Onlive Talk

അല്‍ബൂഅസീസി തീ കൊളുത്തിയത് തന്റെ ശരീരത്തിന് മാത്രമായിരുന്നില്ല

സ്വേച്ഛാധിപതികള്‍ക്കെതിരെ ജനങ്ങള്‍ വിപ്ലവവുമായി രംഗത്തിറങ്ങി. അവരില്‍ ചിലരെയെല്ലാം പുറത്താക്കുന്നതില്‍ വിജയിച്ചു. മറ്റു ചിലരെ പുറത്താക്കുന്നത് കാത്തിരിക്കുകയാണ് നാം. ഒരിടത്ത് വിപ്ലവം പ്രഖ്യാപിച്ചു എന്നതു കൊണ്ട് വിപ്ലവം വിജയിച്ചു എന്നര്‍ത്ഥമില്ല. വിപ്ലവത്തിന്റെ പ്രഖ്യാപനത്തിനും അതിന്റെ വിജയത്തിനുമിടയില്‍ ഏറെ ദൂരം താണ്ടാനുണ്ട്. അതിന് വര്‍ഷങ്ങള്‍ തന്നെ വേണ്ടി വരും. ഫ്രഞ്ച് വിപ്ലവം ഒരു ഉദാഹരണമായിട്ടെടുക്കാം. അവിടെ രാജഭരണത്തില്‍ നിന്നും ജനാധിപത്യത്തിലേക്ക് മാറുന്നതിന് 80 വര്‍ഷമാണ് എടുത്തത്. ദീര്‍ഘിച്ച ഒരു കാലയളവാണിത്. എന്നാല്‍ ചരിത്രമെന്നത് ഒന്നോ രണ്ടോ ദിവസങ്ങള്‍ കൊണ്ട് എഴുതപ്പെടുന്ന ഒന്നല്ല. അറബ് ലോകം ജനാധിപത്യത്തിലേക്കുള്ള മാറ്റത്തിന്റെ ഘട്ടത്തിലാണ്. ആ മാറ്റത്തിന്റെ കാലയളവില്‍ ഏറ്റവ്യത്യാസങ്ങളുണ്ടാവാം. രാഷ്ട്രീയ കക്ഷികള്‍ക്ക് പരസ്പര യോജിപ്പിലൂടെ ആ കാലയളവ് ചുരുക്കാന്‍ സാധിക്കും. സിറിയയിലെ കക്ഷികള്‍ ഒത്തൊരുമിച്ചു നില്‍ക്കാനുള്ള തങ്ങളുടെ കഴിവ് ഇതുവരെ തെളിയിച്ചിട്ടില്ലെന്നത് ദുഖകരമാണ്. സായുധ ഗ്രൂപ്പുകള്‍ക്കിടയിലെ വിയോജിപ്പുകളാണ് അവിടത്തെ വിപ്ലവത്തെ നശിപ്പിക്കുകയും അതിന്റെ മുഖം വികൃതമാക്കുകയും ചെയ്തത്.

എല്ലാ സ്വേച്ഛാധിപതികളായ ഭരണാധികാരികളും പോയതുപോലെ ബശ്ശാറുല്‍ അസദും പോകേണ്ടി വരുമെന്നതില്‍ സംശയമില്ല. എന്നാല്‍ എപ്പോഴായിരിക്കും അതെന്ന കാര്യത്തില്‍ മാത്രമേ സംശയമുള്ളൂ. അറബ് ലോകം ഒന്നടങ്കം സ്വാതന്ത്ര്യത്തിലേക്ക് മുഖംതിരിച്ചിരിക്കുകയാണ്. തുനീഷ്യയില്‍ മാറ്റത്തിന് ചുരുങ്ങിയ കാലം മാത്രമേ വേണ്ടി വന്നിട്ടുള്ളുവെങ്കില്‍ അതിന് ചില പ്രേരകങ്ങളുണ്ട്. തുനീഷ്യന്‍ നേതാക്കള്‍ പ്രശ്‌നപരിഹാരത്തിന് ഒരുമിച്ചിരുന്നു എന്നതാണത്. തുനീഷ്യയില്‍ പ്രസക്തമായ നയങ്ങള്‍ ഈജിപ്തിലും ലിബിയയിലും സിറിയയിലും പ്രസക്തമായിരിക്കില്ല. പെട്രോളിയം ഇല്ലെന്നത് തുനീഷ്യയുടെ ഭാഗ്യമാണ്. എന്നാല്‍ പെട്രോളിയത്താല്‍ സമ്പന്നമാണ് ലിബിയ. അതുകൊണ്ടു തന്നെ അതിന് മേല്‍ കണ്ണുവെക്കുന്നവരുടെ എണ്ണവും അത് വര്‍ധിപ്പിച്ചു. വൈദേശിക ഇടപെടലുകള്‍ ധാരാളമായി അവിടെയുണ്ടായി. ഓരോരുത്തരും ലിബിയയില്‍ നിന്ന് മുതലെടുക്കാനാണ് താല്‍പര്യപ്പെട്ടത്. ലിബിയയിലെ മാറ്റം കൂടുതല്‍ സങ്കീര്‍ണമാണ്. അതിന് കൂടുതല്‍ സമയവും ആവശ്യമാണ്. എന്നാല്‍ ഇപ്പോള്‍ പരിഹാരത്തെ സംബന്ധിച്ച പ്രതീക്ഷകള്‍ തെളിയുന്നുണ്ട്. ചക്രവാളത്തിലെവിടെയോ പരിഹാരം ഉണ്ടെന്നാണ് ഞാന്‍ കരുതുന്നത്.

കടുത്ത നിരാശയുടെയും ദുഖത്തിന്റെയും പശ്ചാത്തലത്തിലാണ് തുനീഷ്യന്‍ യുവാവായ മുഹമ്മദ് അല്‍ബൂഅസീസി രംഗത്ത് വരുന്നത്. തന്റെ ശരീരത്തിന് മാത്രമല്ല അദ്ദേഹം തീ കൊളുത്തിയത്. മറിച്ച് മുഴുവന്‍ അറബ് ഭരണകൂടങ്ങള്‍ക്കുമായിരുന്നു. അറബ് പ്രദേശങ്ങളിലെ പുതിയൊരു തുടക്കത്തിന്റെ പ്രഖ്യാപനമായിരുന്നു അത്. മൂന്ന് വര്‍ഷത്തിന് ശേഷവും രംഗം നിരാശാജനകം തന്നെയായിരുന്നു. എന്നല്ല, 2010നേക്കാള്‍ മോശപ്പെട്ട അവസ്ഥയിലായിരുന്നു എന്ന് പറയാം. എത്രത്തോളമെന്നാല്‍ ഈജിപ്തില്‍ മുബാറക് യുഗത്തില്‍ നിന്നുള്ള മടക്കം ഒരു വിദൂര സ്വപ്‌നമായി മാറി. വിപ്ലവകാരികളെ ക്രൂശിച്ചു കൊണ്ടുള്ള ശബ്ദങ്ങള്‍ പലയിടത്തും ഉയര്‍ന്നു. വിപ്ലവത്തിന്റെ പേരില്‍ ജനങ്ങള്‍ ഖേദിക്കുക വരെ ചെയ്തു.

വിപ്ലവങ്ങള്‍ക്ക് തുരങ്കം വെക്കാനും അപകീര്‍ത്തിപ്പെടുത്താനുമുള്ള ബോധപൂര്‍വമായ നീക്കങ്ങളാണ് അവയെ ഭീകരതയാക്കി മാറ്റിയത്. വിപ്ലവങ്ങളെ തകര്‍ക്കുന്നതിന് തീവ്രവാദ ഗ്രൂപ്പുകളെ ഉപയോഗിക്കുന്നതില്‍ സ്വേച്ഛാധിപതികള്‍ വിജയിച്ചു. വിപ്ലവത്തിന് കൂച്ചുവിലങ്ങിടപ്പെട്ടു. അതിനെ ഭീകരതയാക്കി മാറ്റുന്നില്‍ അവര്‍ വിജയിക്കുകയും ചെയ്തു. വിപ്ലവത്തിന്റെ മുന്നില്‍ നിന്നവര്‍ പരസ്പര യോജിപ്പുണ്ടാക്കുന്നതില്‍ പരാജയപ്പെടുകയും ചെയ്തു. എന്നാല്‍ അതില്‍ നിന്ന് ഭിന്നമായി കത്തിക്കപ്പെട്ട സ്വാതന്ത്ര്യത്തിന്റെ നാളം അണയാതെ നിലനിര്‍ത്തുന്നതില്‍ തുനീഷ്യ വിജയിച്ചു. അതിന് പല കാരണങ്ങളുമുണ്ട്. ഈജിപ്തിനും സിറിയക്കും മേല്‍ ഉണ്ടായിരുന്നത്ര വൈദേശിക സമ്മര്‍ദം തുനീഷ്യക്ക് മേല്‍ ഇല്ലായിരുന്നു എന്നത് അതില്‍ പ്രധാനമാണ്. അക്രമത്തിന്റെ മാര്‍ഗം വെടിഞ്ഞ് പരസ്പരം ചര്‍ച്ച ചെയ്യാനും വിട്ടുവീഴ്ച്ചകള്‍ കാണിക്കാനുമുള്ള കഴിവ് തുനീഷ്യന്‍ നേതാക്കള്‍ക്കുണ്ടായിരുന്നു എന്നതാണ് മറ്റൊരു കാരണം. തുനീഷ്യയില്‍ ഏറ്റവുമധികം വിട്ടുവീഴ്ച്ച കാണിച്ചിട്ടുള്ള കക്ഷിയാണ് അന്നഹ്ദ. അട്ടിമറി നടത്താതെ, അല്ലെങ്കില്‍ തെരെഞ്ഞെടുപ്പില്‍ പരാജയപ്പെടാതെ തന്നെ അധികാരം ഉപേക്ഷിക്കാന്‍ അത് തയ്യാറായി. തങ്ങളുടെ അധികാരത്തേക്കാള്‍ അവര്‍ സ്വാതന്ത്ര്യത്തിന് വിലയും പ്രാധാന്യവും കല്‍പിച്ചു എന്നതാണ് കാരണം.

പല രാജ്യങ്ങളിലും യുവാക്കള്‍ കടുത്ത നിരാശയിലാണ് ജീവിക്കുന്നത്. വിപ്ലവത്തിന് ശേഷം ആറ് വര്‍ഷം പിന്നിട്ടിട്ടും ദൈനംദിന ജീവിതത്തില്‍ വലിയ മാറ്റമൊന്നും പ്രകടമായിട്ടില്ലെന്നതാണ് കാരണം. നീതിയിലും കാരുണ്യത്തിലും പുരോഗതിയിലും മനുഷ്യത്വത്തിലുമുള്ള ഇസ്‌ലാമിന്റെ ലക്ഷ്യങ്ങള്‍ ലോകത്തിന് കാണിച്ചു കൊടുക്കുന്ന, പരസ്പരം കൈകോര്‍ക്കുകയും സഹകരിക്കുകയും ചെയ്യുന്ന ഒരു ഇസ്‌ലാമിക ലോകത്തിന്റെ നിര്‍മാണത്തിന് വേണ്ടിയുള്ള പ്രവര്‍ത്തനത്തിനപ്പുറത്തുള്ള ഒന്നല്ല ഈ കാലഘട്ടത്തിലെ ഖിലാഫത്ത്. നമ്മുടെ തുര്‍ക് സഹോദരങ്ങള്‍ മുപ്പത് ലക്ഷത്തോളം വരുന്ന സിറിയക്കാരോടും റോഹിങ്ക്യയിലെയും സോമാലിയയിലെയും സഹോദരങ്ങളോടും സ്വീകരിച്ച നിലപാടും അറബ് വസന്തത്തിനൊപ്പം നിലകൊണ്ടതും ഇസ്‌ലാമിന് ശോഭയേകുന്ന ഉദാഹരണങ്ങളാണ്.
(2017 ഒക്ടോബര്‍ 18-19 തിയ്യതികളില്‍ ഇസ്തംബൂളില്‍ നടന്ന TRT വേള്‍ഡ് ഫോറത്തില്‍ ഗന്നൂശി നടത്തിയ പ്രസംഗത്തിന്റെ രത്‌നചുരുക്കം)

തയ്യാറാക്കിയത്: നസീഫ്

Facebook Comments

റാശിദുല്‍ ഗന്നൂശി

1941 ജൂണ്‍ 22ന് തെക്കന്‍ തുനീഷ്യയിലെ ഖാബിസ് പ്രവിശ്യയിലെ ഹാമ്മ ഗ്രാമത്തില്‍ ഒരു പാവപ്പെട്ട പരമ്പരാഗത കര്‍ഷക കുടുംബത്തിലായിരുന്നു ഗന്നൂശിയുടെ ജനനം. അമ്മാവന്‍ ബശീര്‍, ഗന്നൂശിയുടെ രാഷ്ട്രീയകാഴ്ച്ചപ്പാടുകള്‍ രൂപപ്പെടുത്തുന്നതില്‍ നിര്‍ണ്ണായക പങ്കു വഹിച്ചു. പതിനാറാം വയസ്സില്‍ ഗന്നൂശിയുടെ കുടുംബം ഖാബിസ് നഗരത്തില്‍ പ്രാക്റ്റീസ് ചെയ്യുന്ന ജ്യേഷ്ഠന്റെ അടുത്തേക്ക് താമസം മാറി.

1959ല്‍ തുനീഷ്യയിലെ അസ്സൈത്തൂന സര്‍വ്വകലാശാലയില്‍ ഇസ്‌ലാമികപഠനത്തിന് ചേര്‍ന്നു. 1964ല്‍ ഈജിപ്തിലെ കൈറോ യൂനിവേഴ്‌സിറ്റിയില്‍ അഗ്രികള്‍ച്ചര്‍ ഡിപ്പാര്‍ട്ട്‌മെന്റില്‍ ചേര്‍ന്നു പഠനം തുടങ്ങി. ഈജിപ്ഷ്യന്‍ പ്രസിഡന്റ് ജമാല്‍ അബ്ദുന്നാസിറും തുനീഷ്യന്‍ പ്രസിഡന്റ് ഹബീബ് ബുര്‍ഗീബയും തമ്മിലുള്ള ബന്ധം വഷളായതിനെ തുടര്‍ന്ന് സിറിയയിലെത്തുകയും ഡമാസ്‌കസ് സര്‍വ്വകലാശാലയില്‍ തത്വശാസ്ത്രത്തിന് ചേരുകയും ചെയ്തു. കുറഞ്ഞ കാലം യൂറോപ്യന്‍ സോഷ്യലിസ്റ്റ് പാര്‍ട്ടിയില്‍ പ്രവര്‍ത്തിച്ചു. പിന്നീട് ഫ്രാന്‍സിലെ ഡൊബോണ്‍ സര്‍വ്വകലാശാലയില്‍ ഒരു വര്‍ഷ പഠനത്തിന് ശേഷം തിരിച്ചെത്തി അന്നഹ്ദ രൂപീകരിച്ചു. 1967ലെ അറബ്ഇസ്രയേല്‍ യുദ്ധകാലത്ത് വിദ്യാര്‍ത്ഥികള്‍ക്ക് സൈനികപരിശീലനം നല്‍കി ഇസ്രായേലിനെതിരെ പൊരുതാന്‍ അനുമതി കൊടുക്കണമെന്നാവശ്യപ്പെട്ട് അദ്ദേഹവും സഹപ്രവര്‍ത്തകരും രംഗത്തിറങ്ങി. 1965ല്‍ ഗന്നൂശി യൂറോപ്യന്‍ പര്യടനത്തിനു പുറപ്പെട്ടു. തുനീഷ്യയില്‍ ആരംഭിച്ച അറബ് വിപ്ലവങ്ങള്‍ക്ക് പിന്നില്‍ ഗന്നൂശിയായിരുന്നു.

നാഗരികതയിലേക്കുള്ള വഴി, നാമും പാശ്ചാത്യരും, വിയോജിപ്പിനുള്ള അവകാശവും ഐക്യം എന്ന ബാധ്യതയും, ഫലസ്തീന്‍ പ്രശ്‌നം വഴിത്തിരിവില്‍, അവകാശങ്ങള്‍, ഇസ്‌ലാമിക രാഷ്ട്രത്തിലെ പൊതുസ്വാതന്ത്ര്യം, ഖദ്ര്! ഇബ്‌നു തൈമിയയുടെ വീക്ഷണത്തില്‍, മതേതരത്വവും പൊതുസമൂഹവും ഒരു താരതമ്യം, ഇസ്‌ലാമിക പ്രസ്ഥാനവും മാറ്റവും, തുനീഷ്യയിലെ ഇസ്‌ലാമിക പ്രസ്ഥാനാനുഭവങ്ങള്‍, സ്ത്രീ ഖുര്‍ആനിലും മുസ്‌ലിം ജീവിതത്തിലും എന്നതാണ് ശ്രദ്ധേയമായ ഗ്രന്ഥങ്ങള്‍.

Related Articles

Back to top button

Adblock Detected

Please consider supporting us by disabling your ad blocker