Onlive Talk

ഗോഡ്‌സെയുടെ തോക്ക് ഇപ്പോഴും വെടിയുതിര്‍ക്കുന്നു

‘ജനങ്ങളൊന്നിച്ച് മൗനത്തിന്റേതായ ഗൂഢാലോചന നടത്തുന്ന ഒരു മുറിയില്‍ ഒരൊറ്റ നേര് വെടിയൊച്ച പോലെ, മുഴങ്ങുന്നു…. പാവപ്പെട്ട ഒരുവനെ ചതിച്ച് അവന്റെ ദുരിതത്തില്‍ പൊട്ടിച്ചിരിക്കുന്നവരേ, നിങ്ങള്‍ സുരക്ഷിതരാണെന്നു കരുതരുത്. കവി ഓര്‍മിക്കുന്നു. അവനെ നിങ്ങള്‍ക്ക് കൊല്ലാം, അപ്പോള്‍ പുതിയ ഒരുവന്‍ പിറക്കും. സംസാരവും പ്രവൃത്തികളും രേഖപ്പെടുത്തും.’ (പോളിഷ് കവി ചെസ്വാ മീവാഷ് )

ധന്‍ബോല്‍ക്കര്‍, പന്‍സാരെ, കല്‍ബുര്‍ഗി, ഗൗരി ലങ്കേഷ്… ഇനിയാര്? ചോദ്യവും അതിനുള്ള ഉത്തരവും ഫാസിസത്തിന്റെ അണിയറയില്‍ രൂപപ്പെട്ട് കഴിഞ്ഞു. അതിനാല്‍ നമുക്കെല്ലാവര്‍ക്കും ഭയത്തിന്റെ മൗനത്തിന്റെ മാളത്തിലൊളിക്കാം. ഘനീഭവിക്കുന്ന മൗനമാണ് ഇനി പരിഹാരമുള്ളത്. കാരണം പ്രതിഷേധങ്ങള്‍ക്ക് പ്രസക്തി നഷ്ടപ്പെട്ട് ഇന്ത്യയിലെ മതേതര ജനാധിപത്യ വിശ്വാസികള്‍ നിസ്സഹായതയുടെ നടുക്കടലില്‍ എടുത്തെറിയപ്പെടുന്നു. ഞങ്ങള്‍ കൊല്ലും നിങ്ങള്‍ പതിവ് പോലെ പ്രതിഷേധങ്ങള്‍ നടത്തി കൊള്ളുക എന്ന് സവര്‍ണ ഫാസിസത്തിന്റെ വക്താക്കള്‍ പ്രഖ്യാപിച്ച് കഴിഞ്ഞതാണ്. അങ്ങനെ എഴുത്തുകാരനെ കൊല ചെയ്യുക എന്നുള്ളത് സ്വാഭാവികമായി തീര്‍ന്നിരിക്കുന്നു. പെട്രോളിനും ഡീസലിനും വില കൂടുന്നത് പോലെ കൊലകളുടെയും എണ്ണം കൂടി വരുന്നു.

നാം നമ്മുടെ പ്രതിഷേധങ്ങളെല്ലാം നിര്‍ത്തിവെച്ച് മൗനത്തിന്റെ വാല്‍മീകത്തിലേക്ക് ഒളിക്കുകയാണൊ? ജനാധിപത്യത്തിന്റെ അന്തസത്ത നിലകൊള്ളുന്നത് വിയോജിക്കുവാനുള്ള ഒരു പൗരന്റെ അവകാശം വകവെച്ച് കൊടുക്കുമ്പോഴാണ്. പക്ഷെ ഇവിടെ ജനാധിപത്യം ഗളഹസ്തം ചെയ്യപ്പെട്ട് വിയോജിക്കുന്നവരെ ഇല്ലായ്മ ചെയ്യുന്ന ഒരു രീതി ശാസത്രം വളരെ വിപുലമായ അര്‍ഥത്തില്‍ വികാസം പ്രാപിച്ച് വരുന്നു. എന്ത് കൊണ്ട് എഴുത്തുകാരനെ അല്ലെങ്കില്‍ എഴുത്തുകാരിയെ കൊന്ന് തള്ളണം എന്ന ചോദ്യത്തിന് ഫാസിസ്റ്റ് ഭരണകൂടങ്ങള്‍ക്ക് സ്വതന്ത്ര ധൈഷണിക വ്യവഹാരങ്ങളെ ഭയമാണ് എന്ന സ്വാഭാവിക വിശദീകരണത്തിനപ്പുറത്ത്, കൃത്യമായ പ്ലാനിങ്ങിന്റെയും ഡിസൈനിങ്ങിന്റെയും ഭാഗമായി നിര്‍വഹിക്കപ്പെടുന്ന ദൗത്യമാണ് ഇത്തരം കൊലപാതകങ്ങള്‍ എന്ന് നാം തിരിച്ചറിയേണ്ടിയിരിക്കുന്നു. ഉംബര്‍ട്ടോ ഇകോവിന്റെ അഞ്ചു നൈതിക പ്രബന്ധങ്ങള്‍ എന്ന പുസ്തകത്തില്‍ ഫാസിസ്റ്റു സമീപനത്തിന്റെ സാമാന്യ സ്വഭാവങ്ങള്‍ അപഗ്രഥിച്ച് കൊണ്ട് കവി സച്ചിദാനന്ദന്‍ വിശദീകരിക്കുന്നത് ഇവിടെ പ്രസ്താവ്യമാണെന്ന് കരുതുന്നു. ‘ബുദ്ധിജീവി വിരോധവും ലിബറല്‍ ചിന്തയോടുള്ള എതിര്‍പ്പും ചിന്താശൂന്യതയും സംസകാരത്തെ സംബന്ധിച്ച സംശയവും ഫാസിസത്തിന്റെ സ്വഭാവങ്ങളാണ്. സംസ്‌കാരമെന്നു കേട്ടാല്‍ എനിക്ക് കൈതോക്ക് എടുക്കാന്‍ തോന്നും എന്ന ഗീബെല്‍സിന്റെ പ്രസ്താവമോര്‍ക്കുക. ഒപ്പം നാസി ജര്‍മനിയിലും ഫാസിസ്റ്റ് ഇറ്റലിയിലും നടന്ന സെന്‍സര്‍ഷിപ്പുകളും പുസ്തകം തീയിടലും സ്വതന്ത്ര കലാപ്രവര്‍ത്തനത്തിനുള്ള നിയന്ത്രണവും കൂടി. അഭിപ്രായ വിത്യാസത്തെ വിശ്വാസ വഞ്ചനയായി കണ്ട് വിമര്‍ശനത്തോടുള്ള അസഹിഷ്ണുത ഫാസിസത്തിന്റെ മൗലിക സ്വഭാവമാണ്.’

സ്വാതന്ത്യം, ജനാധിപത്യം എന്നീ ഭരണ ഘടനയിലെ വാക്കുകള്‍ക്ക് അര്‍ഥം നഷ്ടപ്പെട്ട സമകാലിക ഇന്ത്യയില്‍ നിര്‍ഭയമായി ഒരാശയത്തോട് വിയോജിക്കാനുള്ള അവകാശം നിഷേധിക്കപ്പെട്ട് ജീവന്‍ എടുത്ത് കളയുന്ന കാടത്തരത്തിലേക്ക് പുതിയ ഇന്ത്യ മാറിക്കൊണ്ടിരിക്കുന്നു. ഒരു വേള പ്രധാനമന്ത്രി നരേന്ദ്ര മോദി പ്രഖ്യാപിച്ച ‘പുതിയ ഇന്ത്യ’ ഇതാണെങ്കില്‍ മൂന്ന് വര്‍ഷം മുന്‍പ് യു.ആര്‍. അനന്തമൂര്‍ത്തി വിളിച്ചു പറഞ്ഞ, മോഡിയുടെ ഇന്ത്യയില്‍ ഞാന്‍ ജീവിക്കില്ല എന്ന മുദ്രാവാക്യം ഇപ്പോള്‍ നമ്മളും പ്രഖ്യാപിക്കേണ്ടിയിരിക്കുന്നു. എഴുപത് വര്‍ഷം കൊണ്ട് നാം നേടിയെടുത്ത ജനാധിപത്യ മൂല്യങ്ങള്‍ക്ക് മേല്‍ കടന്ന് കയറ്റം നടത്തി വിയോജിക്കുന്നവരെ ഇല്ലായ്മ ചെയത് ഫാസിസത്തിന്റെ വെടിയുണ്ടകള്‍ ഇനിയും എത്ര മനുഷ്യരുടെ നെഞ്ചകം പിളര്‍ക്കും. എല്ലാം വ്യര്‍ഥമായി പോകുന്ന വാക്കുകള്‍ക്ക് അര്‍ഥം നഷടപ്പെട്ട് പോകുന്ന നിസ്സഹായതയുടെ ഈ ലോകത്ത് നിന്ന് നമുക്ക് മൗനികളായിരിക്കാന്‍ കഴിയുമോ? ഏഴ് വെടിയുണ്ടകള്‍ മെലിഞ്ഞ ആ ശരീരത്തിലേക്ക് ഉതിര്‍ക്കാന്‍ ഫാസിസത്തെ പ്രകോപിപ്പിച്ചത് എന്താണ്? ഉത്തരം വളരെ ലളിതമാണ് ഗൗരി ലങ്കേഷ് സംഘ് പരിവാറിന്റെ വിമര്‍ശകയാണ്. അനീതിക്കെതിരെ മനുഷ്യാവകാശ നിഷേധങ്ങള്‍ക്ക് എതിരെ ശബ്ദിച്ചവരാണ്. അവരെ ഇല്ലായ്മ ചെയ്യേണ്ടത് കല്‍ബുര്‍ഗിയെ കൊന്ന് തള്ളിയവരുടെ ഉത്തരവാദിത്തമാണ്. ആ ദൗത്യം വളരെ ഭംഗിയായി അവര്‍ നിര്‍വഹിച്ചു.

ഗൗരി ലങ്കേഷിനെ കൊന്നത് ആരാണെന്നും കൊല്ലിച്ചതിന് പിന്നിലുള്ള ഗൂഡാലോചനയും പോലീസ് ഇന്‍വെസ്റ്റിഗേഷനില്‍ വെളിപ്പെടേണ്ടതാണ്. പക്ഷെ ഈ കൊലക്ക് പ്രചോദനമേകിയവരും കൊല ആഘോഷിക്കുന്നവരെയും ഇന്ത്യയിലെ ജനതക്ക് നന്നായി അറിയാം. മാത്രമല്ല കര്‍ണാടകയിലെ ഒരു ബി.ജെ.പി എം.എല്‍.എ പറഞ്ഞത് സംഘ് പരിവാറിനെ വിമര്‍ശിച്ചില്ലായിരുന്നുവെങ്കില്‍ ഗൗരി ലങ്കേഷിന് ജീവന്‍ നഷ്ടപ്പെടില്ലായിരുന്നു എന്നാണ്. അഥവാ ഗൗരി ലങ്കേഷ് കൊല്ലപ്പെട്ടത് ഒരു ആശയത്തിന് വേണ്ടിയാണ്. ഏതെങ്കിലും ഒരു പ്രത്യേക കാറ്റഗറിയില്‍ ഒതുക്കി നിര്‍ത്തി വിവക്ഷിക്കാവുന്ന ഒരു പത്രപ്രവര്‍ത്തകയല്ല അവര്‍. പിതാവിന്റെ പാത പിന്തുടര്‍ന്ന് മതനിരപേക്ഷതയുടെയും ജാതി വിരുദ്ധതയുടെയും പുരോഗമന ആശയം പ്രചരിപ്പിച്ചവരായിരുന്നു . ഇത്തരം പുരോഗമന ശബ്ദങ്ങളെ നിശ്ശബ്ദമാക്കേണ്ടത് എതിര്‍ പക്ഷത്ത് നില്‍ക്കുന്ന വര്‍ഗീയ വാദികളുടെ ജാതിക്കോമരങ്ങളുടെ ആവശ്യമാണ്. ആരാണൊ ഈ കൊലയില്‍ സന്തോഷിക്കുന്നത്, കൊല്ലപ്പെട്ടയാളെ അസഭ്യവര്‍ഷം നടത്തുന്നത് അവര്‍ സംഘ് ആശയത്തിന്റെ വക്താക്കളും സാക്ഷാല്‍ പ്രധാനമന്ത്രിയുടെ ഫോളോവേഴ്‌സുമാണ്. മാത്രമല്ല സച്ചിന്‍ തെന്‍ഡുല്‍ക്കറിനും ലതാ മങ്കേഷിനും ജന്മദിനാശംസകള്‍ നേര്‍ന്ന് കൊണ്ട് ട്വീറ്റ് ചെയ്യുന്ന പ്രധാനമന്ത്രി ഈ വിഷയത്തില്‍ തുടരുന്ന മൗനം ഭരണ കൂടത്തിന്റെ പിന്തുണ ഇക്കൂട്ടര്‍ക്കുണ്ട് എന്ന് ന്യായമായും സംശയിക്കാം. അഥവാ ഗൗരി ലങ്കേഷ് കൊല്ലപ്പെട്ടത് ഇപ്പോഴത്തെ ഭരണ കൂടത്തിന്റെ ആശയത്താലാണ് എന്ന് ചുരുക്കം. ഭരണ കൂടത്തിന്റെ സ്‌പോണ്‍സര്‍ഷിപ്പില്‍ തീവ്രസംഘങ്ങള്‍ക്ക് നടത്തുന്ന ഇത്തരം കൊലപാതകത്തിലെ പ്രതികളെ പിടികൂടി ശിക്ഷിക്കുക എന്നുള്ളത് വളരെ വിദൂരമാണ്. നാട്ടിലെ നിയമവും കോടതിയും ഭരണ വര്‍ഗ പ്രത്യയശാസ്ത്രത്തിന്റെ ഉപകരണമായി പ്രവര്‍ത്തിക്കുന്നതാണ് നമ്മുടെ മുന്നനുഭവം. അതിനാല്‍ മനുഷ്യത്വത്തില്‍ വിശ്വസിക്കുന്നവര്‍ മതനിരപേക്ഷതയിലും ജനാധിപത്യത്തിലും വിശ്വസിക്കുന്നവര്‍ എന്ത് ചെയ്യണമെന്നറിയാതെ തരിച്ച് നില്‍ക്കുകയാണ്. ഇനിയാര് എന്ന ചോദ്യം എല്ലാവരെയും ഭയപ്പെടുത്തുന്നു. പക്ഷെ ഭയപ്പെട്ട് പിന്മാറി ഫാസിസത്തിന് അടിയറവ് പറയേണ്ടുന്ന ഒരു ഗതികേട് ഇന്ത്യ മഹാരാജ്യത്തിലെ ജനാധിപത്യ സമൂഹത്തിന് യോജിച്ചതല്ല. അതിനാല്‍ പ്രതിഷേധത്തിന്റെയും പ്രതിരോധത്തിന്റെയും കൊടുങ്കാറ്റ് ആഞ്ഞു വീശണം. നമ്മുടെ ഭരണ ഘടനക്ക് എതിരെ നില്‍ക്കുന്ന ഇത്തരം ശക്തികളെ തിരിച്ചറിയാനും പ്രതിരോധം തീര്‍ക്കുവാനും ഇനിയും വൈകിയാല്‍ ഇന്ത്യ എന്ന ആശയം ചരിത്രത്തിന്റെ ഭാഗമാവും. സത്യത്തില്‍ ധൈഷണികമായി ഉയര്‍ന്ന് നില്‍ക്കുന്ന അനീതിക്കെതിരെ പടനയിക്കുന്നവരെ ഫാസിസ്റ്റുകള്‍ക്ക് ഭയമാണ്. അത് ചരിത്രത്തില്‍ ഗാന്ധിക്കു നേരെ വെടിയുതിര്‍ത്ത് കൊണ്ട് ഗോഡ്‌സെ തുടക്കം കുറിച്ചതാണ്. ആയിരത്തി തൊള്ളായിരത്തി നാല്‍പത്തി എട്ടില്‍ ഗാന്ധിയുടെ നെഞ്ചകം പിളര്‍ന്ന ആ വെടിയുണ്ട ഇന്ന് ഗൗരി ലങ്കേഷ് എന്ന സ്ത്രീയുടെ നേരെയാണ് ഉതിര്‍ത്തത്. അഥവാ ഗോഡ്‌സെയുടെ തോക്ക് ഇനിയും വെടിയുതിര്‍ത്ത് കൊണ്ടിരിക്കുമെന്നര്‍ഥം.

Facebook Comments
Related Articles
Close
Close