Onlive Talk

ഗൗരി ലങ്കേഷിന്റെ കൊലയും ഇന്ത്യന്‍ മാധ്യമപ്രവര്‍ത്തനത്തിന്റെ ഭാവിയും

പ്രശസ്ത പത്രപ്രവര്‍ത്തകയായ ഗൗരി ലങ്കേഷിനെ കഴിഞ്ഞ ചൊവ്വാഴ്ചയാണ് അജ്ഞാതരായ തോക്കുധാരികള്‍ വീടിന് പുറത്ത് വെടിവെച്ച് വീഴ്ത്തിയത്. രണ്ട് വര്‍ഷം മുമ്പ് നടന്ന എം.എം കല്‍ബുര്‍ഗിയുടെ കൊലപാതകത്തിന് ഈ സംഭവത്തോട് സാദൃശ്യമുണ്ട്. ആരായിരിക്കും ലങ്കേഷിന്റെ കൊലപാതകത്തിനുത്തരവാദി എന്നതിലേക്ക് അത് ചില സൂചനകള്‍ നല്‍കുന്നുണ്ട്. തന്റെ ജീവിതത്തിന്റെ വലിയൊരു ഭാഗവും വര്‍ഗീയതക്കെതിരെ എഴുതുന്നതിലാണ് അവര്‍ ചെലവഴിച്ചത്. മാത്രമല്ല, തങ്ങളെ അപകീര്‍ത്തിപ്പെടുത്തി എന്നാരോപിച്ച് ബി.ജെ.പി നേതാക്കള്‍ ഫയല്‍ ചെയ്ത കേസില്‍ കുറ്റം തെളിയിക്കപ്പെട്ടവരുമാണവര്‍.

കല്‍ബുര്‍ഗി, ലങ്കേഷ് കൊലപാതങ്ങള്‍ തമ്മിലുള്ള സാമ്യതയും അജ്ഞാതരായ ആളുകള്‍ ലങ്കേഷിനെ വെടിവെച്ച് കൊന്നതിന്റെ കാരണങ്ങളും അന്വേഷിക്കേണ്ടത് പോലീസാണെങ്കിലും ഈ ഘട്ടത്തില്‍ ഒരു കാര്യം തീര്‍ച്ചയാണ്;പത്രപ്രവര്‍ത്തകര്‍ക്ക് സുരക്ഷിതത്വമില്ലാത്ത രാജ്യമായി ഇന്ത്യ മാറിക്കൊണ്ടിരിക്കുകയാണ്.

എന്തെങ്കിലും വ്യക്തിപരമായ കാരണങ്ങളാണോ ലങ്കേഷിന്റെ കൊലപാതകത്തിലേക്ക് നയിച്ചത് എന്നത് തീര്‍ച്ചയായും പോലീസ് കണ്ടെത്തേണ്ടതുണ്ട്. അതേസമയം പത്രപ്രവര്‍ത്തകരെ ഭയത്തിന്റെ മുള്‍മുനയില്‍ നിര്‍ത്തി നിശ്ശബ്ദരാക്കുക എന്ന ലക്ഷ്യമാണ് ഇത്തരം കൊലപാതകങ്ങള്‍ക്ക് പിന്നിലുള്ളതെന്ന കാര്യം തീര്‍ച്ചയാണ്. നിരവധി അന്തര്‍ദേശീയ സംഘടനകള്‍ ചൂണ്ടിക്കാണിച്ചത് പോലെ പത്രവര്‍ത്തകരെ ഭീഷണിപ്പെടുത്താനും അപായപ്പെടുത്താനും ശ്രമിക്കുന്നവര്‍ നിയമപരമായ പ്രത്യാഘാതങ്ങളെയൊന്നും ഒരിക്കലും ഭയപ്പെടാറില്ല.

പത്രപ്രവര്‍ത്തന സ്വാതന്ത്ര്യം ഉറപ്പ് വരുത്തുന്നതിന് വേണ്ടി രൂപപ്പെട്ട അന്തര്‍ദേശീയ സംഘടനയായ റിപ്പോര്‍ട്ടേസ് വിത്തൗട്ട് ബോര്‍ഡേസ് (Reporters without borders) പറയുകയുണ്ടായി: ‘തീവ്ര ദേശീയവാദികളുടെ വിദ്വേഷ പ്രചാരണങ്ങളുടെ പ്രധാന ഇരകളാണ് പത്രപ്രവര്‍ത്തകര്‍. അവരെ അധിക്ഷേപിക്കുകയും ശാരീരികോപദ്രവമേല്‍പ്പിക്കുമെന്ന് ഭയപ്പെടുത്തുകയുമാണ് ദേശീയ വാദികളുടെ പ്രധാന വിനോദം.’ ഒരു രാജ്യത്തെ പത്രപ്രവര്‍ത്തകര്‍ക്കുള്ള സ്വാതന്ത്ര്യത്തെ അടിസ്ഥാനമാക്കി അവര്‍ തയ്യാറാക്കിയ 192 രാഷ്ട്രങ്ങളുടെ ലിസ്റ്റില്‍ ഇന്ത്യക്ക് 136ാം സ്ഥാനമാണുള്ളത്.

എവിടെ നിന്നാണ് അപകടം വരുന്നത് എന്നതിനെക്കുറിച്ച് റിപ്പോര്‍ട്ടില്‍ പറയുന്നുണ്ട്. ‘ദേശവിരുദ്ധ’ ചിന്തയുടെ എല്ലാ ആവിഷ്‌കാരങ്ങളെയും തുടച്ച് നീക്കാനാണ് ഹിന്ദു ദേശീയവാദികള്‍ ശ്രമിച്ച് കൊണ്ടിരിക്കുന്നത്. വ്യക്തികള്‍ സ്വന്തം ഇഷ്ടത്തിന് നടപ്പിലാക്കുന്ന സെന്‍സര്‍ഷിപ്പ് മുഖ്യധാരാ മാധ്യമങ്ങളില്‍ അധികരിച്ച് കൊണ്ടിരിക്കുകയാണ്.

സ്വാതന്ത്ര്യവും ജനാധിപത്യവും ഉറപ്പ് വരുത്താന്‍ ശ്രമിക്കുന്ന അന്തര്‍ദേശീയ കാവല്‍ നായ എന്ന് സ്വയം വിശേഷിപ്പിക്കുന്ന ഫ്രീഡം ഹൗസും (freedom house) സമാനമായ ആശങ്ക പങ്ക് വെക്കുകയുണ്ടായി.ഫ്രീഡം ഹൗസ് തയ്യാറാക്കിയ 2017ലെ റിപ്പോര്‍ട്ടില്‍ പറയുന്നു: ‘ആവിഷ്‌കാര സ്വാതന്ത്ര്യത്തിനെതിരായ ഭീഷണികള്‍ അധികരിച്ച് കൊണ്ടിരിക്കുകയാണ്. ബ്ലോഗര്‍മാര്‍ക്കും സോഷ്യല്‍ മീഡിയ ഉപയോക്താക്കള്‍ക്കുമെതിരായ ഹിന്ദു ദേശീയവാദികളുടെ അക്രമങ്ങളില്‍ ജനാധിപത്യ വിശ്വാസികള്‍ക്ക് ആശങ്കയുണ്ട്.’ പത്രപ്രവര്‍ത്തകര്‍ക്ക് ഭാഗികമായ സ്വാതന്ത്ര്യമുള്ള രാഷ്ട്രം എന്നാണ് റിപ്പോര്‍ട്ട് ഇന്ത്യയെ വിശേഷിപ്പിച്ചത്.

പത്രപ്രവര്‍ത്തകര്‍ ഭീഷണികളും ശാരീരികാതിക്രമങ്ങളും നേരിടാറുണ്ട്. 2016ല്‍ ഇന്ത്യയില്‍ അഞ്ച് പത്രപ്രവര്‍ത്തകര്‍ കൊല്ലപ്പെടുകയുണ്ടായി. അതില്‍ മൂന്ന് പേരുടെ വധത്തിന്റെ കാരണം വ്യക്തമല്ല എന്നാണ് പത്രപ്രവര്‍ത്തകരെ സംരക്ഷിക്കാന്‍ രൂപീകൃതമായ ഒരു കമ്മറ്റി പറയുന്നത്.മരണപ്പെട്ട പത്രപ്രവര്‍ത്തകരുടെ വിവരങ്ങള്‍ ശേഖരിച്ച കമ്മറ്റി പറയുന്നത് 1992 മുതല്‍ നാല്‍പ്പത് പത്രപ്രവര്‍ത്തകര്‍ ഇന്ത്യയില്‍ കൊല്ലപ്പെട്ടിട്ടുണ്ടെന്നാണ്. അതേസമയം കൊലപാതകികള്‍ നിയമത്തിന്റെ പിടിയില്‍ നിന്ന് രക്ഷപ്പെടാറാണ് പതിവ്. കഴിഞ്ഞ പത്ത് വര്‍ഷത്തില്‍ ഇന്ത്യയില്‍ നടന്ന കൊലപാതകങ്ങളില്‍ മിക്കതും ഇപ്പോഴും തെളിയിക്കപ്പെടുകയോ കുറ്റവാളികള്‍ ശിക്ഷിക്കപ്പെടുകയോ ചെയ്തിട്ടില്ല. അതിനാല്‍ തന്നെ കൊലപാതകികള്‍ ശിക്ഷിക്കപ്പെടാത്ത രാഷ്ട്രങ്ങളുടെ പട്ടികയില്‍ കമ്മറ്റി ഇന്ത്യയെയും ഉള്‍പ്പെടുത്തിയിട്ടുണ്ട്..

കഴിഞ്ഞ പത്ത് വര്‍ഷത്തിനുള്ളില്‍ പതിമൂന്നോളം പത്രപ്രവര്‍ത്തകര്‍ ഇന്ത്യയില്‍ കൊല്ലപ്പെട്ടിട്ടുണ്ട്. അതിന്റെ പേരില്‍ ആരെയും ഇത് വരെ ശിക്ഷിച്ചിട്ടില്ല. പ്രാദേശിക തലത്തിലെ അഴിമതികളെയും രാഷ്ട്രീയ കുറ്റകൃത്യങ്ങളെയും പുറത്ത് കൊണ്ട് വന്ന ഗ്രാമങ്ങളില്‍ നിന്നുള്ള പത്രപ്രവര്‍ത്തകരായിരുന്നു അവര്‍. അതിനാല്‍ തന്നെയാണ് രാഷ്ട്രീയ സംഘങ്ങളുടെയും ക്രിമിനലുകളുടെയും അക്രമത്തിന് അവര്‍ ഇരയായത്.

സി.പി.ജെ (committee to protect journalists) നടത്തിയ ഒരു പഠനത്തില്‍ പറയുന്നു: ‘സ്വതന്ത്ര പത്രപ്രവര്‍ത്തകനായ ജഗേന്ദ്ര സിംഗിന്റെ വീട്ടില്‍ 2015 ല്‍ പോലീസ് നടത്തിയ റെയ്ഡിന് ശേഷമാണ് അദ്ദേഹം തീ കൊളുത്തി മരിച്ച നിലയില്‍ കാണപ്പെട്ടത്. എന്നാല്‍ മരിക്കുന്നതിന് മുമ്പ് അദ്ദേഹം തന്നെ റെക്കോര്‍ഡ് ചെയ്ത വീഡിയോയില്‍ പറയുന്നത് പ്രാദേശിക ഗവണ്‍മെന്റ് ഉദ്യോഗസ്ഥന്റെ നിര്‍ദേശപ്രകാരം ഒരു പോലീസ് ഓഫീസര്‍ തന്റെ മേല്‍ മണ്ണെണ്ണയൊഴിച്ച് കത്തിക്കുകയായിരുന്നു എന്നാണ്. അതിന്റെ പേരില്‍ ആരും ഇതുവരെ ശിക്ഷിക്കപ്പെട്ടില്ല. അന്വേഷങ്ങളെല്ലാം നിര്‍ത്തിവെക്കുകയും ചെയ്തു.’

ഒരു സ്വതന്ത്ര മാധ്യമ സ്ഥാപനമായ ദ ഹൂട്ട് (The Hoot) മേയില്‍ സമര്‍പ്പിച്ച റിപ്പോര്‍ട്ടില്‍ ഇന്ത്യയിലെ മാധ്യമ സ്വാതന്ത്ര്യത്തെക്കുറിച്ച് നിരീക്ഷിക്കുന്നുണ്ട്. 2016 ജനുവരിക്കും 2017 ഏപ്രീലിനുമിടയില്‍ പത്രപ്രവര്‍ത്തകര്‍ക്കെതിരെ റിപ്പോര്‍ട്ട് ചെയ്യപ്പെട്ട 54 ആക്രമണങ്ങളുണ്ടായി എന്നതില്‍ പറയുന്നുണ്ട്. കൂടാതെ മൂന്ന് വാര്‍ത്താ ചാനലുകളും 45 ഓണ്‍ലൈന്‍ സ്ഥാപനങ്ങളും നിരോധിക്കുകയും വ്യക്തികള്‍ക്കും സംഘങ്ങള്‍ക്കുമെതിരെ 45 രാജ്യദ്രോഹ കേസുകള്‍ ഫയല്‍ ചെയ്തതായും റിപ്പോര്‍ട്ടില്‍ സൂചിപ്പിക്കുന്നുണ്ട്. മാത്രമല്ല, ഏഴ് പത്രപ്രവര്‍ത്തകര്‍ അക്കാലയളവില്‍ കൊല്ലപ്പെടുകയും ചെയ്തിട്ടുണ്ട്.

അന്വേഷണാത്മക പത്രപ്രവര്‍ത്തനത്തില്‍ മുഴുകിയിരുന്ന ലങ്കേഷിനെപ്പോലെയുള്ള പത്രപ്രവര്‍ത്തകരെക്കുറിച്ചും റിപ്പോര്‍ട്ടില്‍ പറയുന്നുണ്ട്: ‘ഓരോ ആക്രമണങ്ങള്‍ക്ക് പിന്നിലുള്ള കഥകളും ഇന്ത്യയിലെ പത്രപ്രവര്‍നത്തനത്തിന്റെ ഭാവിയെക്കുറിച്ച വ്യക്തമായ ചിത്രം നല്‍കുന്നുണ്ട്. അഥവാ, അന്വേഷണാത്മക പത്രപ്രവര്‍ത്തനം ഇന്ത്യയില്‍ അപകടകരമായിക്കൊണ്ടിരിക്കുകയാണ്. അതിലേര്‍പ്പെടുന്നവര്‍ നിരന്തരം ആക്രമണത്തിന് വിധേയമാകുന്നു.’ അതേസമയം അക്രമകാരികള്‍ നിയമത്തിന്റെ പഴുതില്‍ നിന്ന് വളരെ സുഗമമായി രക്ഷപ്പെടുകയും ചെയ്യുന്നു. പത്രപ്രവര്‍ത്തകര്‍ക്കെതിരെയുണ്ടായ അക്രമങ്ങളിന്‍മേല്‍ റിപ്പോര്‍ട്ട് ചെയ്യപ്പെട്ട 114 കേസുകളില്‍ 32 പേര്‍ മാത്രമാണ് ശിക്ഷിക്കപ്പെട്ടതെന്നും റിപ്പോര്‍ട്ടില്‍ പറയുന്നുണ്ട്.

ഒരു പത്രപ്രവര്‍ത്തക എന്ന നിലയില്‍ നടത്തിയ പോരാട്ടങ്ങളുടെ പേരിലാണോ ലങ്കേഷ് കൊല്ലപ്പെട്ടത് എന്നത് ഇനിയും തെളിയിക്കേണ്ട കാര്യമാണ്. എങ്കിലും അവരുടെ മരണം ഈ മേഖലയില്‍ പ്രവര്‍ത്തിക്കുന്നവര്‍ക്കെല്ലാം ഒരു സന്ദേശം നല്‍കുന്നുണ്ട്. ഫലപ്രദമായ ഒരു പോലീസ് സംവിധാനത്തിലൂടെ മാത്രമേ അതിനെ നേരിടാനാകൂ എന്നത് തീര്‍ച്ചയാണ്. നിര്‍ഭാഗ്യവശാല്‍, കര്‍ണ്ണാടക പോലീസിന്റെ സമീപ ചരിത്രം നമുക്ക് ശുഭപ്രതീക്ഷയൊന്നും നല്‍കുന്നില്ല.

Facebook Comments
Show More

Related Articles

Close
Close