Current Date

Search
Close this search box.
Search
Close this search box.

അഹദ് തമീമി ഉടന്‍ ജയില്‍ മോചിതയായേക്കുമെന്ന് പിതാവ്

വെസ്റ്റ് ബാങ്ക്: ഇസ്രായേല്‍ സൈനികന്റെ മുഖത്തടിച്ചതിന് പട്ടാളം അറസ്റ്റു ചെയ്ത് ജയിലിലടച്ച ഫല്‌സതീന്‍ കൗമാര ആക്റ്റിവിസ്റ്റ് അഹദ് തമീമി ഞായറാഴ്ച ജയില്‍ മോചിതയാകുമെന്ന് പിതാവ് അറിയിച്ചു. അനദോലു ന്യൂസ് ഏജന്‍സിയാണ് വാര്‍ത്ത റിപ്പോര്‍ട്ട് ചെയ്തത്.

ഓഗസ്റ്റ് 19നാണ് തമീമിയുടെ ജയില്‍ ശിക്ഷ അവസാനിക്കുകയെന്നും എന്നാല്‍ ഈ ആഴ്ച അവരെ ജയിലില്‍ നിന്നും വിട്ടയച്ചേക്കുമെന്നും അവരുടെ പിതാവ് ബാസിം തമീമി അറിയിച്ചു. എന്നാല്‍ അവളെ വിട്ടയക്കുന്ന തീയതി ജയിലധികൃതര്‍ അറിയിച്ചിട്ടില്ലെന്നും ഞാന്‍ കരുതുന്നത് 21 ദിവസം മുന്‍പേ അവരെ വിട്ടയക്കുമെന്നാണെന്നും അദ്ദേഹം പറഞ്ഞു.

2017 ഡിസംബറിലാണ് തമീമിയെ ഇസ്രായേല്‍ സൈന്യം അറസ്റ്റു ചെയ്തത്. അധിനിവേശ വെസ്റ്റ് ബാങ്കിലെ ഗ്രാമമായ നബിസാലിഹിലെ ഇവരുടെ വീട്ടിലേക്ക് രാത്രി അതിക്രമിച്ചു കയറിയാണ് സൈന്യം മൂവരെയും അറസ്റ്റു ചെയ്തത്.

ഇസ്രായേല്‍ സൈന്യത്തിന്റെ മുഖത്തടിക്കുന്ന തമീമിയുടെ വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലായതിനു പിന്നാലെയായിരുന്നു തമീമിയുടെ അറസ്റ്റ്.
റബ്ബര്‍ ബുള്ളറ്റ് കൊണ്ട് തന്റെ സഹോദരന്റെ തലക്കു വെടിവച്ച ഇസ്രായേല്‍ സൈന്യത്തിനെതിരേ പ്രതിഷേധിക്കുന്നതിനിടെയായിരുന്നു തമീമി പട്ടാളക്കാരന്റെ മുഖത്തടിച്ചത്. സൈന്യത്തിനു നേരെ കൈയേറ്റശ്രമം,കല്ലെറിയാന്‍ പ്രേരിപ്പിക്കുക,കൈയേറ്റത്തിന്റെ വീഡിയോ സോഷ്യല്‍ മീഡിയയില്‍ പ്രചരിപ്പിക്കുക,അതിന് പ്രേരണ നല്‍കുക തുടങ്ങിയ 14ഓളം കുറ്റങ്ങള്‍ ചുമത്തി എട്ടു മാസമാണ് ശിക്ഷ വിധിച്ചത്.  അറസ്റ്റിനെതിരെ അമേരിക്ക,ബ്രിട്ടന്‍,പശ്ചിമേഷ്യന്‍ രാജ്യങ്ങളില്‍ നിന്നടക്കം വ്യാപക പ്രതിഷേധങ്ങളും എതിര്‍പ്പുകളും ഉയര്‍ന്നിരുന്നു.

Related Articles