Current Date

Search
Close this search box.
Search
Close this search box.

അമേരിക്ക- ബൈഡനെ അനുമോദിക്കാൻ ചിലർക്ക് മടി..

പുതിയ അമേരിക്കന്‍ പ്രസിഡന്റിനെ അനുമോദിക്കാനുള്ള തിരക്കിലാണ് ലോകം. ജോ ബൈഡന്‍റെ വിജയം ഉറപ്പായപ്പോള്‍ തന്നെ ലോക നേതാക്കള്‍ അദ്ദേഹത്തെ അനുമോദിച്ചു കൊണ്ട് രംഗത്ത്‌ വന്നിരുന്നു. ആ അനുമോദനത്തില്‍ ചില പേരുകള്‍ കാണാതെ പോയതാണ് ലോക മാധ്യമങ്ങളില്‍ വാര്‍ത്തയായി നില്‍ക്കുന്നത്. റഷ്യ, ചൈന , തുര്‍ക്കി, ബ്രസീല്‍ എന്നീ രാജ്യങ്ങളുടെ തലവന്മാര്‍ തുടരുന്ന മൗനം മാധ്യമങ്ങള്‍ ചര്‍ച്ച ചെയ്യുന്നുണ്ട്. തിരഞ്ഞെടുപ്പിന് മുമ്പ് തന്നെ ബൈഡന്‍റെ “നല്ലവരുടെ ലിസ്റ്റില്‍” ഉര്‍ദുഗാന്‍ ഇല്ല. അതെ സമയം തുര്‍ക്കിയിലെ പ്രതിപക്ഷത്തിന് ശക്തമായ പിന്തുണ നല്‍കുന്നതില്‍ ബൈഡന്‍ ഒരു കുറവും വരുത്തിയിട്ടില്ല. ബൈഡന്റെ വിജയത്തെ അത് കൊണ്ട് തന്നെയാണ് തുര്‍ക്കി പ്രതിപക്ഷം പെട്ടെന്ന് തന്നെ സ്വാഗതം ചെയ്തത്. “ ഒരു അട്ടിമറിയിലൂടയല്ല തിരഞ്ഞെടുപ്പിലൂടെ തന്നെ തുര്‍ക്കിയെ ശരിയായ പാതയിലേക്ക് കൊണ്ട് വരണം എന്നതാണ് പുതിയ പ്രസിഡന്റ് ആഗ്രഹം പ്രകടിപ്പിച്ചത്.

റഷ്യയുടെ പാവ എന്നാണു ട്രംപിനെ ഒരിക്കല്‍ ബൈഡന്‍ ഒരു സംവാദത്തില്‍ വിശേഷിപ്പിച്ചത്‌. ചൈനയുമായി അമേരിക്കയുടെ വിഷയം സൈനികവും സാമ്പത്തികവുമാണ്. ലോക നേതൃത്വത്തിന് വേണ്ടിയുള്ള സമരമാണ് അവര്‍ക്കിടയില്‍ നടക്കുന്നത്. അത് കൊണ്ട് തന്നെ അമേരിക്കയില്‍ ആര് വന്നാലും ചൈന അതിനെ കാര്യമായി എടുക്കാറില്ല.

Also read: അമേരിക്ക ഇനി തോന്നിയ പോലെയാവില്ല ?

അമേരിക്കന്‍ തിരഞ്ഞെടുപ്പില്‍ വോട്ട് ചെയ്യാന്‍ കഴിയുന്നത്‌ അമേരിക്കക്കാര്‍ക്ക് മാത്രമാണെങ്കിലും അതില്‍ ലോകം മൊത്തം ഭാഗമാകുന്നു എന്നതാണ് സത്യം. അമേരിക്കന്‍ ജനാധിപത്യ വ്യവസ്ഥയില്‍ സംഭവിക്കുന്ന ഏതു തരം പുഴുക്കുത്തുകളും നേര്‍ക്ക്‌ നേരെ ലോകത്തെ തന്നെ ബാധിക്കുന്നു എന്നാണു പടിഞ്ഞാറന്‍ മാധ്യമങ്ങള്‍ വിലയിരുത്തുന്നത്. അമേരിക്കന്‍ നയങ്ങള്‍ അത്രമാത്രം ലോകത്തെ സ്വാദീനിക്കുന്നു എന്നും അവര്‍ പറയുന്നു. രണ്ടാം തവണയും മത്സരിക്കുന്ന പ്രസിഡന്റ് തോല്‍ക്കുക എന്നത് അമേരിക്കയില്‍ ഒരു അസാധാരണ സംഭാവമായാണ് കണക്കാക്കുന്നത്. അത് കൊണ്ട് തന്നെയാണ് ട്രംപിന്റെ തോല്‍വി അത്രമാത്രം ചര്‍ച്ച ചെയ്യപ്പെടുന്നതും.

69 ശതമാനം അമേരിക്കന്‍ മുസ്ലിംകള്‍ പുതിയ പ്രസിഡന്റിനു വോട്ടു ചെയ്തു എന്നാണ് കണക്ക്. മുസ്ലിം ലോകവും ഇസ്രായേലും തമ്മില്‍ പാലം പണിതു എന്നാണു ട്രമ്പ്‌ അവകാശപ്പെട്ടത്. അമേരിക്കന്‍ മുസ്ലിം സമൂഹത്തെ തന്നിലേക്ക് അടുപ്പിക്കാന്‍ അതൊരു നല്ല കാര്യമായി ട്രമ്പ്‌ കരുതിയിരുന്നു. ഇസ്രയേല്‍ അറബ് മുസ്ലിം നാടുകളിലേക്ക് കടന്നു കയറുന്നത് അത്ര സുഖകരമായല്ല മുസ്ലിം ലോകം കാണുന്നത്. അത് കൊണ്ട് തന്നെ പുതിയ അറബ് ഇസ്രായേല്‍ ബാന്ധവം വേണ്ടത്ര ട്രംപിനു ഗുണം ചെയ്തില്ല. പുതിയ പ്രസിഡന്റ് ഇസ്രായേല്‍ വിഷയത്തില്‍ മറ്റൊരു വഴി സ്വീകരിക്കും എന്നാരും കരുതുന്നില്ല. ഇസ്രയേലിനെ സംരക്ഷിക്കുക എന്നത് അമേരിക്കയുടെ പ്രഖ്യാപിത നയമാണ്.

പുതിയ ഭരണകൂടത്തിനു മോഡി പെട്ടെന്ന് തന്നെ ആശംസകള്‍ അറിയിച്ചിരുന്നു. അമേരിക്കയുമായി ബന്ധം തുടരുക എന്നതിനേക്കാള്‍ സംഘ പരിവാരിനു ട്രംപ്‌ പ്രിയപ്പെട്ടവനാകാന്‍ മറ്റു പല കാരണങ്ങളുമുണ്ട്. മോഡിയും ട്രമ്പും വംശീയതയുടെ വാഹകരാണ് എന്നത് തന്നെയാണ് ഒന്നാമത്തെ സാമീപ്യം. ട്രംപിന്റെ ഭരണത്തുടര്‍ച്ച അത് കൊണ്ട് തന്നെ സംഘപരിവാര്‍ ആഗ്രഹിച്ചു. അമേരിക്കയില്‍ മോഡിക്ക് നല്‍കിയ വിരുന്നും തിരിച്ചു നടത്തിയ സന്ദര്‍ശനവും അമേരിക്കയിലെ ഇന്ത്യന്‍ വോട്ടുകളെ ലക്‌ഷ്യം വെച്ചായിരുന്നു എന്നൊരു വാര്‍ത്ത പുറത്തു വന്നിരുന്നു. Urban വോട്ടുകള്‍, സ്ത്രീകള്‍ യുവാക്കള്‍ ഇന്ത്യന്‍ വംശജര്‍ എന്നിവരുടെ വോട്ടുകള്‍ ട്രമ്പിനു കാര്യമായി ലഭിച്ചിട്ടില്ല എന്നാണു വിലയിരുത്തല്‍. അതെ സമയം “ Bible Belt” എന്ന മധ്യ തെക്കന്‍ സംസ്ഥാനങ്ങള്‍ ട്രംപിന്റെ കൂടെ നിന്നു. ഡെമോക്രാറ്റിക്‌ സ്ഥാനാര്‍ഥിക്ക് എതിരെ മാത്രമല്ല ട്രമ്പ്‌ മത്സരിച്ചത്. അമേരിക്കന്‍ മീഡിയകള്‍ ഉയര്‍ത്തിയ വെല്ലുവികളെയും ട്രമ്പ്‌ നേരിടേണ്ടി വന്നത്രേ.

ബൈഡന്‍ ഉയര്‍ത്തിയ വിഷയങ്ങളില്‍ കൊറോണ മഹാമാരിയെ ട്രമ്പ്‌ നേരിട്ട രീതി മാത്രമായിരുന്നില്ല ഉള്‍പ്പെട്ടിരുന്നത്. അമേരിക്ക അകപ്പെട്ട വംശീയതയുടെ വേലിയേറ്റത്തെ കൂടി അദ്ദേഹം ചോദ്യം ചെയ്തു. അത് വോട്ടര്‍മാര്‍ സ്വീകരിച്ചു എന്നത് വലിയ ആശ്വാസമാണ്. ഇസ്ലാമോഫോബിയ എന്നതിന് പുറമേ ട്രമ്പ്‌ ഉയര്‍ത്തിയ “ വൈറ്റ് സുപ്രീമസി” എന്നതും ഒരു സാമൂഹിക വിഷയമായിരുന്നു. ഒരു കറുത്ത വര്‍ഗക്കാരനെ പോലീസ് മുട്ടുകാല്‍ കൊണ്ട് ഞെരിച്ചു കൊന്നതും അതിനോട് ട്രമ്പ്‌ ഭരണകൂടം പ്രതികരിച്ചതും ലോകം കണ്ടതാണ്. അതെല്ലാം വോട്ടെടുപ്പില്‍ പ്രതികരിച്ചു എന്നാണു നിഗമനം. ഒറ്റ രാത്രി കൊണ്ട് നാട്ടിലെ എമ്പത്‌ ശതമാനം പണവും ഇല്ലാതാക്കിയ ഭരണാധികാരിയാണ് നമ്മുടെ നാട്ടിലുള്ളത്. ചില സമൂഹങ്ങളെ മുന്നില്‍ കണ്ടു കൊണ്ട് നിയമ നിര്‍മ്മാണം നടത്തുന്ന സമീപനമാണ് സര്‍ക്കാര്‍ സ്വീകരിക്കുന്നത്. എന്നിട്ടും നാട്ടില്‍ ആ സര്‍ക്കാരിനെ വീണ്ടും തിരഞ്ഞെടുക്കാന്‍ ജനം തയ്യാറാണെങ്കില്‍ അതൊരു ദുരന്തമാണ്.

Also read: ട്രംപും ബൈഡനും നല്‍കുന്ന സന്ദേശം

ട്രമ്പ്‌ ഇതുവരെ പരാജയം അംഗീകരിച്ചിട്ടില്ല. ട്രംപിനെ നോബല്‍ സമ്മാനത്തിനു നിര്‍ദ്ദേശിച്ച Swedish lawmaker Magnus Jacobsson പറഞ്ഞതായി ഇങ്ങിനെ റിപ്പോര്‍ട്ട് ചെയ്യപ്പെടുന്നു “ ഒരു പരാജയം എങ്ങിനെ കൈകാര്യം ചെയ്യണമെന്ന പ്രായോഗിക ബുദ്ധി ട്രംപിനു ഉണ്ടാകുമെന്ന് പ്രതീക്ഷിക്കുന്നു” എന്നായിരുന്നു. “ അമേരിക്ക എന്ന രാജ്യവും ഞങ്ങളുടെ രാജ്യവും തമ്മില്‍ പല വിഷയങ്ങളിലും തുല്യ നിലപാടുള്ളവരാണ്, അത് കൊണ്ട് തന്നെ ഏതു അമേരിക്കന്‍ നെത്രുത്വവുമായും ഒന്നിച്ചു പോകാന്‍ ബുദ്ധിമുട്ടില്ല” എന്നാണ് ബ്രിട്ടന്‍ പ്രതികരിച്ചത്. അമേരിക്ക എന്ന നാടിന്റെ പൊതു ഗുണത്തിലാണ് യോറോപ്യന്‍ രാജ്യങ്ങള്‍ ചേര്‍ന്ന് നില്‍ക്കുന്നത്. അതെ സമയം ട്രമ്പ്‌ എന്ന വംശീയ വാദിയിലാണ് ഇന്ത്യന്‍ പ്രതീക്ഷ. റഷ്യ ചൈന ബ്രസീല്‍ തുര്‍ക്കി എന്നീ രാജ്യങ്ങള്‍ക്ക് അമേരിക്കയുമായി എതിരിടാന്‍ മറ്റു പല കാരണങ്ങളുമുണ്ട. ട്രമ്പ്‌ പോയാലും അത് അവസാനിക്കുന്നില്ല. ഇന്ത്യന്‍ ഭരണകൂടവുമായി അത്ര സുഖകരമാകില്ല ബൈഡന്‍ ഭരണകൂടം എന്നൊരു നിഗമനം മാധ്യമങ്ങള്‍ ഉയര്‍ത്തുന്നുണ്ട്. ഇന്ത്യയുടെ വിദേശകാര്യ വിഷയങ്ങളുമായി ബൈഡന്‍ ടീമിന് കൃത്യമായ അഭിപ്രായ വ്യത്യാസമുണ്ടെന്നും പറയപ്പെടുന്നു.

തുര്‍ക്കിയിലെ സഊദി എമ്പസിയില്‍ കൊല്ലപ്പെട്ട ജമാല്‍ ഖഷോഗിയുടെ വിഷയത്തില്‍ ട്രമ്പ്‌ സര്‍ക്കാര്‍ സഊദി ഭരണകൂടത്തെ വഴിവിട്ടു സഹായിച്ചു എന്നൊരു ആരോപണം അന്ന് അമേരിക്കന്‍ മാധ്യമങ്ങള്‍ ഉയര്‍ത്തിയിരുന്നു. അത്തരം വിഷയങ്ങളും തിരഞ്ഞെടുപ്പില്‍ ട്രമ്പിനെ പ്രതികൂലമായി ബാധിച്ചു. അവശ്യ സമയത്ത് താന്‍ സഹായിച്ച ആരും തിരിച്ചു സഹായിക്കുന്നില്ല എന്ന വിഷമത്തിലാണ് ട്രമ്പ്‌. രണ്ടു തവണ മാത്രമാണ് അമേരിക്കന്‍ ത്രിരഞ്ഞെടുപ്പ് ചരിത്രത്തില്‍ അമേരിക്കന്‍ സുപ്രീം കോടതി ഇടപെട്ടത്. അന്നത്തെ കാരണവും ട്രമ്പ്‌ ഉന്നയിക്കുന്ന കാരണവും തമ്മില്‍ വലിയ അന്തരമുണ്ട് എന്നത് കൊണ്ട് തന്നെ തിരഞ്ഞെടുപ്പ് വിജയത്തില്‍ മറ്റൊരു അട്ടിമറി ആരും പ്രതീക്ഷിക്കുന്നില്ല.

Related Articles