Current Date

Search
Close this search box.
Search
Close this search box.

ഇസ്രായേലുമായി മറ്റൊരു അറബ് രാഷ്ട്രം ഉടന്‍ കരാറിലേര്‍പ്പെടുമെന്ന്

വാഷിങ്ടണ്‍: ഒരു അറബ് രാഷ്ട്രം കൂടി ഇസ്രായേലുമായി ഉടന്‍ കരാറിലേര്‍പ്പെടുമെന്ന് ഉന്നത യു.എസ് ഉദ്യോഗസ്ഥനെ ഉദ്ധരിച്ച് അല്‍ അറബിയ്യ റിപ്പോര്‍ട്ട് ചെയ്തു. യു.എന്നിലെ യു.എസ് അംബാസിഡര്‍ കെല്ലി ക്രാഫ്റ്റ് ആണ് രാജ്യത്തിന്റെ പേര് വ്യക്തമാക്കാതെ ഇത്തരത്തില്‍ അഭിപ്രായ പ്രകടനം നടത്തിയത്. അടുത്ത ഒന്നോ രണ്ടോ ദിവസത്തിനുള്ളില്‍ കരാര്‍ പ്രാബല്യത്തില്‍ വരുമെന്നും അദ്ദേഹം അല്‍ അറബിയ്യക്ക് അനുവദിച്ച അഭിമുഖത്തില്‍ പറഞ്ഞു. സുഡാനും ഒമാനുമാണ് ഇസ്രായേലുമായി കരാറിലേര്‍പ്പെടാന്‍ സാധ്യതയെന്ന് നേരത്തെ റിപ്പോര്‍ട്ടുകളുണ്ടായിരുന്നു.

ഈ നീക്കം ഇറാനെ കൂടുതല്‍ ഒറ്റപ്പെടുത്തുമെന്നുമാണ് അമേരിക്ക കണക്കുകൂട്ടുന്നത്. മാസങ്ങളായി ഇത്തരത്തില്‍ ഇസ്രായേലുമായുള്ള സഖ്യത്തിനും മറ്റും അമേരിക്ക ശ്രമിക്കുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു. ഇക്കാര്യത്തില്‍ ഞങ്ങള്‍ ഉടന്‍ തന്നെ കൂടുതല്‍ പ്രഖ്യാപനങ്ങള്‍ നടത്തുമെന്നും പശ്ചിമേഷ്യയില്‍ സമാധാനമാണ് ഞങ്ങള്‍ ആഗ്രഹിക്കുന്നതെന്നും ക്രാഫ്്റ്റ് കൂട്ടിച്ചേര്‍ത്തു.

സെപ്റ്റംബര്‍ 15നാണ് വൈറ്റ് ഹൗസില്‍ വെച്ച് യു.എ.ഇ,ബഹ്‌റൈന്‍ രാഷ്ട്ര നേതാക്കള്‍ ഇസ്രായേലുമായുള്ള നയതന്ത്ര കരാറില്‍ ഒപ്പുവെച്ചത്. അബ്രഹാം ഉടമ്പടി എന്നാണ് കരാറിന് പേര് നല്‍കിയിരിക്കുന്നത്. ട്രംപിന്റെ നേതൃത്വത്തിലായിരുന്നു കരാര്‍. യു.എ.ഇ വിദേശകാര്യ മന്ത്രി ശൈഖ് അബ്ദുല്ല ബിന്‍ സായിദ് ആല്‍ നഹ്യാന്‍, ബഹ്‌റൈന്‍ വിദേശകാര്യ മന്ത്രി ഡോ. അബ്ദുല്ല ലത്തീഫ് ബിന്‍ റാഷിദ് അല്‍ സയാനി,ഇസ്രായേല്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹു എന്നിവരാണ് പരസ്പരം കരാറില്‍ ഒപ്പുവെച്ചത്. ഓഗസ്റ്റ് 13നാണ് ട്രംപ് ആദ്യമായി യു.എ.ഇ-ഇസ്രായേല്‍ കരാര്‍ പ്രഖ്യാപിക്കുന്നത്.

ആദ്യമായിട്ടാണ് ഗള്‍ഫ് രാജ്യങ്ങള്‍ ഇസ്രായേലുമായി ബന്ധം സാധാരണ നിലയിലാക്കുന്നത്. നേരത്തെ ഈജിപ്ത്,ജോര്‍ദാന്‍ എന്നീ അറബ് രാജ്യങ്ങള്‍ മാത്രമാണ് ഇസ്രായേലുമായി നയതന്ത്രം ബന്ധം സ്ഥാപിച്ചിരുന്നത്.

Related Articles