Onlive Talk

അഖണ്ഡ ഭാരത ഭൂപടം ആര്‍.എസ്.എസ് ഉപേക്ഷിക്കുമോ?

ഭാരതീയ ജനതാ പാര്‍ട്ടി വളരെ ശക്തമായി അവതരിപ്പിച്ച കാര്യങ്ങളില്‍ ഒന്നാണ് ഹാസ്യാത്മകമായ മസില്‍പവര്‍ രാജ്യസ്‌നേഹം. അധികാരത്തില്‍ വന്നത് മുതല്‍ക്ക് തന്നെ ഹൈദരാബാദ്, ഡല്‍ഹി എന്നിവിടങ്ങളില്‍ നിന്നുള്ള വിദ്യാര്‍ത്ഥികളെ ലക്ഷ്യമിട്ട ബി.ജെ.പി, മുദ്രാവാക്യം വിളിക്കാനുള്ള ശേഷിയെ അടിസ്ഥാനമാക്കി പൗരത്വം നിര്‍ണയിക്കണമെന്ന് നിര്‍ദ്ദേശിക്കുകയും, സ്വാതന്ത്ര്യ സമര പോരാളി ഭഗത് സിംഗിന്റെ ചരിത്രം ദുര്‍വ്യാഖ്യാനിക്കുകയും ചെയ്തിരുന്നു. കഴിഞ്ഞ വെള്ളിയാഴ്ച്ച രാവിലെ ഇതിലേക്ക് പുതിയ ഒന്ന് കൂടി ചേര്‍ക്കപ്പെടുകയുണ്ടായി: ഇന്ത്യയുടെ അതിര്‍ത്തികള്‍ തെറ്റായി വരക്കുന്നത് ഏഴ് വര്‍ഷം വരെ തടവ് ശിക്ഷയും, 100 കോടി രൂപയോളം പിഴയും അടക്കേണ്ട ഒരു കുറ്റകൃത്യമായി നിയമം നിര്‍മാണം നടത്താനുള്ള നീക്കം നടക്കുന്നുണ്ട്.

നിലവില്‍ കൈവശം ഉള്ളതിനേക്കാള്‍ എത്രയോ അധികം ഭൂമി തങ്ങളുടെ പക്കലുണ്ടെന്ന ഇന്ത്യന്‍ ഭരണകൂടത്തിന്റെ അവകാശവാദമാണ് പ്രശ്‌നത്തിന്റെ കേന്ദ്രബിന്ദു. ഇന്ന് ഇന്ത്യയുടെ ഭൂപടത്തില്‍ നിങ്ങള്‍ ജമ്മുകാശ്മീര്‍ കാണുന്നുണ്ടെന്നത് ശരി തന്നെയാണ്. പക്ഷെ യഥാര്‍ത്ഥത്തില്‍ കാര്യങ്ങള്‍ അങ്ങനെയല്ല. ജമ്മുകാശ്മീരിന്റെ പടിഞ്ഞാറന്‍ ഭാഗത്തുള്ള ഭൂരിഭാഗം പ്രദേശങ്ങളും പാകിസ്ഥാന്റെ നിയന്ത്രണത്തിലും, വടക്കുകിഴക്കന്‍ ഭാഗത്തുള്ള പ്രദേശങ്ങള്‍ ചൈനയുടെ നിയന്ത്രണത്തിലുമാണ് ഉള്ളത്. ഈ യാഥാര്‍ത്ഥ്യം നിങ്ങള്‍ ഒരു ഭൂപടത്തില്‍ വരച്ച് ചേര്‍ക്കുകയാണെങ്കില്‍, 1961 ആക്ട് പ്രകാരം ഗവണ്‍മെന്റ് നിങ്ങള്‍ക്കെതിരെ കേസ് എടുക്കുകയും ആറ് മാസം വരെ തടവ് ശിക്ഷ ലഭിക്കുകയും ചെയ്യും. നരേന്ദ്ര മോഡി തന്റെ പദ്ധതി നടപ്പാക്കുകയാണെങ്കില്‍, അതൊരു ഏഴ് വര്‍ഷം തടവ് ശിക്ഷയായി നീണ്ടേക്കാം.

ആശ്ചര്യമുണര്‍ത്തുന്ന ഒരു കാര്യമെന്താണെന്നാല്‍, വിശ്വാസ സ്വാതന്ത്ര്യത്തിന്റെ ചെലവില്‍ ഇന്ത്യയുടെ അതിര്‍ത്തികള്‍ തെറ്റായി വരച്ച് അവതരിപ്പിക്കുന്ന ശക്തരായ ഒരു സംഘം ഇവിടെയുണ്ടെന്നതാണ്. അഖണ്ഡ ഭാരതം എന്ന സങ്കല്‍പ്പത്തില്‍ വിശ്വസിക്കുന്നവരാണ് സംഘ് പരിവാര്‍. ഇന്നത്തെ ഇന്ത്യയും, പാകിസ്ഥാനും ബംഗ്ലാദേശും അടങ്ങുന്നതാണ് ഏറ്റവും ചുരുങ്ങിയ പക്ഷം അവരുടെ അഖണ്ഡ ഭാരതം: എന്നുവെച്ചാല്‍ ബ്രിട്ടീഷ് രാജിന്റെ കീഴിലുണ്ടായിരുന്ന പ്രദേശങ്ങള്‍. മറ്റു ചില ഭൂപട പതിപ്പുകളില്‍ അഫ്ഗാനിസ്ഥാന്‍, മ്യാന്‍മാര്‍, നേപ്പാള്‍, ശ്രീലങ്ക, ടിബറ്റ് എന്നീ രാജ്യങ്ങളെയും ഉള്‍ക്കൊള്ളിച്ചിട്ടുണ്ട്.

ഹിന്ദുത്വയുടെ അഖണ്ഡഭാരത മനോരാജ്യങ്ങള്‍ക്ക് ചിലപ്പോള്‍ ചരിത്രം കൊണ്ടോ യുക്തി കൊണ്ടോ അടിസ്ഥാനമൊന്നും ലഭിച്ചേക്കില്ല, പക്ഷെ അതാണ് അവരുടെ പ്രത്യയശാസ്ത്രത്തിന്റെ കേന്ദ്രബിന്ദു. രാഷ്ട്രീയ സ്വയം സേവകിന്റെ നേതാക്കളെല്ലാം തന്നെ അഖണ്ഡഭാരത ഭൂപടത്തെ കുറിച്ച് കൊട്ടിഘോഷിക്കുന്നത് കാണാന്‍ കഴിയും. 2015 ഡിസംബറില്‍, ബി.ജെ.പി ജനറല്‍ സെക്രട്ടറി രാം മാധവ്, അഖണ്ഡ ഭാരതമാണ് തന്റെ ലക്ഷ്യമെന്ന് വ്യക്തമാക്കിയിരുന്നു.

അണിയറയില്‍ ആലോചന നടന്നു കൊണ്ടിരിക്കുന്ന ഈ നിയമം വന്നതിന് ശേഷം എന്തായിരിക്കും സംഭവിക്കുക? ഇന്ത്യയുടെ അതിര്‍ത്തികള്‍ തെറ്റായി രേഖപ്പെടുത്തിയിട്ടുള്ള ഒന്നാണ് അഖണ്ഡ ഭാരതവും. ആര്‍.എസ്.എസ് ചീഫ് മോഹന്‍ ഭഗവത് ശിക്ഷിക്കപ്പെടുമോ? അഖണ്ഡഭാരത സ്വപ്‌നങ്ങള്‍ ബി.ജെ.പിക്ക് ഉപേക്ഷിക്കേണ്ടി വരുമോ?
അവലംബം: scroll.in

വിവ:  ഇര്‍ഷാദ് കാളാച്ചാല്‍

Facebook Comments
Show More

Related Articles

Close
Close