Onlive Talk

ഖാദിയാനി കുതന്ത്രങ്ങളെ കരുതിയിരിക്കുക

ടി ജംഷാദ്, മാത്തോട്ടം ചന്ദ്രിക ആഴ്ചപതിപ്പിലെഴുതിയ (2016 ജനുവരി 9) കത്തിലെ ”അഹ്മദിയാക്കളെ (ഖാദിയാനികള്‍) ഭ്രഷ്ട് കല്‍പിച്ച് അകറ്റേണ്ടിതില്ല; വല്ല പാളിച്ചയുമുണ്ടെങ്കില്‍ നന്നാക്കിയെടുക്കാവുന്നതേയുള്ളൂ, …….. അവരെ കൂടുതല്‍ ഇസ്‌ലാമീകരിച്ച് സമുദായത്തോട് ചേര്‍ത്തുനിര്‍ത്തുകയാണ് വേണ്ടത്” എന്നീ പരാമര്‍ശങ്ങളെ ഒരളവോളം മാനിക്കാവുന്നതാണ്. വഴിതെറ്റിപ്പോയവരെ ഗുണകാംക്ഷാപൂര്‍വം സദുപദേശം നല്‍കി നേര്‍വഴിയിലേക്ക് കൊണ്ടുവരിക തന്നെയാണ് വേണ്ടത്. തങ്ങള്‍ക്ക് ഗുരുതരമാം വിധം വഴി തെറ്റിയിരിക്കുന്നുവെന്ന ബോധവും അത് തിരുത്തി നന്നാവാനുള്ള സന്മനസ്സും അവര്‍ക്കുണ്ടായിത്തീരാനും ഉണ്ടാക്കിത്തീര്‍ക്കാനുമാണ് ലോകത്തിലെ സകല മുസ്‌ലിം പണ്ഡിതരും നേതാക്കളുമൊക്കെ ഒറ്റക്കെട്ടായി ഖാദിയാനികള്‍ അമുസ്‌ലിംകളാണെന്ന് പ്രഖ്യാപിച്ചു കൊണ്ട് അവരുടെ ഭീമാബദ്ധത്തെ അടയാളപ്പെടുത്തിയത്. അങ്ങിനെ, തല്‍ഫലമായി ആയിരക്കണക്കിന് ഖാദിയാനികള്‍ തങ്ങളുടെ തെറ്റ് തിരുത്തിയിട്ടുമുണ്ട്. ഉറങ്ങുന്നവരെ ഉണര്‍ത്താം; ഉറക്കം നടിക്കുന്നവരെ ഉണര്‍ത്താനാവില്ല, എന്ന പരമാര്‍ഥം അപ്പോഴും അവശേഷിക്കും.

ഖാദിയാനികളുടെ അടിസ്ഥാനപരമായ ദൃഢനിലപാട് -വിശ്വാസം- മുഹമ്മദ് നബി(സ) അന്ത്യപ്രവാചകനല്ലെന്നാണ്. മീര്‍സാ ഗുലാം അഹ്മദ് പ്രവാചകനാണ്. ഇനിയും പ്രവാചകന്‍മാര്‍ വന്നേക്കാം. എന്നാണവര്‍ സിദ്ധാന്തിക്കുന്നത്. (ഇങ്ങിനെ ഒരു നബി’ ആഫ്രിക്കയില്‍ വന്നിട്ട് ചില ഖാദിയാനികള്‍ അങ്ങോട്ടേക്ക് മാറിയതായും അങ്ങനെ ഖാദിയാനികള്‍ക്കിടയില്‍ പുതിയ ഒരു പിളര്‍പ്പ് കൂടി വന്നതായും കണ്ണൂരിലെ ഖാദിയാനികള്‍ക്കിടയില്‍ നിന്ന് അറിയാന്‍ കഴിഞ്ഞു) ലോകമുസ്‌ലിംകള്‍ ന്യായമായ കാരണത്താല്‍ ഖാദിയാനികള്‍ അമുസ്‌ലിംകളാണെന്ന് പറയുന്ന പോലെ മീര്‍സയെ പ്രവാചകനായി അംഗീകരിക്കാത്തതിന്റെ പേരില്‍ ഖാദിയാനികള്‍ മുസ്‌ലിംകളെ കാഫിറുകളായാണ് ഗണിക്കുന്നതെന്ന വസ്തുത അനിഷേധ്യമാണ്. ഖാദിയാനികള്‍ മുസ്‌ലിംകള്‍ക്ക് വേണ്ടി മയ്യിത്ത് നമസ്‌കാരം നിര്‍വഹിക്കാറില്ല. തങ്ങളുടെ പെണ്‍മക്കളെ മുസ്‌ലിംകള്‍ക്ക് കെട്ടിച്ചു കൊടുക്കാറില്ല; മുസ്‌ലിംകളെ തുടര്‍ന്ന് നമസ്‌കരിക്കാറുമില്ല: അവര്‍ സ്വയം തന്നെ വേറിട്ടു നില്‍ക്കുന്നുമുണ്ട്. എന്നിരിക്കെ മുസ്‌ലിംകള്‍ ഭ്രഷ്ട് കല്‍പിക്കുന്നുവെന്ന് വിലപിക്കുന്നത് ഒരു തരം തന്ത്രമാവാനാണ് സാധ്യത.

മുഹമ്മദ് നബി(സ) അന്ത്യ പ്രവാചകനാണെന്നത് ഖുര്‍ആന്‍ പ്രസ്താവിച്ചതാണ്. എനിക്ക് ശേഷം നബി വരില്ലെന്ന് മുഹമ്മദ് നബി തറപ്പിച്ചും ഉറപ്പിച്ചും പറഞ്ഞതാണ്; മുസ്‌ലിം ലോകം ഇക്കാലമത്രയും ഏക കണ്ഠമായിത് അംഗീകരിക്കുകയും ചെയ്യുന്നുണ്ട്. അങ്ങനെ ഒരു നബി വരേണ്ട ആവശ്യകതയും ഇവിടെ ഇല്ല. അന്ത്യപ്രവാചകനിലൂടെ അവതരിപ്പിച്ച അന്തിമ വേദഗ്രന്ഥമായ വിശുദ്ധ ഖുര്‍ആന്‍ വളരെ സുഭദ്രമായും അതിലുപരി വളരെ ജനകീയമായും നിലകൊള്ളുന്നുണ്ട്. അതിന്റെ വിശുദ്ധ വെളിച്ചം ആര്‍ക്കും ലഭ്യമാണ്. ഖുര്‍ആന്‍ വിശദീകരിച്ചു തന്ന അന്ത്യ പ്രവാചകന്റെ ചര്യയും ചരിത്രവും ഉപദേശ നിര്‍ദേശങ്ങളെല്ലാം ഇവിടെ നിലനില്‍ക്കുന്നുമുണ്ട്. പ്രവാചകന്റെ തിരു ശരീരമില്ലെന്നേയുള്ളു.

പ്രവാചകന്‍(സ) കൊണ്ടുവന്നത് ഇവിടെ ഭദ്രമായി നിലനില്‍ക്കുന്നുണ്ട്. ലോകാന്ത്യം ആസന്നമായതിനാല്‍ കൂടിയാണ് അല്ലാഹു പ്രവാചക പരമ്പരക്കന്ത്യം കുറിച്ചത്. ലോകാന്ത്യം അടുത്തിരിക്കുന്നുവെന്ന കാര്യം വിശുദ്ധ ഖുര്‍ആന്‍ 21:1 ഉള്‍പ്പെടെ പലേടത്തും സൂചിപ്പിച്ചിട്ടുണ്ട്. പൂര്‍വീക പ്രവാചകരില്‍ നിന്ന് വ്യത്യസ്തമായി മുഹമ്മദ് നബി(സ) ലോകാന്ത്യത്തെ പറ്റിയും അതിന്റെ അടയാളങ്ങളെപ്പറ്റിയും സാമാന്യം വിശദമായി ഉണര്‍ത്തിയിട്ടുമുണ്ട്. ഹദീസ് ഗ്രന്ഥങ്ങളില്‍ അത് ധാരാളം കാണാവുന്നതാണ്.

മുഹമ്മദ് നബി (സ) അന്ത്യപ്രവാചകനാണെന്നംഗീകരിക്കാതെ വേറെയും പുതിയ പ്രവാചകന്‍മാരെ പ്രതീക്ഷിച്ചിരിക്കുന്ന ഖാദിയാനികളും മുസ്‌ലിംകളും തമ്മില്‍ വലിയ വിടവുണ്ട്.

ഒരാള്‍ വ്യാജ പ്രവാചകത്വം വാദിക്കുക: അതിനെ കുറെ പേര്‍ അംഗീകരിക്കുകയും അംഗീകരിക്കാത്തവരെ കാഫിറായി ഗണിക്കുകയും ചെയ്യുകയെന്നത് ചെറിയ പ്രശ്‌നമല്ല. എന്നിട്ട് ആ വ്യാജപ്രവാചകന്റെ വിയോഗാനന്തരം അദ്ദേഹത്തെ പ്രവാചകനായിട്ടല്ല, ഒരു പരിഷ്‌കര്‍ത്താവായി മാത്രമെ ഞങ്ങള്‍ അംഗീകരിക്കുന്നുള്ളുവെന്ന് വേറെകുറെപ്പേര്‍ ഒരു ചപ്പടാച്ചി വര്‍ത്തമാനം പറയുന്നതിലെ യുക്തിരാഹിത്യം ഇവര്‍ ചിന്തിക്കാതെ പോകുന്നത് സങ്കടകരമാണ്. വ്യാജപ്രവാചകത്വം വാദിക്കുകയും ‘ജിഹാദ് ‘ റദ്ദാക്കല്‍ ഉള്‍പ്പെടെ പലതും പ്രഖ്യാപിക്കുകയും ചെയ്ത ഒരു വ്യക്തിയെ പരിഷ്‌കര്‍ത്താവ് മാത്രമാക്കി, അദ്ദേഹത്തിന്റെ കാലശേഷം വിശേഷിപ്പിച്ച് കൊണ്ടു നടക്കുന്നവരുടെ പാപ്പരത്വം സഹതാപാര്‍ഹമാണ്.

”അല്ലാമാ ഇഖ്ബാല്‍ ഖാദിയാനിസത്തെ എതിര്‍ത്തിരുന്നുവെന്നതും ശുദ്ധ കളവാണ്” എന്ന ഖാദിയാനീ പ്രസ്താവന അവര്‍ക്ക് മാത്രം ചേരുന്നതാണ്. വ്യാജപ്രവാചകനെ കൊണ്ട് നടന്ന് വ്യാജങ്ങള്‍ പ്രചരിപ്പിക്കുന്നവര്‍ക്ക് പിന്നെ എന്തും പറയാനാവുമെന്നതിന്റെ ചെറിയ തെളിവാണ് ഈ പ്രസ്താവന. ഇംഗ്ലീഷിലും മലയാളത്തിലും വ്യാപകമായി ഇവ്വിഷയകമായുള്ള കൃതി നിലവിലുണ്ട്. ഐ.പി.എച്ച് പ്രസിദ്ധീകരിച്ച ‘ഖാദിയാനിസം നെഹ്‌റു-ഇഖ്ബാല്‍ സംവാദം’ എന്ന കൃതിയില്‍ നിന്ന് ചില പ്രസക്ത വരികള്‍ ഉദ്ധരിക്കുകയാണ്. ‘…….ഇസ്‌ലാമിന്റെ മൗലിക ഏകീഭാവത്തിന് ഭീഷണിയുയര്‍ത്തുന്നുവെന്ന് മനസിലാക്കുന്ന ഏതൊക്കെ വിഭാഗത്തിനെതിരെയും മുസ്‌ലിംകളുടെ പ്രതികരണ തീവ്രവൈകാരികമാവുന്നതും ഇക്കാരണത്താല്‍ തന്നെ. ചരിത്രപരമായി ഇസ്‌ലാമുമായി ബന്ധം പുലര്‍ത്തുകയും സ്വന്തം അടിത്തറ പുത്തന്‍ പ്രവാചകത്വത്തില്‍ ഊന്നുകയും ചെയ്തിട്ട്, തങ്ങള്‍ക്ക് ലഭിച്ച ‘ഇല്‍ഹാമു’കളില്‍ വിശ്വസിക്കാത്ത മുസ്‌ലിംകളെയാകമാനം കാഫിറുകളായി മുദ്രകുത്തുന്നവര്‍ ഇസ്‌ലാമിന്റെ ഏകീഭാവത്തിന് ഭീഷണിയുയര്‍ത്തുന്ന വിഭാഗമാണെന്ന് മുസ്‌ലിംകള്‍ വിലയിരുത്തി. അതങ്ങിനെ വിലയിരുത്തിയേ പറ്റൂ. കാരണം, ഇസ്‌ലാമികകൈക്യത്തിന്റെ സംരംക്ഷണം പ്രവാചകത്വ പരിസമാപ്തിയിലുള്ള വിശ്വാസത്തിലുടെയാണ് സാധ്യമാകുന്നത്. ഇസ്‌ലാം പൂര്‍വ മാഗിയാനിസത്തിന്റെ ഇരു പുത്തന്‍ രൂപങ്ങളില്‍ ബഹായിസം ഖാദിയാനിസത്തേക്കാള്‍ എത്രയോ മടങ്ങ് സത്യസന്ധമാണ്. കാരണം ഇസ്‌ലാമിന്നെതിരെ അതിന്റെ കടന്നുകയറ്റം ഒളികാമറകള്‍ ഇല്ലാതെയായിരുന്നു. അതേസമയം ഖാദിയാനിസമാകട്ടെ ഇസ്‌ലാമിന്റെ പരമപ്രധാന സ്തംഭങ്ങള്‍ നിലനിര്‍ത്തുകയും അതിന്റെ ചൈതന്യത്തിനും ആത്മാവിനും ആന്തരികമായി ഹാനിവരുത്തുകയും ചെയ്യുന്ന പ്രതിയോഗികളെ ഭൂകമ്പങ്ങള്‍കൊണ്ടും മഹാമാരികള്‍ കൊണ്ടും നശിപ്പിക്കാന്‍ തക്കം പാര്‍ത്തിരിക്കുന്ന അസൂയാലുവായ ദൈവസങ്കല്‍പം പ്രവാചകനെ സംബന്ധിച്ച് ജ്യോതിഷിയെന്ന വിഭാവനം, ഈശോമിശിഹായുടെ ആത്മാവിന് അവതാരങ്ങളുണ്ടെന്ന വാദം തുടങ്ങിയവയെല്ലാം തനി ജൂദായിസം കലര്‍ന്ന വിശ്വാസങ്ങളാണ്. എത്രതോളമെന്നാല്‍, ഖാദിയാനിസത്തെ സംബന്ധിച്ച് ആദ്യകാല ജൂദായിസത്തിലേക്കുള്ള മടങ്ങിപ്പോക്കെന്നു പോലും വ്യവഹരിക്കപ്പെടാവുന്നതാണ്…….. വാഗ്ദത്ത മസീഹ് (മസീഹ് മൗഊദ്) എന്ന സംജ്ഞപോലും ഇസ്‌ലാമികമല്ല. (പേജ്-15,16,17)

ഖാദിയാനികള്‍ ബ്രിട്ടീഷ് സാമ്രാജ്യത്വത്തോട് കാണിച്ച വിധേയത്വവും ഇസ്രാഈലില്‍ അവര്‍ക്ക് ലഭിക്കുന്ന പ്രവര്‍ത്തന സൗകര്യങ്ങളും ലണ്ടന്‍ ഇന്നും വളരെ സൗകര്യപ്രദമായ ആസ്ഥാനമായി തുടരുന്നതും നമുക്ക് നല്‍കുന്ന തിരിച്ചറിവ് ഒട്ടും ചെറുതല്ല.

മുസ്‌ലിം കുടുംബങ്ങളില്‍ വിവാഹം കഴിച്ച് നുഴഞ്ഞുകയറുന്നതും ട്രാവല്‍ ഏജന്‍സികളെ കബളിപ്പിച്ച് ഹജ്ജിന് പോകുന്നകതും മുസ്‌ലിം പള്ളികളില്‍ കയറി പ്രാര്‍ഥിക്കുന്നതും ഒരിക്കലും ഖാദിയാനിസത്തെ സാധൂകരിക്കുന്ന ന്യായങ്ങളോ തെളിവോ അല്ല. ഒരു പക്ഷേ തങ്ങളുടെ ഗതികേട് കൊണ്ടായിരിക്കാം ഇത്തരം വില കുറഞ്ഞ തന്ത്രങ്ങള്‍ അവലംഭിക്കുന്നത്. മഹല്ല് ഭാരവാഹികള്‍ ഉള്‍പ്പെടെയുള്ള സമുദായ നേതൃത്വം വളരെയേറെ ജാഗ്രത പുലര്‍ത്തേണ്ടതുണ്ടെന്ന തിരിച്ചറിവാണ് ഇത് നല്‍കുന്നത്. ജമാഅത്തെ ഇസ്‌ലാമിയെ വിഷയത്തിലേക്ക് വലിച്ചിഴച്ചുകൊണ്ട് വിഷയം വഴിതിരിച്ചുവിടാനുള്ള ഹീനതന്ത്രം ഖാദിയാനികള്‍ പുലര്‍ത്താറുണ്ട്. ജമാഅത്തെ ഇസ്‌ലാമിയോടും ഇതര ഇസ്‌ലാമിക പ്രസ്ഥാനങ്ങളോടുമുള്ള സമുദായത്തിലെ ചിലരുടെ വെറുപ്പിനെ ഇന്ധനമാക്കികൊണ്ട് ഇടം നേടാനുള്ള ഖാദിയാനി സൂത്രത്തെ ഗൗരവപൂര്‍വം കാണേണ്ടതുണ്ട്. മുസ്‌ലിംലീഗ് ഉള്‍പ്പെടെ പലസംഘടനകളിലും നുഴഞ്ഞുകയറാനും ഇവര്‍ പണ്ടെന്ന പോലെ ഇപ്പോഴും ശ്രമിക്കുന്നുണ്ട്. മുസ്‌ലിംലീഗിലെ പല പ്രമുഖരും തങ്ങളോട് സ്‌നേഹബന്ധമുള്ളവരാണെന്ന പ്രചാരണവും ഖാദിയാനികള്‍ നടത്തുന്നുണ്ട്. ഉത്തരവാദപ്പെട്ടവരുടെ മൗനവും നിസംഗതയും ഇവര്‍ക്ക് പ്രോത്സാഹനമായി ഭവിക്കുന്നുമുണ്ട്.

മുസ്‌ലിംകളിലെ എല്ലാ വിഭാഗവും ഒത്തു ചേര്‍ന്നുകൊണ്ട് കൊടിയത്തൂരിലെ അഞ്ചുമന്‍ ഇശാഅത്തെ ഇസ്‌ലാം കേരള ഇറക്കിയ ”ഖാദിയാനിസത്തിനെതിരെ 96 രേഖകള്‍” എന്ന പുസ്തകവും ”ഇസ്‌ലാമും ഖാദിയാനിസവും” (2 വാള്യം) എന്ന കൃതിയും ഖാദിയാനിസത്തെ വളരെ നന്നായി മനസിലാക്കാന്‍ സഹായകമാണ്. Qadianiat an analytical studyഎന്ന പേരില്‍ പാക്കിസ്ഥാനിലെ ”ഇദാറെ തര്‍ജുമാനുസുന്ന” (ലാഹോര്‍) പ്രസിദ്ധീകരിച്ച പുസ്തകവും ഇവ്വിഷയകമായി നല്ല വെളിച്ചം നല്‍കുന്നതാണ്.
(കേരള സ്റ്റേറ്റ് വഖഫ് ബോര്‍ഡ് മുന്‍ അംഗമാണ് ലേഖകന്‍)

Facebook Comments
Related Articles
Show More

പി.പി അബ്ദുറഹ്മാന്‍ പെരിങ്ങാടി

ജമാഅത്തെ ഇസ്‌ലാമി സംസ്ഥാന കൂടിയാലോചനാ സമിതി അംഗവും കേരള സംസ്ഥാന വഖഫ് ബോര്‍ഡ് മുന്‍ അംഗവുമാണ് പി.പി. അബ്ദുറഹ്മാന്‍ പെരിങ്ങാടി. 1956 ഏപ്രില്‍ 14 ന് വി.സി. അഹ്മദ് കുട്ടി  പി.പി. റാബിയ ദമ്പതികളുടെ മകനായി കറാച്ചിയില്‍ ജനിച്ചു.

 

Close
Close