Current Date

Search
Close this search box.
Search
Close this search box.

ഇബ്രാഹിം റഈസിയുടെ മരണത്തില്‍ അനുശോചനം അറിയിച്ച് ലോകനേതാക്കള്‍

ഹെലികോപ്റ്റര്‍ അപകടത്തില്‍ കൊല്ലപ്പെട്ട ഇറാന്‍ പ്രസിഡന്റ് ഇബ്രാഹിം റഈസിക്കും വിദേശകാര്യ മന്ത്രി ഹുസൈന്‍ അമിറാബ്ദുള്ളാഹിയാനടക്കമുള്ളവര്‍ക്ക് അനുശോചനം അറിയിച്ച് ലോക നേതാക്കള്‍ രംഗത്തെത്തി. വിവിധ രാഷ്ട്ര തലവന്മാരും ലോകനേതാക്കളുമാണ് സോഷ്യല്‍ മീഡിയ വഴിയും പ്രസ്താവനയിലൂടെയും ഔദ്യോഗികമായി അനുസ്മരണവും അനുശോചനവും അറിയിച്ചത്.

ഞായറാഴ്ച രാവിലെ ഇറാന്റെ കിഴക്കന്‍ അസര്‍ബൈജാന്‍ പ്രവിശ്യയിലുണ്ടായ ഹെലികോപ്റ്റര്‍ അപകടത്തിലാണ് ഇറാന്‍ പ്രസിഡന്റ് ഇബ്രാഹിം റഈസിയും (63) വിദേശകാര്യ മന്ത്രി ഹുസൈന്‍ അമിറാബ്ദുള്ളാഹിയനുമടക്കം കൊല്ലപ്പെട്ടത്. കനത്ത മഞ്ഞുവീഴ്ചയും മൂടല്‍ മഞ്ഞും കാരണം ദുഷ്‌കരമായ കാലാവസ്ഥയില്‍ മണിക്കൂറുകള്‍ നീണ്ട തിരച്ചിലിനൊടുവില്‍ തിങ്കളാഴ്ചയാണ് രക്ഷാപ്രവര്‍ത്തകര്‍ അപകടസ്ഥലത്തെത്തിച്ചേര്‍ന്നതും മരണം സ്ഥിരീകരിച്ചതും. ഇറാന്റെ ഇടക്കാല പ്രസിഡന്റായി നിലവിലെ വൈസ് പ്രസിഡന്റ് മുഹമ്മദ് മുഖ്ബര്‍ ചുമതലയേറ്റു.

വിവിധ നേതാക്കളുടെ പ്രതികരണങ്ങള്‍:

ചൈന

റഈസിയുടെ ദാരുണമായ മരണം ഇറാനിയന്‍ ജനതയ്ക്ക് വലിയ നഷ്ടമാണെന്നും ചൈനീസ് ജനതയ്ക്ക് നല്ല ഒരു സുഹൃത്തിനെയാണ് നഷ്ടമായതെന്നും പ്രസിഡന്റ് ഷി ജിന്‍പിങ് പറഞ്ഞു.

യൂറോപ്യന് യൂണിയന്‍

അപകടത്തില്‍ കൊല്ലപ്പെട്ട റഈസി, അമിറാബ്ദുള്ളാഹിയാന്‍, മറ്റ് ഇറാനിയന്‍ ഉദ്യോഗസ്ഥര്‍ എന്നിവരുടെ മരണത്തില്‍ യൂറോപ്യന്‍ ബ്ലോക്കിന്റെ ആത്മാര്‍ത്ഥമായ അനുശോചനം രേഖപ്പെടുത്തുന്നുവെന്ന് യൂറോപ്യന്‍ കൗണ്‍സില്‍ പ്രസിഡന്റ് ചാള്‍സ് മൈക്കല്‍ പ്രസ്താവിച്ചു. ബ്ലോക്കിന്റെ വിദേശനയ മേധാവി ജോസഫ് ബോറെലും അനുശോചനം രേഖപ്പെടുത്തി. ”ഇരകളുടെ കുടുംബങ്ങളോടും ഇറാനിയന്‍ പൗരന്മാരോടും യൂറോപ്യന്‍ യൂണിയന്‍ അനുശോചനം രേഖപ്പെടുത്തുന്നു,” അദ്ദേഹം പ്രസ്താവനയില്‍ പറഞ്ഞു.

ഇന്ത്യ

റഈസിയുടെ മരണത്തില്‍ താന്‍ അതീവ ദുഖവും ഞെട്ടലും രേഖപ്പെടുത്തുന്നുവെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി പറഞ്ഞു. ‘ഇന്ത്യ-ഇറാന്‍ ഉഭയകക്ഷി ബന്ധം ശക്തിപ്പെടുത്തുന്നതില്‍ അദ്ദേഹം നല്‍കിയ സംഭാവനകള്‍ എന്നും സ്മരിക്കപ്പെടും. അദ്ദേഹത്തിന്റെ കുടുംബത്തിനും ഇറാനിലെ ജനങ്ങള്‍ക്കും എന്റെ ഹൃദയംഗമമായ അനുശോചനം. ഈ ദു:ഖസമയത്ത് ഇന്ത്യ ഇറാനൊപ്പം നില്‍ക്കുന്നു,” മോദി എക്സില്‍ കുറിച്ചു.

ഇറാഖ്

ഈ വേദനാജനകമായ ദുരന്തത്തില്‍ ഇറാനിയന്‍ ജനതയോടും ഇസ്ലാമിക് റിപ്പബ്ലിക്കിലെ അധികാരികളോടും ഞങ്ങള്‍ ഐക്യദാര്‍ഢ്യം പ്രകടിപ്പിക്കുന്നുവെന്ന് പ്രധാനമന്ത്രി ഷിയ അല്‍ സുഡാനി പ്രസ്താവനയില്‍ പറഞ്ഞു.

ഹമാസ്

‘ഈ വലിയ നഷ്ടത്തിന്’ ഖുമേനിയോടും സര്‍ക്കാരിനോടും ഇറാനിയന്‍ ജനതയോടും തങ്ങളുടെ അഗാധമായ അനുശോചനവും ഐക്യദാര്‍ഢ്യവും അറിയിക്കുന്നുവെന്ന് ഹമാസ് പ്രസ്താവിച്ചു.
ഇസ്രായേലിനെതിരെ ഫലസ്തീനിനെ പിന്തുണച്ചതിന് റഈസിയെയും അമീറബൊല്ലാഹിയാനെയും ഹമാസ് പ്രശംസിക്കുകയും ഇറാന്റെ ആഴത്തില്‍ ബാധിക്കുന്ന ഈ വലിയ നഷ്ടത്തിന്റെ പ്രത്യാഘാതങ്ങളെ അവര്‍ മറികടക്കുമെന്ന് ആത്മവിശ്വാസം പ്രകടിപ്പിക്കുകയും ചെയ്തു.

മലേഷ്യ

സംഭവത്തില്‍ തനിക്ക് അതിയായ ദുഃഖമുണ്ടെന്ന് മലേഷ്യന്‍ പ്രധാനമന്ത്രി അന്‍വര്‍ ഇബ്രാഹിം പറഞ്ഞു. കഴിഞ്ഞ നവംബറില്‍ റഈസിയെ റഈസിയുമായി കൂടിക്കാഴ്ച നടത്തിയതിന്റെ അഭിമാനം തനിക്കുണ്ടെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. ‘നീതി, സമാധാനം, ഉമ്മത്തിന്റെ (ഇസ്ലാമിക സമൂഹത്തിന്റെ) ഉന്നമനത്തിനായുള്ള അദ്ദേഹത്തിന്റെ സമര്‍പ്പണം ശരിക്കും പ്രചോദനാത്മകമായിരുന്നു. മലേഷ്യ-ഇറാന്‍ ബന്ധം ശക്തിപ്പെടുത്തുന്നതിനും നമ്മുടെ ജനങ്ങളുടെയും മുസ്ലിം ലോകത്തിന്റെയും ഉന്നമനത്തിനായി ഒരുമിച്ച് പ്രവര്‍ത്തിക്കുന്നതിനും ഞങ്ങള്‍ സ്വയം പ്രതിജ്ഞാബദ്ധരാണ്. ഞങ്ങളുടെ പ്രതിജ്ഞ നിറവേറ്റും, ‘അന്‍വര്‍ ഇബ്രാഹിം പറഞ്ഞു.

പാകിസ്ഥാന്‍

മരണത്തില്‍ പ്രധാനമന്ത്രി ഷഹബാസ് ഷരീഫ് രാജ്യത്ത് ഒരു ദിവസത്തെ ദുഃഖാചരണം പ്രഖ്യാപിച്ചു. ‘രക്തസാക്ഷികളുടെ ആത്മാക്കള്‍ സ്വര്‍ഗ്ഗത്തില്‍ സമാധാനത്തില്‍ വിശ്രമിക്കട്ടെ. മഹത്തായ ഇറാനിയന്‍ രാഷ്ട്രം പതിവായുള്ള ധൈര്യത്തോടെ ഈ ദുരന്തത്തെയും മറികടക്കും’ ഷരീഫ് എക്സില്‍ കുറിച്ചു.

ഖത്തര്‍

അമീര്‍ ഷെയ്ഖ് തമീം ബിന്‍ ഹമദ് അല്‍താനി ഇറാനിലെ ജനങ്ങളോട് അനുശോചനം രേഖപ്പെടുത്തി. ‘കൊല്ലപ്പെട്ടവര്‍ക്കും അവരുടെ കുടുംബങ്ങള്‍ക്കും ക്ഷമയും ആശ്വാസവും കരുണയും ലഭിക്കാന്‍ വേണ്ടി സര്‍വശക്തനായ ദൈവത്തോട് ഞങ്ങള്‍ പ്രാര്‍ത്ഥിക്കുന്നു. നമ്മളെല്ലാം അള്ളാഹുവില്‍ നിന്നാണ്, മടക്കവും അവനിലേക്കാണ്’ അദ്ദേഹം എക്സില്‍ കുറിച്ചു.

റഷ്യ

റഷ്യയുടെ ‘വിശ്വസനീയരായ സുഹൃത്തുക്കള്‍’ എന്ന് പറഞ്ഞാണ് രണ്ട് ഉന്നത ഉദ്യോഗസ്ഥരുടെ മരണത്തില്‍ വിദേശകാര്യ മന്ത്രി സെര്‍ജി ലാവ്‌റോവ് അനുശോചനം രേഖപ്പെടുത്തിയത്. ‘പരസ്പരം പ്രയോജനകരമായ റഷ്യന്‍-ഇറാന്‍ സഹകരണം ശക്തിപ്പെടുത്തുന്നതിലും പങ്കാളിത്തത്തെ വിശ്വസിക്കുന്നതിലും അവരുടെ പങ്ക് വില മതിക്കാനാവാത്തതാണ്,’ ലാവ്‌റോവ് പറഞ്ഞു. ”ഇരകളുടെ കുടുംബങ്ങള്‍ക്കും സുഹൃത്തുക്കള്‍ക്കും ഇറാനിലെ മുഴുവന്‍ ജനങ്ങള്‍ക്കും ഞങ്ങള്‍ ആത്മാര്‍ത്ഥമായി അനുശോചനം അറിയിക്കുന്നു. ഈ ദുഃഖസമയത്ത് ഞങ്ങളുടെ ചിന്തകളും മനസ്സും നിങ്ങളോടൊപ്പമുണ്ട്. അദ്ദേഹം കുറിച്ചു.

പ്രസിഡന്റ് വ്ളാദ്മിര്‍ പുടിനും ഇറാനെ അനുശോചനം അറിയിച്ചു. ”ഒരു മികച്ച രാഷ്ട്രീയക്കാരനായിരുന്നു റഈസി, അദ്ദേഹത്തിന്റെ ജീവിതം മുഴുവന്‍ ജന്മനാടിനെ സേവിക്കുന്നതിനായി സമര്‍പ്പിച്ചു. റഷ്യയുടെ ഒരു യഥാര്‍ത്ഥ സുഹൃത്ത് എന്ന നിലയില്‍, നമ്മുടെ രാജ്യങ്ങള്‍ തമ്മിലുള്ള നല്ല അയല്‍പക്ക ബന്ധങ്ങള്‍ വികസിപ്പിക്കുന്നതിന് അദ്ദേഹം വിലമതിക്കാനാവാത്ത വ്യക്തിഗത സംഭാവനകള്‍ നല്‍കി, അവ തന്ത്രപരമായ പങ്കാളിത്തത്തിന്റെ തലത്തിലേക്ക് കൊണ്ടുപോകാന്‍ വലിയ ശ്രമങ്ങള്‍ അദ്ദേഹം നടത്തി,’ ഖാംനഈക്ക് അയച്ച കത്തില്‍ അദ്ദേഹം പറഞ്ഞു.

തുര്‍ക്കി

വിദേശകാര്യ മന്ത്രി ഹകന്‍ ഫിദാന്‍ മരണത്തില്‍ അനുശോചനം രേഖപ്പെടുത്തി. ഞായറാഴ്ച വിമാനാപകടത്തെക്കുറിച്ച് കേട്ടതു മുതല്‍ തുര്‍ക്കി ഇറാനുമായി ബന്ധപ്പെട്ടിരുന്നു. പ്രതിരോധ മന്ത്രാലയവും ദുരന്തനിവാരണ അതോറിറ്റിയും ഉള്‍പ്പെടെയുള്ള തുര്‍ക്കിയിലെ പ്രസക്തമായ സ്ഥാപനങ്ങള്‍ പരമാവധി ശ്രമിച്ചെങ്കിലും നിര്‍ഭാഗ്യവശാല്‍ ഞങ്ങള്‍ക്ക് നല്ല വാര്‍ത്തകള്‍ കേള്‍ക്കാനായില്ലെന്ന് അദ്ദേഹം പറഞ്ഞു.

യെമനിലെ ഹൂതികള്‍

ഹൂതികളുടെ പരമോന്നത വിപ്ലവ സമിതി തലവന്‍ മുഹമ്മദ് അലി അല്‍ ഹൂത്തി അനുശോചനം അറിയിച്ചു. ഇറാനിയന്‍ ജനതയോടും അപകടത്തില്‍ മരിച്ച ഉദ്യോഗസ്ഥരുടെ കുടുംബങ്ങളോടും ‘അഗാധമായ അനുശോചനം’ രേഖപ്പെടുത്തുന്നു. ‘ദൈവഹിതത്തില്‍ ജനങ്ങളുടെ വിശ്വസ്തരായ നേതാക്കളോടൊപ്പം ചേര്‍ന്നുനില്‍ക്കുന്നത് തുടരുമെന്നും മുഹമ്മദ് അലി കൂട്ടിച്ചേര്‍ത്തു.

 

Related Articles