Current Date

Search
Close this search box.
Search
Close this search box.

‘ചെകുത്താന്‍ രാഷ്ട്രം’; യു.എന്നില്‍ ഇറാനെ കടന്നാക്രമിച്ച് സൗദി

റിയാദ്: ഐക്യരാഷ്ട്രസഭയുടെ പൊതുയോഗത്തില്‍ ഇറാനെ കടന്നാക്രമിച്ച് സൗദി രാജാവ് സല്‍മാന്‍ ബിന്‍ അബ്ദുല്‍ അസീസ്. തീവ്രവാദത്തിന് സ്‌പോണ്‍സര്‍ഷിപ്പ് ചെയ്യുന്ന ഇറാനെ ചെകുത്താന്‍ രാഷ്ട്രം എന്നാണ് സല്‍മാന്‍ രാജാവ് വിശേഷിപ്പിച്ചത്. ഇറാന്റെ കാര്യത്തില്‍ അന്താരാഷ്ട്ര സമൂഹം ‘സമഗ്രമായ പരിഹാരം’ കാണണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. പശ്ചിമേഷ്യയില്‍ സമഗ്രമായ സമാധാനം കൊണ്ടുവരാനുള്ള അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന്റെ ശ്രമങ്ങള്‍ക്ക് പിന്തുണ നല്‍കുമെന്നും ഇസ്രായേലുമായി ബന്ധം സാധാരണനിലയിലാക്കിയ തങ്ങളുടെ ഗള്‍ഫ് അയല്‍രാഷ്ട്രങ്ങള്‍ക്ക് പിന്തുണ നല്‍കുമെന്നും അദ്ദേഹം യോഗത്തില്‍ അഭിപ്രായപ്പെട്ടു.

അന്താരാഷ്ട്ര സുരക്ഷക്കും സമാധാനത്തിനും എതിരായ ഭീഷണികളെ തടയാന്‍ സാധിക്കില്ലെന്ന് ഇറാന്‍ ഭരണകൂടവുമായുള്ള ഞങ്ങളുടെ അനുഭവത്തില്‍ നിന്നും മനസ്സിലായിട്ടുണ്ട്. കഴിഞ്ഞ പതിറ്റാണ്ടുകളായി സൗദി ഇറാനുമായി സൗഹൃദബന്ധം പുലര്‍ത്താന്‍ ലക്ഷ്യമിട്ടിരുന്നു. എന്നാല്‍, ഇറാന്‍ പശ്ചിമേഷ്യയിലുടനീളം തീവ്രവാദ ശൃംഖലകള്‍ നിര്‍മിക്കുകയും ഭീകരവാദവും വിഭാഗീയതയും കുഴപ്പങ്ങളും വിപുലീകരിക്കുന്ന പ്രവര്‍ത്തനങ്ങള്‍ തീവ്രമാക്കുകയായിരുന്നുവെന്നും സല്‍മാന്‍ രാജാവ് കുറ്റപ്പെടുത്തി.

ഓണ്‍ലൈന്‍ വഴി നടന്ന സുരക്ഷ കൗണ്‍സില്‍ യോഗത്തില്‍ സൗദിയിലെ തന്റെ ഓഫിസിലിരുന്നാണ് 84കാരനായ സല്‍മാന്‍ രാജാവ് പങ്കെടുത്തത്. ഇതിന്റെ ചിത്രങ്ങള്‍ പുറത്തുവന്നിരുന്നു. യോഗത്തിലുടനീളം ക്യാമറയിലേക്ക് നോക്കാതെ തന്റെ കൈയിലുള്ള പേപ്പറില്‍ നോക്കിയാണ് അദ്ദേഹം പ്രസംഗിച്ചത്.

സൗദിയും ഇറാനും തമ്മിലുള്ള ബന്ധം എല്ലായിപ്പോഴും അസ്വസ്ഥമായിരുന്നു. 2015ല്‍ യെമന്‍ യുദ്ധം ആരംഭിച്ചതോടെയും സൗദി കിരീടാവകാശിയായി മുഹമ്മദ് ബിന്‍ സല്‍മാന്‍ അധികാരമേറ്റതോടെയും ഇരു രാജ്യങ്ങളും തമ്മിലുള്ള ബന്ധം കൂടുതല്‍ വഷളാവുകയായിരുന്നു.

Related Articles