ദമസ്‌കസ്: തുര്‍ക്കി അതിര്‍ത്തിയോട് ചേര്‍ന്നുള്ള ഗ്രീക്ക് ദ്വീപില്‍ 39 സിറിയന്‍ അഭയാര്‍ഥികള്‍ കുടുങ്ങി. പാമ്പുകളുടെ നദിയെന്ന് വിശേഷിപ്പിക്കുന്ന എവ്‌റോസ് നദിയുടെ ദ്വീപിലാണ് സിറിയന്‍ അഭയാര്‍ഥികള്‍ വഴിയറിയാതെ കുടുങ്ങിയിരിക്കുന്നത്. പാമ്പുകളുടെ നദിയെന്ന് ഭൂപ്രകൃതി കൊണ്ട് മാത്രമല്ല വിശേഷിപ്പിക്കുന്നത്. മറിച്ച്, ചെറിയ തോണികളിലും മറ്റുമായി കടക്കാന്‍ ശ്രമിച്ച പലരുടെയും ജീവനെടുത്തതുകൊണ്ടാണ്. തുര്‍ക്കിയില്‍ നിന്ന് ഗ്രീക്കിലേക്ക് അഭയം തേടി പുറപ്പെട്ടതാണ് ഈ അഭയാര്‍ഥികള്‍. ഗ്രീക്ക് ഭരണകൂടം അഭയാര്‍ഥികളെ സ്വീകരിക്കാന്‍ വിസമ്മതിച്ചതിനാല്‍ സന്നദ്ധ സംഘടകള്‍ക്കും സഹായിക്കാന്‍ കഴിയുന്നില്ല. അഭയാര്‍ഥികളെ രക്ഷിക്കാനുള്ള മനുഷ്യാവകാശ കോടതിയുടെ തീരുമാനം അവഗണിച്ചുകൊണ്ടാണിത്.
ഭക്ഷണമോ വെള്ളമോ മരുന്നോ ഇല്ലാതെ പാമ്പുകളും തേളുകളും നിറഞ്ഞ ദ്വീപില്‍ ദുഷ്‌കരമായ സാഹചര്യങ്ങളിലാണ് അഭയാര്‍ഥികള്‍ കഴിയുന്നത്. ഈ നദി മുറിച്ചുകടക്കാന്‍ ശ്രമിച്ച രണ്ട് യുവാക്കള്‍ മുങ്ങി മരിച്ചിരുന്നു. തുര്‍ക്കിയിലെയും ഗ്രീക്കിലെയും അതിര്‍ത്തി സൈന്യം ഉപദ്രവിച്ചതായി അഭയാര്‍ഥികള്‍ പരാതിപ്പെട്ടു. അല്‍ജസീറയാണ് വാര്‍ത്ത റിപ്പോര്‍ട്ട് ചെയ്തത്.
📲വാട്‌സാപ് ഗ്രൂപ്പില്‍ അംഗമാകാന്‍👉: https://chat.whatsapp.com/ElWKbMwC52LBPoEJ9Tbrkp