Current Date

Search
Close this search box.
Search
Close this search box.

അര്‍മേനിയ-അസര്‍ബൈജാന്‍ ഏറ്റുമുട്ടല്‍ രൂക്ഷമാകുന്നു

ബാകു: തര്‍ക്ക പ്രദേശമായ നഗോര്‍ണോ-കരാബാഹ് മേഖലയെചൊല്ലി അയല്‍ രാജ്യങ്ങളായ അര്‍മേനിയയും അസര്‍ബൈജാനും തമ്മില്‍ ഏറ്റുമുട്ടല്‍ രൂക്ഷമാകുന്നു. ഞായറാഴ്ചയാണ് ഇരു രാജ്യങ്ങളിലെയും സൈനികര്‍ തമ്മില്‍ അതിര്‍ത്തി മേഖലയില്‍ പരസ്പരം ഏറ്റുമുട്ടിയത്. ഇതോടെ മേഖല അശാന്തമായി. 2016 മുതല്‍ ഇരു രാജ്യങ്ങളും തമ്മില്‍ നഗോര്‍ണോ-കരാബാഹ് മേഖലയെചൊല്ലി തര്‍ക്കം രൂക്ഷമാണ്. ഞായറാഴ്ച സങ്കീര്‍ണമായ സ്ഥിതിവിശേഷമാണ് ഉണ്ടായത്. അര്‍മേനിയയുടെ നിയന്ത്രണത്തിലുള്ള ഈ ഭാഗത്ത് സൈനിക നിയമം പ്രഖ്യാപിക്കുകയും കര്‍ഫ്യൂ ഏര്‍പ്പെടുത്തുകയും ചെയ്തു. എന്നാല്‍ അസര്‍ബൈജാന്‍ ഇവിടെ തങ്ങളുടെ സൈന്യത്തെ അണിനിരത്താന്‍ ആഹ്വാനം ചെയ്യുകയുമായിരുന്നു.

അസര്‍ബൈജാനുമായുണ്ടായ ഏറ്റുമുട്ടലില്‍ തങ്ങളുടെ 16 സൈനികര്‍ കൊല്ലപ്പെട്ടതായും നൂറിലധികം പേര്‍ക്ക് പരുക്കേറ്റതായും അര്‍മേനിയ അറിയിച്ചു. തര്‍ക്കപ്രദേശത്തെ സംബന്ധിച്ച് സമ്പൂര്‍ണ്ണ പരിഹാരം വേണമെന്നാണ് തന്റെ രാജ്യം ആഗ്രഹിക്കുന്നതെന്ന് അസര്‍ബൈജാന്‍ പ്രസിഡന്റ് ഇല്‍ഹാം അലിയേഫ് പറഞ്ഞു.

‘നഗോര്‍ണോ-കരാബാഹ് തര്‍ക്കം ഞങ്ങളുടെ ദേശീയ വിഷയമാണ്. അതിന്റെ പരിഹാരം നമ്മുടെ ചരിത്രപരമായ ദൗത്യമാണ്,
അസര്‍ബൈജാന്‍ പ്രദേശത്തിന്റെ സമഗ്രത പുന:സ്ഥാപിക്കുന്നതില്‍ ജനങ്ങള്‍ സംതൃപ്തരായിരിക്കണമെന്നും അദ്ദേഹം ദേശീയ വാര്‍ത്ത ഏജന്‍സിയോട് പറഞ്ഞു.

അതേസമയം, ഇരു വിഭാഗവും തമ്മിലുള്ള സംഘര്‍ഷത്തില്‍ അസര്‍ബൈജാന് പിന്തുണയുമായി തുര്‍ക്കി രംഗത്തെത്തിയിട്ടുണ്ട്. തന്റെ രാജ്യത്തിന്റെ പിന്തുണ അസര്‍ബൈജാനായിരിക്കുമെന്ന് ഞായറാഴ്ച തുര്‍ക്കി പ്രസിഡന്റ് റജബ് ഉര്‍ദുഗാനാണ് പ്രഖ്യാപിച്ചത്.

എന്നാല്‍ തുര്‍ക്കിയുടെ ഇടപെടലിനെ എതിര്‍ത്ത് അര്‍മേനിയയും രംഗത്തെത്തി. അര്‍മേനിയയും അസര്‍ബൈജാനുമായുള്ള പോരാട്ടത്തില്‍ തുര്‍ക്കി ഇടപെടുന്നില്ലെന്ന് അന്താരാഷ്ട്ര സമൂഹം ഉറപ്പുവരുത്തണമെന്ന് അര്‍മേനിയന്‍ പ്രധാനമന്ത്രി നിക്കോള്‍ പാഷീന്‍യാന്‍ ആവശ്യപ്പെട്ടു. തുര്‍ക്കിയുടെ ഇടപെടല്‍ ദക്ഷിണ കോക്കസസിനും അയല്‍ പ്രദേശങ്ങള്‍ക്കും വിനാശകരമായ പ്രത്യാഘാതങ്ങള്‍ ഉണ്ടാക്കുമെന്ന് പാഷീന്‍യാന്‍ പറഞ്ഞു.

തര്‍ക്കപ്രദേശമായ നഗോര്‍ണോ-കരാബാഹ് മേഖല അന്താരാഷ്ട്രതലത്തില്‍ അസര്‍ബൈജാന്റെ ഭാഗമായി അംഗീകരിക്കപ്പെട്ടിട്ടുണ്ട്, എന്നാല്‍ 1990 മുതല്‍ ഇവിടെ വംശീയ ഭൂരിപക്ഷമുള്ള അര്‍മേനിയക്കാര്‍ അര്‍മേനിയയുടെ പിന്തുണയോടെയാണ് ഇവിടെ അധിവസിക്കുന്നത്.

Related Articles