Current Date

Search
Close this search box.
Search
Close this search box.

ലെബനാന്‍: ലോക്ക്ഡൗണ്‍ പ്രഖ്യാപിച്ചതിനെതിരെ പ്രതിഷേധം അക്രമാസക്തം

ബെയ്‌റൂത്ത്: ലെബനാനില്‍ കോവിഡ് പ്രതിസന്ധിയുടെ ഭാഗമായി നടപ്പിലാക്കിയ ലോക്ക്ഡൗണിനെതിരെ പ്രതിഷേധവുമായി ജനങ്ങള്‍ തെരുവിലിറങ്ങി. വിവിധ നഗരങ്ങളില്‍ സുരക്ഷസേനയും പ്രക്ഷോഭകരും തമ്മിലുണ്ടായ ഏറ്റുമുട്ടലില്‍ 45 പേര്‍ക്ക് പരുക്കേറ്റു. ലോക്ക്ഡൗണ്‍ ഏര്‍പ്പെടുത്തിയത് മൂലം ലെബനാന്‍ കടുത്ത സാമ്പത്തിക പ്രതിസന്ധിയും അരക്ഷിതാവസ്ഥയുമാണ് നേരിടുന്നത്. ഇതില്‍ പ്രതിഷേധിച്ചുകൊണ്ടാണ് ജനങ്ങള്‍ തെരുവിലിറങ്ങിയത്. വടക്കന്‍ ലെബനാനിലെ ട്രിപ്പോളി നഗരത്തില്‍ പൊലിസിനു നേരെ കല്ലേറും തെരുവില്‍ ടയറുകള്‍ കൂട്ടിയിട്ട് കത്തിക്കുകയും ചെയ്തു. പാര്‍ക്കിങ് ഏരിയകളിലെ വാഹനങ്ങള്‍ക്ക് തീയിട്ടു. ലെബനാന്‍ ദേശീയ ന്യൂസ് ഏജന്‍സിയാണ് വാര്‍ത്ത റിപ്പോര്‍ട്ട് ചെയ്തത്.

പ്രതിഷേധക്കാര്‍ സര്‍ക്കാര്‍ ഓഫിസിനു നേരെ കല്ലേറ് നടത്തുകയും പ്രധാന ചത്വരം ഉപരോധിക്കുകയും ചെയ്തു. കലാപകാരികളെ നേരിടാന്‍ സൈന്യത്തെ നിയോഗിക്കുകയും ചെയ്തു. ട്രിപോളിയില്‍ മാത്രം 30ലധികം പേര്‍ക്ക് പരുക്കേറ്റിട്ടുണ്ട്.

ജനുവരി ആദ്യം മുതല്‍ ലെബനാനില്‍ ലോക്ക്ഡൗണ്‍ കര്‍ശനമാക്കിയിരുന്നു. ദിനേന കോവിഡ് കേസുകള്‍ വര്‍ധിച്ചുവന്നതും ആശുപത്രികളില്‍ കോവിഡ് കേസുകള്‍ ഉള്‍കൊള്ളാന്‍ സാധിക്കാതെ വന്നതുമാണ് ലോക്ക്ഡൗണ്‍ ഏര്‍പ്പെടുത്താന്‍ ഭരണകൂടത്തിന് പ്രേരണയായത്. അതിനാല്‍ തന്നെ പലയാളുകള്‍ ജോലിയും വരുമാനവുമില്ലാതെ പ്രതിസന്ധിയിലാണ്. ഇതോടെയാണ് ജനങ്ങള്‍ ലോക്ക്ഡൗണ്‍ ഒഴിവാക്കണമെന്നാവശ്യപ്പെട്ട് തെരുവിലിറങ്ങിയത്.

 

Related Articles