Current Date

Search
Close this search box.
Search
Close this search box.

ഇറാനില്‍ ഇന്റര്‍നെറ്റ് ബന്ധം വിഛേദിച്ചതിന്റെ പേരില്‍ അമേരിക്കൻ ഉപരോധം

ഇറാനില്‍ എണ്ണവില വര്‍ധനക്കെതിരെ നടന്ന ജനകീയ പ്രക്ഷോഭ വേളയില്‍ ഇന്റര്‍നെറ്റ് ബന്ധം വിഛേദിച്ചതിന്റെ പേരില്‍ ‍ ഇന്‍ഫര്‍മേഷന്‍ മന്ത്രി മുഹമ്മദ് ജവാദ് അസരി ജഹ്‌റൂമിക്കെതിരെ അമേരിക്ക ഉപരോധം പ്രഖ്യാപിച്ചിരിക്കുന്നു. ഇന്റര്‍നെറ്റും സാമൂഹ്യമാധ്യമങ്ങളും ഭരണകൂടത്തിന്റെ അടിച്ചമര്‍ത്തലുകള്‍ പുറത്തുകൊണ്ടുവരുന്നതിനാലാണ് ഇത്തരം നടപടികളുമായി അവര്‍ മുന്നോട്ടു പോകുന്നതെന്നും ഇതിനു പിന്നില്‍ പ്രവര്‍ത്തിച്ചതിനാലാണ് മന്ത്രിക്കെതിരെ ഉപരോധം പ്രഖ്യാപിച്ചതെന്നും ട്രഷറി സെക്രട്ടറി സ്റ്റീവ് മ്യുചിന്‍ പ്രസ്താവിച്ചിട്ടുണ്ട്.

കേന്ദ്രത്തിലെ ബി.ജെ.പി ഭരണകൂടം കശ്മീര്‍ എന്ന സംസ്ഥാനത്തെ തന്നെ ഇല്ലാതാക്കുകയും നൂറു ദിവസത്തിലേറെയായി ഇന്റര്‍നെറ്റ് ബന്ധം പൂര്‍ണമായും വിഛേദിക്കുകയും ചെയ്തിട്ടും അമിത് ഷാക്കും കൂട്ടര്‍ക്കുമെതിരെ എന്തേ ആരും ഉപരോധം ഏര്‍പ്പെടുത്താത്തത് എന്നതാണ് ഈ വാര്‍ത്ത വായിച്ചപ്പോള്‍ മനസ്സിലെത്തിയത്. കശ്മീര്‍ ജനതക്കുമേല്‍ നടത്തിവരുന്ന മനുഷ്യവിരുദ്ധ നടപടികളില്‍ ഏറ്റവും ഗുരുതരമായതാണ് വാര്‍ത്താവിനിമയ ബന്ധങ്ങള്‍ വിഛേദിച്ച സംഭവം. മാസങ്ങളോളം ടെലിഫോണ്‍ ബന്ധം പോലും വിഛേദിച്ച് കശ്മീര്‍ ജനതയെ പൂര്‍ണമായും ഒറ്റപ്പെടുത്തുകയായിരുന്നു സംഘ്പരിവാര്‍ ഭരണകൂടം. പ്രാദേശിക ഭരണകൂടത്തിന് ബോധ്യപ്പെടുമ്പോള്‍ കശ്മീരിലെ ഇന്റര്‍നെറ്റ് ബന്ധം പു:നസ്ഥാപിക്കുമെന്നാണ് അമിത് ഷാ കഴിഞ്ഞ ദിവസം രാജ്യസഭയില്‍ പറഞ്ഞത്.

പൊതു സുരക്ഷാ നിയമം (PSA) എന്ന പേരില്‍ കശ്മീരിലെ രാഷ്ട്രീയ പാര്‍ട്ടി നേതാക്കളെ തടവില്‍ പാര്‍പ്പിച്ചിട്ടും നൂറു ദിവസം പിന്നിട്ടു. ഇവരില്‍ നാഷനല്‍ കോണ്‍ഫറന്‍സിന്റെ മുതിര്‍ന്ന നേതാവും പാര്‍ലമെന്റംഗവുമായ ഫാറൂഖ് അബ്ദുല്ലയും ഉള്‍പ്പെടും. രസകരമെന്ന് പറയട്ടെ, പാര്‍ലമെന്റിന്റെ പ്രതിരോധ സ്റ്റാന്റിംഗ് കമ്മിറ്റിയിലേക്ക് അബ്ദുല്ലയെ നാമനിര്‍ദേശം ചെയ്തിട്ടുണ്ട് ഗവണ്‍മെന്റ്. പക്ഷേ, തടവില്‍ കഴിയുന്ന അബ്ദുല്ലക്ക് പാര്‍ലമെന്റ് നടപടികളില്‍ പങ്കെടുക്കാന്‍ അനുവാദമില്ല. ഇതൊക്കെയാണ് സംഘ് പരിവാരക്കൂട്ടത്തിന്റെ വൃത്തികെട്ട കളികള്‍.

ഇറാനിലെ ഇന്റര്‍നെറ്റ് വിഛേദം ദിവസങ്ങളുടെ മാത്രം പ്രശ്‌നമായിരുന്നു. കശ്മീരിലേതുപോലെ മാസങ്ങളായി തുടരുന്ന പരിപാടിയല്ല. വിഛേദിക്കപ്പെട്ട ഇന്റര്‍നെറ്റ് കണക്ഷനുകള്‍ ഇറാന്‍ ഭരണകൂടം പു:നസ്ഥാപിച്ചു കൊണ്ടിരിക്കുമ്പോഴാണ് അമേരിക്കയുടെ നടപടി. ഇറാനെതിരെ പല പേരുകളിലും ഉപരോധങ്ങള്‍ ഏര്‍പ്പെടുത്തുന്ന ട്രംപ് ഭരണകൂടത്തിന്റെ നടപടികള്‍ ഒരു ക്ലീഷേയായി മാറിയിട്ടുണ്ട്. വിദേശകാര്യ മന്ത്രി ജവാദ് സരീഫിനെതിരെയും പരമോന്നത നേതാവ് ആയത്തുല്ല അലി ഖാംനഇയുടെ ഓഫീസുമായി ബന്ധപ്പെട്ട ഒമ്പത് പേര്‍ക്കെതിരെയും ഈയ്യിടെയാണ് അമേരിക്ക ഉപരോധം പ്രഖ്യാപിച്ചത്.

പി.കെ. നിയാസ്

Related Articles