Current Date

Search
Close this search box.
Search
Close this search box.

ഈജിപ്തിലെ ജയിലുകളില്‍ കുട്ടികള്‍ പീഡനത്തിനിരയാവുന്നതായി റിപ്പോര്‍ട്ട്

കൈറോ: ഈജിപ്തില്‍ ഓരോ വര്‍ഷവും നൂറുകണക്കിന് കുട്ടികളെയാണ് സൈന്യവും പൊലിസും സുരക്ഷ ജീവനക്കാരും ചേര്‍ന്ന് ഏപക്ഷീയമായി അറസ്റ്റു ചെയ്യുന്നതെന്ന് അന്താരാഷ്ട്ര മനുഷ്യാവകാശ സംഘടനയായ ഹ്യൂമന്‍ റൈറ്റ്‌സ് വാച്ച് പറഞ്ഞു.
2013 മുതല്‍ രാജ്യത്തെ പട്ടാള ഭരണകൂടത്തിനെതിരെ സമരം നടത്തിയവരെ അടിച്ചമര്‍ത്തുന്നതിന്റെ ഭാഗമായാണ് സൈന്യം 12 വയസ്സിന് താഴെയുള്ള കുട്ടികളെയും അറസ്റ്റു ചെയ്ത് ജയിലിലടച്ചിരിക്കുന്നതെന്നും ന്യൂയോര്‍ക്ക് ആസ്ഥാനമായ സംഘടന പറയുന്നു. കുട്ടികള്‍ ജയിലുകളില്‍ കടുത്ത മാനസിക-ശാരീരിക പീഡനങ്ങള്‍ക്കും അതിക്രമങ്ങള്‍ക്കുമാണ് ഇരയാകുന്നത്. മിക്ക കുട്ടികളും 12ഉം 17ഉം വയസ്സിനിടയുള്ളവരാണ്. അല്‍ജസീറയാണ് വാര്‍ത്ത റിപ്പോര്‍ട്ട് ചെയ്തത്.

ഈജിപ്തിലെ ജയിലുകളിലെ അടിച്ചമര്‍ത്തലുകളെക്കുറിച്ചും പ്രത്യേകിച്ചും കുട്ടികള്‍ക്കെതിരെയുള്ള അതിക്രമങ്ങളെക്കുറിച്ചുമാണ് 43 പേജുള്ള റിപ്പോര്‍ട്ടില്‍ പറയുന്നത്. ജഡ്ജിമാരും പ്രോസിക്യൂട്ടര്‍മാരും വിചാരണയും മറ്റു നടപടിക്രമങ്ങളും അനന്തമായി നീട്ടിക്കൊണ്ടുപോയി സ്ഥിതിഗതികള്‍ കൂടുതല്‍ വഷളാക്കുകയാണെന്നും റിപ്പോര്‍ട്ടില്‍ പറയുന്നുണ്ട്. അതേസമയം, ഹ്യൂമന്‍ റൈറ്റ്‌സ് വാച്ചിന്റെ പുതിയ റിപ്പോര്‍ട്ടിനോട് ഈജിപ്ത് ഇതുവരെ പ്രതികരിച്ചിട്ടില്ല. ഇതിനു മുന്‍പ് ഭരണകൂടത്തിനെതിരെ സമാനമായ ആരോപണങ്ങള്‍ ഉണ്ടായിരുന്നു. അപ്പോഴെല്ലാം റിപ്പോര്‍ട്ടുകള്‍ തള്ളിക്കളയുകയാണ് ഈജിപ്ത് ചെയ്തിരുന്നത്.

Related Articles