Current Date

Search
Close this search box.
Search
Close this search box.

പാകിസ്താന്‍: വീണ്ടും വോട്ടെണ്ണണമെന്ന പി.എം.എല്ലിന്റെ അപേക്ഷ തള്ളി

ഇസ്‌ലാമാബാദ്: കഴിഞ്ഞ ദിവസം ഫലപ്രഖ്യാപനം നടന്ന പാകിസ്താന്‍ പൊതു തെരഞ്ഞെടുപ്പിന്റെ വോട്ടെണ്ണല്‍ വീണ്ടും നടത്തണമെന്ന പാകിസ്താന്‍ മുസ്‌ലിം ലീഗിന്റെ(നവാസ്) (പി.എം.എല്‍-എന്‍) അപേക്ഷ പൊതു തെരഞ്ഞെടുപ്പ് കമ്മിഷന്‍ തള്ളി. പി.എം.എല്‍-എന്‍ പ്രസിഡന്റ് ഷഹബാസ് ശരീഫ് നല്‍കിയ അപേക്ഷയാണ് റിട്ടേണിങ് ഓഫിസര്‍ തള്ളിയത്. തെരഞ്ഞെടുപ്പില്‍ ക്രിത്രിമം നടന്നെന്ന് ആരോപിച്ച് മുസ്‌ലിം ലീഗ് കഴിഞ്ഞ ദിവസം തന്നെ രംഗത്തെത്തിയിരുന്നു. തെരഞ്ഞെടുപ്പ് ഫലം ബഹിഷ്‌കരിക്കണമെന്നും വീണ്ടും വോട്ടെണ്ണണമെന്നുമാണ് ഇവര്‍ ആവശ്യപ്പെട്ടത്.

ഷഹബാസ് ഷരീഫ് തഹ്‌രീകെ ഇന്‍സാഫ് പാര്‍ട്ടിയുടെ ഫൈസല്‍ വാവ്ദയോട് 718 വോട്ടിന് പരാജയപ്പെട്ടെന്നും അനൗദ്യോഗിക റിപ്പോര്‍ട്ടുണ്ട്. ഷഹബാസ് ഷരീഫിനു വേണ്ടി പി.എം.എല്‍ നേതാവ് റാണ മസ്ഹൂദ് ആണ് റിട്ടേണിങ് ഓഫിസര്‍ക്ക് കഴിഞ്ഞ ദിവസം പരാതി നല്‍കിയത്.

തെരഞ്ഞെടുപ്പ് ഫലം അംഗീകരിക്കുന്നില്ലെന്നും പ്രതിഷേധിക്കാനായി അണികളോട് തെരുവിലിറങ്ങാനും കഴിഞ്ഞ ദിവസം മുസ്‌ലിം ലീഗ് ആഹ്വാനം ചെയ്തിരുന്നു. നേരിട്ട് തെരഞ്ഞെടുപ്പ് നടന്ന സീറ്റുകളുടെ ഫലം പ്രഖ്യാപിച്ചപ്പോള്‍ ഇമ്രാന്‍ ഖാന്റെ തഹ്രീകെ ഇന്‍സാഫ് പാര്‍ട്ടി (പി.ടി.ഐ) 116 സീറ്റുകള്‍ നേടി ഏറ്റവും വലിയ ഒറ്റ കക്ഷിയായിരുന്നു. അഴിമതിക്കേസില്‍ അകപ്പെട്ട് ജയിലില്‍ കഴിയുന്ന മുന്‍ പ്രധാനമന്ത്രി നവാസ് ശരീഫിന്റെ പാകിസ്താന്‍ മുസ്ലിം ലീഗ് 63 സീറ്റുകളാണ് നേടിയത്. പാകിസ്താന്‍ പീപീള്‍സ് പാര്‍ട്ടി 43 സീറ്റും മറ്റുള്ളവര്‍ 45 സീറ്റുമാണ് നേടിയത്.

Related Articles