Onlive Talk

ഓര്‍മകളിലെ ബാഗ്ദാദ്

അമേരിക്കയുടെ തീട്ടൂരത്തിന് വഴങ്ങി ഐക്യരാഷ്ട്രസഭ പാസാക്കിയ പ്രമേയങ്ങള്‍ അനുസരിച്ച് തങ്ങളുടെ കൈയ്യിലുള്ള ആയുധങ്ങളെല്ലാം നശിപ്പിക്കാന്‍ നിര്‍ബന്ധിതരായ ഒരു രാജ്യത്തിന് മേല്‍ എളുപ്പത്തില്‍ നേടിയ വിജയത്തെ കുറിച്ച് അവര്‍ വീമ്പു പറഞ്ഞു. ഉപരോധം മൂലം പട്ടിണിയിലായ രാജ്യത്തെ പിഞ്ചുകുഞ്ഞുങ്ങള്‍ക്ക് ഭക്ഷണവും മരുന്നും ലഭ്യമാക്കുന്നതിന് വേണ്ടിയായിരുന്നു ആ രാജ്യം ഐക്യരാഷ്ട്രസഭയുടെ നിര്‍ബന്ധത്തിന് വഴങ്ങി ആയുധങ്ങളെല്ലാം നിര്‍വീര്യമാക്കിയത്. അങ്ങനെ ഒരു ദശാബ്ദകാലത്തിലധികം തികച്ചും അന്യായവും ക്രൂരവുമായ ഉപരോധത്തിന് കീഴില്‍ കഴിഞ്ഞ ഒരു രാഷ്ട്രത്തിന് മേല്‍ നേടിയ വിജയത്തില്‍ അഭിമാനം കൊണ്ട് പതിമൂന്ന് വര്‍ഷങ്ങള്‍ക്ക് മുമ്പ് അമേരിക്കന്‍ സൈന്യം ബാഗ്ദാദില്‍ പ്രവേശിച്ചു.

ഇറാഖിന്റെ കൈവശം കൂട്ടനശീകരണായുധങ്ങള്‍ ഉണ്ടെന്നും, ഇറാഖ് അല്‍ഖാഇദയെ സഹായിക്കുന്നുണ്ടെന്നുമുള്ള ആരോപണങ്ങള്‍ ഉന്നയിച്ചാണ്, എല്ലാ അന്താരാഷ്ട്രാ നിയമങ്ങളും കാറ്റില്‍പറത്തി കൊണ്ട് അമേരിക്ക ഇറാഖില്‍ അധിനിവേശം നടത്തിയത്. എന്നാല്‍ പ്രസ്തുത ആരോപണങ്ങളെല്ലാം ഇറാഖില്‍ അധിനിവേശം നടത്തുന്നതിന് വേണ്ടി മെനഞ്ഞെടുത്ത കള്ളങ്ങളായിരുന്നു എന്നും, ഇറാഖിനെ എല്ലാവിധത്തിലും തകര്‍ക്കുന്നതിന് വേണ്ടിയും, ഇറാഖിനെ തുണ്ടം തുണ്ടമാക്കി വിഭജിക്കുന്നതിനും, ഇറാഖിന്റെ എണ്ണ സമ്പത്ത് അടക്കമുള്ള പ്രകൃതി സമ്പത്ത് കൊള്ളയടിക്കുന്നതിന് വേണ്ടിയും വ്യാജമായി കെട്ടിച്ചമച്ചതായിരുന്നുവെന്നും പിന്നീട് തെളിയുകയുണ്ടായി.

ഫല്ലൂജയിലും രാജ്യത്തിന്റെ മറ്റുഭാഗങ്ങളിലും ഭക്ഷണവും മരുന്നും ഇല്ലാത്തതിനാല്‍ വിശപ്പും രോഗവും മൂലം കുട്ടികള്‍ ദിനംപ്രതിയെന്നോണം കൊല്ലപ്പെട്ടുകൊണ്ടിരിക്കുകയാണ്. പണ്ടൊരിക്കല്‍ ഇറാഖ് സൈന്യം കുവൈത്തില്‍ അധിനിവേശം നടത്തിയിരുന്നു. വളരെ കുറച്ച് മാസങ്ങള്‍ മാത്രം നീണ്ടുനിന്ന ആ സൈനികനീക്കത്തിന്റെ പേരില്‍ ഇന്നും ഇറാഖ് കുവൈത്തിന് നഷ്ടപരിഹാരം കൊടുക്കുന്നുണ്ട് എന്നതാണ് ഈ പരിതാവസ്ഥക്കിടയിലെ ഏറ്റവും സങ്കടകരമായ ഒരു വസ്തുത. പാശ്ചാത്യ അളവുകോലുകള്‍ വെച്ചു നോക്കുമ്പോള്‍ സദ്ദാം ഹുസൈന്‍ ഒരു ഏകാധിപതിയാണ്, അതാണ് അദ്ദേഹത്തെ സ്ഥാനഭ്രഷ്ടനാക്കുന്നതിലേക്ക് നയിച്ച ഘടകവും. നുണകളുടെയും വ്യാജ നാട്യങ്ങളുടെയും അടിസ്ഥാനത്തില്‍ ഒരു തെരഞ്ഞെടുക്കപ്പെട്ട ഗവണ്‍മെന്റിന്റെ നേതൃത്വത്തില്‍, തെരഞ്ഞെടുക്കപ്പെട്ട പാര്‍ലമെന്റിന്റെ പിന്തുണയോടെ നടത്തിയ അധിനിവേശത്തിന്റെ പേരില്‍ അമേരിക്ക ഇതുവരെ ഇറാഖിന് നഷ്ടപരിഹാരമൊന്നും നല്‍കിയിട്ടില്ല. ഇറാഖിനെ ഇന്നും നശിപ്പിച്ചുകൊണ്ടിരിക്കുന്ന, അതിന്റെ സമ്പത്ത് കൊള്ളയടിച്ചു കൊണ്ടിരിക്കുന്ന, വിധവകളും, അനാഥരും നിറഞ്ഞ ഒരു സമൂഹത്തിന്റെ സൃഷ്ടിപ്പിലേക്ക് നയിച്ച, ഒരു തലമുറയുടെ ഭാവിയെ വിദ്യാഭ്യാസപരമായും, മാനസികമായും ഇന്നും തകര്‍ത്തുകൊണ്ടിരിക്കുന്ന ഒരു അധിനിവേശമായിരുന്നു അത്.

അധിനിവേശത്തിന് മുമ്പ് തന്നെ ഇറാഖ് വിഭജിക്കാന്‍ അമേരിക്ക പദ്ധതിയിട്ടിരുന്നു. ശിയാക്കളുടെയും കുര്‍ദുകളുടെയും പീഢനങ്ങളെ കുറിച്ചുള്ള അതിശയോക്തി കലര്‍ന്ന വാര്‍ത്തകളോടൊപ്പം വിഭാഗീയ പ്രശ്‌നങ്ങള്‍ കൂടുതള്‍ വഷളാവാന്‍ തുടങ്ങി. ഹലബ്ജ ദുരന്തം നടന്ന് വര്‍ഷങ്ങള്‍ കഴിഞ്ഞിട്ടും അതിനെ കുറിച്ച് ഓര്‍മപ്പെടുത്തി കൊണ്ടിരുന്നു, അമേരിക്കയും പാശ്ചാത്യ മാധ്യമങ്ങളും ഇവയെ ആവര്‍ത്തിച്ച് പറഞ്ഞ് ഉപയോഗപ്പെടുത്തി. അത്യാവശ്യ സന്ദര്‍ഭങ്ങളില്‍ ഒരു രാഷ്ട്രീയ പ്രതികാര ഉപകരണം എന്ന നിലക്ക് മനുഷ്യാവകാശത്തെ സെലക്ടീവായി ഉപയോഗിക്കുന്നതും മനുഷ്യാവകാശ ലംഘനങ്ങളില്‍ ഒന്നാണ്.

അമേരിക്കന്‍ അധിനിവേശത്തിന് ശേഷം, വിഭാഗീയത പതിന്മടങ്ങ് വര്‍ദ്ധിച്ചു. പോള്‍ ബ്രെമറുടെ ‘My Year in Iraq’ എന്ന പുസ്തകത്തില്‍ ഇത് വളരെ വിശദമായി വിവരിച്ചിട്ടുണ്ട്. അതില്‍ അദ്ദേഹം ശിയാ ഇമാമുമാരെ സന്ദര്‍ശിച്ചതിനെ കുറിച്ചും, ശിയാക്കള്‍ക്കെതിരെയുള്ള അനീതികളെ കുറിച്ച അവരുടെ സംസാരത്തെ കുറിച്ചും, സുന്നികള്‍ക്കെതിരെ പ്രതികാരം ചെയ്യാന്‍ അവര്‍ക്ക് ലഭിച്ച ചരിത്രപരമായ അവസരത്തെ കുറിച്ചുമെല്ലാം പ്രതിപാദിക്കുന്നുണ്ട്.  സദ്ദാമിന്റെ ഇറാഖിലെ 52 മോസ്റ്റ് വാണ്ടട് കുറ്റവാളികളില്‍ 38 പേരും ശിയാക്കളായിരുന്നു.

ഇറാനുമായും അന്താരാഷ്ട്ര സെക്യൂരിറ്റി സിസ്റ്റങ്ങളുമായും ബന്ധമുള്ള അഴിമതിക്കാരായ ഒരു കൂട്ടം രാഷ്ട്രീയക്കാര്‍ക്ക് ഇറാഖിനെ കൈമാറുകയാണ് അമേരിക്ക യഥാര്‍ത്ഥത്തില്‍ ചെയ്തത്. അവരില്‍ ചിലര്‍ ക്രിമിനല്‍ കേസുകളില്‍ പ്രതിചേര്‍ക്കപ്പെട്ടവരും പോലിസ് തിരയുന്നവരുമായിരുന്നു. ജോര്‍ദാനിലെ പെട്രാ ബാങ്ക് കേസിലെ പിടികിട്ടാപുള്ളിയാണ് അഹ്മദ് ശലബി.

അധിനിവേശത്തിന് തൊട്ടുമുമ്പും, അതിന് ശേഷവും, ഇറാഖ് വലിയ അളവിലുള്ള പട്ടിണി നേരിട്ടു. പൗരന്‍മാരില്‍ ഭൂരിഭാഗത്തിനും മാനാഭിമാനം നഷ്ടപ്പെട്ടു. എന്നിട്ടും ഇപ്പോഴും ഈ രാജ്യം ബില്ല്യണ്‍ കണക്കിന് ഡോളറാണ് നഷ്ടപരിഹാരമായി നല്‍കികൊണ്ടിരിക്കുന്നത്. അതേസമയം അഴിമതിക്കാരായ രാഷ്ട്രീയ വരേണ്യ വര്‍ഗം, അധിനിവേശകര്‍ക്ക് എല്ലാവിധ സഹായങ്ങളും ചെയ്തുകൊടുത്തു, ഇറാനുമായി അവര്‍ ധാരണകളില്‍ ഏര്‍പ്പെട്ടു, കോടികണക്കിന് ഡോളര്‍ കൊളളയടിച്ചു, അപ്പോഴും രാജ്യത്തെ പൗരന്‍മാര്‍ ഭക്ഷണവും കുഞ്ഞുങ്ങള്‍ക്ക് കഴിക്കാന്‍ ആഹാരവും രോഗികള്‍ക്ക് മരുന്നുമില്ലാതെ കഷ്ടപ്പെടുകയായിരുന്നു.

ഇറാഖിന്റെ ദേശീയ ചെറുത്ത് നില്‍പ്പ് അവസാനിപ്പിക്കാന്‍ ഭീകരവാദത്തെയും തീവ്രവാദത്തെയും ഉപയോഗപ്പെടുത്തിയതാണ് ഇറാഖില്‍ അമേരിക്ക കളിച്ച ഏറ്റവും ഏറ്റവും വൃത്തികെട്ട രാഷ്ട്രീയകളി. എന്നിട്ട് സുന്നി വിഭാഗം തിങ്ങിതാമസിക്കുന്ന ഇടങ്ങളില്‍ വമ്പിച്ച നാശനഷ്ടങ്ങള്‍ ഉണ്ടാക്കുകയും അതൊരു വന്‍ മനുഷ്യാവകാശപ്രശ്‌നമായി ഉയര്‍ത്തികൊണ്ടുവരികയും ചെയ്തു.

ദാഇശ് അടക്കമുള്ള സംഘടനകളില്‍ നുഴഞ്ഞ് കയറുന്നതില്‍ ഇറാന്റെയും അമേരിക്കയുടെയും പങ്ക് വെളിപ്പെടുത്തുന്ന നിരവധി റിപ്പോര്‍ട്ടുകള്‍ അടുത്ത കാലത്ത് പുറത്തുവരികയുണ്ടായി. മേഖലിയില്‍ ജനസംഖ്യാപരവും, ഭൂമിശാസ്ത്രപരവുമായ മാറ്റങ്ങള്‍ വരുത്താന്‍ ആ സംഘടനകളെ സമര്‍ത്ഥമായി ഉപയോഗിക്കുകയാണ് അവര്‍ ചെയ്യുന്നത്. മൗസില്‍ ഒരു ഉദാഹരണമാണ്. മൗസിലില്‍ ദാഇഷിന് ആധുനിക അമേരിക്കന്‍ ആയുധങ്ങളും, സുന്നികളെ അടിച്ചര്‍ത്താന്‍ വന്‍തോതില്‍ പണവും നല്‍കപ്പെട്ടിരുന്നു.

ദാഇശിനെ കുറിച്ചും അതിന്റെ പിന്നില്‍ ആരാണ് എന്നതിനെ കുറിച്ചുമുള്ള വിവാദങ്ങള്‍ക്കും ചര്‍ച്ചകള്‍ക്കുമപ്പുറം, അമേരിക്കന്‍ അധിനിവേശത്തിന് മുമ്പ് ഇറാഖില്‍ അല്‍ഖാഇദയും ദാഇഷും ഉണ്ടായിരുന്നില്ല എന്ന് മനസ്സിലാക്കണം. പ്രത്യയശാസ്ത്രപരമായും, പ്രായോഗികമായും ഈ സംഘടനകളുടെ സാന്നിധ്യം പ്രസ്തുത മേഖലയില്‍ ഉണ്ടായിരുന്നില്ല എന്നതാണ് യഥാര്‍ത്ഥ വസ്തുത. നിയമപരമായും ധാര്‍മികമായും മേഖലയില്‍ ഇന്ന് സംഭവിച്ച് കൊണ്ടിരിക്കുന്നതിനെല്ലാം ഉത്തരവാദി അമേരിക്കയാണ് എന്നതിന് ഇത് ധാരാളമാണ്. മാപ്പ് പറയാനും, ഇറാഖിന്റെ മണ്ണില്‍ നടത്തിയ കൊലപാതകങ്ങള്‍ക്കും, രക്തചൊരിച്ചിലിനും, നാശനഷ്ടങ്ങള്‍ക്കും, ഭാവി തലമുറയുടെ ജീവിതം ദുരിതത്തിലാക്കിയതിനുമെല്ലാം കോടിക്കണക്കിന് രൂപ നഷ്ടപരിഹാരം നല്‍കാനും അമേരിക്ക തയ്യാറാവുന്നത് വരേക്കും അവര്‍ക്ക് മേല്‍ സമ്മര്‍ദ്ദം ചെലുത്താന്‍ ബുദ്ധിജീവികളും മനുഷ്യാവകാശ പ്രവര്‍ത്തകരും സന്നദ്ധരാവുകയാണ് വേണ്ടത്.

വിവ:  ഇര്‍ഷാദ് കാളാച്ചാല്‍

Facebook Comments
Related Articles
Close
Close