World Wide

ചിലരുടെ മൗനം – അവിടെയാണ് ഇസ്രയേല്‍ വിജയിക്കുന്നത്

അറബ് ലീഗ് ഒരു രാഷ്ട്രീയ കൂട്ടായ്മ എന്നാണ് അറിയപ്പെടുന്നത്. അറബ് ലോകത്ത് നടക്കുന്ന കാര്യങ്ങളെ വിലയിരുത്തുക അതിനു പരിഹാരം കാണുക എന്നതാണ് സംഘടനയുടെ മുഖ്യ ഉദ്ദേശം. ഫലസ്തീന്‍ വിഷയത്തില്‍ എന്നും അറബ് ലീഗ് ഇസ്രയേല്‍ വിരുദ്ധത നില നിര്‍ത്തിയിട്ടുണ്ട്. അതെ സമയം അംഗ രാജ്യങ്ങളുടെ വ്യക്തിത്വം അംഗീകരിക്കുക എന്നതും അറബ് ലീഗിന്റെ രാഷ്ട്രീയമായി പറയപ്പെടുന്നു.

ഇസ്രായേലുമായി ബന്ധം സ്ഥാപിക്കുക എന്ന യു എ ഇ തീരുമാനം അവരുടെ രാഷ്ട്രീയമാണ്. അത് കൊണ്ട് തന്നെ അതിനെ കുറിച്ച് അഭിപ്രായം പറയാന്‍ അറബ് ലീഗിന് കഴിയില്ല. അറബ് ലീഗിന്റെ മൌനം അത് കൊണ്ട് തന്നെ വിദേശ വാര്‍ത്തകളില്‍ ഇടം പിടിച്ചിട്ടുണ്ട്. അത് പോലെ ഇടം പിടിച്ച മറ്റൊരു വാര്‍ത്ത സഊദിയയുടെ മൌനമാണ്. അറബ് ലീഗ് 1945 ല്‍ നിലവില്‍ വന്നത് മുതല്‍ കാര്യമായി ഇടപെട്ടത് അറബ് ഇസ്രയേല്‍ വിഷയങ്ങളിലാണ്. അംഗ രാജ്യങ്ങള്‍ക്കിടയില്‍ സൗഹൃദം നിലനിര്‍ത്തുന്ന കാര്യത്തില്‍ തങ്ങള്‍ ഒരു പരാജയമാണ് എന്ന് പല തവണ അറബ് ലീഗ് തെളിയിച്ചിട്ടുമുണ്ട്.

ശീത യുദ്ധ കാലത്ത് അമേരിക്ക റഷ്യ ചേരികളെ അംഗ രാജ്യങ്ങള്‍ പിന്തുണച്ചിരുന്നു. ഒരു സ്വതന്ത്ര നിലപാട് സ്വീകരിക്കാന്‍ പലര്‍ക്കും കഴിഞ്ഞിട്ടില്ല. ശേഷം നടന്ന ഇറാഖിന്റെ കുവൈറ്റ് അധിനിവേശം, അമേരിക്കയുടെ ഇറാഖ് ആക്രമണം, തുടങ്ങി പ്രമാദ വിഷയങ്ങളില്‍ അറബ് ലീഗ് തങ്ങളുടെ നിസ്സഹായത പലകുറി തെളിയിച്ചതാണ്. അംഗ രാജ്യങ്ങള്‍ തമ്മിൽ നടക്കുന്ന വര്‍ത്തമാന പ്രശ്നങ്ങളിലും അറബ് ലീഗിന് ഒന്നും ചെയാന്‍ കഴിയാതെ പോകുന്നു. ഖത്തര്‍ ഉപരോധം അവസാന ഉദാഹരണം. അറബ് രാജ്യങ്ങളുടെ പ്രശ്നങ്ങള്‍ ഏകദേശം ഒന്നാണ്. അറബ് മേഖലയില്‍ ഭീഷണികളായി അവര്‍ മനസ്സിലാക്കുന്നത് രണ്ടു രാജ്യങ്ങളാണ്. ഒന്ന് ഇറാന്‍ ( ഇറാന്‍ ഒരു അറബ് രാജ്യമല്ല . പക്ഷെ അറബികളുമായി അതിര്‍ത്തി പങ്കിടുന്നു) മറ്റൊന്ന് ഇസ്രയേല്‍. ആരാണ് കൂടുതല്‍ വലിയ ശത്രു എന്ന ചോദ്യമാണ് അറബ് ലോകം നേരിടുന്നത്.

ഇറാന്‍ കഴിഞ്ഞ നാല്പതു വര്ഷം കൊണ്ട് അറബ് ലോകത്ത് വലിയ രാഷ്ട്രീയ സ്വാദീനം നേടിയിട്ടുണ്ട്. മേഖലയിലെ പ്രമുഖ ശക്തികളായ ഇറാഖ് സിറിയ യമന്‍ ലബനന്‍ എന്നിവിടങ്ങളില്‍ അവരുടെ സ്വാദീനം നാം കണ്ടതാണ്. അത്തരം ഒരു ഇടപെടല്‍ പല അറബ് രാജ്യങ്ങളും ഭയപ്പെടുന്നു. 2011 ല്‍ രൂപം കൊണ്ട “അറബ് വസന്തം” സൈനികമായി അടിച്ചമര്‍ത്താല്‍ കഴിഞ്ഞെങ്കിലും അറബ് ജനതയുടെ മനസ്സില്‍ അതിപ്പോഴും ഒരു കനലായി അവശേഷിക്കുന്നു എന്ന ബോധം ഭരാണിധികാരികള്‍ക്കുണ്ട്. അറബ് വസന്തത്തെ ഒരേ സമയം ഇസ്രയേലും തള്ളിപ്പറഞ്ഞിരുന്നു. അറബ് ലോകത്ത് ഇന്നത്തേതില്‍ നിന്നും ഭിന്നമായ ഒരു ഭരണ സംവിധാനം അവര്‍ ആഗ്രഹിക്കുന്നില്ല. അറബ് വസന്തത്തിനു മുമ്പും പിമ്പും എന്നത് അറബ് ഇസ്രായേല്‍ ബന്ധത്തിന്റെ ഒരു കാരണമായി കണക്കാക്കാം.

പലസ്തീന്‍ ഇസ്രയേല്‍ വിഷയത്തിലാണ് അറബ് ലീഗ് കൂടുതല്‍ ഇടപെടല്‍ നടത്തിയത്. പ്രസ്താവനകള്‍ എന്നല്ലാതെ മറ്റൊരു ഇടപെടലും ഈ വിഷയത്തില്‍ നമുക്ക് കാണാന്‍ കഴിയില്ല. ചുരുക്കത്തില്‍ രാഷ്ട്രീയ സംഘമാണെങ്കിലും അറബ് ലീഗില്‍ ഇല്ലാത്തതും രാഷ്ട്രീയം തന്നെയാണ്. അംഗ രാജ്യങ്ങള്‍ അവരുടെ ഇച്ചക്ക് അനുസരിച്ച് മുന്നോട്ടു പോകുന്നു. അറബ് ലോകത്ത് പലര്‍ക്കും ( പ്രത്യേകിച്ചും സുന്നി ലോകത്ത് ) രണ്ടു ശത്രുക്കള്‍ ഒരേ സമയം നില നില്‍ക്കുന്നു. അതില്‍ കൂടുതല്‍ മോശം ആരെന്ന ചോദ്യത്തിന് കിട്ടിയ മറുപടി ഇറാന്‍ എന്നായിരുന്നു. അറബ് ലോകത്ത് അമേരിക്കയുടെ സ്വാദീനം വലുതാണ്. ആ സ്വാദീനത്തിന്റെ ഫലമാണ് ഇസ്രയേല്‍- യു എ ഇ വിഷയത്തില്‍ മേഖലയിലെ വന്‍ ശക്തി എന്ന് കരുതപ്പെടുന്ന സഊദി ഇപ്പോഴും തികഞ്ഞ മൗനം തുടരുന്നത്. ജമാല്‍ ഖഷോഗിയുടെ വധവുമായി ബന്ധപ്പെട്ടു തുര്‍ക്കിയുമായുള്ള ബന്ധവും അത്ര നല്ല നിലയിലല്ല.

മറ്റൊരു കാര്യം സുന്നി ലോകത്ത് ആരാണ് കൂടുതല്‍ കരുത്തര്‍ എന്ന കാര്യത്തില്‍ തുര്‍ക്കിയും സഊദിയും തമ്മില്‍ വടംവലി നടന്നു കൊണ്ടിരിക്കുന്നു. ഈ അവസരത്തില്‍ അമേരിക്കയെ ആശ്രയിച്ചു കൊണ്ടല്ലാതെ മുന്നോട്ടു പോകാന്‍ അവര്‍ക്കും കഴിയില്ല. മറ്റു അറബ് രാജ്യങ്ങളുടെ അഭിപ്രായം പോലെയാകില്ല സഊദിയുടെ നിലപാട്. അത് കൊണ്ട് തന്നെ ഇപ്പോള്‍ മൌനമാണ് ഉചിതം എന്ന് സഊദി കരുതുന്നു. യു എ ഇ പോലെ പെട്ടെന്ന് ഇസ്രായേലുമായി പരസ്യമായ ഒരു ബന്ധം സഊദിക്ക് സാധ്യമല്ലെങ്കിലും അണിയറയില്‍ അത്തരം കാര്യങ്ങള്‍ നടക്കുന്നു എന്നാണു ലോക മാധ്യമങ്ങള്‍ വിലയിരുത്തുന്നത്.

2011 ല്‍ നതന്യായാഹു ഇസ്രായേല്‍ ജനതയ്ക്ക് നല്‍കിയ ഒരു വാഗ്ദാനം മാധ്യമങ്ങള്‍ എടുത്തു പറയുന്നു. “ അധിനിവേശം എന്ന പദ്ധതി ഉപേക്ഷിക്കാതെ തന്നെ അറബ് രാജ്യങ്ങളുമായി നയതന്ത്ര ബന്ധം സ്ഥാപിക്കും” എന്നായിരുന്നു. അറബ് ലോകത്ത് പണമുണ്ട്. ഇസ്രയേലിന്റെ കയ്യില്‍ സാങ്കേതിത വിദ്യയും. അതിനെ ഫലപ്രദമായി സംയോജിപ്പിക്കാന്‍ ഇസ്രയേല്‍ നടത്തുന്ന ശ്രമം ഫലം കാണുന്നു. അറബ് ലീഗും ഫലസ്തീനും ഇനി എത്ര നാള്‍ എന്നതു ചോദ്യ ചിഹ്നമായി അവശേഷിക്കുന്നു. ഫലസ്തീന്‍ രാജ്യം 55:45 അനുപാതത്തില്‍ വിഭജിച്ചു കൊണ്ടാണ് ഇസ്രയേല്‍ നിലവില്‍ വന്നത്. ഫലസ്തീന്‍ എന്ന 45 ശതമാനം ഇന്ന് ഇരുപതില്‍ താഴെ മാത്രമാണ്. അതായത് ഇസ്രയേല്‍ നൂറടി മുന്നോട്ട് നടന്നു. അറബ് ലീഗും നാടും അത്രയും പിന്നോട്ടും . അറബ് ഭരണാധികാരികളുടെ പ്രതികരണ ശേഷി പോലും ഇല്ലാതാക്കി എന്നിടത്തെക്ക് മേഖലയില്‍ ഇസ്രയേല്‍ വിജയിക്കുന്നു.

Facebook Comments

Related Articles

Back to top button

Adblock Detected

Please consider supporting us by disabling your ad blocker