Current Date

Search
Close this search box.
Search
Close this search box.

ട്രംപിനെ യൂട്യൂബും കൈവിട്ടു; ചാനലും വീഡിയോകളും നീക്കം ചെയ്തു

വാഷിങ്ടണ്‍: ട്വിറ്ററിനു പിന്നാലെ യൂട്യൂബും യു.എസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിനെ കയ്യൊഴിഞ്ഞു. ഗൂഗിളിന്റെ ഉടമസ്ഥതയിലുള്ള യൂട്യൂബ് ട്രംപിന്റെ പേരിലുണ്ടായിരുന്ന ചാനലും വീഡിയോകളും നീക്കം ചെയ്തു. യൂട്യൂബിന്റെ നയനിലപാടുകള്‍ ലംഘിക്കുകയും ആക്രമണത്തെ പ്രോത്സാഹിപ്പിക്കുന്നു എന്നു കാണിച്ചുമാണ് വീഡിയോകള്‍ നീക്കം ചെയ്തത്.

കഴിഞ്ഞ ആഴ്ച യു.എസ് ക്യാപിറ്റോളില്‍ ട്രംപ് അനുയായികള്‍ നടത്തിയ കൈയേറ്റത്തെയും ആക്രമണത്തെയും സോഷ്യല്‍ മീഡിയ പ്ലാറ്റ്‌ഫോമുകളും കമ്പനികളും അകറ്റിനിര്‍ത്തുകയും ഇതിനെതിരെ നടപടിയെടുക്കുകയും ചെയ്തിരുന്നു. ‘ആക്രമണത്തിന്റെ നിലവിലെ ആശങ്കകളുടെ സാധ്യതകളുടെ വെളിച്ചത്തില്‍, ഡൊണാള്‍ഡ് ട്രംപിന്റെ ചാനലില്‍ അപ്‌ലോഡ ചെയ്ത വീഡിയോകളുടെ ഉള്ളടക്കം ഞങ്ങളുടെ നയങ്ങള്‍ ലംഘിച്ചതിനാല്‍ അവ ഞങ്ങള്‍ നീക്കം ചെയ്യുകയാണ്’ യൂട്യൂബ് പുറത്തിറക്കിയ പ്രസ്താവനയില്‍ പറഞ്ഞു. കഴിഞ്ഞയാഴ്ച ഇതേ കാരണങ്ങള്‍ ചൂണ്ടിക്കാട്ടി ട്രംപിന്റെ ട്വിറ്റര്‍ അക്കൗണ്ടും പൂര്‍ണമായി നീക്കം ചെയ്തിരുന്നു.

യു.എസ് പ്രസിഡന്റ് തെരഞ്ഞെടുപ്പ് പ്രക്രിയയില്‍ സംശയം പ്രകടിപ്പിക്കുന്ന ഒരു മാസം പഴക്കമുള്ള ഒരു വീഡിയോ ആയിരുന്നും ട്രംപിന്റെ ഹോം പേജില്‍ ഉണ്ടായിരുന്നത്. കുറഞ്ഞത് ഏഴ് ദിവസത്തേകക് പുതിയ വീഡിയോ അപ്‌ലോഡ് ചെയ്യുന്നതില്‍ നിന്ന് തല്‍ക്കാലത്തേക്ക് തടയുകയാണ് ചെയ്തത്. സുരക്ഷ ആശങ്കകള്‍ മുന്‍നിര്‍ത്തി ട്രംപിന്റെ ചാനലില്‍ കമന്റ് ചെയ്യുന്ന മേഖല നേരത്തെ പ്രവര്‍ത്തനരഹിതമാക്കിയിരുന്നു.

Related Articles