Current Date

Search
Close this search box.
Search
Close this search box.

ആഗോള ഇസ്‌ലാമിക പണ്ഡിതന്‍ യൂസുഫുല്‍ ഖറദാവി അന്തരിച്ചു

ദോഹ: പ്രമുഖ ഇസ്‌ലാമിക പണ്ഡിതനും ഗ്രന്ഥകാരനുമായ ഡോ. യൂസുഫുല്‍ ഖറദാവി അന്തരിച്ചു. 96 വയസ്സായിരുന്നു. വാര്‍ധക്യസഹജമായ അസുഖങ്ങളെ തുടര്‍ന്ന് ഏറെക്കാലമായി ഖത്തറില്‍ വിശ്രമജീവിതം നയിക്കുകയായിരുന്നു. ആഗോള മുസ്ലിം പണ്ഡിത വേദിയുടെ മുന്‍ അധ്യക്ഷനായ അദ്ദേഹം മുസ്ലിം ബ്രദര്‍ഹുഡിന്റെ ആത്മീയ നേതാവ് കൂടിയായിരുന്നു. 1926 സെപ്റ്റംബര്‍ ഒന്‍പതിന് ഈജിപ്തിലെ സിഫ്ത് തുറാബ് ഗ്രാമത്തിലായിരുന്നു ഖറദാവിയുടെ ജനനം. മക്ക ആസ്ഥാനമായുള്ള മുസ്‌ലിം വേള്‍ഡ് ലീഗ്, കുവൈത്തിലെ ഇസ്ലാമിക് ചാരിറ്റബിള്‍ ഓര്‍ഗനൈസേഷന്‍ തുടങ്ങിയ നിരവധി ആഗോള സംഘടനകളില്‍ അംഗമായിരുന്നു.

അദ്ദേഹത്തിന്റെ ഔദ്യോഗിക ട്വിറ്റര്‍ അക്കൗണ്ടിലൂടെ മരണ വിവരം അറിയിച്ചത്. പിന്നാലെ ആഗോള മുസ്ലിം പണ്ഡിത വേദിയും മരണ വിവരം സ്ഥിരീകരിച്ചു. 2013 ല്‍ ഈജിപ്തില്‍ ആദ്യമായി ജനാധിപത്യ സംവിധാനത്തിലൂടെ തെരഞ്ഞെടുക്കപ്പെട്ട പ്രസിഡന്റ് മുഹമ്മദ് മുര്‍സിക്കെതിരായ അട്ടിമറിയെ അദ്ദേഹം നിശിതമായി വിമര്‍ശിച്ചിരുന്നു. മുര്‍സിയെ അട്ടിമറിച്ചതിനെത്തുടര്‍ന്ന് അധികാരത്തിലേറിയ ഈജിപ്ത് പ്രസിഡന്റ് അബ്ദുല്‍ ഫത്താഹ് അല്‍-സീസിയോടുള്ള എതിര്‍പ്പിനെത്തുടര്‍ന്ന് ഖറദാവിക്ക് ഈജിപ്തിലേക്ക് മടങ്ങാന്‍ കഴിഞ്ഞിരുന്നില്ല. തുടര്‍ന്ന് അദ്ദേഹം ഖത്തറില്‍ തന്നെ തുടരുകയായിരുന്നു. ഈജിപ്തില്‍ ഹാജരാകാത്ത അദ്ദേഹത്തെ വിചാരണ ചെയ്യപ്പെടുകയും വധശിക്ഷയ്ക്ക് വിധിക്കപ്പെടുകയും ചെയ്തിരുന്നു.

മതനിഷ്ടയുള്ള മുസ്ലീം കര്‍ഷകരുടെ ദരിദ്ര കുടുംബത്തിലായിരുന്നു അദ്ദേഹത്തിന്റെ ജനനം. വളരെ ചെറുപ്പത്തില്‍ തന്നെ പിതാവ് നഷ്ടപ്പെട്ടതിനാല്‍ അമ്മാവനാണ് അദ്ദേഹത്തെ ഏറ്റെടുത്ത് വളര്‍ത്തിയിരുന്നത്.

2008ല്‍, അന്താരാഷ്ട്ര മാസികകളായ ‘ഫോറിന്‍ പോളിസി’യും ‘പ്രോസ്പക്റ്റും’ നടത്തിയ സര്‍വേയില്‍, ലോകത്തെ ഏറ്റവും സ്വാധീനം ചെലുത്തിയ ചിന്തകരുടെ പട്ടികയില്‍ 20 വ്യക്തികളില്‍ മൂന്നാം സ്ഥാനം ഡോ. യൂസുഫുല്‍ ഖറദാവിക്കായിരുന്നു. 170ലധികം പുസ്തകങ്ങള്‍ രചിച്ചിട്ടുണ്ട്. നിരവധി അന്താരാഷ്ട്ര സെമിനാറുകളിലും സമ്മേളനങ്ങളിലും ടെലിവിഷന്‍ പരിപാടികളിലും പങ്കെടുത്തിട്ടുണ്ട്. 1973-ല്‍ ഇസ്ലാമിക വിജ്ഞാനീയങ്ങളില്‍ ഡോക്ടറേറ്റ് കരസ്ഥമാക്കി. ആനുകാലിക വിഷയങ്ങളില്‍ നിരവധി ഫത്‌വകള്‍ അദ്ദേഹം നല്‍കാറുണ്ടായിരുന്നു. ഇതേ വര്‍ഷം തന്നെ ഖത്തറിന്റെ മതകാര്യ വിഭാഗം മേധാവിയാകി നിയമിക്കപ്പെട്ടു.

ഈജിപ്തിലെ ഇമാം ഹസനുല്‍ ബന്നയുടെ പ്രസ്ഥാനമായ മുസ്ലിം ബ്രദര്‍ഹുഡില്‍ ആകൃഷ്ടനായ അദ്ദേഹത്തെ നിരവധി തവണ ഈജിപ്ത് ഭരണകൂടം ജയിലിലടച്ചിട്ടുണ്ട്. 1949, 54, 56 കാലങ്ങളില്‍ ജയില്‍വാസമനുഷ്ഠിച്ചു. അന്തര്‍ദേശീയമുസ്ലിം പണ്ഡിതസഭയുടെ രൂപവത്കരണയോഗത്തില്‍ പങ്കെടുക്കാനായി അദ്ദേഹം ബ്രിട്ടനിലെത്തിയെങ്കിലും ബ്രിട്ടനും അമേരിക്കയും അദ്ദേഹത്തിന് വിസ നിരോധമേര്‍പ്പെടുത്തുകയായിരുന്നു.

സമകാലിക അറബ് ലോകത്ത് സയണിസ്റ്റ് വിരുദ്ധ വികാരം വളര്‍ത്തിയതില്‍ അദ്ദേഹത്തിന് വലിയ സ്വാധീനമുണ്ട്. അറബ് മുസ്ലിം നാടുകളിലെ രാഷ്ട്രീയ, ഭരണ പരിഷ്‌കാരങ്ങള്‍ക്കായി നിരന്തരം ശബ്ദമുയര്‍ത്തിയ ഖറദാവി ഇസ്ലാമിക ജനാധിപത്യം എന്ന ബദല്‍ വ്യവസ്ഥ മുന്നോട്ടുവെക്കുകയും ചെയ്തിരുന്നു. സമഗ്ര ഇസ്ലാമിക വ്യവസ്ഥയെ കാലികമായി സമര്‍പ്പിച്ച അദ്ദേഹം ആധുനിക ലോകത്ത് ബഹുമത സംവാദത്തിന്റെ പ്രാധാന്യം ഊന്നിപ്പറയുകയും ചെയ്തിരുന്നു. സര്‍വമത നിന്ദക്കെതിരായ അദ്ദേഹത്തിന്റെ നിലപാടുകള്‍ ഏറെ ശ്രദ്ധേയമായിരുന്നു.

ഒമ്പതാം വയസ്സില്‍ ഖുര്‍ആന്‍ ഹൃദിസ്ഥമാക്കി. ഈജിപ്തിലെ അല്‍ അസ്ഹര്‍ സര്‍വ്വകലാശാലയില്‍ ഉപരിപഠനത്തിന് ചേര്‍ന്ന അദ്ദേഹം 1953-ല്‍ ഒന്നാം റാങ്കോടെ പാസായി. 1954-ല്‍ അറബി ഭാഷാ കോളജില്‍ നിന്നും ഒന്നാം റാങ്കോടെ പുറത്തിറങ്ങി. 1958-ല്‍ അറബി സാഹിത്യത്തില്‍ ഡിപ്ലോമയും 1960-ല്‍ ഖുര്‍ആന്‍, ഹദീസ് നിദാന ശാസ്ത്രങ്ങളില്‍ മാസ്റ്റര്‍ ബിരുദവും 1973-ല്‍ സാമൂഹിക പ്രശ്‌നങ്ങള്‍ പരിഹരിക്കുന്നതില്‍ സകാത്തിന്റെ പങ്ക് എന്ന തീസിസില്‍ ഡോക്ടറേറ്റും നേടി.

അറബ് ലോകത്തും മധ്യ പൗരസ്ത്യ ദേശങ്ങളിലും രൂപപ്പെട്ട സ്വേച്ഛാധിപരായ ഭരണാധികാരികള്‍ക്കെതിരെയുണ്ടായ ജനകീയ സ്വാതന്ത്ര്യ പോരാട്ടങ്ങളെ അദ്ദേഹം ശക്തമായി പിന്തുണച്ചു. ഈജിപ്തിലെ സ്വേച്ഛാധിപത്യ ഭരണകൂടം കഴിഞ്ഞ 30 വര്‍ഷമായി ഡോ.യൂസുഫുല്‍ ഖറദാവിയെ നാട് കടത്തിയിരുന്നു. പിന്നീട് 2011 ഫെബ്രുവരി 18ന് ഈജിപ്തിലെ തഹ്‌രീര്‍ സ്‌ക്വയറില്‍ ലക്ഷങ്ങള്‍ പങ്കെടുത്ത ജുമുഅയില്‍ പ്രഭാഷണം നടത്തിയിരുന്നു.

ഔദ്യോഗിക ജീവിതം

ഈജിപ്തില്‍ മതകാര്യ വകുപ്പ് ഉദ്യോഗസ്ഥനായും അസ്ഹറിലെ സാംസ്‌കാരിക വകുപ്പിന്റെ പ്രസിദ്ധീകരണ വിഭാഗം മേധാവിയായും സേവനമനുഷ്ഠിച്ചു. 1961-ല്‍ ഖത്തറില്‍ സ്ഥിര താമസമാക്കിയ ശേഷം ഖത്തര്‍ സെക്കന്‍ഡറി റിലീജ്യസ് ഇന്‍സ്റ്റിറ്റ്യൂട്ട് മേധാവിയായി.

1973ല്‍ ഖത്തര്‍ യൂണിവേഴ്സിറ്റിയില്‍ ഇസ്ലാമിക് സ്റ്റ്ഡീസ് ഫാക്കല്‍റ്റിക്ക് രൂപം നല്‍കുകയും അതിന്റെ ഡീന്‍ ആയി പ്രവര്‍ത്തിക്കുകയും ചെയ്തു. 1977-ല്‍ കോളജ് ആരംഭിക്കുകയും 1989-90 വരെ അതിന്റെ ഡീന്‍ ആയി തുടരുകയും ചെയ്തു. ഖത്തര്‍ യൂണിവേഴ്‌സിറ്റിയിലെ പ്രവാചകചര്യ ഗവേഷണ കേന്ദ്രത്തിന്റെ തലവനായിരുന്നു.

1990-91 ല്‍ അല്‍ജീരിയന്‍ യൂണിവേഴ്‌സിറ്റികളില്‍ നേതൃസ്ഥനങ്ങള്‍ വഹിച്ചു. 1961-ല്‍ ദോഹയിലെത്തിയതു മുതല്‍ 2011 വരെ ദോഹ ഉമര്‍ ബിന്‍ ഖത്താബ് പള്ളിയില്‍ ജുമുഅ ഖുതുബ നിര്‍വഹിച്ചു. ഖത്തര്‍ ടെലിവിഷന്‍ ചാനല്‍ തല്‍സമയ സംപ്രേഷണം നടത്തുന്ന ഖറദാവിയുടെ പരിപാടിക്ക് അറബ് ലോകത്ത് നിരവധി പ്രേക്ഷകരുണ്ടായിരുന്നു. 1973-ല്‍ ഇസ്ലാമിക വിജ്ഞാനീയങ്ങളില്‍ ഡോക്ടറേറ്റ് കരസ്ഥമാക്കി. 2011-ല്‍ ഈജിപ്തില്‍ തിരിച്ചെത്തി.

വൈജ്ഞാനിക സംഭാവനകള്‍

സമകാലിക ഇസ്ലാമിക സമൂഹത്തിന്റെ പ്രശ്‌നങ്ങളില്‍ അദ്ദേഹത്തിന്റെ നിലപാടുകള്‍ മുസ്ലിം ലോകത്തിന്റെ തന്നെ നിലപാടെന്ന നിലക്കാണ് വിലയിരുത്തപ്പെടാറുള്ളത്. അല്‍അസ്ഹര്‍ ഇസ്ലാമിക് സര്‍വകലാശാലയുടെ മികച്ച സംഭാവനകളിലൊരാളാണ് ഇദ്ദേഹം. അല്‍അമീര്‍ അബ്ദുല്‍ ഖാദിര്‍ യൂണിവേഴ്‌സിറ്റിയില്‍ അക്കാദമിക് കൗണ്‍സില്‍ ചെയര്‍മാന്‍ പദവി അടക്കം ഒട്ടേറെ വിദ്യാഭ്യാസ പരിഷ്‌കരണ സമിതികളില്‍ അംഗമായിരുന്നു. നൂറിലേറെ ഗ്രന്ഥങ്ങളുടെ കര്‍ത്താവാണ്. ഫിഖ്ഹുസ്സകാത്ത് (സകാത്തിന്റെ കര്‍മശാസ്ത്രം) എന്ന ഗ്രന്ഥം ഇസ്ലാമിക സകാത്ത് വ്യവസ്ഥയെ കുറിച്ച് നിലവിലുള്ള ഏറ്റവും ആധികാരിക രചനയാണ്.

അവാര്‍ഡുകള്‍

2004ല്‍ ഇസ്ലാമിക വൈജ്ഞാനിക മേഖലയിലെ സംഭാവനകള്‍ക്ക് കിംഗ് ഫൈസല്‍ അന്താരാഷ്ട്ര അവാര്‍ഡ്, സുല്‍ത്താന്‍ ഹസന്‍ അല്‍ബോക്കിയ അവാര്‍ഡ് (ബ്രൂണെ) മലേഷ്യ ഇന്റര്‍നാഷനല്‍ ഇസ്ലാമിക് യൂനിവേഴ്‌സിറ്റിയുടെ അവാര്‍ഡ്, ഇന്റര്‍നാഷണല്‍ ഹോളി ഖുര്‍ആന്‍ അവാര്‍ഡ് (ദുബായ്) അല്‍ ഉവൈസ് പ്രൈസ് (യു.എ.ഇ)
മെഡല്‍ ഓഫ് ഇന്‍ഡിപെന്‍ഡന്‍സ് (ജോര്‍ദാന്‍) തുടങ്ങി നിരവധി പുരസ്‌കാരങ്ങള്‍ ലഭിച്ചിട്ടുണ്ട്.

കുടുംബം

അബ്ദുറഹ്‌മാന്‍ യൂസുഫ്, ഇല്‍ഹാം അല്‍ ഖറദാവി, അല അല്‍ ഖറദാവി എന്നിവര്‍ മക്കളാണ്.

 

 

???? കൂടുതല്‍ വായനക്ക് വാട്‌സാപ് ഗ്രൂപ്പില്‍ അംഗമാകൂ … ????: https://chat.whatsapp.com/KcaSUOBtFi97cUjnUYXVVV.

Related Articles