Current Date

Search
Close this search box.
Search
Close this search box.

ഓസിലിന്റെ തീരുമാനത്തിന് പിന്തുണയുമായി തുര്‍ക്കി

അങ്കാറ: വംശീയാധിക്ഷേപത്തെ തുടര്‍ന്ന് ജര്‍മന്‍ ദേശീയ ടീമില്‍ നിന്നും രാജിവെച്ച പ്രമുഖ ഫുട്‌ബോള്‍ താരം മെസൂത് ഓസിലിന്റെ നിലപാടിനെ പ്രശംസിച്ച് തുര്‍ക്കി.
കഴിഞ്ഞ മേയില്‍ ലണ്ടനില്‍ വെച്ച് നടന്ന ചടങ്ങില്‍ തുര്‍ക്കി പ്രസിഡന്റ് റജബ് ഉര്‍ദുഗാനൊപ്പം ഫോട്ടോയെടുത്തതിന് ഓസില്‍ സാമൂഹ്യ മാധ്യമങ്ങളിലും ജര്‍മന്‍ ടീമില്‍ നിന്നും വംശീയമായും വ്യക്തിപരമായും അധിക്ഷേപം നേരിട്ടതിനെത്തുടര്‍ന്ന് രാജി വെച്ചത്.

തുര്‍ക്കി നീതിന്യായ വകുപ്പ് മന്ത്രി അബ്ദുല്‍ ഹമീദ് ഗുല്‍ ആണ് ഓസിലിനെ പിന്തുണച്ചും പ്രശംസിച്ചും രംഗത്തെത്തിയത്. തിങ്കളാഴ്ച ട്വിറ്ററിലൂടെയാണ് അദ്ദേഹം ഓസിലിന് പിന്തുണ അറിയിച്ചത്. ”ഫാസിസം എന്ന വൈറസിനെതിരെ നേടിയ മനോഹരമായ ഗോള്‍ ആണ് ഓസിലിന്റേത്” എന്നായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം. തുര്‍ക്കി കായിക മന്ത്രി മുഹമ്മദ് കസാപോഗ്ലുവും ഓസിലിന് പിന്തുണയുമായി രംഗത്തെത്തി.

ഞായറാഴ്ച സോഷ്യല്‍ മീഡിയയില്‍ പോസ്റ്റ് ചെയ്ത കുറിപ്പിലാണ് ഓസില്‍ രാജിക്കാര്യം പ്രഖ്യാപിച്ചത്. 29കാരനായ ജര്‍മനിയുടെ മിഡില്‍ഫീല്‍ഡറിനു നേരെ രൂക്ഷമായ വിമര്‍ശനങ്ങളാണ് ജര്‍മനിയില്‍ നിന്നും ഉയര്‍ന്നിരുന്നത്. നിരവധി ഫോണ്‍ കോളുകളും മെസേജുകളും മെയിലുകളും ഇതു സംബന്ധിച്ചു വന്നിരുന്നു. ജര്‍മന്‍ ഫുട്‌ബോള്‍ ടീമില്‍ നിന്നുള്ള അവഗണനയും ജര്‍മന്‍ രാഷ്ട്രീയ നേതാക്കളുടെ വിമര്‍ശനവും സഹിക്ക വയ്യാതെയാണ് ഓസില്‍ രാജിവെച്ചത്. മറ്റുള്ളവരെപ്പോലെ എനിക്കും ഒന്നിലേറെ രാജ്യങ്ങളില്‍ ബന്ധമുണ്ടെന്നും. തനിക്ക് തുര്‍ക്കിയിലും വേരുകളുണ്ടെന്നും ഉര്‍ദുഗാനുമായുള്ള ചിത്രത്തില്‍ മറ്റു രാഷ്ട്രീയമൊന്നുമില്ലെന്നും ഓസില്‍ വ്യക്തമാക്കിയിരുന്നു.

Related Articles