Current Date

Search
Close this search box.
Search
Close this search box.

രോഗിയായ മാതാവിനെ കാണാനുള്ള സകരിയ്യയുടെ ജാമ്യാപേക്ഷ തള്ളി

ബംഗളൂരു: ബംഗളൂരു സ്‌ഫോടന കേസില്‍ പ്രതിചേര്‍ക്കപ്പെട്ട് പത്ത് വര്‍ഷത്തിലേറെയായി പരപ്പന അഗ്രഹാര ജയിലില്‍ വിചാരണത്തടവുകാരനായി കഴിയുന്ന പരപ്പനങ്ങാടി സ്വദേശി സകരിയയുടെ പരോള്‍ അപേക്ഷ കോടതി തള്ളി.

പക്ഷാഘാതം പിടിപെട്ട് ചികിത്സയില്‍ കഴിയുന്ന മാതാവിനെ കാണാന്‍ അനുമതി നല്‍കണമെന്ന അപേക്ഷയാണ് വിചാരണ കോടതി തള്ളിയത്. അഞ്ചു ദിവസത്തെ പരോള്‍ ആവശ്യപ്പെട്ടാണ് സകരിയയുടെ അഭിഭാഷകന്‍ വിചാരണ കോടതിയില്‍ കഴിഞ്ഞയാഴ്ച ഹരജി ഫയല്‍ ചെയ്തത്. എന്നാല്‍, വിചാരണ നടന്നു കൊണ്ടിരിക്കുന്ന കേസായതിനാല്‍ തടസ്സമുണ്ടാവുന്ന വിധത്തില്‍ പരോള്‍ അനുവദിക്കരുതെന്ന് പ്രോസിക്യൂഷന്‍ എതിര്‍ സത്യവാങ്മൂലം സമര്‍പ്പിച്ചതോടെയാണ് കോടതി പരോള്‍ നിരസിച്ചത്.

ഗുരുതരാവസ്ഥയിലുള്ള മാതാവിനെ കാണാനുള്ള അവസരം മനുഷ്യത്വത്തിന്റെ പേരിലെങ്കിലും
നല്‍കണമെന്നും വിചാരണക്ക് ഒരു തടസവും വരാതെ അവധി ദിവസങ്ങളായ രണ്ടാം ശനിയും ഞായറും ഉള്‍പ്പെടെ മൂന്ന് ദിവസം അനുവദിച്ചാല്‍ മതിയെന്നും സകരിയയുടെ വക്കീല്‍ ആവശ്യപ്പെട്ടങ്കിലും പ്രോസിക്യൂഷന്‍ മൗനം പാലിച്ചു. പരോള്‍ അപേക്ഷ വ്യാഴാഴ്ച്ചത്തേക്കു വിധി പറയാന്‍ മാറ്റിവെച്ചപ്പോള്‍ ഏറെ പ്രതീക്ഷയുണ്ടായിരുന്നെങ്കിലും ജഡ്ജി തള്ളുകയായിരുന്നു.

സകരിയയുടെ മാതാവ് ബീയ്യുമ്മ പക്ഷാഘാതത്തെ തുടര്‍ന്ന് കോഴിക്കോട് സ്വകാര്യ ആശുപത്രിയില്‍ തീവ്രപരിചരണ വിഭാഗത്തില്‍ ചികിത്സയിലാണ്.
വര്‍ഷങ്ങളായുള്ള സകരിയയുടെ ജയില്‍വാസവും മറ്റൊരു മകന്റെ പെട്ടെന്നുള്ള മരണവുമാണ് ബിയ്യുമ്മക്ക് സ്‌ട്രോക് പിടിപെടാന്‍ ഇടയാക്കിയത്.

2009 ഫെബ്രുവരി അഞ്ചിനാണ് മലപ്പുറം പരപ്പനങ്ങാടി സ്വദേശി സകരിയയെ തിരൂരില്‍ അദ്ദേഹം ജോലി ചെയ്യുന്ന മൊബൈല്‍ കടയില്‍ നിന്നും കര്‍ണാടക പൊലീസ് അറസ്റ്റു ചെയ്ത് കൊണ്ടുപോകുന്നത്. സ്‌ഫോടനത്തിന് ആവശ്യമായ ചിപ്പ് നിര്‍മ്മിക്കാന്‍ സഹായിച്ചെന്ന ‘വ്യാജ’ കുറ്റം ചുമത്തിയാണ് കര്‍ണാടക പൊലീസ് ആദ്യം കസ്റ്റഡിയിലെടുക്കുന്നത്. 2009 ഫെബ്രുവരി അഞ്ചിന് വൈകുന്നേരം ചോദ്യം ചെയ്യലിന് ശേഷം വിട്ടയക്കാമെന്ന ഉറപ്പിലായിരുന്നു സകരിയയെ കസ്റ്റഡിയിലെടുക്കുന്നത്. പക്ഷെ മൂന്ന് ദിവസങ്ങള്‍ക്ക് ശേഷം വീട്ടിലേക്ക് വിളിച്ച കര്‍ണാടക പൊലീസ് അറസ്റ്റ് രേഖപ്പെടുത്തിയതായി വീട്ടുകാരെ അറിയിക്കുകയായിരുന്നു.

കഴിഞ്ഞ 10 വര്‍ഷത്തിനിടെ രണ്ടുതവണയാണ് സകരിയക്ക് ജാമ്യം ലഭിച്ചത്. ആദ്യം തന്റെ സഹോദരന്‍ മുഹമ്മദ് ശരീഫിന്റെ വിവാഹത്തില്‍ പങ്കെടുക്കാനും രണ്ടാമതായി അതേ സഹോദരന്‍ മരണപ്പെട്ടപ്പോള്‍ അന്ത്യകര്‍മങ്ങളില്‍ പങ്കെടുക്കാനുമായിരുന്നു.

Related Articles