Current Date

Search
Close this search box.
Search
Close this search box.

നഗോര്‍ണോ-കാരാബാക്: വെടിനിര്‍ത്തലിന് ധാരണ

ബാകു: ആറ് ആഴ്ചയിലധികമായി തുടരുന്ന അര്‍മേനിയ- അസര്‍ബൈജാന്‍ രാജ്യങ്ങള്‍ തമ്മിലെ സംഘര്‍ഷ ഭൂമിയായ നഗോര്‍ണോ-കാരാബാഹില്‍ വെടിനിര്‍ത്തലിന് ധാരണയിലെത്തിയതായി റിപ്പോര്‍ട്ട്. റഷ്യ, അര്‍മേനിയ, അസര്‍ബൈജാന്‍ തുടങ്ങിയ രാഷ്ട്രങ്ങള്‍ സംയുക്തമായാണ് വെടിനിര്‍ത്തലില്‍ ഏര്‍പ്പെട്ടത്. അര്‍മേനിയന്‍ പ്രധാനമന്ത്രി നികോള്‍ പഷിന്‍യാന്‍ ആണ് ഫേസ്ബുക്കിലൂടെ ഇതിന്റെ സൂചനകള്‍ നല്‍കിയത്. ഇതിനകം ആയിരത്തിലധികം പേര്‍ കൊല്ലപ്പെട്ട യുദ്ധം ചൊവ്വാഴ്ച പുലര്‍ച്ചെ ഒരു മണി മുതല്‍ അവസാനിപ്പിക്കുന്നതായാണ് പോസ്റ്റില്‍ അദ്ദേഹം പറയുന്നത്. അസര്‍ബൈജാനും റഷ്യയും പിന്നീട് വാര്‍ത്ത സ്ഥിരീകരിക്കുകയും ചെയ്തു.

ത്രിരാഷ്ട്ര പ്രതിനിധികള്‍ ഒപ്പുവെച്ച സംയുക്ത പ്രസ്താവന മേഖലയിലെ സംഘര്‍ഷം പരിഹരിക്കുന്നതിനുള്ള ഒരു നിര്‍ണായക ചുവടുവെപ്പായി മാറുമെന്ന് അസര്‍ബൈജാന്‍ പ്രസിഡന്റ് ഇല്‍ഹാം അലിയവും പ്രതികരിച്ചു. റഷ്യന്‍ പ്രസിഡന്റ് പുടിനുമായി നടത്തിയ ടെലിവിഷന്‍ അഭിമുഖത്തിലാണ് അദ്ദേഹം ഇക്കാര്യം പ്രസ്താവിച്ചത്. നേരത്തെയും വിഷയത്തില്‍ വെടിനിര്‍ത്തല്‍ പ്രഖ്യാപിച്ചിരുന്നെങ്കിലും പൂര്‍ണാര്‍ത്ഥത്തില്‍ വിജയിച്ചിരുന്നില്ല.

സെപ്റ്റംബര്‍ 27ന് ആരംഭിച്ച സംഘര്‍ഷത്തില്‍ ഇരു വിഭാഗത്തില്‍ നിന്നുമായി ആയിരത്തിലധികം പേര്‍ കൊല്ലപ്പെട്ടിട്ടുണ്ട്. 2016നു ശേഷം ഇരു രാജ്യങ്ങളും തമ്മില്‍ നടക്കുന്ന ഏറ്റവും വലിയ സംഘര്‍ഷമാണിത്. കൊല്ലപ്പെട്ടവരില്‍ കൂടുതലും സൈനിക അംഗങ്ങളാണ്.

2016 മുതല്‍ ഇരു രാജ്യങ്ങളും തമ്മില്‍ നഗോര്‍ണോ-കരാബാക് മേഖലയെചൊല്ലിയുള്ള തര്‍ക്കം രൂക്ഷമാണ്. അര്‍മേനിയയുടെ നിയന്ത്രണത്തിലുള്ള ഈ ഭാഗത്ത് സൈനിക നിയമം പ്രഖ്യാപിക്കുകയും കര്‍ഫ്യൂ ഏര്‍പ്പെടുത്തുകയും ചെയ്തു. എന്നാല്‍ അസര്‍ബൈജാന്‍ ഇവിടെ തങ്ങളുടെ സൈന്യത്തെ അണിനിരത്താന്‍ ആഹ്വാനം ചെയ്യുകയായിരുന്നു. തര്‍ക്കപ്രദേശമായ നഗോര്‍ണോ-കരാബാക് മേഖല അന്താരാഷ്ട്രതലത്തില്‍ അസര്‍ബൈജാന്റെ ഭാഗമായി അംഗീകരിക്കപ്പെട്ടിട്ടുണ്ട്, എന്നാല്‍ 1990 മുതല്‍ ഇവിടെ വംശീയ ഭൂരിപക്ഷമുള്ള അര്‍മേനിയക്കാര്‍ അര്‍മേനിയയുടെ പിന്തുണയോടെയാണ് ഭരണം നടത്തുന്നത്.

Related Articles