Current Date

Search
Close this search box.
Search
Close this search box.

യു.എ.ഇ-ഇസ്രായേല്‍ കരാര്‍; എതിര്‍ത്തും അനുകൂലിച്ചും ലോക രാഷ്ട്രങ്ങള്‍

തെല്‍അവീവ്: ഇസ്രായേലുമായി നയതന്ത്ര ബന്ധത്തിന് തുടക്കം കുറിച്ച യു.എ.ഇയുടെ നടപടിയെ വിമര്‍ശിച്ചും സ്വാഗതം ചെയ്തും വിവിധ ലോകരാഷ്ട്രങ്ങള്‍ രംഗത്ത്. ഇസ്രായേലുമായുള്ള ബന്ധം സുതാര്യമാക്കുന്ന ആദ്യത്തെ ഗള്‍ഫ് രാഷ്ട്രമായി മാറിയിരിക്കുകയാണ് ഇതിലൂടെ യു.എ.ഇ. അതേസമയം, ഇസ്രായേലുമായി ബന്ധം സ്ഥാപിക്കുന്ന മൂന്നാമത്തെ അറബ് രാജ്യമാണ് യു.എ.ഇ. നേരത്തെ ഈജിപ്തും ജോര്‍ദാനും ഇസ്രായേലുമായി കരാറിലേര്‍പ്പെട്ടിരുന്നു.

ഇസ്രായേല്‍-ഫലസ്തീന്‍ സംഘര്‍ഷം നിലനില്‍ക്കുന്നതിനിടെയുള്ള യു.എ.ഇ-ഇസ്രായേല്‍ ബന്ധത്തെ എതിര്‍ത്തും അനുകൂലിച്ചും വിവിധ സംഘടനകളും രാഷ്ട്രങ്ങളും രംഗത്തെത്തി.

ഫലസ്തീന്‍,ഹമാസ്,തുര്‍ക്കി,ഇറാന്‍,ഘാന എന്നീ രാഷ്ട്രങ്ങള്‍ കരാറിനെ എതിര്‍ത്തപ്പോള്‍ യു.എന്‍,യു.എസ്,ഫ്രാന്‍സ്,യു.കെ,ബഹ്‌റൈന്‍,ഈജിപ്ത്,ജോര്‍ദാന്‍ എന്നീ രാഷ്ട്രങ്ങള്‍ കരാറിനെ സ്വാഗതം ചെയ്തും രംഗത്തു വന്നു.

ഫലസ്തീന്‍

ഫലസ്തീന്‍ പ്രസിഡന്റ് മഹ്മൂദ് അബ്ബാസ് കരാറിനെ അപലപിച്ചു. ഇസ്രായേല്‍-യു.എ.ഇ, യു.എസ് ത്രിരാഷ്ട്ര സഖ്യത്തെ നിഷേധിച്ച ഫലസ്തീന്‍ നേതൃത്വം ഈ പ്രഖ്യാപനം ആശ്ചര്യപ്പെടുത്തുന്നതാണെന്നും പ്രതികരിച്ചു.

P L O

സുഹൃത്തുക്കള്‍ തമ്മില്‍ പരസ്പരം വില്‍പ്പന നടത്തിയതിന് തുല്യമാണ് ഈ കരാര്‍ എന്ന് ഫലസ്തീന്‍ ലിബറേഷന്‍ ഓര്‍ഗനൈസേഷന്‍ (പി.എല്‍.ഒ) വക്താവ് ഹനാന്‍ അഷ്‌റവി പ്രസ്താവിച്ചു.

ഹമാസ്

യു.എസിന്റെ മധ്യസ്ഥതയിലുള്ള കരാറിനെ നിഷേധിച്ച് ഫലസ്തീന്‍ വിമോചന സംഘടനയായ ഹമാസ് രംഗത്തെത്തി. അധിനിവിഷ്ട വെസ്റ്റ് ബാങ്ക് കൈയേറാനുള്ള ഇസ്രായേല്‍ തീരുമാനം പിന്‍വലിക്കുമെന്ന് തോന്നുന്നില്ലെന്നും ഇത് ഫലസ്തീനികളുടെ ലക്ഷ്യം നിറവേറ്റുന്നതല്ലെന്നും ഹമാസ് പ്രതികരിച്ചു.

ഈ കരാര്‍ ഫലസ്തീന്‍ ലക്ഷ്യത്തെ നിറവേറ്റുന്നില്ല, അത് സയണിസ്റ്റ് ലക്ഷ്യത്തെയാണ് സഹായിക്കുന്നത്.
ഈ കരാര്‍ നമ്മുടെ ഫലസ്തീന്‍ ജനതയുടെ അവകാശങ്ങള്‍ നിഷേധിക്കുന്നത് തുടരാനും നമ്മുടെ ജനതയ്ക്കെതിരായ കുറ്റകൃത്യങ്ങള്‍ തുടരാനും ഇസ്രായേല്‍പ അധിനിവേശത്തെ പ്രോത്സാഹിപ്പിക്കുന്നുവെന്നും ഹമാസ് വക്താവ് പ്രസ്താവനയില്‍ അറിയിച്ചു.

ജോര്‍ദാന്‍

യുഎഇ-ഇസ്രായേല്‍ കരാര്‍ സമാധാനത്തെ പ്രോത്സാഹിപ്പിക്കുന്നതാണെന്നും കരാറില്‍ വിജയിച്ചാല്‍ ഇരു രാഷ്ട്രങ്ങള്‍ക്കിടയില്‍ സ്തംഭിച്ച സമാധാന ചര്‍ച്ചകള്‍ മുന്നോട്ട് കൊണ്ടുപോകാന്‍ സഹായിക്കുമെന്നും ജോര്‍ദാന്‍ പറഞ്ഞു. 1967ലെ അറബ്-ഇസ്രായേല്‍ യുദ്ധത്തില്‍ ഇസ്രായേല്‍ കൈവശപ്പെടുത്തിയ ഭൂമി തിരിച്ചുനല്‍കാനും ഫലസ്തീന്‍ രാഷ്ട്രത്തെ അംഗീകരിക്കാന്‍ സഹായിക്കുമെന്നും ജോര്‍ദാന്‍ വിദേശകാര്യ മന്ത്രി അയ്മന്‍ സഫാദി പറഞ്ഞു.

ഈജിപ്ത്

കരാറിനെ സ്വാഗതം ചെയ്ത് ഈജിപ്ത് പ്രസിഡന്റ് അബ്ദുല്‍ ഫതാഹ് അല്‍ സീസി രംഗത്തെത്തി. യുണൈറ്റഡ് സ്റ്റേറ്റ്‌സും ഇസ്രായേലും യു.ഇ.എയും തമ്മിലുള്ള സംയുക്ത പ്രസ്താവനയെ ഞാന്‍ ഏറെ താല്‍പ്പര്യത്തോടും അഭിനന്ദിക്കുന്നു.
ഫലസ്തീന്‍ ഭൂമി ഇസ്രായേല്‍ പിടിച്ചെടുക്കുന്നത് തടയുന്നതിനും പശ്ചിമേഷ്യയില്‍ സമാധാനം സ്ഥാപിക്കുന്നതിനുള്ള നടപടികള്‍ക്കും യു.എ.ഇ- ഇസ്രായേല്‍ തമ്മിലുള്ള കരാര്‍ സഹായകരമാകുമെന്നും സീസി ട്വിറ്ററില്‍ കുറിച്ചു.

ബഹ്‌റൈന്‍

കരാറിനെ ബഹ്‌റൈന്‍ സ്വാഗതം ചെയ്തു. ബഹ്‌റൈന്‍ സ്റ്റേറ്റ് ന്യൂസ് ഏജന്‍സിയായ BNA ആണ് വാര്‍ത്ത റിപ്പോര്‍ട്ട് ചെയ്തത്. അതേസമയം കരാറിനെക്കുറിച്ച് ബഹ്‌റൈന്‍ കൂടുതല്‍ പ്രതികരിച്ചിട്ടില്ല.

ഇറാന്‍

കരാറിനെ ഇറാന്‍ ശക്തമായി അപലപിച്ചു. ഇരു രാജ്യങ്ങളും തമ്മിലുള്ള നയതന്ത്രപരമായ വിഢിത്തം എന്നാണ് ഇറാന്‍ കരാറിനെ വിശേഷിപ്പിച്ചത്. ഇത് മുഖേന ഇറാന്റെ പിന്തുണയുള്‌ല പ്രതിരോധ സഖ്യം മാത്രമേ ശക്തിപ്പെടൂ എന്നും ഇറാന്‍ വിദേശകാര്യ മന്ത്രാലയം പ്രസ്താവിച്ചു.

തുര്‍ക്കി

യു.എ.ഇയുടെ കപട സ്വഭാവത്തെ ചരിത്രം ഒരിക്കലും മറക്കില്ലെന്നും പൊറുക്കില്ലെന്നും ശക്തമായ ഭാഷയില്‍ തുര്‍ക്കി അപലപിച്ചു.
കരാറിനെതിരെ ശക്തമായി പ്രതികരിക്കാന്‍ പലസ്തീന്‍ ജനതക്കും ഭരണകൂടത്തിനും അവകാശമുണ്ടെന്നും തുര്‍ക്കി വിദേശകാര്യ മന്ത്രാലയം പ്രസ്താവിച്ചു.

അവലംബം: അല്‍ജസീറ

 

 

 

 

 

 

Related Articles