Current Date

Search
Close this search box.
Search
Close this search box.

സലഫി പണ്ഡിതന്‍ സകരിയ സ്വലാഹി വാഹനാപകടത്തില്‍ മരിച്ചു

തലശ്ശേരി: സലഫി പണ്ഡിതനും കേരള നദ്വത്തുല്‍ മുജാഹിദീന്‍ മുന്‍ നേതാവും പ്രഭാഷകനുമായ ഡോ. കെ.കെ സകരിയ സ്വലാഹി (54) വാഹനാപകടത്തില്‍ മരരണപ്പെട്ടു. ഞായറാഴ്ച ഉച്ചയ്ക്ക് 12 മണിയോടെ തലശേരി മനേക്കരയില്‍ വെച്ച് അദ്ദേഹം സഞ്ചരിച്ചിരുന്ന സ്‌കൂട്ടറില്‍ ബസ് ഇടിക്കുകയായിരുന്നു. തലശേരി ഇന്ദിരാ ഗാന്ധി സഹകരണ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.

പാലക്കാട് ജില്ലയില്‍ എടത്തനാട്ടുകരക്ക് സമീപം പാലക്കാഴി സ്വദേശിയാണ്. കഴിഞ്ഞ 20 വര്‍ഷമായി കണ്ണൂരിലെ കടവത്തൂരിലാണ് താമസം. എടവണ്ണ ജാമിഅഃ നദ്വിയ്യയില്‍നിന്ന് ബിരുദവും അലീഗഢ് മുസ്ലിം യൂനിവേഴ്സിറ്റിയില്‍ നിന്ന് ബിരുദാനന്തര ബിരുദവും നേടി. കാലിക്കറ്റ് യൂനിവേഴ്സിറ്റിയില്‍ നിന്ന് ഡോക്ടറേറ്റ് നേടിയ അദ്ദേഹം പിന്നീട് കടവത്തൂര്‍ നുസ്രത്തുല്‍ ഇസ്ലാം അറബിക് കോളജില്‍ അധ്യാപകനായി ചേര്‍ന്നു.

കേരളത്തിലെ മുജാഹിദ് സംഘടനാ നേതൃത്വത്തില്‍ സജീവമായിരുന്ന അദ്ദേഹം പിളര്‍പ്പിനെ തുടര്‍ന്ന് വിസ്ഡം ഗ്ലോബല്‍ ഇസ്ലാമിക് മിഷന്റെ ഭാഗമായി. പിന്നീട്, അഭിപ്രായ വ്യത്യാസത്തെ തുടര്‍ന്ന് സംഘടനാ രംഗത്തുനിന്ന് മാറി സ്വതന്ത്രമായി പ്രവര്‍ത്തിച്ചുവരികയായിരുന്നു. ഇടക്കാലത്ത് സൗദി അറേബ്യയിലേക്ക് പോയ അദ്ദേഹം മാസങ്ങള്‍ക്കു മുമ്പാണ് നാട്ടില്‍ തിരിച്ചെത്തിയത്. ഐ.എസ്.എം മുന്‍ സംസ്ഥാന വൈസ് പ്രസിഡന്റായിരുന്ന സകരിയ സ്വലാഹി ഫത്‌വ ബോര്‍ഡ് അംഗമായും സേവനം അനുഷ്ടിച്ചിട്ടുണ്ട്.

Related Articles