല്‍ ജലത്തിന്റേതായിരുന്നു. ജലം അതെല്ലാം തിരികെ വാങ്ങാന്‍ തീരുമാനിച്ചപ്പോഴാണ് നമുക്ക് ബോധോദയമുണ്ടായത്. നാം കൂടുതലും ആശ്രയിക്കുന്ന സാങ്കേതിക വിദ്യകളെല്ലാം നമ്മെ കൈയ്യൊഴിയാന്‍ തുടങ്ങി. വൈദ്യുതി നിലച്ചു, മൊബൈല്‍ സര്‍വ്വീസുകളും അങ്ങനെ തന്നെ.

വീട്ടുസമാനങ്ങളെല്ലാം എടുത്ത് പുറത്തിറങ്ങി, ഉയരമുള്ള ഏതെങ്കിലുമൊരിടത്തേക്ക് നീങ്ങാന്‍ തുടങ്ങിയപ്പോഴേക്കും, ദുരന്തം അതിന്റെ സംഹാരരൂപം പൂണ്ടുകഴിഞ്ഞിരുന്നു; ഞങ്ങള്‍ ശരിക്കും കുടുങ്ങി, പോകാന്‍ പറ്റിയ സ്ഥലമൊന്നുമില്ല, പേഴ്‌സില്‍ ബാക്കിയുള്ള ചില്ലറത്തുട്ടുകള്‍ ഒഴിച്ച് യാതൊന്നും അവശേഷിക്കുന്നില്ല. മണിക്കൂറുകള്‍ക്ക് മുമ്പാണ് അപ്പാര്‍ട്ട്‌മെന്റിന്റെ സെക്യൂരിറ്റി ഗാര്‍ഡിനും കുടുംബത്തിനും അവരുടെ വീട് നഷ്ടപ്പെട്ടത്. അദ്ദേഹവും കുടുംബവും ഞങ്ങളുടെ ഫ്‌ലാറ്റിലേക്ക് വന്നു. ആദ്യമായി ഞങ്ങളുടെയെല്ലാം വേദന ഒന്നായി മാറി. വസ്തുവകകള്‍, ബാങ്ക് അക്കൗണ്ട്; കുന്നുകൂട്ടി സമ്പാദിച്ചുവെച്ചിരുന്നതെല്ലാം ഒന്നിനും കൊള്ളാതായി. സമൂഹത്തിലെ പദവികള്‍ക്ക് ഒന്നും ചെയ്യാനുണ്ടായിരുന്നില്ല, അതിജീവിക്കാനുള്ള ശേഷിക്കും, പണിയെടുക്കാനുള്ള കഴിവിനും മാത്രമേ അവിടെ പ്രാധാന്യമുണ്ടായിരുന്നുള്ളു. എല്ലാവരും അവരവരുടെ കഴിവിന്റെ പരമാവധി പരസ്പരം സഹായിച്ചു. പറ്റെ അവശരായവരും, മാനസികബലമില്ലാത്തവരും ആകെ ഭയപ്പാടിലായി. മനുഷ്യര്‍ക്കിടയില്‍ നിലനിന്നിരുന്ന സാമൂഹികവും സാമ്പത്തികവുമായ പദവികളെയും തട്ടുകളെയും ദുരന്തം തട്ടിതകര്‍ത്തു കളഞ്ഞു.

ഇതൊരു ഒറ്റപ്പെട്ട കഥയല്ല. മുമ്പെങ്ങും കാണാത്ത വിധത്തിലുള്ള മഹാപ്രളയമാണ് ചെന്നൈയെ വിഴുങ്ങിയത്. 70-കളിലെ പ്രളയത്തെ പറ്റി മുതിര്‍ന്നവര്‍ സംസാരിച്ചിരുന്നു, പക്ഷെ ഇതുപോലൊന്ന് ഇതാദ്യമായിട്ടാണ്. ദരിദ്രരും പാവപ്പെട്ടവും സഹിക്കാന്‍ വിധിക്കപ്പെട്ട വിശപ്പും ദാഹവും, വീട് നഷ്ടപ്പെടലും, മരണഭയവും അങ്ങനെ സമ്പന്നരും, സമൂഹത്തിലെ ഉന്നതരെന്ന് വിളിക്കപ്പെടുന്നവരും അനുഭവിക്കേണ്ടി വന്നു. വീടുകള്‍ക്ക് മുമ്പില്‍ വമ്പന്‍ ഗേറ്റുകള്‍ വെച്ചിരുന്ന ഒരു സമൂഹം, തങ്ങളുടെ സമ്പത്തിന്റെ അടയാളങ്ങളെല്ലാം പിറകിലുപേക്ഷിച്ച് ചേരികളില്‍ താമസിക്കുന്ന മീന്‍പിടുത്തകാരന്റെ ബോട്ടുകളില്‍ കയറി എങ്ങനെയെങ്കിലും രക്ഷപ്പെടാനുള്ള തന്ത്രപ്പാടിലായിരുന്നു. അത്യാഢംബര കാറുകളുടെ ഒരു വന്‍ശേഖരം തന്നെയുള്ള ഒരു കോര്‍പ്പറേറ്റ് സി.ഇ.ഓ സുരക്ഷിതസ്ഥാനത്തെത്താനുള്ള ബസ്സുകളുടെ നമ്പറും തിരക്കി ഓടുകയാണ്. എത്ര തന്നെ കാശ് നിങ്ങളുടെ പക്കലുണ്ടായാലും ഭക്ഷണമോ വെള്ളമോ വാങ്ങാന്‍ നിങ്ങള്‍ക്ക് കഴിയില്ല, അത്യാവശ്യ കാര്യങ്ങള്‍ക്ക് വേണ്ട സാധനങ്ങളുമായി എത്തുന്ന ദുരിതാശ്വാസ പ്രവര്‍ത്തകരെ എല്ലാവര്‍ക്കും കാത്തിരിക്കേണ്ടതുണ്ടായിരുന്നു.

വെള്ളപൊക്കത്തിന്റെ കെടുതികളെ തരണം ചെയ്ത് ഒരു കാന്‍ കുടിവെള്ളവുമായെത്തുന്ന സെക്യൂരിറ്റി ഗാര്‍ഡിന്റെ കൈയ്യിലായിരുന്നു ഞങ്ങളുടെ ജീവിതം. തന്റെ പാവപ്പെട്ട ഒരു ആരാധകനെ പോലെ വീടില്ലാത്ത അവസ്ഥയിലായ ഒരു സെലിബ്രിറ്റിയെ അവിടെ കാണാന്‍ കഴിഞ്ഞു. നെഞ്ചിനൊപ്പം പൊങ്ങിയ വെള്ളത്തിലൂടെ  സ്‌ട്രെച്ചറില്‍ കയറ്റിയാണ് പ്രദേശത്തെ ഒരു ധനാഢ്യനെ കൊണ്ടുപോയത്. ഈ ഒറ്റ സംഭവം, നമ്മുടെ വ്യത്യസ്ത തട്ടുകളുള്ള സമൂഹത്തെയും സാമൂഹ്യബോധത്തെയും തോല്‍പ്പിച്ചു കളഞ്ഞു. നമ്മുക്ക് അത്യാവശ്യമായത് എന്താണോ, ആ ആഴമേറിയ ഒന്നിന്റെ മൂല്യത്തെ ഈ മഹാപ്രളയത്തിലൂടെ നാം തിരിച്ചറിഞ്ഞു. ചിലപ്പോള്‍ അതുതന്നെയായിരിക്കും ഞങ്ങള്‍ക്ക് നേരെ നീട്ടപ്പെട്ട സഹായഹസ്തങ്ങളുടെ പിന്നിലുള്ള കാരണവും.

പക്ഷെ പരസ്പരം അടുക്കാന്‍ ഇഷ്ടപ്പെടാത്ത ഒരു സാമൂഹ്യവ്യവസ്ഥയാണ് നാം നിര്‍മിച്ചിട്ടുള്ളത്. ഒറ്റപ്പെട്ട ഒരു പ്രളയത്തിന് എളുപ്പം ക്ഷതമേല്‍പ്പിക്കാന്‍ കഴിയാത്തവിധത്തില്‍ അതിശക്തമാണ് നമ്മുടെ സാമൂഹ്യശ്രേണിവ്യവസ്ഥ. അതെ, ഈ സാമൂഹ്യശ്രേണിവ്യവസ്ഥയെ പിടിച്ച് പ്രളയമൊന്ന് കുലുക്കിയെങ്കിലും, അതിനെ അങ്ങനെയൊന്നും നശിപ്പിക്കാന്‍ സാധ്യമല്ല. ഞങ്ങളുടെ സെക്യൂരിറ്റി ഗാര്‍ഡ് ഞങ്ങളുടെ വിലപ്പെട്ട സാധനങ്ങളും മറ്റും കേടുകൂടാതെ മാറ്റാന്‍ സഹായിക്കുകയും, ഞങ്ങള്‍ക്ക് അത്യാവശ്യം വേണ്ട ഭക്ഷണപദാര്‍ത്ഥങ്ങള്‍ എത്തിക്കുകയും ചെയ്തതോടെ, ഭയം ഞങ്ങളില്‍ നിന്നും അകലാന്‍ തുടങ്ങി. മഴയെ അതിജീവിക്കാന്‍ കഴിയുമെന്ന് ഞങ്ങള്‍ തിരിച്ചറിഞ്ഞു. രാത്രിയായപ്പോഴും മഴക്ക് ശമനമുണ്ടായില്ല, സുഖമായി ഉറങ്ങാന്‍ കഴിയുന്ന തൊട്ടിലിലാണ് എന്റെ മൂന്ന് വയസ്സുകാരന്‍ മകന്‍ കിടന്നത്, എനിക്കും എന്റെ ബന്ധുക്കള്‍ക്കും സുഖപ്രദമായ പുതപ്പുകളും കിടക്കവിരികളും മറ്റും ലഭിച്ചു. കൂടാതെ ഫ്‌ലാറ്റിനുള്ളില്‍ ഹാളിലാണ് ഞങ്ങളെല്ലാം കിടന്നത്. പക്ഷെ അപ്പോഴും സെക്യൂരിറ്റി ഗാര്‍ഡിനും അദ്ദേഹത്തിന്റെ ഭാര്യക്കും രണ്ട് കുട്ടികള്‍ക്കും വരാന്തയില്‍ കിടക്കേണ്ടി വന്നു. അതെ, ഞങ്ങളെല്ലാം തളര്‍ന്നിരുന്നു, പക്ഷെ ഞങ്ങള്‍ തുല്ല്യരല്ല, അങ്ങനെയാവാന്‍ ഒരിക്കലും കഴിയില്ല.

സമ്പത്തുള്ളവര്‍ സ്റ്റാര്‍ ഹോട്ടലുകളിലും മറ്റും അഭയം തേടി. പാവപ്പെട്ടവര്‍ അഭയാര്‍ത്ഥി ക്യാമ്പുകളിലേക്കും, നടപ്പാതകളിലേക്കും ആട്ടിതെളിക്കപ്പെട്ടു. അന്ന് രക്ഷിക്കപ്പെട്ട ആ സമ്പന്നനായ വൃദ്ധന്‍, തന്റെ ബീച്ച് റിസോര്‍ട്ടില്‍ സുഖമായി എത്തിക്കപ്പെട്ടു. അങ്ങനെ വീണ്ടും സൂര്യനുദിച്ചു, ചെറിയ ചാറ്റല്‍ മഴമാത്രമേ പെയ്യുന്നുണ്ടായിരുന്നുള്ളു, വിലകയറ്റത്താല്‍ ജനം വലഞ്ഞുകൊണ്ടിരുന്ന ആ സമയത്ത് സമ്പത്ത് അതിന്റെ തനി നിറം കാണിക്കാന്‍ തുടങ്ങി. കടം തിരിച്ചടക്കാന്‍ ശേഷിയുള്ള ആളാണ് ഞാനെന്നതിനാല്‍ കുപ്പിവെള്ളവും, ബിസ്‌കറ്റുകളും, മെഴുകുതിരികളും വാങ്ങാന്‍ എനിക്ക് സാധിച്ചു. സെക്യൂരിറ്റി ഗാര്‍ഡിനും കുടുംബത്തിനും സ്വന്തം നിലക്ക് എന്തെങ്കിലും വാങ്ങാനുള്ള ശേഷിയുണ്ടായിരുന്നോ എന്ന് എനിക്കറിയില്ല. ടേബിളില്‍ ഞങ്ങള്‍ക്ക് പ്രഭാതഭക്ഷണം തയ്യാറായിരുന്നു, സെക്യൂരിറ്റി ഗാര്‍ഡും കുടുംബവും അപ്പോഴും വരാന്തയില്‍ തന്നെയായിരുന്നു. വെള്ളം ഇറങ്ങിപ്പോകാന്‍ ഞങ്ങള്‍ കാത്തിരുന്ന സമയത്ത്, അദ്ദേഹവും കുടുംബവും പണിക്ക് പോയി കഴിഞ്ഞിരുന്നു. ആ വേളയിലും, മാധ്യമ-രാഷ്ട്രീയ സ്വാധീനമുള്ള ഒരു ബിസ്സിനസ്സുകാരന്‍, തന്റെ വീട്ടിനുള്ളില്‍ കയറിയ വെള്ളം മൂന്ന് ദിവസം തുടര്‍ച്ചയായി തെരുവിലേക്ക് അടിച്ചു കളയാന്‍ തുടങ്ങി. ഇതോടെ അയാളുടെ അയല്‍പ്പക്കങ്ങളില്‍ താമസിച്ചിരുന്നവര്‍ കൂടുതല്‍ ദുരിതത്തിലായി. അയാളുടെ സമ്പത്തും, അധികാരവും അയാളെ ചോദ്യം ചെയ്യുന്നതില്‍ നിന്നും മറ്റുള്ളവരെ പിന്തിരിപ്പിച്ചു. അങ്ങനെ, അധികാരത്തിന്റെയും അസമത്വത്തിന്റെയും അദൃശ്യചങ്ങലകള്‍ ഒരിക്കല്‍ കൂടി സമൂഹത്തെ വരിഞ്ഞ്മുറുക്കാന്‍ തുടങ്ങി.

നാം പാഠം പഠിക്കേണ്ട നിമിഷങ്ങളാണ് വെളിപാടുകള്‍. നമുക്ക് നല്‍കപ്പെട്ടിരിക്കുന്ന സവിശേഷവരങ്ങളാണ് യുക്തിചിന്തയും സര്‍ഗാത്മകതയും; ഈ യഥാര്‍ത്ഥ സമ്പത്ത് യുക്തിദീക്ഷയില്ലാതെ അഹങ്കാരത്താലും അജ്ഞതായാലും നാം വളരെ പെട്ടെന്ന് തന്നെ വലിച്ചെറിയുന്നു. അജ്ഞതയില്‍ നിന്നാണ് അഹങ്കാരം ഉടലെടുക്കുന്നത്. പ്രകൃതിയുടെ മൗലികനിയമങ്ങള്‍ കണ്ടെത്തുന്ന മുറക്ക് തന്നെ നാം അവയെ അവഹേളിക്കുന്ന തലത്തിലേക്ക് എത്തും. അങ്ങനെ ചെയ്യുന്നതിന്റെ ദുരന്തപൂര്‍ണ്ണമായ അനന്തഫലങ്ങള്‍ അറിഞ്ഞു കൊണ്ടുതന്നെ നാം എല്ലാ പരിധികളും ലംഘിക്കുകയാണ്. തട്ടുകളായി തിരിച്ച അസമത്വത്തിലധിഷ്ഠിതമായ ഒരു സമൂഹം നാം നിര്‍മിച്ചു, എന്നിട്ടതിന്റെ ശക്തരായ വക്താക്കളായി മാറി. വൈരുദ്ധ്യങ്ങളെ മറികടക്കാനുള്ള കുറുക്കുവഴികള്‍ നാം തന്നെ കണ്ടെത്തി. അന്തരഫലമെന്നോണം ഒരുപാട് നഗരങ്ങളും ജനങ്ങളും ഇപ്പോള്‍ തന്നെ നശിപ്പിക്കപ്പെട്ടു കഴിഞ്ഞു. നിനച്ചിരിക്കാതെയുള്ള പ്രകൃതി ദുരന്തങ്ങളാലും, മനുഷ്യന്റെ പ്രവര്‍ത്തനഫലമായും ഒരുപാട് പേര്‍ നശിപ്പിക്കപ്പെടുമ്പോള്‍, മറ്റുള്ളവര്‍ കഠിനമായ യാതനകള്‍ സഹിച്ച് സാവധാനം നശിച്ചു പോകുന്നു. കേവലമൊരു മുന്നറിയിപ്പ് മാത്രമാണ് എന്റെ നഗരത്തിനും അവിടത്തെ ആളുകള്‍ക്കും ഇപ്പോള്‍ കിട്ടിയത്. ഇപ്പോള്‍ സഞ്ചരിക്കുന്ന പാതയിലൂടെ തന്നെ മുന്നോട്ട് പോകാനാണ് ഭാവമെങ്കില്‍ നമ്മെ കാത്തിരിക്കുന്നത് എന്താണെന്ന് ഈ പ്രളയം നമുക്ക് കാണിച്ച് തന്നു. നമുക്ക് വരദാനമായി നല്‍കപ്പെട്ട ശക്തിയുടെ പരിധികളും അത് നമ്മുടെ മുന്നില്‍ വെളിപ്പെടുത്തി. ഒരൊറ്റ ദിവസത്തിന് നമ്മെ മുട്ടുകുത്തിക്കാന്‍ കഴിഞ്ഞുവെങ്കില്‍, അത് ഒരാഴ്ച്ചയോ ഒരു മാസമോ നീണ്ടു നിന്നിരുന്നെങ്കില്‍ എന്താകുമായിരുന്നു നമ്മുടെ അവസ്ഥയെന്ന് ഒന്ന് സങ്കല്‍പ്പിച്ച് നോക്കൂ.

ഒരു ദിവസം കൊണ്ടൊന്നും നാം മാറാന്‍ പോകുന്നില്ല. ഈ വ്യവസ്ഥയുമായി നാം ജീവിക്കാന്‍ തുടങ്ങിയിട്ട് കാലം കുറേയായല്ലോ. പക്ഷെ നമ്മുടെ പരാജയങ്ങളെ തിരിച്ചറിയുക എന്നത് വളരെ പ്രധാനമാണ്. സാങ്കേതികവിദ്യയുടെ മായാലോകത്തില്‍ നാം സ്വയം ചതിയിലകപ്പെടുകയാണ്. പരസ്പരം പങ്കുവെക്കേണ്ട ഒരു ലോകത്തിലാണ് നാം ജീവിക്കുന്നതെന്ന കാര്യം നാം മറന്നു. അസന്തുലിതമായ അസമത്വത്തിലധിഷ്ഠിതമായ ഒരു ലോകത്തിന്റെ വക്താക്കളായി നാം തുടരുന്നു. പക്ഷെ, സമ്പത്തിനും, അധികാരത്തിനും, സാങ്കേതികവിദ്യക്കും നമ്മുടെ പ്രവര്‍ത്തനങ്ങളുടെ അനന്തഫലങ്ങളില്‍ നിന്നും നമ്മെ രക്ഷിക്കാന്‍ കഴിയില്ലെന്ന് തിരിച്ചറിയുക. സമ്പത്തിന്റെയും, ജാതിയുടെയും, ലിംഗത്തിന്റെയും മറ്റു പലതിന്റെയും അടിസ്ഥാനത്തില്‍ നാം മാറ്റി അകറ്റി നിര്‍ത്തിയിരിക്കുന്ന ആ ജനവിഭാഗത്തിന്റെ സഹായഹസ്തം നമുക്ക് എപ്പോഴും ആവശ്യമായി വരുന്നുണ്ടെന്നോര്‍ക്കുക. ഈ മഹാപ്രളയത്തിന്റെ കെടുതികള്‍ക്കിടയിലും സഹായഹസ്തം നീട്ടാന്‍ സ്വയംസന്നദ്ധരായ പേരറിയാത്ത ഒരുപാട് പേരുടെ നിഷ്‌കളങ്ക മനസ്സിനെ തിരിച്ചറിയുക, അഭിനന്ദിക്കുക എന്നത് വളരെ പ്രധാനപ്പെട്ട കാര്യമാണ്. ഒന്നല്ല ഒരായിരം നോഹയുടെ പേടകങ്ങളാണ് അവിടെയുണ്ടായിരുന്നത്. തെറ്റുകള്‍ക്ക് പ്രായശ്ചിത്തം ചെയ്യാനും, പ്രകൃതിയോടും, പങ്കുവെച്ചുള്ള ജീവിതത്തോടുമുള്ള ബഹുമാനാദരങ്ങളുടെ അടിസ്ഥാനത്തില്‍ പ്രശ്‌നങ്ങള്‍ക്ക് പരിഹാരം കാണാനും ഇനിയും നമുക്ക് ഒത്തൊരുമിച്ച് മുന്നോട്ട് വരാന്‍ കഴിഞ്ഞാല്‍, ഈ പ്രളയത്തില്‍ നിന്നും നാം പാഠം പഠിച്ചു കഴിഞ്ഞു എന്നര്‍ത്ഥം. മാറ്റത്തിന് ഇനിയും തയ്യാറല്ലായെങ്കില്‍, അതിന്റെ അനന്തരഫലങ്ങളെ കുറിച്ച് ചര്‍ച്ച ചെയ്തിട്ട് ഇനി കാര്യമില്ലെന്ന് ചുരുക്കം.

(മദ്രാസ് ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് ഡവലപ്‌മെന്റ് സ്റ്റഡീസില്‍ പി.എച്ച്.ഡി ചെയ്യുകയാണ് ലേഖകന്‍. അര്‍ബന്‍ ഇന്‍ഫ്രാസ്ട്രക്ച്ചര്‍, ഹൗസിംഗ് ആന്റ് അര്‍ബന്‍ പ്ലാനിംഗ് ആണ് ഗവേഷണ വിഷയം.)

 

മൊഴിമാറ്റം: ഇര്‍ഷാദ് കാളാച്ചാല്‍
Facebook Comments
Related Articles
Close
Close