Current Date

Search
Close this search box.
Search
Close this search box.

വാളുകളെയാണ് ആരാധിക്കേണ്ടത്, പുസ്തകങ്ങളെയല്ലെന്ന് ഹിന്ദുക്കളോട് പ്രമോദ് മുത്തലിക്

ന്യൂഡല്‍ഹി: വിവാദ പരാമര്‍ശവുമായി വീണ്ടും ശ്രീരാമ സേന പ്രസിഡന്റ് പ്രമോദ് മുത്തലിക്. പുസ്തകങ്ങളെയല്ല, വാളുകളെയാണ് ആരാധിക്കേണ്ടതെന്നാണ് അദ്ദേഹം ഹിന്ദുക്കളോട് ആഹ്വാനം ചെയ്തത്. ഹിന്ദുക്കള്‍ വാളുകളെ ആരാധിക്കണമെന്നും സ്ത്രീകളെ സംരക്ഷിക്കുന്നതിനുള്ള മാര്‍ഗമായി അത് വീടുകളില്‍ പ്രദര്‍ശിപ്പിച്ച് സൂക്ഷിക്കണമെന്നുമാണ് തീവ്ര ഹിന്ദുത്വ സംഘടന നേതാവായ അദ്ദേഹം ആഹ്വാനം ചെയ്തത്.

ദസറയുടെ ഭാഗമായി ദക്ഷിണേന്ത്യയില്‍ ആഘോഷിക്കുന്ന ആയുധപൂജയുടെ സമയത്ത് ആയുധങ്ങളെയോ പുസ്തകങ്ങളെയോ ആരാധിക്കുന്നതിനേക്കാള്‍ വാളുകളെ ആരാധിക്കുന്നതാണ് അഭികാമ്യമെന്നും മുത്തലിക്ക് വാദിച്ചു.

‘ട്രാക്ടറുകള്‍, പുസ്തകങ്ങള്‍, പെന്‍സിലുകള്‍ എന്നിവയ്ക്ക് പകരം നാം വാളുകളെ ആരാധിക്കണം. നമ്മുടെ സ്ത്രീകളെ സംരക്ഷിക്കാന്‍ നമ്മള്‍ വീടുകളില്‍ വാളുകള്‍ സൂക്ഷിക്കണം,’ വ്യാഴാഴ്ച കര്‍ണാടകയിലെ യാദ്രവിയില്‍ സ്വാമി വിവേകാനന്ദന്റെ ജന്മവാര്‍ഷിക അനുസ്മരണ പരിപാടിയില്‍ സംസാരിക്കുകയായിരുന്ന മുത്തലിക്ക്.

ഹിന്ദുക്കളോട് അടുക്കളയിലെ കത്തികള്‍ മൂര്‍ച്ചയുള്ളതായിരിക്കണമെന്ന് ബി.ജെ.പി എംപി പ്രജ്ഞാ സിങ് താക്കൂര്‍ ആഹ്വാനം ചെയ്തതിന് തൊട്ടുപിന്നാലെയാണ് പ്രമോദ് മുത്തലികും സമാന പ്രസ്താവന നടത്തിയത്.

കര്‍ണാടക തിരഞ്ഞെടുപ്പിന് മുന്നോടിയായി തീവ്ര ഹിന്ദുത്വ വികാരം ഉയര്‍ത്താനുള്ള സംഘപരിവാറിന്റെ ഏകോപിത ശ്രമത്തെയാണ് ഇതെല്ലാം എടുത്തുകാട്ടുന്നതെന്ന് വിമര്‍ശനമുണ്ട്. നേരത്തെയും സമാന വര്‍ഗ്ഗീയ പ്രസ്താവനകള്‍ നടത്തി കുപ്രസിദ്ധിയാര്‍ജിച്ച ആളാണ് മുത്തലിക്.

Related Articles