Current Date

Search
Close this search box.
Search
Close this search box.

ജി.സി.സി ഉച്ചകോടി: ഖത്തര്‍ അമീര്‍ ഇല്ല, പ്രധാനമന്ത്രി പങ്കെടുക്കും

ദോഹ: ചൊവ്വാഴ്ച സൗദി തലസ്ഥാനമായ റിയാദില്‍ ആരംഭിക്കുന്ന 40ാമത് ജി.സി.സി ഉച്ചകോടിയില്‍ ഖത്തര്‍ അമീര്‍ ശൈഖ് തമീം ബിന്‍ ഹമദ് അല്‍താനി പങ്കെടുക്കില്ല. പകരം പ്രധാനമന്ത്രി അബ്ദുല്ല ബിന്‍ നാസര്‍ ബിന്‍ ഖലീഫ അല്‍താനിയെ അയക്കുമെന്നും ഖത്തര്‍ ന്യൂസ് ഏജന്‍സി റിപ്പോര്‍ട്ട് ചെയ്തു. ഉച്ചകോടിയില്‍ പങ്കെടുക്കാന്‍ ഖത്തര്‍ ഉന്നതതല പ്രതിനിധി സംഘത്തോടൊപ്പം പ്രധാനമന്ത്രി റിയാദിലേക്ക് പുറപ്പെട്ടിട്ടുണ്ട്.

ഉച്ചകോടിയില്‍ പങ്കെടുക്കാന്‍ ആവശ്യപ്പെട്ട് നേരത്തെ സൗദിയിലെ സല്‍മാന്‍ രാജാവ് ഖത്തര്‍ അമീറിന് കത്തയച്ചിരുന്നു. എന്നാല്‍ അമീര്‍ പങ്കെടുക്കുമോ എന്നത് ഇതുവരെ ഔദ്യോഗികമായി പ്രഖ്യാപിച്ചിരുന്നില്ല. സൗദിയും ഖത്തറും തമ്മിലുള്ള അനുരഞ്ജന പ്രതീക്ഷകള്‍ക്ക് മങ്ങലേല്‍പ്പിക്കുന്നതാണ് ഈ നീക്കം. ഖത്തര്‍ ഉള്‍പ്പെടുന്ന ഗള്‍ഫ് പ്രതിസന്ധി പുരോഗമിക്കുകയാണെന്ന് കഴിഞ്ഞയാഴ്ച ഖത്തര്‍ വിദേശകാര്യ മന്ത്രി റോമില്‍ വെച്ച് പറഞ്ഞിരുന്നു. സൗദിയും ഖത്തറും തമ്മില്‍ ചര്‍ച്ച നടന്നതായും അദ്ദേഹം പറഞ്ഞിരുന്നു.

2017ല്‍ കുവൈത്തില്‍ വെച്ച് നടന്ന ജി.സി.സി ഉച്ചകോടിയില്‍ ഖത്തര്‍ അമീര്‍ പങ്കെടുത്തിരുന്നു. എന്നാല്‍ സൗദിയും സഖ്യകക്ഷികളും അന്ന് ജൂനിയര്‍ ഉദ്യോസ്ഥ സംഘത്തെയാണ് അയച്ചിരുന്നത്. 2017 ജൂണിലാണ് സൗദിയടക്കമുള്ള നാല് രാജ്യങ്ങള്‍ ഖത്തറിനെതിരെ സമ്പൂര്‍ണ ഉപരോധം ഏര്‍പ്പെടുത്തിയത്.

Related Articles