Current Date

Search
Close this search box.
Search
Close this search box.

സാമ്രാജ്യത്വശക്തികൾ അഫ്ഗാനിസ്ഥാനില്‍ നിന്ന് പാഠം പഠിക്കണം: ജമാഅത്തെ ഇസ്‌ലാമി

ന്യൂഡല്‍ഹി: അഫ്ഗാനിസ്ഥാനിലെ രാഷ്ട്രീയ മാറ്റങ്ങൾ വർഷങ്ങളായി രാജ്യത്ത് നിലനിൽക്കുന്ന അശാന്തിയും രക്തച്ചൊരിച്ചിലും അവസാനിപ്പിക്കുകയും മേഖലയിൽ സമാധാനവും ക്രമസമാധാനവും പുനസ്ഥാപിക്കാൻ സഹായിക്കുകയും ചെയ്യുമെന്ന് ജമാഅത്തെ ഇസ്‌ലാമി അമീർ സയ്യിദ് സആദതുല്ല ഹുസൈനി പ്രത്യാശ പ്രകടിപ്പിച്ചു.

അഫ്ഗാനിസ്ഥാനിലെ രാഷ്ട്രീയ മാറ്റങ്ങളെക്കുറിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം. ഇരുപത് വർഷങ്ങൾക്ക് മുമ്പ്, കൊളോണിയൽ സാമ്രാജ്യത്വ ശക്തികൾ സൈനിക നടപടികളിലൂടെ അഫ്ഗാൻ സർക്കാരിനെ അട്ടിമറിക്കുകയും നിരപരാധികളായ സിവിലിയൻമാർക്ക് നേരെ മനുഷ്യത്വരഹിതവും ക്രൂരവുമായ അതിക്രമങ്ങൾ അഴിച്ചുവിടുകയും നഗരങ്ങളിൽ ബോംബ് സ്ഫോടനങ്ങളുടെയും റെയ്ഡുകളുടെയും പരമ്പര സൃഷ്ടിക്കുകയും അഫ്ഗാൻ ജനതയുടെ മേൽ വിദേശ ശക്തികളുടെ താൽപര്യങ്ങൾ അടിച്ചേൽപ്പിക്കാനുള്ള നിരന്തരമായ ശ്രമങ്ങൾ നടത്തുകയും ചെയ്ത സംഭവങ്ങൾ സമീപകാല ചരിത്രത്തിലെ ഏറെ അപലപനീയമായ അധ്യായങ്ങളാണ്.

അഫ്ഗാൻ ജനതയുടെ സ്ഥിരോത്സാഹവും പോരാട്ട വീര്യവും തങ്ങളുടെ രാജ്യത്ത് നിന്ന് സാമ്രാജ്യത്വ ശക്തികളെ പിൻവലിപ്പിക്കാൻ കാരണമായി എന്നത് സന്തോഷകരമാണ്. സാമ്രാജ്യത്വ ശക്തികൾ ഈ എപ്പിസോഡിൽ നിന്നും പാഠം പഠിക്കണമെന്നും ദരിദ്ര രാജ്യങ്ങളുടെ കാര്യങ്ങളിൽ അവിശുദ്ധവും അനാവശ്യവുമായ ഇടപെടൽ നടത്തുന്ന നയത്തിൽ നിന്നും എന്നെന്നേക്കുമായി വിട്ടുനിൽക്കണമെന്നും ജമാഅത്ത് അമീർ അഭിപ്രായപ്പെട്ടു.

ഐക്യരാഷ്ട്രസഭയും അന്താരാഷ്ട്ര സമൂഹവും ഇതിൽ നിന്ന് പാഠം പഠിക്കുകയും ലോകത്തിലെ വൻശക്തികളെന്ന് പറയുന്ന രാജ്യങ്ങൾ ദുർബല രാഷ്ട്രങ്ങളുടെ മേൽ നടത്തുന്ന കൃത്രിമമായ കയ്യേറ്റങ്ങൾ തടയുന്നതിന് ശക്തമായ നടപടി സ്വീകരിക്കുകയും ചെയ്യേണ്ടതുണ്ട്. അഫ്ഗാനിസ്താനിലെ താലിബാൻ അധികാര കൈമാറ്റം കൂടുതൽ രക്തച്ചൊരിച്ചിലില്ലാതെ സമാധാനപരമായി പൂർത്തീകരിച്ചതിൽ അദ്ദേഹം സന്തോഷവും പ്രത്യാശയും രേഖപ്പെടുത്തി.

ലോകത്തിന്റെ മുഴുവൻ കണ്ണുകളും ഇപ്പോൾ താലിബാന് മേലാണ്. അവരുടെ പെരുമാറ്റവും പ്രവർത്തനങ്ങളും സൂക്ഷ്മമായി നിരീക്ഷിക്കുകയാണ് ലോകം. ഇസ്‌ലാമിന്റെ പരോപകാരവും കരുണ്യപരവുമായ സാമൂഹിക രാഷ്ട്രീയ വ്യവസ്ഥയുടെ പ്രായോഗിക ഉദാഹരണം ലോകത്തിന് മുന്നിൽ അവതരിപ്പിക്കാൻ താലിബാൻ മുമ്പിൽ അവസരം ലഭിച്ചിരിക്കുകയാണ്. താലിബാന്റെ ശ്രദ്ധ ക്ഷണിച്ചു കൊണ്ട് അമീർ പറഞ്ഞു.

ഇസ്‌ലാം സമാധാനത്തിന്റെയും ക്ഷേമത്തിന്റെയും ദർശനമാണെന്ന വസ്തുതയിലേക്ക് ലോക ശ്രദ്ധ ആകർഷിക്കാൻ താലിബാൻ ശ്രമിക്കണമെന്നാണ് നാം ആഗ്രഹിക്കുന്നത്. ഇസ്‌ലാം എല്ലാവർക്കും വിശ്വാസ സ്വാതന്ത്ര്യം നൽകുന്നു. ന്യൂനപക്ഷങ്ങൾ ഉൾപ്പെടെ എല്ലാ മനുഷ്യരുടെയും ജീവന്റെയും സ്വത്തിന്റെയും സംരക്ഷണം ഇസ്‌ലാമിന് പരമപ്രധാനമാണ്. സ്ത്രീകളുടെ അവകാശങ്ങളെക്കുറിച്ച് ഇസ്‌ലാം വളരെയധികം സെൻസിറ്റീവാണ്. അഫ്ഗാനിസ്താനിലെ പുതിയ ഭരണാധികാരികൾ ഇസ്‌ലാമിന്റെ അധ്യാപനങ്ങൾ കർശനമായി പാലിക്കുകയും ഇസ്‌ലാമിക് വെൽഫെയർ സ്റ്റേറ്റിന്റെ മാതൃക ലോകത്തിന് മുമ്പാകെ സമർപ്പിക്കുകയും ചെയ്യുമെന്ന് നാം പ്രതീക്ഷിക്കുന്നു.

രാജ്യത്ത് മുഴുവൻ ജനങ്ങളും ഭയത്തിൽ നിന്നും ഭീകരതയിൽ നിന്നും മോചനം നേടുന്നതോടൊപ്പം സമാധാനപരവും സമൃദ്ധി നിറഞ്ഞതുമായ ജീവിതം നയിക്കാനും എല്ലാവർക്കും തുല്യ അവസരം ലഭ്യമാക്കാനും പുതിയ സർക്കാർ മുൻകൈയ്യെടുക്കേണ്ടതുണ്ട്. എല്ലാ വിഭാഗങ്ങളെയും പ്രതിനിധീകരിക്കുന്ന ഇസ്‌ലാമിന്റെ ജനാധിപത്യപരവും കൂടിയാലോചനാപരവുമായ (കൺസൾട്ടേറ്റീവ്) സ്വഭാവം ഉൾക്കൊള്ളും വിധം ജനകീയ വോട്ടെടുപ്പിലൂടെ അഫ്ഗാനിസ്താനിൽ പുതിയ സർക്കാർ ഉടൻ സ്ഥാപിക്കപ്പെടുമെന്നും അഫ്ഗാൻ ജനതയിൽ നിലനിൽക്കുന്ന ഐക്യത്തിന്റെയും സ്ഥിരതയുടെയും ഉറവിടമായി പ്രസ്തുത സർക്കാർ മാതൃക തെളിയിക്കപ്പെടുമെന്നും നാം പ്രതീക്ഷിക്കുന്നു.
താലിബാൻ പ്രഖ്യാപിച്ച പൊതുമാപ്പും സിഖ്,ഹിന്ദു വിഭാഗങ്ങൾ ഉൾപ്പെടെ ന്യൂനപക്ഷങ്ങൾക്ക് സമാധാനവും നിർഭയത്വവും ഉറപ്പുവരുത്തുമെന്ന പ്രഖ്യാപനവും ലോകത്തിലെ മുഴുവൻ ലോക രാഷ്ട്രങ്ങളുമായും സംഭാഷണങ്ങളും സഹകരണവും പങ്കാളിത്തവും ഉറപ്പു വരുത്തുമെന്നുമുള്ള സൂചനയും സ്വാഗതാർഹമാണ്.

നമ്മുടെ രാജ്യമായ ഇന്ത്യയും അഫ്ഗാനിസ്താനും ദീർഘകാലമായി നിലനിൽക്കുന്ന ആരോഗ്യകരമായ ബന്ധമാണ്. സമീപ വർഷങ്ങളിൽ, അഫ്ഗാനിസ്ഥാന്റെ വികസനത്തിൽ ഇന്ത്യ പ്രധാന പങ്ക് വഹിച്ചിട്ടുണ്ട്. ഇരു രാജ്യങ്ങൾ ഊഷ്മളവും ദൃഡവുമായ ബന്ധം ഇനിയും തുടരുമെന്നും കൂടുതൽ ശക്തിപ്പെടുത്തുമെന്നുമാണ് നാം പ്രതീക്ഷിക്കുന്നത്. പുതിയ അഫ്ഗാൻ സർക്കാരുമായി ആരോഗ്യകരമായ ബന്ധം സ്ഥാപിക്കുന്നതിനും പുതിയ അഫ്ഗാനിസ്താൻ കെട്ടിപ്പടുക്കുന്നതിലും വികസിപ്പിക്കുന്നതിലും ദക്ഷിണേഷ്യയിലുടനീളം സമാധാനവും സുരക്ഷിതത്വവും ഉറപ്പുവരുത്തുന്നതിന്റെയും ഉത്തരവാദിത്തം ഇന്ത്യൻ സർക്കാരിനെ ഓർമ്മിപ്പിക്കാൻ കൂടി നാം ആഗ്രഹിക്കുന്നു. ഇന്ത്യ-അഫ്ഗാൻ ബന്ധത്തെക്കുറിച്ച് ജമാഅത്ത് അമീർ പറഞ്ഞു.

Related Articles