Onlive Talk

ഇന്ത്യയിലും വേരുകളുള്ള ഗുലന്‍ പ്രസ്ഥാനം

തുര്‍ക്കിയിലെ അട്ടിമറി ശ്രമത്തിന് ശേഷമാണ് ‘ഹിസ്മത്’ എന്ന് തുര്‍ക്കിക്കാര്‍ വിളിക്കുന്ന ഗുലന്‍ പ്രസ്ഥാനം കേവലം മതസംഘം എന്നതിനപ്പുറം ലോക ശ്രദ്ധയിലേക്ക് വരുന്നത്. അതേസമയം അമേരിക്ക, ആഫ്രിക്ക, മധ്യേഷ്യ, ലാറ്റിനമേരിക്ക, ബാള്‍ക്കന്‍ അടക്കമുള്ള നൂറ്റിമുപ്പതോളം രാജ്യങ്ങളില്‍ ശക്തമായ വേരുകളുള്ള ഹിസ്മത് പ്രസ്ഥാനത്തിന് അതിന്റെ ജന്മനാടായ തുര്‍ക്കിയില്‍ സര്‍ക്കാനിനോളം ശക്തിയുണ്ടായിരുന്നു. ഇതിന്റെ സ്ഥാപകനും മാര്‍ഗദര്‍ശിയും നേതാവുമെല്ലാം ഇന്ന് പെന്‍സില്‍വാനിയയില്‍ കഴിയുന്ന ഫത്ഹുല്ല ഗുലനാണ്. അടുത്തകാലം വരെ തുര്‍ക്കിയുടെ രാഷ്ട്രീയ സാമൂഹിക സംവിധാനത്തില്‍ സുപ്രധാന ശക്തിയായിരുന്നു അവര്‍. രാജ്യത്ത് സെക്യുലറിസ്റ്റുകളെ സ്വാധീനം കുറച്ച് ഉര്‍ദുഗാനെ സര്‍ക്കാറിന്റെ തലപ്പത്ത് എത്തിക്കുന്നതില്‍ പോലും ഗുലനും ഹിസ്മത് പ്രസ്ഥാനവും പങ്കുവഹിച്ചിട്ടുണ്ട്.

1999ല്‍ രാജ്യത്തെ സെക്യുലര്‍ സ്വഭാവത്തെ അട്ടിമറിക്കാന്‍ ശ്രമിച്ചു എന്നാരോപിച്ച് ഗുലനെതിരെ കേസ് ഫയല്‍ ചെയ്യപ്പെട്ടതിന് ശേഷമാണ് ചികിത്സയുടെ പേരില്‍ അദ്ദേഹം അമേരിക്കയിലേക്ക് പലായനം ചെയ്യുന്നത്. തുടക്കത്തില്‍ ഉര്‍ദുഗാനുമായും അദ്ദേഹത്തിന്റെ എ.കെ പാര്‍ട്ടിയുമായും നല്ല ബന്ധത്തിലായിരുന്ന അദ്ദേഹം 2013ന് ശേഷമാണ് ഉര്‍ദുഗാനുമായി ഇടയുന്നത്. 2002ല്‍ ഉര്‍ദുഗാന്‍ സര്‍ക്കാറിന്റെ പ്രധാന സഖ്യകക്ഷിയായിരുന്നു ഹിസ്മത് പാര്‍ട്ടിയെന്നതും ശ്രദ്ധേയമാണ്.

2013ന്റെ അവസാനത്തോടെ തുടങ്ങിയ അസ്വാര്യസ്യങ്ങള്‍ സര്‍ക്കാറിനെ അട്ടിമറിക്കാനുള്ള ശ്രമം തടയുന്നതിന്റെ ഭാഗമായി 2014ല്‍ മുതിര്‍ന്ന മാധ്യമപ്രവര്‍ത്തകരും സുരക്ഷാ ഉദ്യോഗസ്ഥരുമടക്കം 27 പേരെ അറസ്റ്റ് ചെയ്തതോടെയാണ് ഉര്‍ദുഗാന്‍ – ഗുലന്‍ ബന്ധം വേര്‍പെടുന്നത്. അറസ്റ്റ് ചെയ്യപ്പെട്ടവരില്‍ ഏറെയും ഗുലന്റെ അനുഭാവിളാണെന്നതായിരുന്നു കാരണം. നിലവിലെ സംഭവങ്ങളുടെ പശ്ചാത്തലത്തില്‍ അട്ടിമറിക്കുള്ള ഒരുക്കങ്ങള്‍ ഗുലന്‍ എന്നോ തുടങ്ങി വെച്ചിരുന്നു എന്നോ അല്ലെങ്കില്‍ ഭരണകൂടം അദ്ദേഹത്തെ വേട്ടയാടാന്‍ തുടങ്ങിയിട്ട് വര്‍ഷങ്ങളായി എന്നോ പറയേണ്ടി വരും.

തുര്‍ക്കിയില്‍ ഹിസ്മത് പ്രസ്ഥാനത്തിന്റെ സഹായമില്ലാതെ ഭരണത്തിലേറുക അപ്രാപ്യമാണെന്ന് വിശ്വസിക്കാവുന്ന സാഹചര്യം എകെ പാര്‍ട്ടിക്കുണ്ടായിരുന്നു. ഉര്‍ദുഗാന് പോലും ഈ ആശങ്കയുണ്ടായിരുന്നതായി അദ്ദേഹത്തിന്റെ ചില പ്രവര്‍ത്തനങ്ങള്‍ സൂചിപ്പിക്കുന്നു. എന്നാല്‍ അവരെ അങ്ങനെ തന്നെ നിലനിര്‍ത്തുന്ന സര്‍ക്കാറിന്റെയും രാഷ്ട്രത്തിന്റെയും തന്നെ നിലനില്‍പിന് ഭീഷണിയായേക്കുമെന്ന തിരിച്ചറിവാകാം അവര്‍ക്കെതിരെ ശക്തമായ നിലപാടെടുക്കാന്‍ ഉര്‍ദുഗാനെ പ്രേരിപ്പിച്ചത്. തുര്‍ക്കിയിലെ രണ്ട് പ്രമുഖ പാര്‍ട്ടികള്‍ക്കിടയിലെ രാഷ്ട്രീയ സംഘട്ടനമായിട്ടാണ് പലരും ഇതിനെ വിലയിരുത്തിയത്. അതുമായി ബന്ധപ്പെട്ട് ഉര്‍ദുഗാന്‍ നടത്തിയ ചില നീക്കങ്ങളെ ഏകാധിപതിയുടെ നീക്കങ്ങളായി പല യൂറോപ്യന്‍ രാജ്യങ്ങളും വിലയിരുത്തി. ആരോപിക്കപ്പെടുന്നത് പോലെ കഴിഞ്ഞ അട്ടിമറി ശ്രമത്തിന് പിന്നില്‍ ഫത്ഹുല്ല ഗുലന്‍ ആണെങ്കില്‍ ഉര്‍ദുഗാന്റെ ഓരോ നീക്കവും ദീര്‍ഘവീക്ഷണത്തോടു കൂടിയുള്ളതായിരുന്നു എന്ന് സാക്ഷ്യപ്പെടുത്തേണ്ടി വരും. തുര്‍ക്കിയില്‍ ഏറ്റവും പ്രചാരമുണ്ടായിരുന്ന ‘സമാന്‍’ പത്രവും ‘സിഹാന്‍’ ചാനലും അടക്കമുള്ള സംവിധാനങ്ങള്‍ സര്‍ക്കാര്‍ ഏറ്റെടുത്തതും ഹിസ്മത്തിന്റെ അധീനതയിലുള്ള വ്യാപകമായ ശൃംഖലകളുള്ള ബാങ്ക് ഏഷ്യക്ക് ഷെയര്‍മാര്‍ക്കറ്റിലും മറ്റും കൊണ്ടുവന്ന നിയന്ത്രങ്ങളും പ്രസ്തുത നീക്കത്തിന്റെ ഭാഗമായിരിക്കാം. ഇതിന്റെ പേരില്‍ ശക്തമായ വിമര്‍ശനങ്ങള്‍ അദ്ദേഹത്തിനെതിരെയുണ്ടായിട്ടുണ്ടെന്നുള്ളത് നേരാണ്. അതേസമയം ജൂലൈ 15 അട്ടിമറി ശ്രമവുമായി അതിനെ ചേര്‍ത്തു വായിക്കുമ്പോള്‍ ജാഗരൂഗനും ദീര്‍ഘവീക്ഷണത്തിനുടമയുമായ രാഷ്ട്രനേതാവിനെയാണ് ഉര്‍ദുഗാനില്‍ കാണുന്നത്. അട്ടിമറി ശ്രമത്തിന് ശേഷമുള്ള പ്രഥമ അഭിസംബോധനയില്‍ തന്നെ ‘സമാന്തര’ സംവിധാനത്തിലേക്കുള്ള സൂചന അദ്ദേഹം നല്‍കി. പിന്നീട് ഹിസ്മത് പ്രസ്ഥാനത്തിന്റെ തുര്‍ക്കിയിലെ നിലനില്‍പ് ആശങ്കയിലാക്കും വിധം പേരെടുത്ത് പറയുകയും ചെയ്തു.

വ്യത്യസ്ത രാജ്യങ്ങളില്‍ ശക്തമായ വേരുകളുള്ള ഹിസ്മത് പ്രസ്ഥാനം 2007-08 മുതല്‍ പല പ്രമുഖ ഇന്ത്യന്‍ നഗരങ്ങളിലും സാന്നിദ്ധ്യമറിയിച്ചിട്ടുണ്ട്. ബിസിനസ്, വിദ്യാഭ്യാസം, ശാസ്ത്രം, എഞ്ചിനീയറിംഗ്, മതാന്തര സംവാദം തുടങ്ങിയ രംഗത്താണ് ഇവരുടെ പ്രധാന പ്രവര്‍ത്തനം. ഓരോ വിഭാഗത്തിനും പ്രത്യേക വിഭാഗങ്ങള്‍ ലോകാടിസ്ഥാനത്തിലെന്ന പോലെ ഇന്ത്യയിലുമുണ്ട്. ഇന്‍ഡോഗ് ഫൗണ്ടേഷനാണ് സെമിനാറുകളും കോണ്‍ഫറന്‍സുകളും സംഘടിപ്പിക്കുകയും സ്‌കോളര്‍ഷിപ്പുകള്‍ നല്‍കുകയും ചെയ്യുന്നത്. മാധ്യമപ്രവര്‍ത്തകരെയും എഴുത്തുകാരെയും കേന്ദ്രീകരിച്ച് പ്രവര്‍ത്തിക്കുന്ന സംഘമാണ് ജേണലിസ്റ്റ് ആന്റ് റൈട്ടേഴ്‌സ് ഫൗണ്ടേഷന്‍. ഗുലനാണ് ഇതിന്റെ ഹോണററി പ്രസിഡന്റ്. സാമൂഹ്യസേവനങ്ങള്‍ക്കും അത്യാഹിതങ്ങളിലെ രക്ഷകരായും പ്രവര്‍ത്തിക്കുന്ന ‘കിംസേ യോക്മു’ (KIM SE YOK MU) ബിസിനസ്, ഐ.ടി, പ്രസാധനം എന്നീ മേഖലകളിലെ ‘കൈനാക് ഹോള്‍ഡിംഗ്’ (Kynak Holding) തുടങ്ങിയവയും അതിന്റെ ഭാഗങ്ങളാണ്. ഡല്‍ഹി, ഹൈദരാബാദ്, കൊല്‍ക്കത്ത, ബംഗ്ലൂര്‍ തുടങ്ങിയ പ്രധാന നഗരങ്ങളിലെല്ലാം ഗുലന്‍ പ്രസ്ഥാനത്തിന്റെ സാന്നിദ്ധ്യമുണ്ട്. മത്സരപരീക്ഷകള്‍ക്കുള്ള കോച്ചിംഗ് സെന്ററുകളും ട്യഷനും, വിദ്യാര്‍ഥി ഹോസ്റ്റലുകളുമെല്ലാം അവര്‍ നടത്തുന്നുണ്ട്. വൃത്തിയുള്ള പരിസരവും ഉയര്‍ന്ന നിലവാരത്തിലുള്ള സംവിധാനങ്ങളും പ്രഗല്‍ഭരായ അധ്യാപകരുടെ സാന്നിദ്ധ്യവുമാണ് വിദ്യാര്‍ഥികളെ ഇത്തരം സെന്ററുകളിലേക്ക് ആകര്‍ഷിക്കുന്നത്.

വിദ്യാര്‍ഥി ഹോസ്റ്റല്‍ (Ogrency Yurti): വിദ്യാര്‍ഥികളെ തങ്ങളുടെ സംഘടനയിലേക്ക് കൊണ്ടുവരുന്നതിന്റെ പ്രഥമപടിയാണ് ഹോസ്റ്റലുകള്‍. ഉയര്‍ന്ന ഭൗതിക സൗകര്യങ്ങള്‍ വിദ്യാര്‍ഥികളെ രക്ഷിതാക്കളെയും അതിലേക്ക് ആര്‍ഷിക്കുന്നു. ഹോസ്റ്റലില്‍ താമസിക്കുന്നവര്‍ പ്രസ്ഥാനത്തിന്റെ നിയമങ്ങള്‍ പിന്തുടരല്‍ നിര്‍ബന്ധമാണ്. പൊതുവെ ഉയര്‍ന്ന സാമ്പത്തിക നിലവാരം പുലര്‍ത്തുന്നവരെ തെരെഞ്ഞെടുക്കുന്നതിനാല്‍ മാസത്തില്‍ നിശ്ചിത ഫീസും അവരില്‍ നിന്നും ഈടാക്കുന്നു. ഒരു വര്‍ഷം ഹോസ്റ്റലില്‍ കഴിഞ്ഞവരില്‍ നിന്നും തങ്ങളുടെ സംഘടനാ താല്‍പര്യങ്ങളോട് ചേര്‍ന്നു നില്‍ക്കുന്നവരെ വിദ്യാര്‍ഥി വീടുകളിലേക്ക് (Ogrency Evler) അയക്കുന്നു.

വിദ്യാര്‍ഥി വീടുകള്‍ (Ogrency Evler): മാസവാടകാടിസ്ഥാനത്തിലും സൗജന്യമായും ഇവയില്‍ വിദ്യാര്‍ഥികള്‍ക്ക് താമസം അനുവദിക്കുന്നു. ഡല്‍ഹി, ഹൈദരാബാദ്, ബാഗ്ലൂര്‍ തുടങ്ങിയ നഗരങ്ങളില്‍ ഇത്തരത്തിലുള്ള വീടുകളുണ്ട്. ഓരോ വീട്ടിലും ‘ആബി’ (Brother) ഉണ്ടാവും. വീടിന്റെയും അതിലെ താമസക്കാരുടെയും മേല്‍നോട്ടം അദ്ദേഹത്തിനായിരിക്കും. അതോടൊപ്പം ഒരു ഇമാമും ഉണ്ടാവും. വൈകുന്നേരങ്ങളില്‍ ഫത്ഹുല്ല ഗുലന്റെയോ സയ്യിദ് നൂര്‍സിയുടെയോ പുസ്തകങ്ങള്‍ വായിക്കുന്ന പതിവും അവിടെയുണ്ട്. തുടര്‍ന്ന് അതില്‍ നിന്നുള്ള ചോദ്യങ്ങള്‍ ചോദിക്കുകയും വിദ്യാര്‍ഥികള്‍ക്ക് സംശയ ദുരീകരണം നടത്തിക്കൊടുക്കുകയും ചെയ്യുന്നു. അവിടെ ഗുലന്റെ പ്രഭാഷണ സിഡികള്‍ വിദ്യാര്‍ഥികളെ കേള്‍പ്പിക്കാറുമുണ്ട്. ഇടക്ക് മറ്റ് വിദ്യാര്‍ഥി വീടുകളെ കൂടെ ഉള്‍പ്പെടുത്തി ഗുലന്റെ പുസ്തകങ്ങളെ ആസ്പദമാക്കിയുള്ള മത്സരപരീക്ഷകളും സംഘടിപ്പിക്കുന്നു. ഇടക്കിടെ നടത്താറുള്ള സൗജന്യ ടൂറുകളാണ് ഇവിടേക്ക് വിദ്യാര്‍ഥികളെ ആകര്‍ഷിക്കുന്ന മറ്റൊരു ഘടകം.

ദര്‍സ്ഖാന (Ders Haneler): ഭാഷാപഠനം, പ്രത്യേക വിഷയങ്ങളിലുള്ള ട്യൂഷന്‍, മത്സരപരീക്ഷകള്‍ക്കുള്ള പരിശീലനവും പ്രത്യേക ജീവിതരീതിയുമാണ് ദര്‍സ്ഖാനകളില്‍ കാണാനാവുക. ചെറിയ പ്രായത്തിലുള്ള കുട്ടികളെയാണ് അവിടെ ചേര്‍ക്കുന്നത്. ഹിസ്മതുമായി ബന്ധമുള്ള മാതാപിതാക്കളാണ് പ്രധാനമായും കുട്ടികളെ അവിടെ ചേര്‍ക്കുന്നത്.

ഭരണ കാര്യാലയങ്ങളില്‍ ശക്തമായ സാന്നിദ്ധ്യമുള്ള ഹിസ്മത് അംഗങ്ങള്‍ തങ്ങളുടെ സംവിധാനത്തിലൂടെ പഠനം നടത്തിയ വിദ്യാര്‍ഥികള്‍ക്ക് പലതരത്തിലുള്ള അവസരങ്ങള്‍ തുറന്നു കൊടുക്കാറുണ്ട്. ഇന്റര്‍വ്യൂവിലും മറ്റും അവരെ ശിപാര്‍ശ ചെയ്യുന്നതിലൂടെ ഓരോ ഉദ്യോഗാര്‍ഥിയും സംഘടനയോട് കൂറ്പുലര്‍ത്താന്‍ നിര്‍ബന്ധിതനാവുന്നു. അതോടൊപ്പം ജോലിയില്‍ കയറിയാല്‍ ആദ്യം ശമ്പളം ഹിസ്മത്തിനായി മാറ്റിവെക്കുന്നു. അവരുമായി ബന്ധപ്പെട്ട ആബിയാണ് അത് ശേഖരിക്കുക. അതിന് പുറമെ വരും മാസത്തെ ശമ്പളത്തില്‍ നിന്ന് പത്ത് ശതമാനം ഹിസ്മതിന് നല്‍കല്‍ അനിവാര്യമാണ്. അവരുടെ സംവിധാനത്തിലൂടെ വളര്‍ന്ന് വരുന്ന ആള്‍ക്ക് സംഘടനക്കുള്ളില്‍ നിന്ന് തന്നെ വധുവിനെ നിര്‍ദേശിക്കുന്നു. വൈവാഹിക ജീവിതം സുഖകരമല്ലെങ്കില്‍ വേര്‍പിരിയും മുമ്പ് ഹിസ്മതിലെ മുതിര്‍ന്ന ആബിയെ കാര്യം ബോധിപ്പിക്കേണ്ടതുണ്ട്. ഹിസ്മത്തില്‍ ചേര്‍ന്ന് പ്രവര്‍ത്തിച്ചവര്‍ പലതരത്തിലുള്ള ബഹിഷ്‌കരണ ഭയത്താല്‍ അത് വിട്ടുപോരാന്‍ മടിക്കുന്നവരാണ്. അതുകൊണ്ട് തന്നെ ഒരിക്കല്‍ അതുമായി ചേര്‍ന്ന് പ്രവര്‍ത്തിച്ചവര്‍ ആ വൃത്തത്തില്‍ തുടരാന്‍ നിര്‍ബന്ധിതരാവുന്നു.

ഇന്ത്യയിലെ പ്രമുഖ കലാലയങ്ങള്‍ക്കടുത്തെല്ലാം ഹിസ്മത്തിന്റെ വിദ്യാര്‍ഥി ഭവനങ്ങളും ഹോസ്റ്റലുകളുമുണ്ട്. ഇന്ത്യിലെ പിന്നോക്ക പ്രദേശങ്ങളില്‍ നിന്നും വരുന്ന വിദ്യാര്‍ഥികളാണ് ഇവരിലേക്ക് കൂടുതലായി ആകര്‍ഷിക്കപ്പെടുന്നത്. അവര്‍ നല്‍കുന്ന പ്രലോഭനങ്ങള്‍ തന്നെയാണ് പ്രധാന ആകര്‍ഷണം. ഇന്ത്യയില്‍ നിന്ന് ഇരുന്നൂറില്‍ പരം വിദ്യാര്‍ഥികളെയും അക്കാദമീഷ്യന്‍മാരെയും തുര്‍ക്കിയില്‍ സന്ദര്‍നത്തിനോ അവിടെ പഠനം നടത്തുന്നതിനോ ഈ സംഘം കൊണ്ടുപോയിട്ടുണ്ട്. തുര്‍ക്കിയില്‍ തങ്ങളുമായി അടുപ്പമുള്ള സ്ഥാപനങ്ങളിലാണ് അവരെ പ്രവേശിപ്പിക്കുന്നത്. പഠനം പൂര്‍ത്തിയാക്കിയ ശേഷം അവര്‍ ചെയ്യേണ്ട കര്‍ത്തവ്യം കൂടി നിശ്ചയിച്ചു നല്‍കുന്നുണ്ട്. പഠനം കഴിഞ്ഞ് തങ്ങള്‍ക്കായി നിശ്ചയിക്കപ്പെട്ടിരിക്കുന്ന കൃത്യമായ പോസ്റ്റുകളിലേക്കവര്‍ എത്തുന്നു. ഇന്ത്യന്‍ ഭാഷക്കൊപ്പം തുര്‍ക്കി ഭാഷ കൂടി അറിയുന്ന വിദ്യാര്‍ഥികള്‍ക്ക് തങ്ങളുടെ സ്ഥാപനങ്ങളില്‍ ജോലി നല്‍കുന്നതോടൊപ്പം ഇന്ത്യയിലെത്തുന്ന ഹിസ്മതുമായി ബന്ധമുള്ള തുര്‍ക്കി ബിസിനസുകാരുടെ വിവര്‍ത്തകരായും ഉപയോഗിക്കുന്നു. ഇങ്ങനെ തെരെഞ്ഞെടുക്കപ്പെടുന്നവര്‍ക്ക് തുര്‍ക്കിയിലേക്ക് യാത്രക്കുള്ള അവസരവും വിലപ്പെട്ട സമ്മാനങ്ങളും ലഭിക്കാറുണ്ട്. അതുകൊണ്ട് തന്നെ തങ്ങളുടെ ശിഷ്ടകാലം ഈ സംഘത്തിന്റെ കൂടെ ചെലവഴിക്കുന്നതില്‍ ഈ വിദ്യാര്‍ഥികള്‍ സംതൃപ്തരാണ്.

പൊതുവെ ഇന്ത്യന്‍ സംസ്‌കാരത്തോടും ജനതയോടും ‘രണ്ടാം കിട’ മനോഭാവം പുലര്‍ത്തുന്ന ഇവര്‍ തങ്ങളുടെ സംസ്‌കാരമാണ് ഉയര്‍ന്നതെന്ന ഭാവം വെച്ചുപുലര്‍ത്തുന്നവരാണ്. നമസ്‌കാരം പോലുള്ള അനുഷ്ഠാന കാര്യങ്ങളില്‍ കണിഷത പുലര്‍ത്തുന്ന സംഘം തങ്ങളുടെ വിദ്യാര്‍ഥികളെയും അതിന് പ്രേരിപ്പിക്കാറുണ്ട്. എന്നാല്‍ പലപ്പോഴും ഇസ്‌ലാമിന്റെ താല്‍പര്യത്തേക്കാള്‍ സംഘടനാ താല്‍പര്യത്തിനാണ് അവര്‍ മുന്‍ഗണന കല്‍പിക്കുന്നതെന്ന് അനുഭവങ്ങള്‍ വ്യക്തമാക്കുന്നു. അടുത്ത് പള്ളികളുണ്ടെങ്കിലും തങ്ങളുടെ കോണ്‍ഫ്രന്‍സ് ഹാളില്‍ പോയിട്ടാണ് അവര്‍ നമസ്‌കരിക്കാന്‍ താല്‍പര്യപ്പെടുക. ഡല്‍ഹി യൂണിവേഴ്‌സിറ്റിക്കടുത്തുള്ള വിദ്യാര്‍ഥി വീടുകളില്‍ താമസിക്കുന്ന വിദ്യാര്‍ഥികള്‍ക്ക് തങ്ങള്‍ നമസ്‌കരിക്കുമ്പോള്‍ പുറത്തുനിന്ന് ആളുകള്‍ കാണാത്ത വിധം കര്‍ട്ടണുകള്‍ ഇടാനുള്ള നിര്‍ദേശം നല്‍കാറുണ്ടായിരുന്നു. മലയാളി വിദ്യാര്‍ഥികളായിരുന്നു ഈ സൗകര്യങ്ങള്‍ ഉപയോഗപ്പെടുത്തുന്നവരില്‍ ഏറെയും. മറ്റു മുസ്‌ലിം സംഘടകളുമായി ചേരുന്നതിന് പകരം സ്വന്തമായ ഒരു ഇസ്‌ലാമിനെ പ്രതിനിധാനം ചെയ്യുകയാണവര്‍.

മറ്റും സംസ്ഥാനങ്ങളിലെന്ന പോലെ കേരളത്തിലും ഹിസ്മത്തിന് വലിയ ആസൂത്രണങ്ങളും രൂപരേഖകളുമുണ്ടായിരുന്നു. സ്വകാര്യ സര്‍വകലാശാല ഉള്‍പ്പടെ വലിയ പദ്ധതികള്‍ അതിലുണ്ട്. എന്നാല്‍ കേരള മുസ്‌ലിംകളുടെ സംഘടനാഅവബോധമാണ് അവര്‍ നേരിടുന്ന വെല്ലുവിളി. അതോടൊപ്പം ഇംഗ്ലീഷ് അടക്കമുള്ള വിദേശ ഭാഷകളിലെ പ്രാവീണ്യക്കുറവും മലയാളവും തുര്‍ക്കിഷും അറിയുന്നവരുടെ അഭാവവും കേരളത്തിലെ ഹിസ്മത്തിന്റെ പ്രവര്‍ത്തനങ്ങളെ മന്ദീഭവിപ്പിച്ചു. ഇതിന് പരിഹാരമായിട്ടാണ് 2013-14 വര്‍ഷങ്ങളില്‍ കേരളത്തിലെ ചില വിദ്യാലയങ്ങളില്‍ നിന്നും നാല്‍പതില്‍ പരം വിദ്യാര്‍ഥികളെ തുര്‍ക്കി ഭാഷ പഠിക്കുന്നതിനായി തുര്‍ക്കിയില്‍ കൊണ്ടുപോയത്. ഈ വിദ്യാര്‍ഥികളില്‍ അധികവും അവരുടെ ഡല്‍ഹി, ഹൈദരാബാദ്, ബാഗ്ലൂര്‍ ഓഫീസുകളിലും സ്ഥാപനങ്ങളിലും ജോലിക്കാരാണ്. ഉയര്‍ന്ന ശമ്പളവും സൗകര്യങ്ങളും നല്‍കുന്നത് കൊണ്ട് തന്നെ ഹിസ്മത് സംഘടനയുടെ ഭാഗമാവാതെ ഇതര സംഘടനാസ്വത്വം വഹിച്ചു കൊണ്ട് ഒരു ജോലി എന്ന നിലക്ക് അതിനെ കാണാനാണ് അവരിലധികപേരും ആഗ്രഹിക്കുന്നത്.

ഓരോ സംരംഭവും പ്രവര്‍ത്തനക്ഷമമായി കഴിഞ്ഞാല്‍ തുര്‍ക്കിയില്‍ നിന്നുള്ള പ്രവര്‍ത്തകര്‍ തന്നെ നേരിട്ട് നേതൃത്വം നല്‍കുന്ന രീതിയാണ് ഇന്ത്യയില്‍ അവര്‍ സ്വീകരിച്ചിരിക്കുന്നത്. കഴിഞ്ഞ പാളിപ്പോയ അട്ടിമറിയെ സംബന്ധിച്ച വാര്‍ത്തകള്‍ ഹിസ്മത്തിനും അതിന്റെ പ്രവര്‍ത്തനങ്ങളും വലിയ പ്രതിസന്ധി തീര്‍ക്കുമെന്നതില്‍ സംശയമില്ല. ഇന്ത്യയിലും കേരളത്തിലും അതിന്റ പ്രവര്‍ത്തനങ്ങളെ അത് ബാധിക്കും. സാമ്പത്തിക സ്രോതസ്സ് ഭദ്രമാക്കിയ ശേഷമാണ് സാധാരണ ഗുലന്‍ പ്രസ്ഥാനം തങ്ങളുടെ പ്രവര്‍ത്തനങ്ങള്‍ നടത്താറുള്ളത്. ഇന്ത്യയിലും അതിനായി ബിസിനസ് സ്ഥാപനങ്ങള്‍ അവര്‍ക്കുണ്ട്. എന്നാല്‍ തുര്‍ക്കിയില്‍ അവരനുഭവിക്കുന്ന അരക്ഷിതാവസ്ഥ മറ്റിടങ്ങളിലുള്ള പ്രവര്‍ത്തനങ്ങളെയും ബാധിക്കും.
(ജെ.എന്‍.യുവില്‍ പി.എച്ച്.ഡി വിദ്യാര്‍ഥിയാണ് ലേഖകന്‍)

Facebook Comments
Related Articles
Show More
Close
Close