Current Date

Search
Close this search box.
Search
Close this search box.

തുനീഷ്യന്‍ അട്ടിമറി: തെരഞ്ഞെടുപ്പ് നടത്തണമെന്ന് അന്നഹ്ദ

തൂനിസ്: രാജ്യത്തെ പ്രതിസന്ധി പരിഹരിക്കുന്നതിന് തുനീഷ്യന്‍ വിദേശകാര്യ മന്ത്രി തുര്‍ക്കി, യൂറോപ്യന്‍ യൂണിയന്‍, മനുഷ്യാവകാശ ഹൈകമ്മീഷണര്‍ പ്രതിനിധികളുമായി ചൊവ്വാഴ്ച ഫോണ്‍ സംഭാഷണം നടത്തിയതായി വിദേശകാര്യ മന്ത്രാലയം ചൊവ്വാഴ്ച വ്യക്തമാക്കി. തുനീഷ്യന്‍ പ്രസിഡന്റ് ഖൈസ് സഈദ് പാര്‍ലമെന്റ് മരവിപ്പിക്കുകയും, സര്‍ക്കാറിനെ പിരിച്ചുവിടുകയും ചെയ്തതിനെ തുടര്‍ന്നാണ് പ്രതിസന്ധി ഉടലെടുക്കുന്നത്. രാജ്യത്ത് തെരഞ്ഞെടുപ്പ് നടത്തണമെന്ന ആവശ്യമാണ് പ്രതിപക്ഷം ഉന്നയിക്കുന്നത്.

അസാധാരണമായ നടപടി താല്‍ക്കാലികമാണെന്നും, പ്രതിനിധികള്‍ രാജ്യത്തെ വളര്‍ന്നുവരുന്ന ജനാധിപത്യത്തിന് പിന്തുണ തുടരുമെന്ന് പ്രഖ്യാപിച്ചതായും തുനീഷ്യന്‍ വിദേശകാര്യ മന്ത്രി ഉസ്മാന്‍ ജറന്‍ദി പറഞ്ഞു. തുനീഷ്യന്‍ നേതൃത്വത്തില്‍ പ്രതീക്ഷയര്‍പ്പിക്കുന്നതായി സൗദി അറേബ്യ വ്യക്തമാക്കിയതായി സൗദി ദേശീയ വാര്‍ത്താ ഏജന്‍സി റിപ്പോര്‍ട്ട് ചെയ്തു.

ഈ സാഹചര്യത്തെ അതിജീവിക്കുന്നതിലും, സഹോദരങ്ങളായ തുനീഷ്യന്‍ ജനതക്ക് മാന്യമായ ജീവിതവും, സമൃദ്ധിയും നേടിയെടുക്കുന്നതിലും തുനീഷ്യന്‍ നേതൃത്വത്തില്‍ പ്രതീക്ഷയര്‍പ്പിക്കുന്നു -തിങ്കളാഴ്ച രാവിലെ സൗദി അറിയിച്ചു.

സൈന്യത്തിന്റെ പിന്തുണയോടെ പ്രസിഡന്റ് ഖൈസ് സഈദ് സര്‍ക്കാറിനെ അട്ടിമറിച്ചതിനെതിരെ പ്രതിഷേധം ഉയരുകയാണ്. പ്രമുഖ തുനീഷ്യന്‍ രാഷ്ട്രീയ പാര്‍ട്ടിയായ അന്നഹ്ദ ഉള്‍പ്പെടെ വിവിധ പാര്‍ട്ടികള്‍ നടപടി അട്ടിമറിയാണെന്ന് കുറ്റപ്പെടുത്തി. മൊറോക്കോ വിദേശകാര്യ മന്ത്രി നാസര്‍ ബൂറീതയും, അള്‍ജീരിയന്‍ വിദേശകാര്യ മന്ത്രി റംതാന്‍ ലമാറയും പ്രസിഡന്റ് ഖൈസ് സഈദുമായി കൂടിക്കാഴ്ച നടത്തിയതായി തുനീഷ്യന്‍ വിദേശകാര്യ മന്ത്രാലയം അറിയിച്ചു.

Related Articles