Current Date

Search
Close this search box.
Search
Close this search box.

ഇറാഖ് പ്രക്ഷോഭം: പകരക്കാരനെ കണ്ടെത്തിയാല്‍ സ്ഥാനമൊഴിയാമെന്ന് പ്രധാനമന്ത്രി

ബാഗ്ദാദ്: ഇറാഖില്‍ സര്‍ക്കാരിന്റെ രാജി ആവശ്യപ്പെട്ട് ശക്തിയാര്‍ജിച്ചുകൊണ്ടിരിക്കുന്ന ജനകീയ പ്രതിഷേധത്തിന് മുന്നില്‍ പിടിച്ചുനില്‍ക്കാനാകാതെ പ്രധാനമന്ത്രി ആദില്‍ അബ്ദുല്‍ മഹ്ദിയും രാജിക്കൊരുങ്ങുന്നു. പകരക്കാരനെ കണ്ടെത്തിയാല്‍ താന്‍ സ്ഥാനമൊഴിയാന്‍ തയാറാണെന്ന് മഹ്ദി അറിയിച്ചതായി പ്രസിഡന്റ് ബര്‍ഹാം സാലിഹ് ആണ് അറിയിച്ചത്. സാമ്പത്തിക പരിഷ്‌കരണം നടപ്പിലാക്കണമെന്ന് ആവശ്യപ്പെട്ട് രാഷ്ട്രീയ പ്രവര്‍ത്തകരടക്കം സമരം ശക്തമാക്കിയതോടെയാണ് വ്യാഴാഴ്ച സാലിഹ് ഇക്കാര്യം അറിയിച്ചത്.

ബഹുജന പ്രക്ഷോഭം നാലാമത്തെ ആഴ്ചയും ഇറാഖില്‍ തുടരുകയാണ്. തലസ്ഥാന നഗരമായ ബാഗ്ദാദില്‍ കര്‍ഫ്യൂ ഏര്‍പ്പെടുത്തിയിട്ടുണ്ട്.
ഉയര്‍ന്ന തോതില്‍ പടര്‍ന്നു പിടിച്ച സര്‍ക്കാരിന്റെ അഴിമതിക്കെതിരെയാണ് ജനങ്ങള്‍ ഒന്നടങ്കം ശക്തമായ പ്രക്ഷോഭവുമായി തെരുവിലിറങ്ങിയത്. കഴിഞ്ഞ ദിവസം സ്‌കൂളുകളില്‍ നിന്നും കോളേജുകളില്‍ നിന്നും വിദ്യാര്‍ത്ഥികള്‍ ക്ലാസ് ബഹിഷ്‌കരിച്ച് സമരത്തില്‍ ചേര്‍ന്നിരുന്നു. സമരം അക്രമാസക്തമായതോടെയാണ് കര്‍ഫ്യൂ ഏര്‍പ്പെടുത്തിയത്.

തൊഴിലില്ലായ്മ,അഴിമതി,പൊതുസേവനങ്ങളുടെ അപര്യാപ്തത,രാഷ്ട്രീയ നേതാക്കളുടെ വഞ്ചന,കലഹം തുടങ്ങിയ പ്രശ്നങ്ങള്‍ക്ക് പരിഹാരം തേടിയാണ് ഇറാഖില്‍ ജനങ്ങള്‍ തെരുവിലിറങ്ങിയത്. ജനങ്ങളുടെ ജീവിത പ്രശ്നങ്ങള്‍ പരിഹരിക്കുന്നതില്‍ ഭരണകൂടം പരാജയപ്പെട്ടിരിക്കുകയാണ്. ഇറാഖില്‍ ഐസിസിനെ പരാജയപ്പെടുത്തിയതായി പ്രഖ്യാപിച്ച് രണ്ട് വര്‍ഷം കഴിഞ്ഞിട്ടും പ്രതിസന്ധി മറികടക്കാന്‍ സര്‍ക്കാരിനായിട്ടില്ല.

Related Articles