Current Date

Search
Close this search box.
Search
Close this search box.

യു.എസുമായുള്ള ചര്‍ച്ചക്കായി സുഡാന്‍ നേതാക്കള്‍ യു.എ.ഇയില്‍

അബൂദബി: വിവിധ രാഷ്ട്രീയ ചര്‍ച്ചകള്‍ക്കായി സുഡാന്‍ രാഷ്ട്രീയ നേതൃത്വം യു.എ.ഇയിലെത്തി. തിങ്കളാഴ്ച അബൂദബിയിലെത്തിയ ഉന്നത തല സംഘം യു.എ.ഇ നേതാക്കളുമായും യു.എസ് നേതാക്കളുമായും വെവ്വേറെ ചര്‍ച്ച നടത്തും. അമേരിക്ക നേരത്തെ ഭീകരവാദത്തിന് സ്‌പോണ്‍സര്‍ ചെയ്യുന്നവരുടെ പട്ടികയില്‍ സുഡാനെ ഉള്‍പ്പെടുത്തിയത് നീക്കം ചെയ്തിരുന്നു. ഇതിനെക്കുറിച്ചും സുഡാനിലെ രാഷ്ട്രീയ പ്രതിസന്ധികളെക്കുറിച്ചും വിശദമായി ചര്‍ച്ച ചെയ്യുമെന്ന് സുഡാന്‍ ദേശീയ വാര്‍ത്ത ഏജന്‍സിയായ സുന റിപ്പോര്‍ട്ട് ചെയ്തു.

സുഡാനില്‍ നിലവില്‍ ഭരണം നടത്തുന്ന പരമാധികാര കൗണ്‍സില്‍ തലവന്‍ ആയ ജനറല്‍ അബ്ദുല്‍ ഫതാഹ് അല്‍ ബാഷിറിന്റെ നേതൃത്വത്തിലാണ് സംഘം ചര്‍ച്ച നടത്തുന്നത്. കഴിഞ്ഞ വര്‍ഷം സുഡാനില്‍ നടന്ന ജനകീയ പ്രതിഷേധത്തെത്തുടര്‍ന്ന് നീണ്ടകാലം ഏകാധിപത്യ ഭരണം നടത്തിയ പ്രസിഡന്റ് ഉമര്‍ അല്‍ ബശീര്‍ രാജിവെക്കുകയും തുടര്‍ന്ന് ഭരണപരിഷ്‌കരണ കമ്മീഷന്‍ ഭരണം ഏറ്റെടുക്കുകയുമായിരുന്നു. സുഡാനുമായി ബന്ധപ്പെട്ട എല്ലാ പ്രാദേശിക പ്രശ്‌നങ്ങളും യു.എ.ഇ നേതൃത്വവുമായി ചര്‍ച്ച ചെയ്യുമെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.

അതേസമയം, യു.എ.ഇക്കും ബഹ്‌റൈനും പിന്നാലെ സുഡാനും ഇസ്രായേലുമായി നയതന്ത്ര കരാറില്‍ ഏര്‍പ്പെട്ടേക്കുമെന്നും റിപ്പോര്‍ട്ടുകളുണ്ട്. യു.എസിന്റെ മധ്യസ്ഥതയില്‍ തന്നെയാണ് ഈ ചര്‍ച്ചയും നടക്കുക. അതിനായാണ് സംഘം യു.എ.ഇയില്‍ എത്തിയതെന്നും റിപ്പോര്‍ട്ട് പുറത്തുവന്നിട്ടുണ്ട്.

Related Articles