Onlive Talk

ആള്‍ ദൈവങ്ങളുടെ അമാനുഷിക സിദ്ധിയെ കുറിച്ച് മുതുകാട്

ഗുര്‍മീത് റാം റഹീം സിംഗിന്റെ അറസ്റ്റിന്റെ പശ്ചാത്തലത്തില്‍ ആള്‍ദൈവങ്ങളുടെ അമാനുഷിക സിദ്ധിയെ കുറിച്ച് ലോക പ്രശസ്ത മാന്ത്രികന്‍ ഗോപിനാഥ് മുതുകാട് ഫേസ്ബുക്കില്‍ പോസ്റ്റ് ചെയ്ത വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലായി മാറിയിരിക്കുകയാണ്. ഒറ്റ ദിവസം കൊണ്ട് തന്നെ പത്ത് ലക്ഷത്തോളം ആളുകളാണ് അത് കണ്ടിട്ടുള്ളത്. അതില്‍ അദ്ദേഹം പറയുന്നത് ഇങ്ങനെ:

”ഫേസ്ബുക്കില്‍ മുഹമ്മദ് ശാഫി എന്നൊരാള്‍ ഇട്ട ഒരു കമന്റാണ് ഇത്തരത്തില്‍ ഒരു പോസ്റ്റിടാന്‍ എന്നെ പ്രേരിപ്പിച്ചത്. അദ്ദേഹം എഴുതി ‘ഒന്നു മനസു വെച്ചിരുന്നെങ്കില്‍ ഇന്ത്യയിലെ ഏറ്റവും വലിയ ആള്‍ദൈവം മുതുകാട് ആകുമായിരുന്നു.’ ആകാമായിരുന്നു. എന്നാല്‍ ഇത്ര സത്യസന്ധമായി എനിക്ക് നിങ്ങളോട് സംസാരിക്കാന്‍ സാധിക്കുമായിരുന്നില്ല. ഗുര്‍മീത് റാം റഹിം സിംഗ് എന്ന ആള്‍ ദൈവത്തിന് 20 വര്‍ഷത്തെ കഠിന തടവ് വിധിച്ച കോടതിയോട് നമുക്ക് നന്ദി പറയാം. ആത്മാര്‍ഥമായി കോടതിയെ അഭിനന്ദിക്കുകയും ചെയ്യാം.

ആള്‍ ദൈവങ്ങള്‍ ഭരണകൂടത്തെ പോലും അടക്കി നിര്‍ത്തുന്ന നമ്മുടെ ഇന്ത്യയില്‍ ഇത്തരത്തിലുള്ള കോടതി വിധികളാണ് പലപ്പോഴും അല്‍പമെങ്കിലും നമ്മുടെ മനസ്സിന് ആശ്വാസം നല്‍കുന്നത്. മൗണ്ട് ബാറ്റണ്‍ പ്രഭു മുമ്പേ ഇത് പറഞ്ഞു വെച്ചിട്ടുണ്ട്. എന്തുകൊണ്ടാണ് നമ്മുടെ ഭാരതം അര്‍ധരാത്രിയില്‍ സ്വതന്ത്രമായതെന്ന് നിങ്ങള്‍ക്കറിയാമോ? അവസാന വൈസ്രോയിയായ മൗണ്ട് ബാറ്റണ്‍ പ്രഭു ഇന്ത്യന്‍ നേതാക്കളുമായി ചര്‍ച്ച ചെയ്ത് പുറത്തേക്കിറങ്ങുമ്പോള്‍ ഒരു പത്രക്കാരന്‍ ചോദിച്ചു: ‘എന്നാണ് ഇന്ത്യ സ്വതന്ത്രയാവുക?’ മൗണ്ട് ബാറ്റണ്‍ പ്രഭു അപ്പോള്‍ ഓര്‍ത്തത് അദ്ദേഹം ഏറ്റവും കൂടുതല്‍ വിജയശ്രീലാളിതനായ, രണ്ട് വര്‍ഷം മുമ്പ് ജപ്പാന്‍ ബ്രിട്ടനോട് അടിയറവ് പറഞ്ഞ ആഗസ്റ്റ് 15 എന്ന തിയ്യതിയാണ്. പെട്ടന്ന് അദ്ദേഹം പറഞ്ഞു ‘ആഗസ്റ്റ് 15’. പക്ഷേ, ഇത് പ്രഖ്യാപിക്കപ്പെട്ടതോട് കൂടി ഇന്ത്യയുടെ വിവിധ ഭാഗങ്ങളില്‍ നിന്നും ജ്യോതിഷികള്‍ ഇളകി. അവര്‍ കവടി നിരത്തി ഇന്ത്യക്ക് സ്വാതന്ത്ര്യം നല്‍കേണ്ട ദിവസത്തെ കുറിച്ച് പരിശോധിച്ചു. അതൊരു വെള്ളിയാഴ്ച്ചയാണെന്ന് മനസ്സിലാക്കി. വെള്ളിയാഴ്ച്ച അവരുടെ കണക്കില്‍ ചീത്ത ദിവസമാണ്. അതുകൊണ്ടു തന്നെ ആ ദിവസം സ്വാതന്ത്ര്യം വേണ്ട എന്നവര്‍ പ്രഖ്യാപിച്ചു. ഇന്ത്യന്‍ നേതാക്കളെയും ഈ ജ്യോതിഷികളെയും വിളിച്ച് വീണ്ടും ചര്‍ച്ച നടന്നു. ഒരു രാജ്യത്തിന് സ്വാതന്ത്ര്യം നല്‍കാന്‍ വേണ്ടിയാണ് ജ്യോത്സ്യന്‍മാരുമായി ചര്‍ച്ച നടത്തുന്നതെന്ന് മനസ്സിലാക്കണം. അവിടെ തീരുമാനിക്കപ്പെട്ടു. 14ാം തിയ്യതി അര്‍ധരാത്രി 15 തുടങ്ങുന്നതിന് മുമ്പായി സ്വാതന്ത്ര്യം പ്രഖ്യാപിക്കുക. ഇന്ത്യ ഒരിക്കലും ഈ അന്ധവിശ്വാസത്തില്‍ നിന്ന് മുക്തി നേടാന്‍ പോകുന്നില്ലെന്ന് അന്ന് മൗണ്ട് ബാറ്റണ്‍ പ്രഭു എഴുതി വെച്ചു. ഇത് ഒരു പുസ്തകങ്ങളും എഴുതിയില്ല. പക്ഷെ, ലാരി കോളിന്‍സും ഡൊമിനിക് ലാപിയറും ചേര്‍ന്ന് എഴുതിയ ‘ഫ്രീഡം അറ്റ് മിഡ്‌നൈറ്റ്’ എന്ന പുസ്തകത്തില്‍ ഇത് വ്യക്തമായി രേഖപ്പെടുത്തി.

ഇന്ത്യ സ്വതന്ത്രയായിട്ട് 70 വര്‍ഷം പിന്നിട്ടിരിക്കുന്നു. ഇന്നും ഓരോ സംസ്ഥാനത്തും സംസ്ഥാനത്തെ ഓരോ ജില്ലയിലും അതിലെ ഓരോ പ്രദേശത്തും ഇത്തരം ആള്‍ ദൈവങ്ങള്‍ ഇന്നും അടക്കിവാഴുകയാണ്. നമ്മള്‍ എന്താണ് ചെയ്യേണ്ടത്? ഒന്ന്, ആള്‍ ദൈവങ്ങളുടെ മുമ്പില്‍ അടിയറ വെക്കാനുള്ളതല്ല നമ്മുടെ വ്യക്തിത്വം എന്ന് സ്വയം മനസ്സിലാക്കുക. ഒരു ആള്‍ ദൈവത്തിന് മുമ്പില്‍ കുനിഞ്ഞു നില്‍ക്കുമ്പോള്‍ ചോര്‍ന്നു പോകുന്നത് നമ്മുടെ ആത്മവിശ്വാസമാണ്. ഇനിയുള്ള തലമുറയെയെങ്കിലും ഇത്തരം ആള്‍ ദൈവങ്ങള്‍ അമാനുഷിക സിദ്ധിയുള്ളവരാണെന്ന് പറഞ്ഞ് ബോധിപ്പിക്കാതെ, സ്വന്തം വ്യക്തിത്വം വളര്‍ത്തിയെടുക്കാന്‍ പരിശീലിപ്പിക്കുക എന്നതാണ് നമുക്ക് ചെയ്യാവുന്ന ഏറ്റവും പ്രധാനപ്പെട്ട ധര്‍മം.

രണ്ട്, നമ്മുടെ ഗ്രാമ പ്രദേശത്ത് ഇത്തരത്തിലുള്ള ആള്‍ ദൈവങ്ങള്‍ ഏത് സമയത്തും മുളച്ചു പൊങ്ങാനുള്ള സാധ്യതയുണ്ട്. അത് വളര്‍ന്നു വലുതാകുന്നതിന് മുമ്പ് തന്നെ പിഴുതെറിയാന്‍ ശ്രദ്ധിക്കുക. ഇത്തരം ആള്‍ ദൈവങ്ങളിലേക്ക് പണം ഒഴികിവരും. അതൊരിക്കലും നേരായ വഴികളിലൂടെ ആയിരിക്കില്ല. പണം പെരുകി കഴിഞ്ഞാല്‍ അവര്‍ ഭരണകൂടത്തെ പോലും വിലക്കെടുക്കും. പിന്നീട് നമുക്ക് ഒന്നും ചെയ്യാന്‍ കഴിയില്ലെന്ന കാര്യം ഓര്‍ക്കുക.

മൂന്ന്, ഇത്തരം ആള്‍ ദൈവങ്ങള്‍ അത്ഭുതങ്ങള്‍ കാണിച്ച് തങ്ങള്‍ക്ക് അമാനുഷിക സിദ്ധിയുണ്ടെന്ന് അവകാശപ്പെടാറുണ്ട്. അവര്‍ക്ക് ഒരു അമാനുഷിക സിദ്ധിയുമില്ല, അവരുടെ അത്ഭുതങ്ങള്‍ക്ക് പിന്നിലുള്ളത് നൂറ് ശതമാനം ശാസ്ത്രമാണെന്ന് നാം മനസ്സിലാക്കണം. ഞാനൊരു ജാലവിദ്യക്കാരനാണ്, അത്ഭുതങ്ങള്‍ കാണിക്കുന്ന ആളാണ്. എന്നാല്‍ എനിക്ക് ഒരു അമാനുഷിക സിദ്ധിയുമില്ല. നിങ്ങളെ പോലെ ഒരു സാധാരണ പച്ചമനുഷ്യനാണ് ഞാന്‍. നിരന്തര പരിശീലനത്തിലൂടെ മാത്രമാണ് ജാലവിദ്യ അവതരിപ്പിക്കുന്നത്. ജാലവിദ്യ അവതരിപ്പിക്കുന്നതിന്റെ ലക്ഷ്യം കണ്ടുകൊണ്ടിരിക്കുന്ന കാഴ്ച്ചക്കാരനെ ആസ്വദിപ്പിക്കുക എന്നത് മാത്രമാണ്. നേരെ മറിച്ച് ഇതേ സിദ്ധാന്തം ഉപയോഗിച്ച് അത്ഭുതങ്ങള്‍ കാണിച്ച് അമാനുഷിക സിദ്ധിയുണ്ടെന്ന് അവകാശപ്പെടുന്ന ആള്‍ ദൈവങ്ങളെ നാം തിരിച്ചറിയണം. അവരെ തിരിച്ചറിയാന്‍ വരും തലമുറയെ പ്രേരിപ്പിക്കുകയും വേണം.

നിലവിളക്കില്‍ പച്ചവെള്ളമൊഴിച്ച് വെറുതെ കത്തുന്ന പ്രതിഭാസം നിങ്ങള്‍ കണ്ടിട്ടുണ്ടായിരിക്കും. ഇതിന് പിന്നില്‍ അത്ഭുതമൊന്നുമില്ല. സോഡിയം മെറ്റല്‍ എന്നുപറയുന്ന ഒരു സാധനം അതില്‍ ഒളിപ്പിച്ച് വെച്ചിരിക്കുന്നു. വെള്ളമൊഴിച്ച് കഴിഞ്ഞാല്‍ സ്വാഭാവികമായും അത് കത്തും. ആണിക്കിടക്കയില്‍ കിടക്കുന്ന പ്രതിഭാസവും അന്തരീക്ഷത്തില്‍ നിന്ന് ഭസ്മം എടുക്കുന്ന പ്രതിഭാസവുമെല്ലാം ഇതുപോലെ തന്നെയാണ്. ഭസ്മം കഞ്ഞിവെള്ളത്തില്‍ കുഴച്ച് കയ്യടക്കത്തോടെ കയ്യില്‍ ഒളിപ്പിച്ച് പെട്ടന്ന് എടുത്ത് പൊടിച്ചു കൊടുക്കുക എന്നത് മാത്രമാണ് ഇതിന് പിന്നിലുള്ള ശാസ്ത്രം. ഇങ്ങനെ ഓരോ അത്ഭുതങ്ങള്‍ക്ക് പിന്നിലും ഓരോ ശാസ്ത്രമുണ്ടെന്ന് നാം ബോധ്യപ്പെടുക.

നാല്, വിശ്വാസികളുടെ അല്ലെങ്കില്‍ ഭക്തന്‍മാരുടെ മനസ്സ് വായിക്കുന്ന, ഭാവി പ്രവചിക്കുന്ന ആള്‍ ദൈവങ്ങളെ നിങ്ങള്‍ കണ്ടിട്ടുണ്ടായിരിക്കും. ഒരു മെന്റലിസ്റ്റ് ചെയ്യുന്നതും അത് തന്നെയാണ്. ഇതിന് പിന്നിലും നൂറ് ശതമാനം തന്ത്രമാണ്, മാജിക്കണ്. ഒരൊറ്റ വ്യത്യാസമേ ഉള്ളൂ. മെന്റലിസ്റ്റ് കാണിക്കുമ്പോള്‍ ആളുകളെ ആസ്വദിപ്പിക്കാനുള്ള ഒരു മാജിക് മാത്രമാണത്. അതേസമയം ആള്‍ ദൈവം തനിക്ക് അമാനുഷിക സിദ്ധിയുണ്ടെന്ന് കാണിക്കാനായി ഭാവി പ്രവചിക്കുകയും കാര്യങ്ങള്‍ മുന്‍കൂട്ടി കാണുകയും ചെയ്യുന്നു. ഇത്രയും കാര്യങ്ങള്‍ തുറന്നു പറയേണ്ടത് ഒരു ജാലവിദ്യക്കാരന്‍ എന്ന നിലയില്‍ എന്റെ ധര്‍മമാണെന്ന് വിശ്വസിക്കുന്നു.

ഒരു കാര്യം വീണ്ടും പറയാന്‍ ഞാന്‍ ആഗ്രഹിക്കുന്നു. ഒരു ആള്‍ ദൈവത്തെയും വളര്‍ന്നു വലുതായി കഴിഞ്ഞാല്‍ നമുക്കൊന്നും ചെയ്യാന്‍ കഴിയില്ല. അതുകൊണ്ടു തന്നെ നമ്മള്‍ ശ്രദ്ധിച്ചില്ല എങ്കില്‍ നമുക്ക് നഷ്ടപ്പെടുന്നത് നമ്മുടെ വ്യക്തിത്വവും ജീവിതവുമാണ്. ഇത്തരം ആള്‍ദൈവങ്ങള്‍ കെട്ടിയുയര്‍ത്തിയ ആശ്രമങ്ങളിലും അരമനകളിലും മയക്കുമരുന്നിന്റെ സ്വാധീനം വളരെ അധികമുണ്ട്. ഒരു ചെറുവിരല്‍ അനക്കാന്‍ പോലും നമുക്ക് സാധിക്കില്ല. കാരണം, രാഷ്ട്രീയ കക്ഷികളെ പോലും അവര്‍ വിലക്കെടുത്തിരിക്കുകയാണ്. അതുകൊണ്ട് നമ്മളെയും നമ്മുടെ കുഞ്ഞുങ്ങളെയും സംരക്ഷിക്കേണ്ടത് നമ്മുടെ ഉത്തരവാദിത്വമാണ്.”

Facebook Comments
Related Articles
Show More
Close
Close